Monday, 23 November 2009

വേവ് ഷോളിങ്ങ് വീഡിയോ

വേവ് ഷോളിങ്ങ് പ്രതിഭാസത്തിന്റെ വീഡിയോ ഇതാമുൻ പോസ്റ്റിൽ പറഞ്ഞ ടാങ്കാണ് വീഡിയോയിൽ. ഏതാണ്ട് അഞ്ചടിയോളം നീളമുള്ള ഭാഗമാണ് കാണിച്ചിരിക്കുന്നത്. പച്ചവെള്ളം നിറച്ച ശേഷം രണ്ടുതുള്ളി സ്റ്റാമ്പ് പാഡ് ഇങ്ക് ചേർത്തപ്പോഴേക്കും ഇപ്പരുവത്തിലായി (സൈഡ് ഇഫക്റ്റായി ഇങ്ക് തൊട്ട ആളും നീല കണ്ഠൻ, കരൻ, പാദൻ ഒക്കെ ആയി). ടാങ്ക് ചരിച്ചുവച്ചതിനാൽ ഇടതുവശത്ത് ആഴം കൂടുതലാണ്. അവിടെ ഒന്നിളക്കി തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. പ്രതിഫലനം, വിഭംഗനം ഒക്കെക്കഴിഞ്ഞ് ഒരൊന്നൊന്നര അടി സഞ്ചരിക്കുമ്പോഴേക്കും പ്ലേൻ വേവുകൾക്ക് സമാനമായി തരംഗപൾസുകൾ മാറുന്നു. തീരത്തോടടുക്കുമ്പോഴേക്കും തരംഗങ്ങളുടെ ആയതി വർദ്ധിക്കുന്നതും തരംഗദൈർഘ്യം കുറയുന്നതും കാണാം. വേഗത കുറയുന്നത് കാണണമെങ്കിൽ ഫ്രെയിം ഓരോന്നും എടുത്ത് അനലൈസ് ചെയ്യണം (ചെയ്തു നോക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ലകാര്യം. പക്ഷെ പ്രാന്ത് പിടിക്കുന്ന ഏർപ്പാടാണ്. ഞാൻ പറഞ്ഞീലാന്നാവരുത്)

Wednesday, 18 November 2009

പ്രൊജക്റ്റുകൾ

ഈ സെം പ്രൊജക്റ്റ് കൊണ്ടുപോയി

എന്നുവച്ചാൽ റ്റ്വന്റി ഫോർ ബൈ സെവൻ പ്രൊജക്റ്റായിരുന്നു എന്നല്ല. രണ്ട് പ്രൊജക്റ്റുണ്ടാരുന്നു. ചെയ്ത് തീർന്നപ്പോഴെക്കും ജീവിതത്തിന്റെ നല്ല കുറേ ഭാഗം ആവിയായിക്കിട്ടി.

ആദ്യത്തേത് ഫിലോസഫിയായിരുന്നു. കോഴ്സ് : Ethics and society. ഇവിടെ ഹ്യുമാനിറ്റീസ് കോഴ്സുകളൊക്കെ തമാശക്കുള്ളതാണ്. സെമ്മിൽ അഞ്ച് കോഴ്സുള്ളതിൽ നാലെണ്ണം മാത്രം പഠിച്ചാൽ മതി എന്ന് വരുത്താനുള്ള ഒരുപാധി. എന്നാലും ചിലതൊക്കെ രസമാണ്. ഇത് അങ്ങനെ രസമുള്ളൊരു കോഴ്സായിരുന്നു. നല്ല പ്രൊഫസർ. ഇങ്ങനത്തെ വിഷയമായതുകൊണ്ട് ക്ലാസ്സ് സമയം മൊത്തം രസമായിരുന്നു. തർക്കങ്ങളും സംവാദങ്ങളും ഒക്കെ. നല്ല എരിവും പുളിയുമുള്ള വിഷയം തന്നെ നോക്കി എടുക്കുകയും ചെയ്തു : Sex : Morality and other Philosophical Considerations

ഭീകരമായ ഒരു തിയറി ഉണ്ടാക്കണമെന്നും വല്ല ഫിലോസഫി ജർണലിലും പബ്ലിഷ് ചെയ്യണമെന്നും ഒക്കെ വിചാരിച്ചിരുന്നു (അതിന്റെ കാര്യം രസമാണ്. എന്തെങ്കിലും ഒരു പബ്ലിക്കേഷൻ കിട്ടാൻ വേണ്ടി ഒന്നു രണ്ട് കൊല്ലമായി കളിക്കുന്നു. എവടേം എത്തിയില്ല. നിഴലിന്റെ പിന്നാലെ ഓടുന്നതുപോലൊക്കെയായി അവസാനിച്ചു). പക്ഷെ മടിപിടിച്ചും തർക്കങ്ങളിൽ സമയം കളഞ്ഞും അവസാനം ഓടിപ്പിടിച്ച് എന്തൊക്കെയോ തട്ടിക്കൂട്ടി സബ്മിറ്റ് ചെയ്യാനേ പറ്റിയുള്ളൂ.

അതിന്റെ ഹാങ്ങോവർ മാറും മുമ്പ് അടുത്തത് വന്നു. കോഴ്സ് : Modern Physics Laboratory. വല്ലാത്ത സാധനമാണ്. മര്യാദയ്ക്ക് വർക്ക് ചെയ്യാത്ത കുറേ കോപ്പ് ലാബിലുണ്ടാകും. ശരിയാക്കി വരുമ്പോഴെക്ക് രണ്ടുമൂന്ന് ലാബ് ടേൺ എടുക്കും. എന്നാലും രണ്ട് ലാബ് ടേൺ വച്ച് ഓരോ പരീക്ഷണവും തീർക്കണം. ആകെ എട്ടുപത്തെണ്ണം. ഒക്കെ ചെയ്തുവരുമ്പോഴേക്ക് അവസാനം രണ്ടുമൂന്നാഴ്ച ബാക്കി.

ആ സമയം കൊണ്ടാണ് പ്രൊജക്റ്റ് ചെയ്യേണ്ടത്. അസാധ്യമൊന്നുമല്ല. സാധാരണ മനുഷ്യന്മാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടോപ്പിക്കെടുക്കുക. രണ്ടുമൂന്നാഴ്ച ഏതാണ്ട് നന്നായി അതിമ്മൽ പണിയെടുക്കുക. ശരിയാകും. പക്ഷെ അവിടെയാണ് പ്രശ്നം. പ്രൊഫസർ വല്ലാത്തൊരു മനുഷ്യനാണ്. ഒരുമാതിരി ചെയ്യാൻ പറ്റുന്ന പ്രൊജക്റ്റ് പ്രൊപ്പോസലൊക്കെ കൊണ്ടുചെന്നപ്പോൾ അതേപോലെ ചവറ്റുകുട്ടയിലിട്ടു. എടുക്കാൻ നോക്കിയാൽ നടുവൊടിയുന്ന സാധനം തന്നെ വേണം അങ്ങേർക്ക്. സുനാമി എങ്ങനെയാണുണ്ടാകുന്നതെന്ന് സിമ്യുലേറ്റ് ചെയ്യാനാണ് അവസാനം തീരുമാനിച്ചത്. പ്രൊജക്റ്റ് കണ്ടപ്പഴേ തീർന്നെന്ന് ഉറപ്പിച്ചതാണ്.

ഐഡിയ സിമ്പിളാണ്. ആഴമേറിയ നടുക്കടലിൽ ഒരു സാമാന്യം വലിയ തരംഗമുണ്ടാക്കുക. അവിടെ അതിന്റെ ആയതി കുറവും ആവൃത്തി, പ്രവേഗം എന്നിവ കൂടുതലുമായിരിക്കും. അതിനാൽ തിരിച്ചറിയാൻ തന്നെ പ്രയാസമാകും. എന്നാൽ തരംഗം കരയോടടുക്കുമ്പോൾ വേവ് ഷോളിങ്ങ് എന്ന പ്രതിഭാസം മൂലം ആയതി വർദ്ധിക്കുകയും തരംഗദൈർഘ്യം, പ്രവേഗം എന്നിവ കുറയുകയും ചെയ്യുന്നു. അങ്ങനെയാണ് തീരത്ത് ഭീമാകാരങ്ങളായ തിരമാലകൾ എത്തുന്നത്.

സാറിന്റെ ആവശ്യങ്ങൾ
1) ഈ പ്രതിഭാസം ലാബിൽ കാണിക്കുക
2) ഈ പ്രതിഭാസത്തെ സൈദ്ധാന്തികമായി മോഡൽ ചെയ്യുക
3) 1,2 എന്നിവ തമ്മിൽ ബന്ധപ്പെടുത്തുക

1 ആണ് തമ്മിലെ എളുപ്പം. എളുപ്പം എന്ന് പറയുന്നതുകൊണ്ട് തെറ്റിധരിക്കണ്ട. ആദ്യം ഈ തരംഗത്തിനൊക്കെ പോകാൻ പറ്റിയ ഒരു ടാങ്കുണ്ടാക്കണം. തരംഗം ഉണ്ടാകുന്നിടത്തെ അൽകുൽത്തൊക്കെ ശരിയായി (പ്ലേൻ വേവ് ആയി മാറുക എന്ന് പച്ചമലയാളം) സൈദ്ധാന്തികരൂപത്തോടടുത്ത രൂപമെടുത്ത് തരംഗം മുന്നോട്ടുപോകാൻ മാത്രം വലിപ്പം ടാങ്കിന് വേണം. എട്ടടിയാണ് തീരുമാനിച്ചത്. വീതി കുറവായിരിക്കണം - നാലഞ്ചിഞ്ച്. ഉയരം ഏതാണ്ടൊരടി.സ്വച്ഛസുന്ദരമായ കാൺപൂർ നഗരത്തിൽ പോയി പെർസ്പെക്സ് വാങ്ങി ഫിസിക്സ് വർക്ക്ഷോപ്പിൽ കൊടുത്തു. രണ്ട് ദിവസം കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞവർ ഒരാഴ്ചയെടുത്തു. അങ്ങനെ ടാങ്കായി (പിന്നേം രണ്ട് ദിവസം അതിന്റെ ലീക്ക് സീൽ ചെയ്തും മറ്റും പോയി). തരംഗം കാണാൻ ക്യാമറകൾ, പരീക്ഷണത്തിനാവശ്യമായ മറ്റ് കുണ്ടാമണ്ടികൾ ഒക്കെ ശരിയാക്കി. ഇതോടെ എളുപ്പമുള്ള ഭാഗം കഴിഞ്ഞു.

