Monday, 24 May 2010

വെറുതെ

ഉപ്പുമാങ്ങ ഞാന്‍ വേറെ ഭരണിയിലേക്ക് മാറ്റി
കാരണം പോസ്റ്റിന്റെ തലക്കെട്ടില്‍ വിശദീകരിച്ചിട്ടുണ്ട്
അപ്പോള്‍ നമുക്കിനി അടുത്ത കുപ്പിയില്‍ കാണാം

Sunday, 23 May 2010

സോഫ്റ്റ്‌വെയര്‍ പൈറസി

ആദ്യം തന്നെ പറയാം - എന്റെ ലാപ്ടോപ്പില്‍ ഒരു പൈററ്റഡ് സോഫ്റ്റ്‌വെയര്‍ പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ ആവശ്യം വരാറില്ല. ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 7 ഐഐടിയും മൈക്രോസോഫ്റ്റുമായുള്ള അറേഞ്ച്മെന്റ് വഴി കിട്ടിയതാണ്.

നാലാം സെമസ്റ്ററിലെ ഫിലോസഫി കോഴ്സില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെക്കുറിച്ച് ഒരു അസൈന്‍മെന്റുണ്ടായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഡിസ്കഷന്റെ രൂപത്തിലാണ് എഴുതാനാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു ഡെലിബറേഷന്‍ നടത്തേണ്ടി വന്നപ്പോള്‍ ഓര്‍മ്മ വന്നതാണ് (കൂടുതല്‍ ഡീറ്റെയില്‍സ് തരുന്നില്ല :)). ലിങ്ക് ഇവിടെ ഇടുന്നു

അഭിപ്രായങ്ങള്‍?

ഞാന്‍ എഴുതിയതിന് എതിരഭിപ്രായത്തോടെ നന്നായി എഴുതിയ ഒരു ബാച്ച്മേറ്റുണ്ടായിരുന്നു. അവന്റെ അസൈന്‍മെന്റിന്റെ ലിങ്ക് കിട്ടിയാല്‍ അതും ഇടാം

പിന്‍കുറിപ്പ് : Reasoning is always clouded by prejudice. I am prejudiced

Friday, 21 May 2010

ഒന്നാം വാരം

ഞാനാകെ ചൂടിലാണ്.

ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് ഇന്ത്യക്കാര്‍ (ഇറ്റാലിയനെ വിട്ടുകള - അതൊരു രാത്രിഞ്ചരനാണ്). വല്ലതും തിന്നാനുണ്ടാക്കല്‍ (എന്നുവച്ചാല്‍ ടിന്നിലടച്ച സാധനം ചൂടാക്കല്‍), പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ ഒക്കെ സ്വയം ചെയ്യണം. ഇതിന്റെ പകുതി പണിയില്ലാഞ്ഞിട്ടുകൂടി ഐഐടിയില്‍ എനിക്ക് പ്രാന്തായിട്ടുണ്ട്. സ്വയം പുകഴ്ത്തരുതല്ലോ; ഇങ്ങനത്തെ പണിയൊക്കെ ഞാന്‍ എത്ര നന്നായി ചെയ്യും എന്ന് ഉമ്മയോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇപ്പോള്‍ റൊട്ടേഷനനുസരിച്ച് ബാത്ത്റൂമിലെ സിങ്ക് കഴുകി വരുകയാണ് (ആക്ച്വലി രണ്ട് ബാത്ത്റൂമുണ്ട്. മറ്റേതിലെ സിങ്ക് ഒന്ന് കണ്ടതോടെ അത് അടുത്ത റൊട്ടേഷന്‍കാരന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ബുദ്ധിപൂര്‍വം തീരുമാനിച്ചു). ഉരച്ചുരച്ച് വന്നപ്പോള്‍ ആരോടൊക്കെയോ തോന്നിയ ദേഷ്യം മറക്കാന്‍ വേണ്ടി ഞാന്‍ സില്‍സില രണ്ടു പ്രാവശ്യം കണ്ടു. മറന്നു. അതുകൊണ്ട് സിങ്ക് കഴുകിയതിന്റെ ഭീകരമായ വര്‍ണ്ണനകളൊന്നും ബ്ലോഗിലിടാന്‍ പറ്റിയില്ല.

കാല്‍ടെക്കില്‍ വന്ന ശേഷമുള്ള ആദ്യത്തെ വര്‍ക്കിങ്ങ് വീക്ക് കഴിഞ്ഞു. വല്ലാത്തൊരു വീക്ക് തന്നെയായിരുന്നു. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അഡ്ജസ്റ്റ്മെന്റ് കച്ചറകളില്‍ ടോയ്ലറ്റ് പേപ്പര്‍ ഒരുവിധം തഴങ്ങി. ചതുരപ്പിന്നിന് അഡാപ്റ്റര്‍ വാങ്ങി.

ഇനി ജെറ്റ്ലാഗിന്റെ കാര്യം. വന്ന രാത്രി ഞാന്‍ അടിപൊളിയായി ഉറങ്ങി. അടുത്ത ദിവസവും വലിയ പ്രശ്നമൊന്നും തോന്നിയില്ല. എന്തോന്ന് ജെറ്റ്ലാഗ്? പക്ഷെ ഉച്ച കഴിഞ്ഞപ്പോള്‍ തോളിന് ചെറിയൊരു വേദന. അണ്‍സൈന്റിഫിക്കായി യാത്രയിലാകെ ബാഗുതൂക്കിയതിന്റെ ഫലമായിരിക്കും. വല്ലാത്ത ക്ഷീണവും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒന്ന് മയങ്ങാന്‍ കിടന്നു. വല്ലാതെ ഉച്ചയ്ക്കുറങ്ങിയാല്‍ ശരിയാവില്ലെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. മൂന്നരയ്ക്ക് അലാറം വച്ചു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഏഴരയേ ആയിട്ടുള്ളൂ. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. പിന്നെ ഇന്നലെ വരെ ഇതുതന്നെയായിരുന്നു. രാത്രി ഉറക്കത്തിന് വലിയ കുഴപ്പമില്ലെങ്കിലും പകല്‍, പ്രത്യേകിച്ച് ഉച്ചയോടടുത്ത്, വല്ലാതെ ഉറക്കം വരും. അപ്പഴാണ് പ്രൊഫസറോടും പി.എച്.ഡി. സ്റ്റുഡന്റ്സിനോടും സംസാരിക്കേണ്ടി വരുക. പിന്നെ ഓരോ ബുക്കും പേപ്പറും വായിക്കാനുമുണ്ടാകും. കണ്ണടയാതിരിക്കണമെങ്കില്‍ കൈകൊണ്ട് തുറന്നുപിടിക്കണം. ആ, ഇപ്പോഴേതാണ്ട് ശരിയായിട്ടുണ്ട്.

