Sunday 30 August 2009

മതിലുകള്‍

ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഏതാണ്ട് 700 കിലോമീറ്ററാണ് ദൂരം. കോഴിക്കോട്ടേക്കാകട്ടെ ഏതാണ്ട് 2500 കിലോമീറ്ററോളം. ഡല്‍ഹിക്കാരുടെ ഹിന്ദിയും ഇസ്‌ലാമാബാദുകാരുടെ ഉറുദുവും തമ്മില്‍ എന്തൊക്കെ അന്തരമുണ്ടെങ്കിലും ഹിന്ദിയും മലയാളവും തമ്മിലുള്ളതിനെക്കാള്‍ കുറവേയുള്ളൂ.

എന്റെ ഒരു സുഹൃത്ത് ഡല്‍ഹിക്കാരനാണ്. പാക്കിസ്താനികളെ ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണത്തെക്കാളും വെറുക്കുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്താന്‍ കീഴടക്കി കാശ്മീര്‍ കൈവശപ്പെടുത്തണമായിരുന്നു എന്നും അമേരിക്ക ഇറാഖില്‍ ചെയ്തതുപോലൊരു കളി കളിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. ഒര് പാക്കിസ്താനി പട്ടാളക്കാരനെ കൊല്ലാന്‍ പറ്റിയാല്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നേട്ടങ്ങളുണ്ടായാലും സി.വി യില്‍ ഏറ്റവും മുകളിലായി അത് എഴുതി വയ്ക്കും എന്ന് പറയുന്ന മറ്റൊരു കൂട്ടുകാരന്‍ എനിക്കുണ്ട്.

എന്നെക്കാള്‍ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതല്‍ പരിചയം അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യനെയാണ്. എന്നിരുന്നാലും ഒരു രാജ്യത്തെ ജനതയെ മൊത്തം വെറുക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

എന്തുകൊണ്ട്?

ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ചരിത്രത്തില്‍ ഉത്തരങ്ങളുണ്ട്. കുറ്റം എല്ലാവരുടേതുമാണ്‌.

Q : You're locked in a room with Saddam Hussein, Adolf Hitler, and a Pakistani. You have a gun with ONLY two bullets. What do you do?
A : Shoot the Pakistani twice to make sure he's dead.

ചിരി മുഴങ്ങട്ടെ

ദേശസ്നേഹം എന്നാല്‍ നമുക്ക് അയല്‍ക്കാരോടുള്ള വെറുപ്പാണ്‌ - അത് ചൈനയായാലും പാക്കിസ്താനായാലും.

നാം മതിലുകള്‍ ഉണ്ടാക്കിവച്ചു. അതില്‍പിന്നെ വെറുക്കാനല്ലാതെ നമുക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ ഒരിക്കലും വിദ്വേഷത്തിന്റെ പാഠങ്ങളല്ലാതെ പഠിപ്പിക്കുന്നില്ല. വ്യത്യാസങ്ങളില്‍ സാമ്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറുമില്ല. സ്വന്തത്തോടുള്ള സ്നേഹവും അന്യനോടുള്ള വെറുപ്പും ഒന്നല്ല എന്ന് മനസ്സിലാക്കാനും നമുക്കാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി വിദ്വേഷത്തിന്റെ കോട്ടകള്‍ തീര്‍ക്കാന്‍ എളുപ്പമല്ല. വര്‍ഗ്ഗീയകലാപങ്ങള്‍. എണ്ണമില്ലാത്ത മനുഷ്യജീവനുകള്‍. ഗാന്ധി. മനസ്സുകളിലും അതിര്‍ത്തിയിലും യുദ്ധങ്ങള്‍. രക്തത്തിന്റെയും കണ്ണുനീരിന്റെയും പുഴകള്‍. വിലയും ചെറുതല്ല.

എന്നാലും നമുക്കിത് അത്ര വിഷമകരമായി തോന്നാറില്ല. ദിനവും മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി ശീലിച്ചവരാണ്‌ നാം. മുന്നിലിരിക്കുന്ന വ്യക്തിയോട് ഒന്നും മിണ്ടാതെ രണ്ടു നിമിഷം ഇരുന്നു നോക്കൂ. വെവ്വേറെ ലോകങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗാലക്സികളെപ്പോലെ നിരന്തരം അകന്നുകൊണ്ടിരിക്കുന്നവരാണ്‌.

പറഞ്ഞു നോക്കുക വെറുതെ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം
എത്ര മരത്തിന്‍ തണലറിയാം

കാക്കത്തൊള്ളായിരം അല്ലേ?

എന്നാല്‍,

എത്ര മനസ്സിന്‍ നോവറിയാം
എത്ര മുഖത്തിന്‍ നേരറിയാം

ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?

ചില്ലുമേടകളാണ്‌ മതിലുകളെക്കാള്‍ നല്ലത്. പക്ഷെ അവ തകര്‍ക്കപ്പെടുമോ എന്ന ഭയമാണ്‌ നമുക്ക്. കിണറ്റിലെ തവളകളായി പുറമെയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുക പോലും ചെയ്യാതെ ജീവിക്കുന്നത് ഇതിലും എത്രയോ ഭേദമാണ്‌.

മതിലുകള്‍ക്കുള്ളില്‍ കോട്ടയിലെ ഇരുട്ടില്‍ ജീവിതം തള്ളിനീക്കുന്ന നമ്മിലേക്ക് പ്രകാശം എപ്പോഴാണ്‌ ഇറങ്ങിവരുക?