2 ആണ് ജീവിതം നായ നക്കിക്കാൻ തുടങ്ങിയത്. ഒര് പത്തിരുപത് പേപ്പർ നിരത്തിയിരുന്ന് വായിച്ചു. ഞാനും ശുഭായുവും സുനാമികൾ പേടിസ്വപ്നം കണ്ട് ഞെട്ടിയെണീക്കാൻ തുടങ്ങി. കൂടുതൽ വിശദീകരിക്കുന്നില്ല - നിങ്ങൾക്കും കരച്ചില് വരും. അവസാനം എവിടെയുമെത്തിയില്ല.

3 എന്തായി എന്ന് പറയുന്നതിന് മുമ്പ് പരീക്ഷണഫലങ്ങൾ. ടാങ്കുണ്ടാക്കലും ലീക്കടക്കലും ഒക്കെകഴിഞ്ഞ് അവസാനം 7 ദിവസമേ എല്ലത്തിനും കൂടി ബാക്കിയുണ്ടായിരുന്നുള്ളൂ. നിരത്തി പരീക്ഷണം നടത്താൻ തുടങ്ങി. ചാവി വാങ്ങി ശനിയും ഞായറും ലാബിൽ കിടന്നുറങ്ങി.

ചൊവ്വാഴ്ച. വെള്ളിയാഴ്ച പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കണം. അപ്പോളാണ് 3 ന്റെ പ്രശ്നം മനസ്സിലായത്. ഡിജികാം ഉപയോഗിച്ച് വീഡിയോ എടുത്താണ് തരംഗങ്ങളെ നിരീക്ഷിച്ചത്. അതിന്റകത്തുനിന്നും വല്ല വിവരവും പുറത്തെത്തിക്കണമെങ്കിൽ അസാമാന്യമായ പാടുപെടണം. ഒരു വേവ്പൾസിന്റെ പരിണാമം മനസ്സിലാക്കാൻ ഒരു മണിക്കൂറോളമെടുക്കും.

കുത്തിയിരുന്ന് പതിനാറ് വേവ്പൾസുകളെ ഫോളോ ചെയ്തു (ബാക്കിയുള്ള സമയം കൂട്ടിക്കിഴിച്ച് രണ്ട് രാത്രി ഉറങ്ങിയില്ല എന്ന നിഗമനത്തിലെത്താം). ഒരെത്തും പിടിയും കിട്ടിയില്ല - ഒരട്ടി സ്പ്രെഡ്ഷീറ്റ് മുന്നിലുണ്ട്. ഗ്രാഫേത് വരയ്ക്കുമ്പോഴും ക്വാളിറ്റേറ്റീവായി ശരിയാകുന്നു. ക്വാണ്ടിറ്റേറ്റീവായി ഒരു തിയറിയുടെയും അടുത്തുപോലുമെത്തുന്നില്ല. അവസാനം മതിയാക്കി. ഗ്രാഫുകളെ അൽപമെങ്കിലും സമീപിക്കാൻ ശ്രമിക്കുന്ന രണ്ടുമൂന്ന് ഫങ്ഷൻ തരുന്ന ഏറ്റവും സരളമായ തിയറി മാത്രം റിപ്പോർട്ടിലിട്ടു. ഫിറ്റുന്നതും ഫിറ്റാത്തതുമായ ഗ്രാഫൊക്കെ വരച്ച് കൊടുത്തിട്ടുണ്ട്.

സബ്മിറ്റ് ചെയ്തതും കിടക്കയിലേക്ക് വീണു. 15 മണിക്കൂർ കഴിഞ്ഞാണ് പൊന്തിയത്.

റിസൾട്ടെന്താകുമെന്ന് പടച്ചോനറിയാം. നല്ല സാറാണ്. തിയറി വളരെ നന്നായി പഠിപ്പിക്കും. വളരെ കൂളായി ഗ്രേഡിങ്ങും നടത്തും. ആ ദേഷ്യം ലാബ് കോഴ്സിൽ തീർക്കും. ചിരിച്ച് ചിരിച്ച് ഇഞ്ചിഞ്ചായി ആളെക്കൊല്ലും. കഴിഞ്ഞ വർഷം ആകെ ഒരു എ ഗ്രേഡ് മാത്രമേ ഈ വിഷയത്തിന് കൊടുത്തുള്ളൂ. വിവരമുള്ളതുകൊണ്ട് തോന്ന്യാസമെഴുതി പറ്റിക്കാനും കഴിയില്ല. ഈ വിഷയത്തിലെ പരീക്ഷയുടെ പേപ്പർ നാളെ കിട്ടും. കേൾക്കാനുള്ളതൊക്കെ അപ്പോൾ കേൾക്കും. ഗ്രേഡിനെപ്പറ്റി ഏതാണ്ടൊരു ഐഡിയയുമാകും.

പ്രൊജക്റ്റ് റിപ്പോർട്ടുകൾ ഇവിടെയുണ്ട്. വായിച്ച് അഭിപ്രായം പറയുക. സമയമെടുത്ത് കുറച്ചുകൂടി സമാധാനം തരുന്ന ആരുടെയെങ്കിലും കീഴിൽ സുനാമി പ്രൊജക്റ്റ് ഒരിക്കൽക്കൂടി ചെയ്യണമെന്നുണ്ട്. അപ്പോഴെങ്കിലും ശരിയാക്കിയെടുക്കണം. പ്രൊജക്റ്റിന്റെ സാമ്പിൾ വീഡിയോ (ഐ മീൻ, സുനാമി പ്രൊജക്റ്റിന്റെ) അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വേവ് ഷോളിങ്ങ് കാണാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. പ്രൊഫസറൊഴികെ എല്ലാവരും കണ്ട് impressed ആയിരുന്നു. ഇങ്ങേർക്കെന്താ സാധാരണ മനുഷ്യൻമാരെപ്പോലോക്കെ ആയാൽ?

Friday, 11 September 2009

റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്

मुबारकें तुम्हें कि तुम
किसी के नूर हो गए
किसी के इतने पास हो
कि सब से दूर हो गए

How close CAN you get to someone?

ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കും? ഒരാളോടുള്ള അടുപ്പം കാരണം ലോകത്ത് മറ്റെല്ലാവരില്‍ നിന്നും അകലെയാകാനാകുമോ?

സാധാരണ പരിചയപ്പെടുന്ന മനുഷ്യരെ നാം വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി കാണാറുണ്ടോ? തിന്നുക എന്ന ആവശ്യത്തിനുള്ളതാണ് ചോറ്. ചോറുണ്ടാക്കുക എന്ന ആവശ്യത്തിനുള്ളതാണ് അരി. അരി നമുക്ക് വില്‍ക്കുക എന്ന ആവശ്യത്തിനുള്ളതാണ് പീടികക്കാരന്‍? അതിലുപരി ആ മനുഷ്യന്റെ അസ്തിത്വത്തിന് നാം കാരണം വല്ലതും കല്‍പിക്കാറുണ്ടോ?

കുറേ വസ്തുക്കള്‍ക്കിടയില്‍ വല്ലപ്പോഴും നാം ഒരു മുഖത്തെ തിരിച്ചറിയുന്നു. അതോടെ കാര്യങ്ങള്‍ മാറുന്നു. മറ്റൊരു മനുഷ്യന്റെ പുഞ്ചിരിയില്‍ നാം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. സ്വന്തം ചെറിയ ചെറിയ ഇഷ്ടങ്ങളെ ബലി നല്‍കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ഏതുവരെ? എപ്പോഴും ചെറിയൊരകലം എല്ലാവരില്‍ നിന്നും പാലിക്കാന്‍ നാം ശ്രദ്ധിക്കാറില്ലേ?

ഇല്ലെങ്കിലാണ്‌ പ്രശ്നം. ശാശ്വതമല്ലാത്ത എന്തിനോടും അധികം attached ആകുന്നത് നല്ലതല്ല. പ്രിയപ്പെട്ട വാച്ച് ഒരിക്കല്‍ നടത്തം നില്‍ക്കും. പ്രിയപ്പെട്ട കളിക്കാരന്‍ ഒരു ദിവസം റിട്ടയര്‍ ചെയ്യും. പ്രിയപ്പെട്ട വ്യക്തി പൊടുന്നനെ മരിക്കും. ശാശ്വതമെന്ന് വ്യാമോഹിച്ച ബന്ധങ്ങള്‍ മുറിയും.