പക്ഷെ അതിലും വലിയ പ്രശ്നം ഭക്ഷണമായിരുന്നു. ഇവിടെ വെജിറ്റേറിയന്മാരൊക്കെ എങ്ങനാണോ ജീവിക്കുന്നത്? സാലഡില്‍ പോലും പന്നിയിറച്ചിയാണ്. ഒരു സാധനത്തിലും ഉപ്പും മുളകുമില്ല. കോഴിയില്‍ വരെ മധുരമിടുകയും ചെയ്യും. കാല്‍ടെക്കിലെ കഫേയിലാണെങ്കില്‍ എല്ലാത്തിനും ഒടുക്കത്തെ വിലയുമാണ്. കുറച്ച് സാധനങ്ങള്‍ തരക്കേടില്ലാത്തതുണ്ട്. കണ്ടുപിടിക്കുക, തിന്നുക.

ഞായറാഴ്ച്ച തീറ്റയും ഉറക്കവും ഷോപ്പിങ്ങുമൊക്കെയായി അങ്ങനെ പോയി. തിങ്കളാഴ്ച ആദ്യത്തെ വര്‍ക്കിങ്ങ് ഡേ ആണ്. രാവിലെ പോയി മെന്ററെ കാണണം. ചില പ്രശ്നങ്ങളുണ്ടായിട്ടുള്ളത് ആദ്യം ശരിയാക്കണം.

പ്രശ്നം എന്തെന്ന് വിശദീകരിക്കുന്നതിനു മുമ്പ് ആദ്യം ഇവിടെ എത്തിപ്പെട്ടതെങ്ങനെയെന്ന ചരിത്രം പറയാം. സര്‍ജ് എന്നാല്‍ ഐഐടി കാന്‍പൂര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗവേഷണത്തിന് പ്രചോദനം നല്‍കാനുള്ള ഒരു പരിപാടിയാണ്. കുറേ കുട്ടികള്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട മസോക്കിസ്റ്റുകള്‍ (ഒരു ലോഡുണ്ടാകും) വേനല്‍ക്കാലത്ത് 45 ഡിഗ്രി ചൂടില്‍ ഐഐടിയില്‍ ഇരുന്ന് പ്രൊജക്റ്റ് ചെയ്യുന്നു. ഇതിന് പുറമെ നാല് അന്താരാഷ്ട്രസ്ഥാപനങ്ങളുമായി - കാല്‍ടെക്, റൈസ് സര്‍വകലാശാല, എകോള്‍ പോളിടെക്നിക്, എകോള്‍ സെന്‍ട്രല്‍ - എക്സ്ചേഞ്ച് പ്രോഗ്രാമുകളുമുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികളെ അങ്ങോട്ടയക്കുന്നു, മൂന്നുപേരെവരെ ഇങ്ങോട്ടെടുക്കുന്നു. ഈ അന്താരാഷ്ട്ര എക്സ്ചേഞ്ച് എന്ന് പറയുന്നത് കിട്ടാന്‍ അല്പം വിഷമമാണ്. CPI എട്ടരയോ മറ്റോ ഉണ്ടെങ്കിലേ അപ്ലൈ ചെയ്യാന്‍ തന്നെ പറ്റൂ. അതുള്ള ഒരുമാതിരി എല്ലാവനും അപ്ലൈ ചെയ്യുകയും ചെയ്യും. അതില്‍ നിന്നാണ് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുക. നാല് സ്ഥലമുള്ളതില്‍ കാല്‍ടെക്കും എകോള്‍ പോളിടെക്നിക്കും ഏറ്റവും ഹോട്ട് ചോയ്സസ് ആണ്. അതുകൊണ്ട് ഈ സ്ഥലങ്ങളില്‍ കയറിപ്പറ്റാനായാല്‍ ബയോഡാറ്റയുടെ വെയിറ്റ് കൂടും എന്നതുകൊണ്ടുകൂടിയാണ് പലരും അപ്ലൈ ചെയ്യാറുള്ളത്.

കഴിഞ്ഞ വര്‍ഷം സര്‍ജിന് അപ്ലൈ ചെയ്തില്ല. ഐഐടി ബോംബേയില്‍ ഒരു കുടുസ്സുമുറിയില്‍ ചൂടത്ത് ഒരു മാസം കഴിഞ്ഞു (കുഴപ്പമില്ല, അത് ടിഐഎസ്ബിയിലെ രണ്ടാഴ്ച്ചകൊണ്ട് മുതലാക്കി). ഇപ്രാവശ്യം ഏതായാലും ഒരു ഇന്റര്‍നാഷണല്‍ ടൂറൊപ്പിക്കാന്‍ പറ്റിയാല്‍ തരക്കേടില്ല എന്ന് തോന്നി. സര്‍ജ് കിട്ടാന്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ ആറുപേര്‍ ഗൂഢാലോചന നടത്താന്‍ തുടങ്ങി. സിദ്ധാര്‍ത്ഥിനും ലോഹാനിക്കും പോകണമെന്നില്ല. അര്‍ണബ് ജര്‍മ്മനിയിലേക്ക് ദാദ് പ്രോഗ്രാം വഴി പോകാനാണ് നോക്കുന്നത്. അപ്പോള്‍ ഞാനും ശുഭായുവും അമര്‍ത്യയും സര്‍ജിന് അപ്ലൈ ചെയ്യാന്‍ തിരുമാനിച്ചു. മൂന്നുപേരും കാല്‍ടെക്കാണ് ആദ്യ ഓപ്ഷന്‍ കൊടുത്തത്. അമര്‍ത്യയ്ക്ക് സെലക്ഷന്‍ കിട്ടാന്‍ സാധ്യത കുറവാണ് - അവന്റെ CPI അത്ര നന്നല്ല. CPI ആണ് സര്‍ജ് സെലക്ഷന് കണക്കാക്കുന്ന ഏറ്റവും പ്രധാന (സത്യം പറഞ്ഞാല്‍ ആകെയുള്ള) ഘടകം എന്നാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള അനുഭവം. അതുകൊണ്ട് പ്രൊജക്റ്റ് പ്രൊപ്പോസലും പ്രസന്റേഷനും അസാമാന്യമായി കുളമാക്കാതിരുന്നാല്‍ എനിക്കും ശുഭായുവിനും ഈസിയായി സെലക്ഷന്‍ കിട്ടും.