तमसो मा ज्योतिर्गमय

Thursday 13 August 2009

മാറ്റം

वक्त ने किया क्या हसीं सितम
तुम रहे न तुम हम रहे न हम

കാലത്തിനനുസരിച്ച് മാറാത്തതായി ജീവിതത്തില്‍ എന്തെങ്കിലുമുണ്ടോ? ക്വാണ്ടം ബലതന്ത്രത്തിലെ stationary state മാതിരി ഒരു സാധനം?

ഇഷ്ടാനിഷ്ടങ്ങളില്‍ മാറ്റം വരാന്‍ ഒരു നിമിഷം മതി. ബന്ധങ്ങളില്‍ മാറ്റം വരാന്‍ ഉറപ്പനുസരിച്ച് അല്‍പം കാലം. വിശ്വാസങ്ങളില്‍ മാറ്റം വരാന്‍ ഒരു സംഭവം. ഓര്‍മ്മകള്‍ പോലും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടാനും അധികകാലം വേണ്ട.

കഴിഞ്ഞ ദിവസത്തെ ചിന്തകള്‍ ഒരു പട്ടികയില്‍ എഴുതി വച്ചത് ഇന്ന് വായിച്ചുനോക്കിയാല്‍ എത്ര കാര്യങ്ങള്‍ അവിശ്വസിനീയമായുണ്ടാകും? കഴിഞ്ഞ വര്‍ഷത്തേതായാലോ? പത്തു വര്‍ഷം മുമ്പ്?

ഭൂതകാലത്തിലെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ സാമ്യങ്ങളെക്കാള്‍ വ്യത്യാസങ്ങളല്ലേ കൂടുതല്‍? എങ്കില്‍ പിന്നെ ഈ മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ സ്ഥായിയായുള്ള 'ഞാന്‍' എന്താണ്‌? ജീവിതത്തില്‍ ചോദ്യങ്ങളാണോ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍? കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വത്വത്തെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്രയെണ്ണത്തിന്‌ മറുപടി വരും?

तुम भी खो गए हम भी खो गए
एक रह पर चलके दो कदम

ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ എത്ര പെട്ടെന്നാണ്‌ ലംബമായ പാതകളിലൂടെ നീങ്ങാന്‍ തുടങ്ങുന്നത്? കാലടികള്‍ ഒപ്പിച്ച് നടക്കാതിരിക്കുന്നതാണ്‌ നല്ലത്, കാരണം അനുരണനം നഷ്ടമാകുമ്പോള്‍ ഏകാന്തത ഭീകരമായിരിക്കും.

ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും.

മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌.

യാത്ര മാത്രം തുടരുന്നു. പാതയോ ലക്ഷ്യമോ ഇല്ലാതെ. കണ്ട സ്ഥലങ്ങള്‍ തന്നെ വീണ്ടും കാണാന്‍ തുടങ്ങിയാലും ഉള്ളിലെ മാറ്റം മൂലം ഒന്നും തിരിച്ചറിയാതെ പോകുന്നു.

जायेंगे कहाँ सूझता नहीं
चल पड़े मगर रास्ता नहीं
क्या तलाश है कुछ पता नहीं

തിരയുന്നത് കാണാതിരിക്കുന്നത് തിരയുന്നതെന്തെന്ന് അറിയാത്തതുകൊണ്ടാണ്‌. പക്ഷെ തിരച്ചിലിലാണ്‌ കാര്യം. ലക്ഷ്യമോ ഫലമോ പ്രധാനമല്ല. അതിനാല്‍ മാറ്റത്തിനിടയിലും ഉള്ളിലും പുറത്തും എന്തെങ്കിലുമൊക്കെ തിരഞ്ഞുകൊണ്ടിരിക്കുക

Saturday 1 August 2009

This post more intentionally left blank

മൗനം

हम लबों से कह पाये
उनसे हाल - - दिल कभी
और वो समझे नहीं यह
खामोशी क्या चीज़ है

(ദയവായി തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഹിന്ദി എഴുതുന്നതൊക്കെ മറന്നു. [ഉമ്മ കേള്‍ക്കണ്ട - വെട്ടിക്കൊല്ലും])

മിണ്ടാണ്ടിരുന്നാല്‍ ഇങ്ങനെയും ചില പ്രശ്നങ്ങളുണ്ട്. മൗനം എല്ലായ്പ്പോഴും കവിതയിലല്ല അവസാനിക്കുക.

ഒരു വാക്കു പറഞ്ഞാല്‍ അതിന്‌ ആ വാക്കിന്റെ അര്‍ത്ഥമേ ഉള്ളൂ. പറയാണ്ടിരുന്നാല്‍ ആയിരം സാധ്യതകളുടെ അര്‍ത്ഥങ്ങളും.

പക്ഷെ ഓരോരുത്തരും അവരവര്‍ ഉദ്ദേശിക്കുന്നതു മാത്രമേ വാക്കുകളില്‍ നിന്നുപോലും കേള്‍ക്കൂ. അപ്പോള്‍ ആയിരം സാധ്യതകളില്‍ നിന്നോ?

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്?

എന്തുമാകാം. പക്ഷെ മജീദ് എന്താണ്‌ മനസ്സിലാക്കിയത് എന്നതാണ്‌ ആകെയുള്ള കാര്യം.

പറഞ്ഞ് മനസ്സിലാകാന്‍ വേണ്ടിയല്ല, പറയാതിരുന്ന് ഉദ്ദേശിക്കാത്തത് കേള്‍ക്കാതിരിക്കാനാണ്‌ നാം സംസാരിക്കുന്നത്. അല്ലെങ്കില്‍ നാം കൂടുതല്‍ നേരവും മിണ്ടാതിരിക്കുമായിരുന്നു