മോഹങ്ങളുണ്ടേങ്കിലേ മോഹഭംഗങ്ങളുണ്ടാകൂ (എന്റെ വല്ല്യാപ്പാനെക്കാളൂം പ്രായമുള്ള ഡയലോഗായിരിക്കും). എന്നുവച്ച് മോഹങ്ങള്‍ ഉപേക്ഷിക്കാനല്ല. കുറച്ചുകൂടി പ്രായോഗികവും റാഷണലും ആകണമെന്നു മാത്രം. കാന്തികചാര്‍ജ്ജുകള്‍ കണ്ടുപിടിക്കുക, P=NP പരികല്‍പന തെളിയിക്കുക, ഹിഗ്ഗ്സ് ബോസോണ്‍ ഇല്ലെന്ന് തെളിയിക്കുക, റീമാന്‍ സീറ്റ പരികല്‍പന തെളിയിക്കുക - ഇതൊക്കെയാണ്‌ (ഐ മീന്‍, എല്ലാം വേണം) എന്റെ ചില മോഹങ്ങള്‍. പ്രായോഗികമോ റാഷണലോ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നില്ല. ഇവയൊന്നും നടന്നിട്ടില്ലെങ്കിലും ജീവിതം ബാക്കിയുണ്ട് എന്നൊരു ബോധം വേണമെന്ന് മാത്രം

(മുകളില്‍ പറഞ്ഞ കാര്യങ്ങളും ലിങ്കുകളുമൊന്നും [ലിങ്ക് വെറുതെ വായിച്ചു നോക്കാന്‍ നിന്നിട്ടല്ലേ, ഞാന്‍ പറഞ്ഞിരുന്നോ വായിക്കാന്‍?] മനസ്സിലായില്ലെങ്കില്‍ കുറച്ചുകൂടി സിമ്പിളായി വിശദീകരിക്കാം)

അതുവരെ റാഷണലായി നിന്നിരുന്ന രമണനെ നട്ടപ്പാതിരക്ക് കൊടുങ്കാട്ടില്‍ കൊണ്ടുപോയി മാലയിട്ട് ചന്ദ്രിക വഴിതെറ്റിക്കുന്നു (സത്യമായും ഇങ്ങനെ നീണ്ട കവിതകളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാകില്ല. ഈ പേജില്‍ നിന്ന് തട്ടിയതാണ്‌). അച്ഛന്‍ കെട്ടിച്ചുവിടാന്‍ തീരുമാനിക്കുന്നതോടെ ചന്ദ്രികയുടെ തകര്‍ക്കാനാകാത്ത വിശ്വാസത്തിന്റെ കാറ്റു പോകുന്നു, തലയില്‍ ബോധം കിളിര്‍ക്കുന്നു. പൊട്ടിത്തകര്‍ന്ന കിനാക്കളൊക്കെക്കൂടി തലയില്‍ വീഴുമ്പോള്‍ കുടിച്ച് ഇഞ്ചിഞ്ചായി ചാകാന്‍ നില്‍ക്കാതെ ഡീസന്റായി രമണന്‍ കയറെടുക്കുന്നു.

കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.... പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം..... എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ.

വിടപറയുന്നെങ്കില്‍ ഇങ്ങനെ പറയണം. സദസ്സിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കൈയടി. എന്നാലും രമണന്‌ വട്ടാന്നേ ഞാന്‍ പറയൂ. ഒന്ന് റീവൈന്റടിച്ചാല്‍ ആദ്യകാലത്ത് ചന്ദ്രിക പിന്നാലെ നടന്നപ്പോള്‍ എന്തൊക്കെ വിചാരിച്ചുകൊണ്ടാണോ ഒഴിവാക്കാന്‍ നോക്കിയത്, അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാനേ ഉള്ളായിരുന്നു. കക്ഷി നിന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂതകാലത്തിലേക്കൊന്ന് നോക്കിയാല്‍ പല പ്രശ്നങ്ങളും തീരും.

വല്ല കാര്യത്തിനും ഞാന്‍ ഇങ്ങനെ കെട്ടിത്തൂങ്ങിയാല്‍ കവിതയിലൂടെ ഫേമസാക്കാന്‍ മാത്രം സാഹിത്യമുള്ള ഫ്രണ്ട്സൊന്നും ഇല്ല എന്നതിനാല്‍ക്കൂടിയാണ് ഞാനിത് എഴുതുന്നത് (വല്ലപ്പോഴും തൂങ്ങിച്ചാവാന്‍ തോന്നിയാല്‍ എനിക്കുതന്നെ വായിച്ചുനോക്കാമല്ലോ).

അപ്പോള്‍ പ്രാക്റ്റിക്കലാകാന്‍ ശ്രമിക്കാം

How close SHOULD you get to someone?

ഒരാളോട് എത്ര അടുക്കണം? (അനാലിസിസ് പ്രണയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നത് സിനിമ കണ്ട് പരിചയമുള്ള എല്ലാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌. സുഹൃദ്ബന്ധങ്ങള്‍, താരാരാധന മുതലായവയ്ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് തട്ടിപ്പോയാലും ഒക്കെ അല്ലറചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാം)

ഒരിക്കലും മറക്കാനാകാത്തവിധം അടുക്കാതിരിക്കുക. ഇതെന്ത് വട്ടാല്ലേ? കുറച്ചുകൂടി വിശദമാക്കാം. ഓരോ അഞ്ച് മിനിറ്റിലും ഇന്ന ആളുടെ മുഖം മുന്നില്‍ വരുമെന്നും എന്തൊക്കെത്തന്നെ സംഭവിച്ചാലും (ഈ പ്രയോഗത്തിന്റെ വിശദീകരണത്തിന്‌ താങ്കള്‍ രമണനാണെന്ന് കരുതി രമണന്‍ വായിക്കുക) അത് അങ്ങനെത്തന്നെ ഇരിക്കും എന്നും ഉണ്ടെങ്കില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുന്നത് നല്ലതാണ്‌. ഇല്ലെങ്കില്‍ മുറപ്പെണ്ണിലെ നസീറിനെപ്പോലെ (ഇങ്ങേര്‍ക്ക് വിഷാദകാമുകന്റെ റോള്‍ അഭിനയിച്ചഭിനയിച്ച് ഡിപ്രെഷനൊന്നും വന്നില്ലേ? ഹീത്ത് ലെഡ്ജര്‍ ഒറ്റ റോളുകൊണ്ട് തട്ടിപ്പോയല്ലോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

എന്നിങ്ങനെ പാടിനടക്കണ്ടിവരും. സംഗതി പുറമെനിന്ന് നോക്കുമ്പോള്‍ ശുദ്ധഭോഷ്കാണ്‌. മറന്നുപോയി എന്ന് (ആത്മാര്‍ത്ഥമായി) ദിവസത്തില്‍ എത്രതവണ പറയാറുണ്ട്? അപ്പോള്‍ വ്യക്തിയെ മറക്കാതെ അയാളുമായുള്ള ബന്ധം കാരണമുള്ള വിഷാദം ടോണ്‍ ഡൗണ്‍ ചെയ്യാനെങ്കിലും അധികം വിഷമമില്ലാതെ സാധിക്കില്ലേ?

ബന്ധങ്ങളിലെങ്കിലും, മറ്റേയാള്‍ തനിക്കു വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടത് എന്ന രീതിയില്‍ ചിന്തിക്കാതിരിക്കുക

कभी कभी मेरे दिल में ख्याल आता है
कि जैसे तुझको बनाया गया है मेरे लिए
तू अब से पहले सितारों में बस रही थी कहीं
तुझे ज़मीं पे बुलाया गया है मेरे लिए

ഇങ്ങനത്തെ വിചാരവും വച്ചിരുന്നാല്‍ പ്രശ്നമാകും. തന്നെക്കൂടാതെ മറ്റേ വ്യക്തിക്ക് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുന്നതുവഴി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം പെട്ടെന്ന് ഈ ലോകത്തില്‍ നിന്ന് പുറത്തായി എന്നു കരുതി അധികം വിഷാദിക്കേണ്ട കാര്യമില്ല.

ദുഃഖം എല്ലാവര്‍ക്കുമുള്ളതാണ്‌, വൈരാഗികള്‍ക്കൊഴികെ. താവോ (ഡൗ) പറയുന്നപോലെ എല്ലാം let go ചെയ്യാനായാല്‍ നഷ്ടങ്ങള്‍ ദുഃഖകാരണമാകില്ല, കാരണം, നഷ്ടപ്പെടാന്‍ ഒന്നും നമ്മുടേതായിരുന്നില്ലല്ലോ. എന്നാല്‍ ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ തന്നെ നമ്മെക്കൊണ്ടാവില്ല. അപ്പോള്‍ നഷ്ടവും അനുബന്ധിച്ചുള്ള ദുഃഖവും പ്രതീക്ഷിച്ചുകോണ്ടേ ജീവിക്കാവൂ.

ഇത്രയേ ഉള്ളൂ. സോ സിമ്പിള്‍. എന്നാലും ആരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നെനിക്കുറപ്പാണ്‌. അല്ലെങ്കില്‍ സിനിമകളിലധികവും പ്രണയത്തെക്കുറിച്ചാകുമോ? മലയാളം, ഹിന്ദി ഭാഷകളിലൊക്കെ പത്ത് പടമെടുത്താല്‍ അഞ്ചെണ്ണം പ്രണയസാഫല്യത്തെക്കുറിച്ചും മൂന്നെണ്ണം പ്രണയനൈരാശ്യത്തെക്കുറിച്ചും ആയിരിക്കും (റെഫറന്‍സ് : 73% Statistics are made just like that).