അപ്ലൈ ചെയ്തു. ശുഭായു ജനറല്‍ റിലേറ്റിവിറ്റി പഠിച്ചിട്ടുണ്ട്. അതുപയോഗിക്കുന്ന ഒരു പ്രൊജക്റ്റും ചെയ്തിട്ടുണ്ട്. അതിന്റെ കണ്ടിന്വേഷനായി ഒരു സൂപ്പര്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ അവനുണ്ടാക്കി. അമര്‍ത്യയും കഴിഞ്ഞ വേനലവധിക്ക് ചെയ്ത ഏതോ സ്പെക്ട്രോസ്കോപി പ്രൊജക്റ്റിന്റെ കണ്ടിന്വേഷനായി ഒരു പ്രൊപ്പോസലുണ്ടാക്കി. എനിക്കാകെ ആധിയായി. ഇതിനു മുമ്പ് ചെയ്ത പ്രൊജക്റ്റൊന്നും കണ്ടിന്യൂവബിളല്ല. പുതിയ ഒറിജിനല്‍ ഐഡിയയൊന്നും ഇല്ലതാനും. ഉണ്ട്, പക്ഷെ അതുമായി ബന്ധപ്പെട്ട ഗവേഷണമൊന്നും ഈ സ്ഥലങ്ങളിലൊന്നും നടക്കുന്നില്ല. ഡെഡ്‌ലൈനിന്റെ തലേ ദിവസം ഞാന്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടാന്‍ തീരുമാനിച്ചു. മുമ്പ് ഊട്ടി റേഡിയോ ദൂരദര്‍ശിനിയില്‍ വച്ച് ഇന്റര്‍പ്ലാനെറ്ററി സിന്റിലേഷന്‍ ഉപയോഗിച്ച് സൗരക്കാറ്റിന്റെ വേഗം കണക്കാക്കുന്ന ഒരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സൂര്യന്റെ സക്രിയതയുമായി ചെറിയ ബന്ധമുണ്ടായിരുന്നു. അതിന്റെ ബാക്ക്ഗ്രൗണ്ടില്‍ സൗരകളങ്കങ്ങള്‍, ഷ്വാബെ ചക്രം, ഹിമയുഗം, ലോകാവസാനം (ന്റമ്മോ) എന്നിവയെയെല്ലാം കൂട്ടിക്കുഴച്ച് ഒരു പ്രൊപ്പോസലുണ്ടാക്കി. പ്രസന്റേഷനുണ്ടാക്കാനും കാര്യമായ വായന ആവശ്യം വന്നില്ല. പ്രസന്റേഷനില്‍ ചേര്‍ക്കാന്‍ മൂന്നുനാല് പേപ്പറുകളുടെ ലിങ്ക് വേണമായിരുന്നു - അതൊപ്പിച്ചു. പ്രസന്റേഷന്റെ തലേ രാത്രി ഞങ്ങള്‍ മൂന്നുപേരും ഒരു റിഹേഴ്സലും നടത്തി. പ്രസന്റേഷന്‍ നന്നായി പോയി. വിഷയത്തില്‍ കാര്യമായി വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ കുടുങ്ങുമായിരുന്നു. പക്ഷെ കെമിസ്ട്രി പ്രൊഫസറോട് സോളാര്‍ ഫിസിക്സിനെക്കുറിച്ച് പത്തുമിനിറ്റ് പ്രസന്റേഷന്‍ കൊടുക്കാന്‍ ആര്‍ക്കും പറ്റും. ചോദിച്ച ചോദ്യമൊക്കെ വല്ലാതെ എളുപ്പവുമായിരുന്നു. ഏതായാലും റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് കാല്‍ടെക്കിലേക്ക് കിട്ടി, ശുഭായുവിന് എകോള്‍ പോളിടെക്നിക്കിലേക്കും.

ഇനിയാണ് ശരിക്കുള്ള പണി കിടക്കുന്നത്. കാല്‍ടെക്കുകാര്‍ പ്രൊപ്പോസലും റിസര്‍ച്ച് ഇന്ററസ്റ്റും വായിച്ച് ഒരു മെന്ററെ കണ്ടുപിടിക്കും. വിസയും മറ്റ് നൂലാമാലകളും ഒക്കെ നമ്മള്‍ ഒപ്പിക്കുകയും വേണം. പശുവിനെ തെങ്ങില്‍ കെട്ടിയ പ്രൊപ്പോസലായതുകൊണ്ട് മെന്ററെ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല. ഇഷ്ടപ്പെട്ട അഞ്ച് വിഷയങ്ങളുടെ ലിസ്റ്റുകൊടുക്കാന്‍ പറഞ്ഞു. കൊടുത്തു. എന്നിട്ടും അവര്‍ക്ക് ആളെ കിട്ടുന്നില്ല. ഒടുക്കം അഞ്ച് പ്രൊഫസര്‍മാരുടെ ലിസ്റ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ കാല്‍ടെക് ഫിസിക്സ്, ആസ്ട്രോണമി ഡിപ്പാര്‍ട്മെന്റ് ആകെ പരതി. എനിക്ക് അല്‍പമെങ്കിലും വിവരമുള്ള കാര്യങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന ആരുമില്ല. ഒടുവില്‍ തട്ടിക്കൂട്ടി ഒരു ലിസ്റ്റുണ്ടാക്കി. അതില്‍ നിന്ന് ഫ്രൊഫ. സ്റ്റേള്‍ ഫിന്നി എന്നെ മെന്റര്‍ ചെയ്യാമെന്ന് സമ്മതിച്ചു. മെന്ററെ കിട്ടിയാല്‍ പിന്നെ ഡിസ്കഷന്‍ വഴി പുതിയൊരു പ്രൊപ്പോസലുണ്ടാക്കി ഏപ്രില്‍ 15-ന് മുമ്പ് അപ്‌ലോഡ് ചെയ്യണമെന്നാണ്. ഏപ്രില്‍ 14 ആയിട്ടും എന്റെ മെയിലിനൊന്നും മെന്റര്‍ മറുപടിയയക്കാതിരുന്നപ്പോള്‍ ഞാന്‍ എക്സ്റ്റന്‍ഷന്‍ ചോദിച്ചു. കാല്‍ടെക്കിലെത്തുന്നതിന് മുമ്പ് ശരിയാക്കിയാല്‍ മതിയെന്ന് അവര്‍ ഇളവ് തന്നു. ഇവിടേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പും മെന്ററുടെ മെയില്‍ വരാതായപ്പോള്‍ ഞാന്‍ രണ്ട് പേപ്പര്‍ വായിച്ച് വേഗായി ഒരു പ്രൊപ്പോസല്‍ എഴുതി (കഴിഞ്ഞ മൂന്ന് മാസം ഞാന്‍ എന്തെടുക്കുകയായിരുന്നു എന്ന് ചോദിക്കരുത്). ഇത് വല്ലാതെ വേഗാണല്ലോ എന്ന് കാല്‍ടെക്. അവരെ തല്‍ക്കാലത്തേക്ക് പറഞ്ഞ് സമാധാനിപ്പിച്ചു.

സാധനം ഒന്ന് പെട്ടെന്ന് കോണ്‍ക്രീറ്റ് ആക്കി എടുക്കണം. മൈനാകും രാഘവും പ്രൊപ്പോസലുകള്‍ മുമ്പേ ശരിയാക്കിയതാണ്. നമ്മള്‍ മാത്രം ഇങ്ങനെയായാല്‍ ശരിയാകില്ല. അപ്പോള്‍ വര്‍ത്തമാനകാലത്തിലേക്ക് വരാം. ഇതാണ് പ്രൊഫസറെ കണ്ട് ശരിയാക്കേണ്ടത്. പത്തുമണിക്ക് ഞാന്‍ കാണാന്‍ വരുന്നുണ്ടെന്നുപറഞ്ഞ് ഏഴുമണിക്ക് ഒരു മെയിലയച്ചു. കഴിഞ്ഞ മൂന്നുമാസമായി എഴുതിയ എത്രയോ മെയിലുകള്‍ക്ക് വരാഞ്ഞ മറുപടി ഇപ്പോള്‍ കിട്ടി : ശരി.