അല്ല ഞാനിപ്പം ഇതൊക്കെ എന്തിനാ എഴുതുന്നത്? കയ്യിലിരിപ്പ് വച്ച് പ്രണയനൈരാശ്യത്തിന്‌ സാധ്യത കുറവാണ്‌ (എങ്കിലും എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതല്ലാതെ worldly ആയി എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്റെ ഒരു ജൂനിയര്‍). സുഹൃത്തുക്കളും അധികമൊന്നുമില്ല. ന്നാലും, ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍, അതിലെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍, ഇങ്ങനെ ചൊറിഞ്ഞുവരും.....

Sunday, 30 August 2009

മതിലുകള്‍

ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഏതാണ്ട് 700 കിലോമീറ്ററാണ് ദൂരം. കോഴിക്കോട്ടേക്കാകട്ടെ ഏതാണ്ട് 2500 കിലോമീറ്ററോളം. ഡല്‍ഹിക്കാരുടെ ഹിന്ദിയും ഇസ്‌ലാമാബാദുകാരുടെ ഉറുദുവും തമ്മില്‍ എന്തൊക്കെ അന്തരമുണ്ടെങ്കിലും ഹിന്ദിയും മലയാളവും തമ്മിലുള്ളതിനെക്കാള്‍ കുറവേയുള്ളൂ.

എന്റെ ഒരു സുഹൃത്ത് ഡല്‍ഹിക്കാരനാണ്. പാക്കിസ്താനികളെ ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണത്തെക്കാളും വെറുക്കുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്താന്‍ കീഴടക്കി കാശ്മീര്‍ കൈവശപ്പെടുത്തണമായിരുന്നു എന്നും അമേരിക്ക ഇറാഖില്‍ ചെയ്തതുപോലൊരു കളി കളിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. ഒര് പാക്കിസ്താനി പട്ടാളക്കാരനെ കൊല്ലാന്‍ പറ്റിയാല്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നേട്ടങ്ങളുണ്ടായാലും സി.വി യില്‍ ഏറ്റവും മുകളിലായി അത് എഴുതി വയ്ക്കും എന്ന് പറയുന്ന മറ്റൊരു കൂട്ടുകാരന്‍ എനിക്കുണ്ട്.

എന്നെക്കാള്‍ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതല്‍ പരിചയം അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യനെയാണ്. എന്നിരുന്നാലും ഒരു രാജ്യത്തെ ജനതയെ മൊത്തം വെറുക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

എന്തുകൊണ്ട്?

ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ചരിത്രത്തില്‍ ഉത്തരങ്ങളുണ്ട്. കുറ്റം എല്ലാവരുടേതുമാണ്‌.

Q : You're locked in a room with Saddam Hussein, Adolf Hitler, and a Pakistani. You have a gun with ONLY two bullets. What do you do?
A : Shoot the Pakistani twice to make sure he's dead.

ചിരി മുഴങ്ങട്ടെ

ദേശസ്നേഹം എന്നാല്‍ നമുക്ക് അയല്‍ക്കാരോടുള്ള വെറുപ്പാണ്‌ - അത് ചൈനയായാലും പാക്കിസ്താനായാലും.

നാം മതിലുകള്‍ ഉണ്ടാക്കിവച്ചു. അതില്‍പിന്നെ വെറുക്കാനല്ലാതെ നമുക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ ഒരിക്കലും വിദ്വേഷത്തിന്റെ പാഠങ്ങളല്ലാതെ പഠിപ്പിക്കുന്നില്ല. വ്യത്യാസങ്ങളില്‍ സാമ്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറുമില്ല. സ്വന്തത്തോടുള്ള സ്നേഹവും അന്യനോടുള്ള വെറുപ്പും ഒന്നല്ല എന്ന് മനസ്സിലാക്കാനും നമുക്കാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി വിദ്വേഷത്തിന്റെ കോട്ടകള്‍ തീര്‍ക്കാന്‍ എളുപ്പമല്ല. വര്‍ഗ്ഗീയകലാപങ്ങള്‍. എണ്ണമില്ലാത്ത മനുഷ്യജീവനുകള്‍. ഗാന്ധി. മനസ്സുകളിലും അതിര്‍ത്തിയിലും യുദ്ധങ്ങള്‍. രക്തത്തിന്റെയും കണ്ണുനീരിന്റെയും പുഴകള്‍. വിലയും ചെറുതല്ല.

എന്നാലും നമുക്കിത് അത്ര വിഷമകരമായി തോന്നാറില്ല. ദിനവും മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി ശീലിച്ചവരാണ്‌ നാം. മുന്നിലിരിക്കുന്ന വ്യക്തിയോട് ഒന്നും മിണ്ടാതെ രണ്ടു നിമിഷം ഇരുന്നു നോക്കൂ. വെവ്വേറെ ലോകങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗാലക്സികളെപ്പോലെ നിരന്തരം അകന്നുകൊണ്ടിരിക്കുന്നവരാണ്‌.

പറഞ്ഞു നോക്കുക വെറുതെ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം
എത്ര മരത്തിന്‍ തണലറിയാം

കാക്കത്തൊള്ളായിരം അല്ലേ?

എന്നാല്‍,

എത്ര മനസ്സിന്‍ നോവറിയാം
എത്ര മുഖത്തിന്‍ നേരറിയാം

ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?

ചില്ലുമേടകളാണ്‌ മതിലുകളെക്കാള്‍ നല്ലത്. പക്ഷെ അവ തകര്‍ക്കപ്പെടുമോ എന്ന ഭയമാണ്‌ നമുക്ക്. കിണറ്റിലെ തവളകളായി പുറമെയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുക പോലും ചെയ്യാതെ ജീവിക്കുന്നത് ഇതിലും എത്രയോ ഭേദമാണ്‌.

മതിലുകള്‍ക്കുള്ളില്‍ കോട്ടയിലെ ഇരുട്ടില്‍ ജീവിതം തള്ളിനീക്കുന്ന നമ്മിലേക്ക് പ്രകാശം എപ്പോഴാണ്‌ ഇറങ്ങിവരുക?

तमसो मा ज्योतिर्गमय

Thursday, 13 August 2009

മാറ്റം

वक्त ने किया क्या हसीं सितम
तुम रहे न तुम हम रहे न हम

കാലത്തിനനുസരിച്ച് മാറാത്തതായി ജീവിതത്തില്‍ എന്തെങ്കിലുമുണ്ടോ? ക്വാണ്ടം ബലതന്ത്രത്തിലെ stationary state മാതിരി ഒരു സാധനം?

ഇഷ്ടാനിഷ്ടങ്ങളില്‍ മാറ്റം വരാന്‍ ഒരു നിമിഷം മതി. ബന്ധങ്ങളില്‍ മാറ്റം വരാന്‍ ഉറപ്പനുസരിച്ച് അല്‍പം കാലം. വിശ്വാസങ്ങളില്‍ മാറ്റം വരാന്‍ ഒരു സംഭവം. ഓര്‍മ്മകള്‍ പോലും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടാനും അധികകാലം വേണ്ട.

കഴിഞ്ഞ ദിവസത്തെ ചിന്തകള്‍ ഒരു പട്ടികയില്‍ എഴുതി വച്ചത് ഇന്ന് വായിച്ചുനോക്കിയാല്‍ എത്ര കാര്യങ്ങള്‍ അവിശ്വസിനീയമായുണ്ടാകും? കഴിഞ്ഞ വര്‍ഷത്തേതായാലോ? പത്തു വര്‍ഷം മുമ്പ്?

ഭൂതകാലത്തിലെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ സാമ്യങ്ങളെക്കാള്‍ വ്യത്യാസങ്ങളല്ലേ കൂടുതല്‍? എങ്കില്‍ പിന്നെ ഈ മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ സ്ഥായിയായുള്ള 'ഞാന്‍' എന്താണ്‌? ജീവിതത്തില്‍ ചോദ്യങ്ങളാണോ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍? കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വത്വത്തെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്രയെണ്ണത്തിന്‌ മറുപടി വരും?

तुम भी खो गए हम भी खो गए
एक रह पर चलके दो कदम

ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ എത്ര പെട്ടെന്നാണ്‌ ലംബമായ പാതകളിലൂടെ നീങ്ങാന്‍ തുടങ്ങുന്നത്? കാലടികള്‍ ഒപ്പിച്ച് നടക്കാതിരിക്കുന്നതാണ്‌ നല്ലത്, കാരണം അനുരണനം നഷ്ടമാകുമ്പോള്‍ ഏകാന്തത ഭീകരമായിരിക്കും.

ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും.

മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌.

യാത്ര മാത്രം തുടരുന്നു. പാതയോ ലക്ഷ്യമോ ഇല്ലാതെ. കണ്ട സ്ഥലങ്ങള്‍ തന്നെ വീണ്ടും കാണാന്‍ തുടങ്ങിയാലും ഉള്ളിലെ മാറ്റം മൂലം ഒന്നും തിരിച്ചറിയാതെ പോകുന്നു.

जायेंगे कहाँ सूझता नहीं
चल पड़े मगर रास्ता नहीं
क्या तलाश है कुछ पता नहीं

തിരയുന്നത് കാണാതിരിക്കുന്നത് തിരയുന്നതെന്തെന്ന് അറിയാത്തതുകൊണ്ടാണ്‌. പക്ഷെ തിരച്ചിലിലാണ്‌ കാര്യം. ലക്ഷ്യമോ ഫലമോ പ്രധാനമല്ല. അതിനാല്‍ മാറ്റത്തിനിടയിലും ഉള്ളിലും പുറത്തും എന്തെങ്കിലുമൊക്കെ തിരഞ്ഞുകൊണ്ടിരിക്കുക

Saturday, 1 August 2009

This post more intentionally left blank

മൗനം

हम लबों से कह पाये
उनसे हाल - - दिल कभी
और वो समझे नहीं यह
खामोशी क्या चीज़ है

(ദയവായി തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഹിന്ദി എഴുതുന്നതൊക്കെ മറന്നു. [ഉമ്മ കേള്‍ക്കണ്ട - വെട്ടിക്കൊല്ലും])

മിണ്ടാണ്ടിരുന്നാല്‍ ഇങ്ങനെയും ചില പ്രശ്നങ്ങളുണ്ട്. മൗനം എല്ലായ്പ്പോഴും കവിതയിലല്ല അവസാനിക്കുക.

ഒരു വാക്കു പറഞ്ഞാല്‍ അതിന്‌ ആ വാക്കിന്റെ അര്‍ത്ഥമേ ഉള്ളൂ. പറയാണ്ടിരുന്നാല്‍ ആയിരം സാധ്യതകളുടെ അര്‍ത്ഥങ്ങളും.

പക്ഷെ ഓരോരുത്തരും അവരവര്‍ ഉദ്ദേശിക്കുന്നതു മാത്രമേ വാക്കുകളില്‍ നിന്നുപോലും കേള്‍ക്കൂ. അപ്പോള്‍ ആയിരം സാധ്യതകളില്‍ നിന്നോ?

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്?

എന്തുമാകാം. പക്ഷെ മജീദ് എന്താണ്‌ മനസ്സിലാക്കിയത് എന്നതാണ്‌ ആകെയുള്ള കാര്യം.

പറഞ്ഞ് മനസ്സിലാകാന്‍ വേണ്ടിയല്ല, പറയാതിരുന്ന് ഉദ്ദേശിക്കാത്തത് കേള്‍ക്കാതിരിക്കാനാണ്‌ നാം സംസാരിക്കുന്നത്. അല്ലെങ്കില്‍ നാം കൂടുതല്‍ നേരവും മിണ്ടാതിരിക്കുമായിരുന്നു

Friday, 24 July 2009

കാലചക്രം

മുന്നറിയിപ്പ് : സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കരുത് എന്നതൊക്കെ ഈ പോസ്റ്റിന്റെ ആവശ്യത്തിന് മറക്കുക.

ഈ സാഹിത്യകാരന്‍മാര്‍ എന്ന വര്‍ഗ്ഗത്തെ എനിക്ക് വല്ല്യ ഇഷ്ടമില്ല. പ്രത്യേകിച്ച് കവികളെ. ഒരു കാര്യവുമില്ലാതെ സാധനങ്ങള്‍ കോമ്പ്ളിക്കേറ്റഡ് ആക്കും. പ്രാസം ഒപ്പിക്കാന്‍ വേണ്ടി വേണ്ടാത്തതൊക്കെ വലിച്ചുവാരി എഴുതും. രണ്ട് വരിയില്‍ തീര്‍ക്കാവുന്നത് കൊണ്ട് ഒരൊന്നൊന്നര പേജ് നിറയ്ക്കും. ഇവന്മാര്‍ക്കൊക്കെ അക്ഷരത്തിന്റെ എണ്ണമനുസരിച്ചാണോ കാശു കൊടുക്കുന്നത്?

പിന്നെ കൊറേ വാക്കുകളും എക്സ്പ്രെഷനുകളും. ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം എന്നൊക്കെ വലിച്ചുനീട്ടി എഴുതുന്നതുകൊണ്ട് മനുഷനെ നിഘണ്ടു വായിപ്പിക്കാം എന്നല്ലാതെ എന്ത്? പാമ്പിന്റെ വായിലെ തവള എന്നതിനെന്താ അന്തസ്സു കുറവുണ്ടോ?
അദ്വൈതാമലഭാവസ്പന്ദിതവിദ്യുന്മേഖല പൂകീ ഞാന്‍ (തെറ്റുണ്ടെങ്കില്‍ തിരുത്തുക) എന്നു ഞാന്‍ പറഞ്ഞാല്‍ ശരിക്കും എനിക്കെന്തു പറ്റീന്നാ അര്‍ത്ഥം?

അതുമാതിരി എനിക്ക് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞുവരുന്ന ഒരു വാക്കാണ് കാലചക്രം. എന്തോന്ന് ചക്രം? ഗ്രഹങ്ങള്‍ ചുറ്റിത്തിരിയുന്ന മണ്ഡലം എന്നിതിന് അര്ത്ഥമുണ്ടുപോലും. മാത്രമല്ല, കാലചക്രന്‍ = സൂര്യന്‍ (മഷിത്തണ്ട് പറഞ്ഞതാണ്. സത്യമായും എനിക്കറിയില്ല). സാങ്കേതികപദമായാണ് ഉപയോഗിക്കുന്നതെങ്കില്‍ കുഴപ്പമില്ല. സാങ്കേതികപദങ്ങള്‍ക്ക് വെയ്റ്റില്ലെങ്കില്‍ ഉപയോഗിക്കുന്നവരെ ആരും മൈന്‍ഡ് ചെയ്യില്ല. ലോ ടെമ്പറേച്ചര്‍ പഠിക്കുന്നവരൊക്കെ ആ പേരിന് വെയ്റ്റില്ലാത്തതിനാല് ക്രയോജനിക്സ് എന്നേ പറയൂ. N-(4-hydroxyphenyl)ethanamide എന്നു പറഞ്ഞാല്‍ പാരാസെറ്റാമോള്‍ എന്നു പറയുന്ന ബഹുമാനമാണോ?

പക്ഷെ അതല്ല. കാലചക്രം തിരിയുക എന്നെഴുതിയത് വായിച്ചും കേട്ടും മടുത്തു. ഒന്നുമൊട്ട് തിരിഞ്ഞുമില്ല. ഗൂഗിള്‍ സര്‍ച്ചി ഏതോ ഒരു പേജിലേക്ക് വിട്ടപ്പം കണ്ടതാ : (ഒരു വരി പൊക്കുന്നത് കോപിറൈറ്റ് ഇന്ഫ്രിഞ്ജ്മെന്റ് ആകാണ്ടിരുന്നാല്‍ മതിയാരുന്നു) കിളിര്‍ക്കുന്നു ജീവിതം കാലചക്രം തന്നില്‍. ഒരു കവിതയിലെ ഒരു വരി. ബാക്കി കവിത നോക്കാതെ (ഇനി നോക്കീട്ടാണെങ്കിലും. തെരഞ്ഞ് കണ്ടുപിടിച്ചോ) ഇതിന്റെ അര്‍ത്ഥം (+optimality) ഒന്നു പറഞ്ഞുതരൂ

ഏതായാലും ഒക്കെ തിരിഞ്ഞുവരുമെന്നും സ്ഥലം പോലെ കാലവും വക്രമാണെന്ന് (റിലേറ്റിവിറ്റി മലയാളത്തില്‍ വായിച്ച് ഇങ്ങനെ ആയിപ്പോയതാ. സത്യമായും ഞാന്‍ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ പെടില്ല) ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ടു്. എക്സ്പ്ലെയിന്‍ ചെയ്യാം. എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായിരിക്കും എന്നു ഞാന്‍ കരുതുന്ന അഞ്ചു വര്‍ഷങ്ങളില്‍ (പടച്ചോനേ ഇനി ഇതിലും ഭീകരമായ ഒന്നും ഇട്ടുതരരുതേ) രണ്ടെണ്ണം കഴിഞ്ഞു. ഓരോ സെമ്മിലും ഐഐടിയില്‍ (അര്‍ത്ഥം : അകത്തുകടക്കാന്‍ വേണ്ടി ഇന്ത്യയിലെ അത്യാവശ്യം കാശുള്ള ഹൈസ്കൂള്‍ പയ്യന്മാരൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷങ്ങള്‍ തുലയ്ക്കുകയും അകത്തെത്തിക്കഴിഞ്ഞാല്‍ തലയില്‍ കൈ വയ്ക്കുകയും ചെയ്യുന്ന സ്ഥലം) കെടന്ന് പാടുപെടും. വീട്ടില്‍ കുറച്ച് സമയം നിന്നുകഴിയുമ്പോഴേക്ക് ഇങ്ങനെ ഒരു ജീവിതം കെട്ടുകഥയാണെന്ന് തോന്നും (കൂടുതല്‍ വിവരങ്ങള്‍ക്ക് ആടുജീവിതം വായിക്കുക. ഐഐടി ജീവിതം വച്ച് എനിക്കും ഇതുപോലെ എന്തെങ്കിലും എഴുതണം. ആദ്യം പുറത്തുകടക്കട്ടെ). അടുത്ത സെമ്മിന് തിരിച്ചുചെന്നാല്‍ ജീവിതം പഴയപടി.

നൂറു രീതിയില്‍ ഉരുളക്കിഴങ്ങ് പാതി വേവിച്ചത്. ഓരോ കോഴ്സിനും പ്രൊഫസര്‍ പറയുന്നപോലെ പഠിക്കുന്നതിനുള്ള സമയം കൂട്ടിയാല് ദിവസം മുപ്പത്തി ആറ് മണിക്കൂര്‍. വേനലില്‍ 40+ ഡിഗ്രി ചൂട്. തണുപ്പുകാലത്ത് 10-. ആഴ്ചയില്‍ 4 ലാബ്. മാസം മാസം പരീക്ഷ. കാലം മാറി വരും....കഥയിത് തുടര്‍ന്നുവരും....