പോയി കണ്ടു. വളരെ നല്ല മനുഷ്യന്‍. പ്രൊജക്റ്റിന് നാലഞ്ച് ചോയ്സ് തന്നു. ഞാന്‍ ഉണ്ടാക്കിയ രണ്ട് പ്രൊപ്പോസലുമായും യാതൊരു ബന്ധവും ഒന്നിനുമില്ല (മൈനാകിന്റെയും രാഘവിന്റെയും കാര്യവും ഇങ്ങനെത്തന്നെയാണെന്ന് പിന്നെ അറിഞ്ഞു). പ്രൊഫസര്‍ ഒക്കെ വിശദീകരിച്ചുതരുമ്പോള്‍ ഞാനിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. എനിവേ, എനിക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് ആത്മവിശ്വാസം തോന്നിയ ഒരു ടോപ്പിക്കുണ്ട്. അത് കോഡിങ്ങാണ് - വേണ്ടെന്നുവച്ചു. രണ്ടുമൂന്ന് കൊല്ലമായി പ്രൊജക്റ്റുകളും ജുഗുനുവും പ്രോഗ്രാമിങ്ങ് കോണ്ടസ്റ്റുകളും ഒക്കെയായി കോഡിങ്ങ് തന്നെ ചെയ്യുന്നു. അതുകൊണ്ട് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയ ഒരു തിയറി പ്രൊജക്റ്റ് ആണ് ഞാന്‍ തിരഞ്ഞെടുത്തത്. ഇരട്ട തമോദ്വാരങ്ങള്‍ക്ക് ചുറ്റുമുള്ള അക്രീഷന്‍ ഡിസ്കുകളെക്കുറിച്ചായിരുന്നു ഇത്. വളരെ രസമുള്ള ടോപ്പിക്കാണ്. പക്ഷെ ഒന്നുരണ്ട് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, എനിക്ക് അഞ്ചു പൈസക്ക് ജനറല്‍ റിലേറ്റിവിറ്റി അറിയില്ല. ആവശ്യമുള്ള സാധനം വായിച്ചെടുക്കണം. രണ്ടാമതായി, പേപ്പറുകളില്‍ ഉപയോഗിച്ചുകാണുന്ന ചില മാത്തമാറ്റികല്‍ മെത്തേഡുകളും അത്ര വശമില്ല. മൂന്നുകൊല്ലം ഐഐടിയില്‍ ഫിസിക്സ് പഠിച്ചു. എഞ്ചിനിയറിംഗ് ഡ്രോയിങ്ങും ഇനോര്‍ഗാനിക് കെമിസ്ട്രിയും ഇലക്ട്രോണിക്സും സോഷ്യോളജിയും വരെ ഇത്രകാലം കൊണ്ട് കോഴ്സില്‍ വന്നിട്ടുണ്ട്. ഇതുപോലെ ആവശ്യമുള്ള വക മാത്രമില്ല.

മുണ്ടുമുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ടകാലം പഠിപ്പിച്ചു
എന്ത് കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു

കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആയകാലത്ത് ശുഭായു ചെയ്തപോലെ മര്യാദയ്ക്ക് വല്ലതും സ്വയം വായിച്ചുവച്ചാല്‍ മതിയായിരുന്നു. ഒരാഴ്ച കുത്തിയിരുന്ന് വായിച്ചു. ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി വരുന്നുണ്ട് (ഐ മീന്‍, മാത്തമാറ്റികല്‍ മെത്തേഡ്സ്. റിലേറ്റിവിറ്റി വായിച്ചെടുക്കാന്‍ ഈ കാലമൊന്നും പോര). ആദ്യം വിചാരിച്ചതിനെക്കാള്‍ അടിപൊളിയാണ് വിഷയം. കുറച്ചുകൂടി വായിക്കാനുണ്ട്. അതു കഴിഞ്ഞ് പുതിയ മോഡലുണ്ടാക്കാന്‍ തുടങ്ങണം.

ഇതിനിടയ്ക്ക് ആ കോഡിങ്ങ് പ്രൊജക്റ്റിലും ഒരു കൈ നോക്കി. നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള മെസ സോഫ്റ്റ്വെയര്‍ മോഡ്യൂളുകള്‍ ഉപയോഗിക്കണം. ആ സാധനം എന്റെ ലാപ്ടോപ്പില്‍ തന്നെ സെറ്റപ് ചെയ്യാന്‍ കുറേ പാടുപെടേണ്ടി വന്നു. ജിഫോര്‍ട്രാന്‍ 4.5 ഉണ്ടെങ്കിലേ അത് കമ്പൈല്‍ ചെയ്യൂ. മെസ ഉപയോഗിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു പി.എച്ച്.ഡി സ്റ്റുഡന്റുകൂടി സ്റ്റേളിനുണ്ട് : ജിങ്ങ് ലുവാന്‍. അവള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം ലാപ്ടോപ്പില്‍ മെസ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കുന്നു. ഞാന്‍ ഒന്ന് തലയിട്ടുനോക്കി. മാക്ബുക്കാണ്. കാടാണ്. ഹലോ വേള്‍ഡ് പ്രോഗ്രാം പോലും അതില്‍ കമ്പൈല്‍ ചെയ്യാന്‍ പറ്റില്ല. ഇന്‍സ്റ്റാള്‍ ചെയ്ത പകുതി സോഫ്റ്റ്വെയറെങ്കിലും ബ്രേക്ക് ചെയ്യാതെ ആവശ്യം നടക്കില്ല. മാക്കിനെക്കുറിച്ച് എനിക്ക് വലിയ (സോറി, തീരെ) വിവരവുമില്ല. അതവിടെ ഇട്ടു. ജിങ്ങിന്റെ ഡെസ്ക്ടോപ്പാണെങ്കില്‍ ജാംബവാന്‍ സ്വന്തം കൈ കൊണ്ട് ഫെഡോറ 5 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു മെഷീനാണ്. അതിലും കുറേ കളിച്ചുനോക്കി. ആവശ്യമുള്ള ലൈബ്രറികള്‍ താങ്ങാനുള്ള ത്രാണി ആ ഓഎസ്സിനില്ല. അതും അങ്ങനെ വച്ചു. ഇപ്പോള്‍ ജിങ്ങ് പുതിയ ലാപ്ടോപ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് :)

കഴിഞ്ഞ ദിവസം ഓഫിസില്‍ സ്വന്തം ഡെസ്ക് കിട്ടി. മൂന്ന് ബുദ്ധിജീവികളുടെ നടുവിലാണ്. ലാപ്ടോപ്, പുസ്തകങ്ങള്‍, ബോര്‍ഡ് - മൂന്നുപേരും ഈ സാധനങ്ങളേ രാവിലെത്തൊട്ട് വൈകുന്നേരം വരെ ഉപയോഗിക്കാറുള്ളൂ. നല്ലത്. സ്വസ്ഥം. ഓഫീസ് ബില്‍ഡിങ്ങ് മാത്രം കൊണാപ്പാണ്. വഴി കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ്. ചതുരത്തിലോ വൃത്തത്തിലോ ഒന്നുമല്ലാതെ ഇപ്പോള്‍ പൊളിഞ്ഞുവീഴുമെന്ന് തോന്നിപ്പിക്കുന്ന maze പോലുള്ള ഒരു സാധനം. ഫിസിക്സുകാര്‍ക്ക് വട്ടാണെന്നാണ് ഇവിടെയും പൊതുജനാഭിപ്രായം എന്ന് തോന്നുന്നു.