ഓരോ സെം തുടങ്ങുമ്പോഴും ഇന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കും. സെം കഴിഞ്ഞ് കണക്കെടുത്താല്‍ വിചാരങ്ങള്‍ മാത്രം ബാക്കി. ഇന്ന് സെം നമ്പര്‍ 5 തുടങ്ങി. കാളച്ചന്തപോലെ ഒരിടത്ത് ഗ്രേഡ് ഷീറ്റ് വാങ്ങാനിരിക്കുമ്പോള്‍ ശുഭായു പറഞ്ഞു : ഇപ്രാവശ്യമെങ്കിലും മര്യാദയ്ക്ക് മനസ്സിലാക്കി ഫിസിക്സ് പഠിക്കണം. കുറച്ചു കഴിഞ്ഞ് : എല്ലാ സെം തുടങ്ങുമ്പളും പറയാറുള്ളതാ അല്ലേ.

ഓരോ സെമ്മിലും ചക്രം ടൈറ്റായി കഴുത്തില്‍ മുറുകുന്നത് ഇപ്രാവശ്യം സംഭവിക്കരുത് എന്നേ ആഗ്രഹമുള്ളൂ.

പിന്‍കുറിപ്പ് : കാലചക്രവുമായി യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റെഴുതിയതിനും അനാവശ്യമായ മുന്നറിയിപ്പ് ചേര്‍ത്തതിനും എന്നെ കൊല്ലണമെന്നുള്ളവെരെ കാന്‍പൂരിലേക്ക് ക്ഷണിക്കുന്നു. കാന്‍പൂരിന്റെ മുഖം കണ്ടിട്ടും ജീവന്‍, വിശേഷബുദ്ധി എന്നിവ നഷ്ടപ്പെടാത്തവര്‍ക്ക് എന്റെ വിലാസം : ഹാള്‍ 2, ഐഐടി കാന്‍പൂര്‍

Friday, 3 July 2009

ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2009-ലെ അന്താരാഷ്ട്ര ഇന്ഫര്മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമംഗങ്ങള് ഇവരാണ്:
  1. കേശവ് ധന്ധാനിയ (കൊല്‍കത്ത)
  2. പ്രശാന്ത് വി (ചെന്നൈ)
  3. അധിരാജ് സൊമാനി (കൊല്‍കത്ത)
  4. ശ്രീവത്സന്‍ ബാലകൃഷ്ണന്‍ (ചെന്നൈ)
ടീം ലീഡര്‍മാര്‍:
  1. മാധവന്‍ മുകുന്ദ് (ചെന്നൈ)
  2. നാരായണ്‍ കുമാര്‍ (ചെന്നൈ)
ജൂണ്‍ 17 മുതല്‍ ജൂലൈ 2 വരെ ബാംഗ്ലൂരില് വച്ചു നടന്ന ട്രെയിനിങ് കാമ്പില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് 8 മുതല്‍ 15 വരെ ബള്‍ഗേറിയയിലെ പ്ലോവ്ഡിവില്‍ വച്ചാണ് ഈ വര്ഷത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടക്കുന്നത്.

ചില ലിങ്കുകള്‍:

Monday, 15 June 2009

This post intentionally left blank

മൗനം

മൗനം
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്

നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല

എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്

Sunday, 7 June 2009

പതിനായിരം

ഇപ്പോഴെങ്കിലും ഇവിടെ ഇടണം:
മലയാളം വിക്കിപീഡിയ പതിനായിരം ലേഖനങ്ങള്‍ കടന്നിരിക്കുന്നു.

ഫെഡറര്‍

ഒരാള്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം?

പണ്ട് ടോള്‍സ്റ്റോയ് ചോദിച്ച ഒരു ചോദ്യമുണ്ട് : ഒരാള്‍ക്കെത്ര ഭൂമി വേണം? ആറടി മണ്ണ് മതി എന്നായിരുന്നു ഉത്തരം. ഇത് അതുപോലെയുള്ള ചോദ്യമല്ല.

ചോദ്യത്തിന്റെ subjectivity ഇതാ. റസിമാന്‌ എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം? ചോദിച്ച എനിക്കു തന്നെ ചിരി വരുന്നുണ്ട്. അനിയനോടു മാത്രമേ ചെസ്സു പോലും കളിച്ച് ജയിച്ചിട്ടുള്ളൂ. ഒരു ഗ്രാന്‍ഡ് സ്ലാം പോയിട്ട് ആരോടെങ്കിലും ഏതെങ്കിലും ഒരു കളി, പോട്ടെ, ഒരു സെറ്റോ പോയിന്റോ എങ്കിലും....... ഞമ്മക്കത് മതി. വല്ല മഹാദ്ഭുതവും സംഭവിച്ച് ഒരു ഗ്രാന്‍ഡ് സ്ലാമെങ്ങാനും കിട്ടിപ്പോയാല്‍ ഞാന്‍ ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകാന്‍ റെഡിയാ.

അപ്പോള്‍ ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം? എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ഈ ദുനിയാവിലെ തൊണ്ണൂറു ശതമാനം ആള്‍ക്കാര്‍ക്കും ഫെഡറര്‍ ഒരു നൂറു കൊല്ലം കൂടി കളിച്ച് ഓരോ കൊല്ലവും നാലു വീതം ഗ്രാന്‍ഡ് സ്ലാം ഒപ്പിച്ചാല്‍ നന്ന് എന്നുണ്ട്. എന്നാലും ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം?

ഫ്രഞ്ച് ഓപ്പണില്‍ നാലു കൊല്ലം തോറ്റു. ഒക്കെ നഡാലിനോട്. സ്വന്തം തട്ടകമായിരുന്ന വിംബിള്‍ഡണും പോയി. ഒടുവില്‍ ആസ്ട്രേലിയന്‍ ഓപ്പണും. കരഞ്ഞുകൊണ്ടാണ്‌ അന്ന് കളം വിട്ടത്. ഒരു lesser mortal ആയിരുന്നുവെങ്കില്‍ അന്ന് ഇതൊക്കെ ഒഴിവാക്കിയേനേ. ന്നാലും വിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിനു മുമ്പുള്ള ഓരോ കളിയും വളരെ കഷ്ടപ്പെട്ടാണ്‌ ജയിച്ചത്. രണ്ട് സെറ്റ് പിന്നില്‍ നിന്ന ശേഷവും മറ്റും. ഈ കപ്പ് കിട്ടിയേ പോകൂ എന്ന വാശിയില്ലായിരുന്നെങ്കില്‍ എത്ര കഴിവുണ്ടെങ്കിലും അതിലൊന്നെങ്കിലും പൊട്ടിയേനേ.

ഇല്ല. അസാധ്യമായിട്ടുള്ള സിറ്റ്വേഷനുകളില്‍ നിന്നുപോലും തിരിച്ചുവന്നു. സോഡര്‍ലിങ് നഡാലടക്കമുള്ള പുലികളെ പുഷ്പം പോലെ പൊട്ടിച്ചിട്ടാണ്‌ ഫൈനലിലെത്തിയത്. അതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം വച്ചു നോക്കിയാല്‍ ഫെഡററെയും ഈസിയായി പൊട്ടിക്കാന്‍ സോഡര്‍ലിങിന്‌ പറ്റേണ്ടതാണ്‌.

പറ്റിയില്ല. കാരണം എല്ലാ കളിയും കഷ്ടപ്പെട്ട് ജയിച്ച X അല്ലായിരുന്നു ഫൈനലില്‍. എല്ലാ കളിയും കഷ്ടപ്പെട്ടു ജയിച്ച ഫെഡററായിരുന്നു. കപ്പും കൊണ്ടേ പോകൂ എന്നുള്ള ഒരു മനുഷ്യന്‍. ഫൈനലില്‍ ഒരിക്കല്‍പോലും സോഡര്‍ലിങ് ജയിക്കും എന്ന് തോന്നിയില്ല. നഡാലിനെ തോല്‍പിച്ചത് ഇയാളാണോ എന്നുപോലും തോന്നിപ്പോയി.

സോഡര്‍ലിങിന്റെ കുഴപ്പമായിരുന്നോ? Greatest player Of All Time (GOAT) എന്ന അമാനുഷികജന്തുവിനോടാണ്‌ കളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് കളിച്ചാല്‍ ആരായാലും തോല്‍ക്കും (ഇങ്ങനെ ഒരു psychological factor ആണ്‌ ഫെഡറര്‍ നഡാലിനോട് തോല്‍ക്കാന്‍ കാരണം എന്ന് പറയുന്നവരുണ്ട്). ഏതായാലും ഫെഡറര്‍ മാരകമായി കളിച്ചു, ജയിച്ചു.

ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ഫെഡറര്‍ക്ക് എത്ര കപ്പു വേണം? ഇന്ന് രാത്രി ഫേഡററുടെ കഴിവുകള്‍ മുഴുവന്‍ കിട്ടിയാലും എനിക്ക് 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കിട്ടാന്‍ പോകുന്നില്ല. കാരണം അത് എന്റെ പ്രതീക്ഷകളെക്കാള്‍ എത്രയോ ഉയരത്തിലാണ്‌. പ്രതീക്ഷിച്ചത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗോളുകള്‍ റീസെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉയര്‍ച്ച അവിടെ അവസാനിക്കും. ഫെഡററുടെ ഗോളുകള്‍ എന്താണ്‌? പതിനഞ്ചാമത്തെ കിരീടം? ഇരുപത്? നഡാലിനെതിരെയുള്ള റെക്കോര്‍ഡ് ശരിയാക്കുക? ഒരു വര്‍ഷം നാല് കിരീടങ്ങളും നേടുക? അങ്ങേര്‍ക്കേ അറിയൂ.