ഇതിന്റെ ഇടയില്‍ തീറ്റയും ഷോപ്പിങ്ങും. നാടാകെ മാളുകളാണ്. സാധനങ്ങളുടെ വിലയ്ക്കൊന്നും ഒരു സെന്‍സുമില്ല. ഒരു ഇസ്തിരിപ്പെട്ടിക്കും തലയിണയുറയ്ക്കും ഒരേ വിലയാണ്. ഇവിടെനിന്ന് വീട്ടിലേക്ക് വിളിക്കാനുള്ള റേറ്റ് ഐഐടിയില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുന്നതിലും കുറവാണ്. ഞാന്‍ ചിന്തിക്കുന്ന പരിപാടി നിര്‍ത്തി. തിന്നാന്‍ ഇടയ്ക്ക് അപാര്‍ട്മെന്റിലിരുന്ന് ബ്രെഡ് കഴിക്കും. രാവിലെയും ഉച്ചയ്ക്കും മിക്കപ്പോഴും കാല്‍ടെക്കിനുള്ളിലെ ചാന്‍ഡ്‌ലെര്‍ കഫേയിലാണ്. ഒന്നുരണ്ടുതവണ മൈനാകിന്റെയും രാഘവിന്റെയും കൂടെ സബ്‌വേയില്‍ പോയി. ഒരു തവണ ഒരു മെക്സിക്കന്‍ റെസ്റ്റാറന്റിലും പോയി ഭക്ഷണം കഴിച്ചു - അവര്‍ക്ക് മാത്രം ഇപ്പോഴും ഉപ്പിലും മുളകിലുമുള്ള വിശ്വാസം നഷ്ടമായിട്ടില്ല. ജിങ്ങ് ഒരുതവണ ഒരു ജപ്പാനീസ് റെസ്റ്റാറന്റില്‍ കൊണ്ടുപോയി സൂഷിയും വാങ്ങിത്തന്നു. ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ആദ്യമായി ഭക്ഷണം കഴിച്ചു. എനിക്ക് പരിചയമുള്ള രണ്ടുമൂന്ന് പൂര്‍വവിദ്യാര്‍ത്ഥികളെയും കണ്ടു.

ഇനി ഒന്നുരണ്ടാഴ്ച ശരിക്കിരുന്ന് വായിക്കണം. ഇല്ലെങ്കില്‍ പ്രൊജക്റ്റാകെ വെള്ളത്തിലാകും. ഇടയ്ക്ക് ഒന്നുരണ്ട് ലോങ്ങ് ലീവ് വരുന്നുണ്ട്. ലോസ് ആഞ്ചലസും (ഹോളിവുഡ്, ഡിസ്നിലാന്റ്) സാന്‍ഫ്രാന്‍സിസ്കോയും കാണണം. അതിനിടയ്ക്ക് രാഘവിനെ കൊല്ലാനോ പട്ടിണികിടന്ന് ചാവാനോ തോന്നാതിരുന്നാല്‍ മതിയായിരുന്നു.

പിന്‍കുറിപ്പ്:
* ശുഭായുവിന് സര്‍ജ് സെലക്ഷന്‍ കിട്ടിയെങ്കിലും വിസ ശരിയാകാത്തതുകൊണ്ട് എകോളിലേക്ക് പോകാന്‍ പറ്റിയില്ല. അവനിപ്പോള്‍ ഐഐടിയിലിരുന്ന് ഒരു പ്രൊജക്റ്റ് ചെയ്യുകയാണ്. അര്‍ണബിന് ദാദ് കിട്ടി. അമര്‍ത്യയും സിദ്ധാര്‍ത്ഥും വിവേക് ലോഹാനിയും ഐഐടിയിലിരിക്കുന്നു.
* ഇപ്പോള്‍ വാതിലില്‍ മുട്ടിയ ഒരു സെക്യൂരിറ്റിക്കാരന്‍ ഇന്നലെ രാത്രി ആരോ വന്ന് വാതിലിന്റെ പിടിയില്‍ നായ്ക്കാട്ടം തേച്ചിരുന്നു എന്നു പറഞ്ഞു. വാട്ട്???

* യാത്രയിലെ ചിത്രങ്ങള്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നുണ്ട്

Sunday, 16 May 2010

കൂടിപ്പോയാല്‍ എന്തു സംഭവിക്കും?

അവസാനം അമേരിക്കയിലും കാലുകുത്തി.

ഒരു തവണ അമേരിക്ക കാണണമെന്നൊരു ആഗ്രഹം. സ്വന്തം കീശയില്‍ നിന്ന് പൈസ ചെലവാകരുതെന്നും ആഗ്രഹം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ജ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സമ്മര്‍ പ്രൊജക്ടിന് കാല്‍ടെക്കിലേക്ക് തിരിച്ചു. ഇവിടെ ജീവിതം എത്ര എക്സൈറ്റിങ്ങ് ആയിരിക്കും എന്നറിഞ്ഞുകൂട. രണ്ടര മാസം കുത്തിയിരുന്ന് കാര്യമായി എന്തെങ്കിലും ചെയ്യണം. ഇടക്ക് അടുത്തുള്ള ഒന്നുരണ്ട് സ്ഥലങ്ങളും കാണണം. ആകെപ്പാടെ ബ്ലോഗെഴുതിയാല്‍ വായിക്കുന്നവരൊക്കെ ഉറങ്ങി വീഴുന്ന ജീവിതമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും തുടക്കം അടിപൊളിയായിരുന്നു.