അല്ലെങ്കിലും genius-ുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ വളരെ വിഷമമാണ്‌. ഒരു ഐ പി എല്‍ സെഞ്ചുറി നേടുമ്പോഴേക്ക് കളിക്കാരന്‍ അറിയപ്പെടുന്ന കാലത്ത് സച്ചിന്‍ എങ്ങനെയാണ്‌ 85 സെഞ്ചുറികള്‍ക്ക് ശേഷവും കളിച്ചുകൊണ്ടിരിക്കുന്നത്? മുരളീധരന്‌ എത്ര വിക്കറ്റ് വേണം? ആയിരം പേറ്റന്റ് കിട്ടിയിട്ടും എഡിസണ്‍ പണി നിര്‍ത്താഞ്ഞതെന്തേ.

അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം - ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗത്തെക്കാള്‍ അജ്ഞാതമായിട്ടുള്ളത് അതിലെ ചില മനസ്സുകള്‍ക്ക് പോരാടാനുള്ള കഴിവാണ്‌.

Friday, 29 May 2009

അസ്തി

कि मरके भी किसी को याद आएंगे
किसी के आसुओं में मुस्कुराएँगे

जीना इसी का नाम है

എന്തിനാണ് ജീവിക്കുന്നത് എന്ന് പലരോടും ചോദിച്ചിട്ടുണ്ട് - പോയി ചത്തുകൂടേ എന്നും. വല്ലാതെ വെറുപ്പിക്കുന്നവരോടാണ് സാധാരണ ചോദ്യം പതിവ്. എന്നാലും ഇടയ്ക്കിടയ്ക്ക് (കാര്യമായി പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍) ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാന്‍ കുറെ വട്ടന്‍മാരെ കിട്ടും. ഫിലോസഫി കോഴ്സില്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പ്രത്യേകിച്ചും.

ഒരു രണ്ടു കൊല്ലം മുമ്പ് ഒമ്പതില്‍ പഠിക്കുന്ന ഒരു ചെക്കനോട് കുറേനെരം ഇതിനെപ്പറ്റി വര്‍ത്താനിച്ചുകൊണ്ടിരുന്നു. കൃത്യമായി പറഞ്ഞാല്‍ വിഷയം ഇതായിരുന്നു : ഒരാള്‍ ജീവിക്കുന്നതു വഴി പ്രപഞ്ചത്തിന്റെ entropy (മലയാളപദം ആര്‍ക്കെങ്കിലും അറിയുമോ?) ഉയര്‍ത്തുകയാണ് പ്രധാനമായി (ആകെ എന്നാണ് ഞാന്‍ പറഞ്ഞിരുന്നതെന്ന് തോന്നുന്നു) ചെയ്യുന്നത്. ഇങ്ങനെ പ്രപഞ്ചത്തിന്റെ മരണത്തിന് (heat death) കാരണമാകുന്നതിലും നല്ലത് അങ്ങ് ചത്തുകളയുന്നതല്ലേ? ചോദ്യം ചോദിച്ചത് ഞാനായതുകൊണ്ട് ഉത്തരം പറയേണ്ടി വന്നില്ല. ചെക്കനെ മൂന്നുനാലു മണിക്കൂറുകൊണ്ട് ഒരു വഴിക്കാക്കി.

കൂടെയിരുന്ന് ചിരിച്ചവരൊക്കെ ഇപ്പൊഴും അവന്റെ 'ജീവിതം തുലച്ച'തിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്താറുണ്ട്. എങ്കിലും ഇതുവരെ ആരും ഉത്തരം പറഞ്ഞു കണ്ടിട്ടില്ല. ആരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാറില്ലെന്നു തോന്നുന്നു. ഒരുവിധം എല്ലാവരും ഈ ചിന്തകളൊന്നുമില്ലാതെ ജീവിക്കുന്നു. ഉത്തരമറിയാത്ത കുറേപേര്‍ സ്വന്തം ജീവനെടുക്കുന്നു. ഇതൊക്കെ ചിന്തിച്ച് സമയം കളയുക എന്നതല്ലാതെ എന്തു കാര്യം?

കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു.

എപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്? ഒരാഴുഷ്കാലം ജീവിച്ചുതീര്‍ന്നശേഷം തിരിഞ്ഞുനോക്കിയാല്‍ entropy വര്‍ദ്ധിപ്പിക്കുകയല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്ന തൊന്നലുണ്ടാകുന്നതെങ്ങനെ? മരിച്ചുകഴിഞ്ഞാല്‍ ആരെങ്കിലും ഓര്‍ക്കാനുണ്ടാകും എന്നുള്ളപ്പോഴോ? ആരുടെയോ കണ്ണീരില്‍ പുഞ്ചിരിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമായോ?

ഓസ്കാര്‍ ഷിന്‍ഡ്ലര്‍ എന്ന ഒരു മനുഷ്യന്‍. ജീവിതത്തില്‍ വേറെ ചെയ്തതൊക്കെ പരാജയമായെങ്കിലും നാസി ഭീകരതയുടെ ഇടയില്‍ ആയിരത്തിലേറെ ജൂതന്മാരെ രക്ഷിച്ചതിന്റെ പേരില് ആ തലമുറകള്‍ ഉള്ളിടത്തോളം ആ മനുഷ്യന്‍ സ്മരിക്കപ്പെടും. ഷിന്‍ഡ്ലര്‍ സമാധാനത്തോടെയാണോ മരിച്ചത്?

ഒന്നും അറിയില്ല. ഒരു ചാന്‍സേ ഈ കളിയിലുള്ളൂ. ഫൗള്‍ കളിച്ച് ജയിക്കാന്‍ പറ്റില്ല. പത്തൊമ്പത് കൊല്ലമായി കളിക്കാന്‍ തുടങ്ങിയിട്ട്. ഗോളൊന്നും ആയതായി ഇതുവരെ തോന്നിയിട്ടില്ല. അവസാനം തോല്‍ക്കരുത്. അതുകൊണ്ട് കളിയില്‍ എന്തു ചെയ്യണമെന്നെങ്കിലും മര്യാദയ്ക്ക് അറിയണം.

ഒക്കെ പടച്ചതമ്പുരാന്റെ കൈയിലാണ്.

ജീനാ ഇസീ കാ നാമ് ഹേ.

Monday, 25 May 2009

റിട്ടേണ്‍

കാലം കുറേയായി
ഉപ്പിലിട്ട മാങ്ങ ചീഞ്ഞുപോയി
കുപ്പിയോടെ വലിച്ചെറിഞ്ഞു

ഇതിപ്പോള് അടുത്ത ഇന്സ്റ്റാള്മെന്റാണ്‌

Wednesday, 11 March 2009

2700 km

ഡാന്യൂബ് നദിയുടെ നീളം - ~2800 കിലോമീറ്റര്‍. ഇത് 10 രാജ്യങ്ങളിലൂടെ ഒഴുകുന്നു - ജര്‍മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹങ്കറി, ക്രൊയേഷ്യ, സെര്‍ബിയ, റുമാനിയ, ബള്‍ഗേറിയ, മൊള്‍ഡോവ, ഉക്രെയിന്‍

കാണ്‍പൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം - 2700 കിലോമീറ്റര്‍. ഇന്ത്യക്ക് വലിപ്പം ഇത്തിരി കൂടുതലാണ്‌

മിഡ്സെം അവധി 8 ദിവസം മാത്രമേ ഉണ്ടാകൂ. അതിനിടെ വീട്ടില്‍ വന്ന് തിരിച്ചുപോകണം. ഒരു വഴിക്ക് 50 മണിക്കൂര്‍ യാത്ര. വീട്ടിലിരിക്കുന്നതിലും കൂടുതല്‍ സമയം ട്രെയിനിലാണ്‌ (ഒരു വര്‍ഷത്തില്‍ ഒരു മാസത്തോളം സമയം ഈയിടെ ട്രെയിനിലാണ്‌ ചിലവഴിക്കാറ്).

ഒടുവില്‍ വീട്ടില്‍ എത്തുമ്പോഴേക്കും ജീവനില്‍ പകുതി പോയിട്ടുണ്ടാകും. മനുഷ്യക്കോലം തിരിചുകിട്ടുമ്പോഴേക്ക് മടക്കം.

പക്ഷെ അതിന്റെ ഇരട്ടി ദൂരമുണ്ടെങ്കിലും ഞാന്‍ വരും. കാരണം, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്‌, ഇവിടെയാണ്‌.

Saturday, 21 February 2009

കമ്പ്യൂട്ടര്‍ മലയാളത്തില്‍ സംസാരിക്കുന്ന കാലം

ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ക്ലാസ്സില്‍ മലയാളം പറഞ്ഞാല്‍ പിഴ ഉണ്ടായിരുന്നു (ഐ ഐ ടി യില്‍ ചേര്‍ന്ന ശേഷം അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല - ബാച്ചില്‍ മലയാളികളുടെ എണ്ണം ഒരു ശതമാനത്തിന്റെ അടുത്താണെന്നു മാത്രം). ഏതായാലും ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ട്.

പത്താം ക്ലാസ്സു മുതല്‍ കമ്പ്യുട്ടര്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോഴൊന്നും കമ്പ്യൂട്ടറും മലയാളവും തമ്മില്‍ യാതൊരു ബന്ധവും ഉള്ളതായി തോന്നിയിരുന്നില്ല. ഹാര്‍ഡ്‌വെയര്‍ 'അവരുടേ'തായിരുന്നു; സോഫ്റ്റ്‌വെയറും. ഭാഷ മാത്രം എന്റേതാകണം എന്ന് വാശി പിടിക്കുന്നതെങ്ങനെ?