13-ആം തീയതി രാവിലെ (സമയമൊക്കെ ലോക്കല്‍ ടൈമായിരിക്കും. അതുകൊണ്ട് കണക്ക് തെറ്റി എന്ന് തോന്നിയാല്‍ മിണ്ടണ്ട) വീട്ടില്‍ നിന്നിറങ്ങിയതാണ്. ബാഗില്‍ എന്തൊക്കെ നിറയ്ക്കണം (ബാഗേ വേണ്ട എന്ന് ഞാന്‍, ബാഗില്‍ ഒരു മുറി തന്നെ നിറയ്ക്കണം എന്ന് വീട്ടുകാര്‍), എയര്‍പോര്‍ട്ടിലേക്ക് എന്നെ അയക്കാന്‍ എത്ര പേര്‍ വരണം (0 എന്ന് ഞാന്‍, 3 എന്ന് വീട്ടുകാര്‍) മുതലായ നിസ്സാര പ്രശ്നങ്ങളിലുള്ള വാഗ്വാദങ്ങളൊഴിച്ചാല്‍ കാര്യമായി വിവരിക്കാനൊന്നുമില്ല. ഡല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചു. അന്ന് രാത്രി രാഹുലിന്റെ വീട്ടില്‍ തങ്ങി. അവന്റെ പുതിയ നായ എന്നെ വീടാകെ ഓടിച്ചു എന്നതൊഴിച്ചാല്‍ അവിടെയും കാര്യമായി ഒന്നും നടന്നില്ല. ഇന്ത്യ ലോകകപ്പില്‍ സുന്ദരമായി ഉളുപ്പില്ലാതെ പൊട്ടി നാറുന്നതും (കുറച്ചുകൂടി അഡ്ജക്റ്റീവുകള്‍ ഉപയോഗിക്കണമെന്നുണ്ട്. വേണ്ട, എന്റെ പഴയ ടീച്ചര്‍മാരെങ്ങാനും ബ്ലോഗ് വായിച്ചാലോ?) കണ്ടു.

14-ന് വൈകുന്നേരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഏഴരക്ക് എയര്‍പോര്‍ട്ടിലെത്തണമെന്നതായിരുന്നു പ്ലാന്‍. എട്ടുമണിക്കെത്തി. കുറച്ച് സമയത്തില്‍ മൈനാകും രാഘവും എത്തി. എന്റെ കൈയിലുള്ളതിന്റെ ഇരട്ടിയിലധികം സാമാനം രണ്ടുപേരും പൊക്കുന്നുണ്ട്. ചെക്കിങ്ങും ചോദ്യങ്ങളും ഇന്റര്‍വ്യൂവുമൊക്കെ കഴിഞ്ഞ് ഒരു വകയായി. ചെക്കിങ്ങിന്റെ കാര്യം രസമായിരുന്നു. എന്റെ ഹാന്‍ഡ്ബാഗില്‍ ഒരു ലാപ്ടോപ്, അതിന്റെ ചാര്‍ജര്‍, ഹെഡ്സെറ്റ്, സി ഡി കേസ്, പെന്‍ഡ്രൈവ്, ക്യാമറ, ചാര്‍ജര്‍, മൊബൈല്‍ ഫോണ്‍, കാല്‍കുലേറ്റര്‍, കുറേ വയര്‍ ഒക്കെ ചേര്‍ത്ത് ഒരു മിനി ഇലക്ട്രോണിക് ഷോപ്പാണ്. ചെക്കിങ്ങിന് ഇതൊക്കെ ബാഗില്‍ നിന്ന് വലിച്ചൂരി വേറെ ട്രേയില്‍ വക്കണം. ഇത്രയും സാധനമുള്ളതുകൊണ്ട് ട്രേ ഒന്നൊന്നും മതിയാകില്ല. ഒരു വിധത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചെക്ക് കഴിച്ച് ഒക്കെ തിരിച്ച് ബാഗിലേക്കിട്ടു. ഇമിഗ്രേഷനും കസ്റ്റംസും ഒന്നും പ്രശ്നമായില്ല. പക്ഷെ ഫ്ലൈറ്റിലെത്തുന്നതിന് തൊട്ടുമുമ്പ് കോണ്ടിനെന്റലുകാര്‍ക്ക് ഒന്നുകൂടെ ചെക്കണം - ഇന്ത്യന്‍ എയര്‍പോര്‍ട്ട് ചെക്കുകാരെ വിശ്വാസം പോര. എനിക്കാകെ ചൂടായി. പക്ഷെ ഇതിലും വലിയ ചെക്ക് വരാന്‍ കിടക്കുന്നേ ഉള്ളായിരുന്നൂ.

ഫ്ലൈറ്റില്‍ കേറി. 10:45. ഡിന്നര്‍ കഴിച്ചു. 15 മണിക്കൂറാണ് യാത്ര. ഇന്‍-ഫ്ലൈറ്റ് എന്റര്‍ടെയിന്‍മെന്റില്‍ സിനിമയും പാട്ടും കളിയുമൊക്കെയുണ്ട്. പക്ഷെ ഞാന്‍ ഇതിലൊക്കെ വലിയ എന്റര്‍ടെയിന്‍മെന്റിന് പോയി. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ രാവിലെ പന്ത്രണ്ടുമണിയായിരുന്നു (ഇന്ത്യന്‍ സമയം. ലോക്കല്‍ ടൈം കണ്ടുപിടിക്കാന്‍ ശ്രമിച്ചില്ല). രണ്ടുമൂന്ന് മണിക്കൂര്‍ കഴിഞ്ഞ് നാലരക്ക് നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെത്തി. ഇവിടെയും ഒഫീഷ്യല്‍ കാര്യങ്ങളൊക്കെ വേഗം നടന്നു.

ലഗേജ് ലോസ് ആഞ്ചലസിലേക്കുള്ള ഫ്ലൈറ്റിന് ചെക്ക് ഇന്‍ ചെയ്തു. വൈകുന്നേരം നാലരയ്ക്കാണ് ഫ്ലൈറ്റ്. അതുവരെയുള്ള സമയം ന്യൂയോര്‍ക്കിലുള്ള രാഘവിന്റെ കസിന്‍സിന്റെ (സത്യത്തില്‍ മരുമക്കളാണ്. കൂടുതല്‍ പ്രായമുള്ളതുകൊണ്ട് കസിന്‍സെന്ന് വിളിക്കുന്നെന്നേയുള്ളൂ) വീട്ടിലും അവരോടൊപ്പം ന്യൂയോര്‍ക്ക് ചുറ്റിക്കാണാനും ഉപയോഗിക്കാമെന്ന് കരുതി. അപ്പോള്‍ ആദ്യം അവരെ കോണ്ടാക്റ്റ് ചെയ്യണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാന്‍ ചില്ലറയുമില്ല. എയര്‍പോര്‍ട്ടിലെ കടകളൊന്നും സാധനം വാങ്ങാതെ ചില്ലറ തരില്ല. രണ്ട് ഡോളറിന്റെ (ന്റമ്മോ) ചിപ്സ് വാങ്ങി ചില്ലറ ഒപ്പിച്ചു. മരുമകനെ വിളിക്കാന്‍ നോക്കിയിട്ട് എടുക്കുന്നില്ല. വീട്ടിലേക്ക് വിളിക്കാനാണെങ്കില്‍ പറ്റുന്നുമില്ല. കുറേ നേരം തിരിഞ്ഞുകളിച്ചു. അവസാനം മരുമകള്‍ ഫോണെടുത്തു. ടാക്സി എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.

ടാക്സി വീട്ടില്‍ എത്തിച്ചു. ടിപ്പിന്റെ കാര്യത്തില്‍ കച്ചറയായി. മുന്നൂറു രൂപ ടാക്സിക്കൂലി തന്നെ കൊടുത്ത് പരിചയമില്ലാത്തവന്മാരോട് അത്രയും ടിപ്പ് വാങ്ങുക എന്നൊക്കെ പറയുമ്പോള്‍... അതു കഴിഞ്ഞ് മൂവായിരം രൂപ ടാക്സിക്ക് കൊടുത്ത കാര്യം രാഘവ് കുറേനേരം പറഞ്ഞുനടന്നു. അപ്പോള്‍ ന്യൂയോര്‍ക്കില്‍ വന്ന് പഠിച്ച ആദ്യത്തെ കാര്യം (ബെന്യാമിന്റെ ആടുജീവിതത്തിലെ നായകന്‍ നജീബ് തൂറിയാല്‍ ചന്തി കഴുകരുത് എന്ന് പഠിച്ചപോലെ)
  • ഒന്നിന്റെയും ഇന്ത്യന്‍ വിലയും അമേരിക്കന്‍ വിലയും താരതമ്യം ചെയ്യരുത്. നൂറുറുപ്പ്യക്കാണ് കുടിക്കാന്‍ ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നതെങ്കില്‍ കണ്ണടച്ച് വാങ്ങി കുടിക്കുക
ബില്‍ഡിങ്ങിന്റെ മുപ്പതാം നിലയിലാണ് അപ്പാര്‍ട്ട്മെന്റ്. അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു. ടെറസില്‍ പോയി. എംപയര്‍ സ്ടേറ്റ് ബില്‍ഡിങ്ങ് വളരെ അടുത്തു കാണാം. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും കണ്ടു. മന്‍ഹട്ടന്‍ ഒരുമാതിരി സ്ഥലമാണ് - ചെറിയ കെട്ടിടങ്ങള്‍ എന്നു പറയുന്നവ തന്നെ പത്തുപതിനഞ്ച് നിലയുണ്ടാകും. സബ്‌വേയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് ഒരു സിറ്റി ടൂറിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കേ ബോധം വരൂ എന്നതുകൊണ്ട് മരുമകന്‍ കൂടെവന്നില്ല. ഡൗണ്‍ടൗണ്‍ മന്‍ഹട്ടന്‍ കണ്ടു. എല്ലാം ഒരുപോലെ. കെട്ടിടങ്ങളുടെ ഉയരം നോക്കി കഴുത്തുളുക്കി എന്നു മാത്രം. വാള്‍ സ്ട്രീറ്റ്, അവിടത്തെ കാളപ്രതിമ, ബ്രൂക്ലിന്‍ ബ്രിഡ്ജ് - ഇത്രയൊക്കെയേ ഓര്‍മ്മയില്‍ നില്‍ക്കുന്നുള്ളൂ. അപ്ടൗണ്‍ ടൂറിനിടക്ക് സെന്‍ട്രല്‍ പാര്‍ക്കിന് പുറത്ത് ഇറങ്ങി. അവിടെ കൈറ്റ്സിന്റെ പ്രൊമോഷന് വന്നിരിക്കുന്ന ഋതിക് റോഷനെയും ബാര്‍ബറ മോറിയെയും കണ്ടു. പാര്‍ക്ക് ഒന്ന് നടന്ന് കണ്ട ശേഷം അപ്പാര്‍ട്മെന്റിലേക്ക് നടന്നു.
ഇനിയാണ് രസമുള്ള ഭാഗം. അപാര്‍ട്മെന്റിലെത്തിയപ്പോള്‍ ഒന്നരയായി. നാലരയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാന്‍ അപ്പഴേ വിടണമെന്നായിരുന്നു പൊതുജനാഭിപ്രായം. പക്ഷെ നട്ടുച്ച കഴിഞ്ഞതുകൊണ്ട് മരുമകന്റെ കൂര്‍മ്മബുദ്ധി ഉണര്‍ന്നിരുന്നു. നാലരയ്ക്കാണ് ഫ്ലൈറ്റ്. ബോര്‍ഡിങ്ങ് പാസ്സ് കൈയിലുള്ളതിനാലും ബാഗേജ് ചെക്ക് ഇന്‍ കഴിഞ്ഞതിനാലും നാലുമണിക്ക് എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി. അരമണിക്കൂറാണ് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം. അതായത്, ലഞ്ചൊക്കെ കഴിച്ച് സ്വസ്ഥമായി മൂന്നരയ്ക്ക് സ്ഥലം വിട്ടാല്‍ മതി. മൂന്നരയുടെ ഐഡിയ നന്നായിത്തോന്നിയില്ലെങ്കിലും കോണ്ടിനെന്റലുകാരുടെ കൈയില്‍ നിന്ന് ഒരു തവണ കൂടി വല്ലതും വാങ്ങിക്കഴിക്കാനുള്ള കപ്പാസിറ്റി ഇല്ലാതിരുന്നതുകൊണ്ട് ലഞ്ചിന്റെ ഐഡിയ എനിക്ക് അടിപൊളിയായി തോന്നി.

പക്ഷെ ഞാന്‍ ന്യൂനപക്ഷമായിരുന്നു. There is a thin line between being cautious and being paranoid. വരയുടെ എത്രയോ ഇങ്ങേപ്പുറമാണ് ഞാന്‍ നില്‍ക്കുക. പ്രത്യേകിച്ച് സൂക്ഷ്മതയൊന്നും ശീലമില്ല. ശ്രദ്ധയില്ലായ്മയുടെ ആള്‍രൂപമായി ഇത്രയും യാത്രകള്‍ നടത്തിയിട്ടും ഒന്നും പറ്റാത്തത് പടച്ചോന്‍ എന്തൊക്കെയോ കണക്കുകൂട്ടി വച്ചിരിക്കുന്നതുകൊണ്ടാണെന്നാണ് ഉപ്പയുടെ അഭിപ്രായം. പക്ഷെ മൈനാക് എന്നെപ്പോലെയല്ല. അവന്‍ വരയുടെ അടുത്താണ്. രാഘവാകട്ടെ paranoia യുടെ അവതാരവും. പക്ഷെ മരുമകനോട് വാദിച്ച് ജയിക്കാന്‍ രണ്ടാള്‍ക്കും പറ്റില്ല. അതുകൊണ്ട് ലഞ്ചിന്റെ ഐഡിയയുമായി മുന്നോട്ടുപോയി. പീറ്റ്സ ചവയ്ക്കുന്നതിനിടയ്ക്കും മൈനാകും രാഘവും ഫ്ലൈറ്റ് മിസ്സാകുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്തായാലും തിന്നാനിരുന്നു, ഇനി അത് കഴിഞ്ഞിട്ട് വിഷമിച്ചാല്‍ പോരേ? ഞാന്‍ ചോദിച്ചു : "കൂടിപ്പോയാല്‍ എന്തു സംഭവിക്കും? ഫ്ലൈറ്റ് മിസ്സാകും. അത്രയല്ലേ ഉള്ളൂ? തീവണ്ടി പിടിച്ചെങ്കിലും കാലിഫോര്‍ണിയയിലെത്താം." തീറ്റ കഴിഞ്ഞ് രണ്ടര രണ്ടേമുക്കാലായപ്പോഴേക്ക് കാബ് കേറി. മൂന്നേ കാലിന് എയര്‍പോര്‍ട്ടിലെത്തേണ്ടതാണ്.