എന്റെ വിചാരം തെറ്റായിരുന്നു. ആദ്യമായി ഈ തോന്നല്‍ എനിക്കുണ്ടാകാന്‍ കാരണം വരമൊഴി ആണു്. മലയാളത്തില്‍ കത്തുകളും മറ്റും ടൈപ്പ് ചെയ്യേണ്ടിയിരുന്നതിനാല്‍ ലിപ്യന്തരണ സോഫ്റ്റ്‌വെയര്‍ വളരെ ഉപകാരപ്രദമായ ഒരാശയമായിരുന്നു. പിന്നെ മലയാള ദിനപ്പത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി വായിക്കാന്‍ തുടങ്ങി(എന്റെ അഭിപ്രായത്തില്‍ മലയാള ദിനപ്പത്രങ്ങളുടെ സൈറ്റുകള്‍ അത്ര നിലവാരം പുലര്‍ത്തുന്നവയല്ല - എങ്കിലും മലയാളത്തില്‍ വാര്‍ത്തകള്‍ വായിക്കാന്‍ കഴിയുക എന്ന ആശയം നല്ലതായിരുന്നു - ഏറെക്കാലം നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതിനാല്‍ ഉപകാരപ്രദവും). പിന്നീട് പ്രോഗ്രാമിംഗ് ചെയ്യാന്‍ തുടങ്ങിയ ശേഷം ഒരു ലിപ്യന്തരണ സോഫ്റ്റ്‌വെയറ്‍ നിര്‍മ്മിച്ചു.

ഇപ്പോള്‍ എല്ലാം കൂടുതല്‍ എളുപ്പമാകാന്‍ തുടങ്ങിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ കരുത്ത് മനസ്സിലായത് അടുത്തിടെയാണ്. മലയാള സാഹിത്യകാരന്‍മാരെക്കുറിച്ചും മറ്റും വേറെ രീതികളിലൂടെ കിട്ടാന്‍ ഏറെ വിഷമമുള്ള വിവരങ്ങള്‍ ഇതിലൂടെ എളുപ്പത്തില്‍ ലഭ്യമാകുന്നു. മലയാളത്തില്‍ കുറെ ബ്ലോഗുകളും കണ്ടു (ആ ഗണത്തിലേക്ക് എന്റെ വകയായി ഉപ്പുമാങ്ങയും കൂടി). കമ്പ്യുട്ടറിന്റെ യഥാര്‍ത്ഥ ഉപയോഗം മലയാളത്തിലും സാധ്യമാകും എന്ന് ഇപ്പോള്‍ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഗൂഗിളും മലയാളത്തില്‍ ലിപ്യന്തരണവും ബ്ലോഗിംഗും എളുപ്പമാക്കി. ഓപ്പണ്‍ സോഴ്സില്‍ ലിനക്സും വിവിധ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാക്കുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാക്കുക എന്നത് ഉബുണ്ടുവിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

സാധാരണയായി മലയാളം കമ്പ്യൂട്ടിംഗ് മാര്‍ക്കറ്റ് ചെയ്യപ്പെടാറുള്ളത് മലയാളം മാത്രം അറിവുള്ളവറ്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാകണം എന്ന കാരണമുപയോഗിച്ചാണ്. എന്നാല്‍ എന്റെ വിശ്വാസം വ്യത്യസ്തമാണ്. എന്റെ അഭിപ്രായത്തില്‍ (തെറ്റായിരിക്കാം) കമ്പ്യൂട്ടര്‍ അറിയുന്ന മിക്ക മലയാളികളും ഇംഗ്ലീഷ് മനസ്സിലാക്കുന്നവരാണ്. എന്നാല്‍ എന്റെ ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയുക എന്നുള്ളത് ഇന്ന് സ്വാതന്ത്ര്യത്തിന്റെ തന്നെ ഭാഗമാണ്. മാത്രമല്ല നമ്മളിലധികം പേരും ഇംഗ്ലീഷിനെക്കാള്‍ ഏറെ നന്നായി മലയാളം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവരാണ്. അതിനാല്‍ തന്നെ ക്രിയാശൂന്യമായ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ നിന്ന് ഉയരാന്‍ മലയാളം കമ്പ്യൂട്ടിംഗ് സഹായിക്കുന്നു.

ഇംഗ്ലീഷില്‍ സാധ്യമാകുന്ന അത്രതന്നെ എളുപ്പത്തില്‍ കമ്പ്യൂട്ടിങ്ങിന്റെ എല്ലാ വശങ്ങളും മലയാളത്തില്‍ സാധ്യമാകുന്ന കാലത്തിലേക്ക് ഇനി എത്ര ദൂരം?

(ഇവിടെ ഞാന്‍ എഴുതിയിരിക്കുന്നതെല്ലാം ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ക്രമത്തിലാണ് - യഥാര്‍ത്ഥത്തില്‍ നിലവില്‍ വന്ന ക്രമത്തിലല്ല)

Friday, 20 February 2009

ഉപ്പുമാങ്ങ - പുരാണം

എന്തുകൊണ്ട് ഉപ്പുമാങ്ങ?

നാല്(അതോ അഞ്ചോ) ആഴ്ചകള്‍ക്കു ശേഷം ഇന്ന് വെറുതെയിരിക്കാന്‍ സമയം കിട്ടി. ഇവിടെ ഇങ്ങനെയൊക്കെയാണ് - നാലു മാസം നീളമുള്ള ഒരു സെമസ്റ്ററില്‍ രണ്ട് midsem exams ഉം ഒരു endsem exam ഉം. ഇടയില്‍ മത്സരങ്ങള്‍ എന്ന പേരില്‍ ഓരോ വയ്യാവേലി എടുത്ത് കഴുത്തിലിടുകയും ചെയ്യും. പുറമെ അവിടിവിടായി പ്രൊജക്റ്റുകളും മറ്റും. ദിവസവും എട്ട് (പറ്റിയാല്‍ പത്ത്) മണിക്കൂര്‍ ഉറങ്ങണം എന്ന് നിര്‍ബന്ധം. ആകെപ്പാടെ വേറെ ഒന്നിനും സമയം കിട്ടാറില്ല.

അദ്ഭുതം - ഇന്ന് സമയം കിട്ടി. ആര്‍മ്മാദിച്ചു. മലയാളം കമ്പ്യൂട്ടിങ്ങുമായി കുറെ കളി കളിച്ചു. സ്വനലേഖ കസ്റ്റമൈസ് ചെയ്തും വിക്കിപീഡിയ വായിച്ചും കുറെ നേരം പോക്കി. മലയാളം ബ്ലോഗ് എന്ന ഐഡിയ അപ്പോള്‍ പെട്ടെന്ന് ബള്‍ബ് മിന്നിയതാണ്.

പിന്നെ ബോധം വന്നപ്പോഴേക്കും ഉപ്പുമാങ്ങ ജനിച്ചിരുന്നു. എന്തുകൊണ്ട് ഈ പേര്? അറിയില്ല. ഉപ്പുമാങ്ങ ഇഷ്ടമാണ് (ലഡുവും ജിലേബിയും വരെ ഉപ്പിലിടും എന്ന് മലബാറുകാരെപ്പറ്റി എവിടെയോ വായിച്ചതോര്‍ക്കുന്നു). എങ്കിലും പേര് random ആയി തെരഞ്ഞെടുത്തതാണ്. അതിനുശേഷം ഗൂഗിള്‍ സര്‍ച്ച് ചെയ്തപ്പോള്‍ ഈ പേരില്‍ ഒന്നുരണ്ട് ബ്ലോഗന്‍മാരുടെ കവിതകള്‍ കിട്ടി.

ഉപ്പുണ്ടെങ്കിലും രുചികരമായ എന്തെങ്കിലുമൊക്കെ ഇവിടെ കുത്തിക്കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു

രണ്ടാമങ്കം

പണ്ടു പണ്ട് - എന്നാല്‍ അത്ര പണ്ടല്ല - ഞാന്‍ ഒരു ബ്ലോഗ് (ഇംഗ്ലീഷില്‍) ഉണ്ടാക്കി. Searching myself എന്നോ മറ്റോ ഒരു പേരും ഇട്ടു. ഒരു കൊല്ലമാണെന്നു തോന്നുന്നു, അത് വച്ചോണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ രണ്ടു പോസ്റ്റുകള്‍ മാത്രം (രണ്ടും ആട്യത്തെ ആഴ്ചയില്‍ തന്നെ) പുറത്തു വന്നതിനാല്‍ ആ ബ്ലോഗിന്റെ കഥ കഴിച്ചു.

ഒരനുഭവം കൊണ്ടു പഠിച്ചില്ല. അങ്ങനെ ഞാന്‍ രണ്ടാമങ്കത്തിനിറങ്ങിയിരിക്കുന്നു. ഇത്തവണ ഒരു പത്തു പോസ്റ്റെങ്കിലും എഴുതിയിട്ടു തന്നെ കാര്യം. ഇല്ലെങ്കില്‍ ഇനി ഈ വഴിക്കില്ല. ഇത് സത്യം, സത്യം...അല്ലെങ്കില്‍ വേണ്ട, മറ്റെ ബ്ലോഗിനെ കൊന്ന് കൊലവിളിച്ചപ്പോളും ഇതൊക്കെത്തന്നെയായിരുന്നു വിചാരിച്ചോണ്ടിരുന്നത്