അപ്പളാണ് മര്‍ഫിയണ്ണന്‍ കളി തുടങ്ങിയത്. ടോള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍ വേറെ റോഡെടുത്തു. ഇടയിലേതോ വണ്ടി ആക്സിഡന്റുമായിട്ടുണ്ട്. ഡല്‍ഹിയില്‍ പോലും ഇല്ലാത്ത ട്രാഫിക് ജാം. ഇഴഞ്ഞിഴഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ നാലുമണിയായി. ഓട്ടം, പത്തിരുപത് കൊല്ലമായി ഇന്ത്യയില്‍ പരിശീലിച്ചുവരുന്ന ക്യൂ ചാടിക്കടക്കല്‍ മുതലായ ടെക്നിക്കുകളൊക്കെ ഉപയോഗിച്ച് പത്തു മിനിറ്റുകൊണ്ട് സെക്യൂരിറ്റി ചെക്കിനടുത്തെത്തി. രാഘവ് ഒരു ലൈനില്‍. ഞാനും മൈനാകും മറ്റൊന്നില്‍. രാഘവ് വേഗം പുറത്തെത്തി ബോര്‍ഡിങ്ങ് ഗേറ്റിലേക്കോടി. ഞങ്ങളുടെ ലൈനിലെ ഓഫീസര്‍ മന്ദനായിരുന്നു. ബാഗിലെ ഇലക്ട്രോണിക്സ് ഷോറൂം പുറത്തെത്തിക്കുകയും തിരിച്ചിടുകയും ചെയ്യേണ്ടിവന്നു, മൈനാകിന്റെ ബാഗ് അവര്‍ക്ക് പ്രത്യേകം സര്‍ച്ച് ചെയ്യാനും തോന്നി. ഞങ്ങള്‍ രണ്ടുപേരുടെ ചെക്കിംഗ് കഴിഞ്ഞപ്പോഴേക്ക് അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞിരുന്നു. ഫ്ലൈറ്റ് പറക്കാന്‍ പത്തുമിനിറ്റ് ബാക്കി.

ഞങ്ങളും ഗേറ്റിലേക്കോടി. ഗേറ്റ് നംബര്‍ 120. വല്ലാതെ ദൂരെയാണ്. എങ്കിലും വലിയ സമയമെടുക്കാതെ എത്തി. ഗേറ്റ് ക്ലോസ്ഡ്. രാഘവും ഇല്ല. എന്നല്ല, അടുത്ത് ഒരു മനുഷ്യജീവിയും ഇല്ല. ഫ്ലൈറ്റിന്റെ ഗേറ്റ് നംബര്‍ മാറ്റിയിരിക്കുന്നു. 132-ലേക്ക് ഓടി. അവിടെയും ഗേറ്റ് ക്ലോസ്ഡ്. പക്ഷെ മനുഷ്യജീവിയുണ്ട്. അഞ്ച് മിനിറ്റേ പറക്കാനുള്ളൂ എന്നതിനാല്‍ ബോര്‍ഡിങ്ങ് ഗേറ്റ് ഇനി തുറക്കുക സാധ്യമല്ല.

അങ്ങനെ കൂടിപ്പോയത് സംഭവിച്ചു. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷവാനായിരുന്നു : രാഘവല്ല, മൈനാകാണ് കൂടെ. ഞാനും രാഘവും ഇതുപോലൊരു സിറ്റ്വേഷനില്‍ പെട്ടാല്‍ പിന്നെ രണ്ട് വഴികളേ പുറത്തേക്കുള്ളൂ - ആത്മഹത്യയും കൊലപാതകവും. ട്രെയിന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് കോണ്ടിനെന്റല്‍ കസ്റ്റമര്‍ കെയറില്‍ ഒന്നു കയറി. ഏഴുമണിക്കുള്ള അടുത്ത ഫ്ലൈറ്റില്‍ സീറ്റു തരാം എന്ന് അവര്‍. പക്ഷെ ചെറിയൊരു പ്രശ്നം : ഒരു സീറ്റേ കാലിയുള്ളൂ. മൈനാക് സ്റ്റാന്‍ഡ്ബൈയിലാണ്. ഇതിപ്പോള്‍ കൂടുതല്‍ വലിയ പ്രശ്നമായി. അവന് സീറ്റായില്ലെങ്കില്‍ ഒറ്റയ്ക്ക് പോയാല്‍ ശരിയാവില്ല. അത് കഴിഞ്ഞുള്ള ഫ്ലൈറ്റാണെങ്കില്‍ അടുത്ത ദിവസമേയുള്ളൂ താനും. കാത്തിരിക്കാന്‍ തീരുമാനിച്ചു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്‍ഫര്‍മേഷനാകും.

ഇനി അടുത്ത പ്രശ്നം സോള്‍വുചെയ്യണം. എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ കാരള്‍ കേസി ഞങ്ങളെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ വരുമെന്ന് പറഞ്ഞതാണ്. രാഘവേ കാണൂ എന്നും ഞങ്ങള്‍ രണ്ടുപേര്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞാലേ (അതും ചിലപ്പോള്‍) വരൂ എന്നും കാരളിനെ അറിയിക്കണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാമെന്ന് വിചാരിച്ചാല്‍ കാരളിന്റെ നമ്പറുമില്ല (ഞാന്‍ അപ്പളേ പറഞ്ഞതല്ലേ ഒരു യാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ എന്തുമാത്രം ശ്രദ്ധിക്കാറുണ്ടെന്ന്). ഈമെയിലേ രക്ഷയുള്ളൂ. വൈഫൈയെ ശരണം പ്രാപിച്ചു. എയര്‍പോര്‍ട്ടിന്റെ പേരുള്ള വയര്‍ലെസ് നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. വേറെ ഏതോ പേരിലുള്ള ഒറിജിനല്‍ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തു. നോക്കുമ്പോള്‍ ആ കണക്ഷന്‍ വഴി ബ്രൗസ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് എട്ട് ഡോളര്‍ ചെലവാക്കണം (ആഗോള പിശുക്കന്‍ എന്ന പേരു നേടിയ എനിക്ക് ഈ ഗതി തന്നെ വരണം). കൈയില്‍ പൈസയുണ്ട്, പക്ഷെ കാര്‍ഡല്ലേ ചെലവാകൂ. എന്റെ കാര്‍ഡും മൈനാകിന്റെ കാര്‍ഡും ആക്സപ്റ്റ് ചെയ്യുന്നില്ല. ഒടുവില്‍ കാലാവധി തീരാറായ, വര്‍ക്ക് ചെയ്യുമെന്ന് പ്രതീക്ഷയില്ലാഞ്ഞ, എന്റെ പഴയൊരു കാര്‍ഡുകൊണ്ട് കാര്യം സാധിച്ചു. അവന്മാര്‍ എത്ര പൈസ സര്‍വീസിന് ഊറ്റിക്കാണുമെന്നറിഞ്ഞുകൂട, പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. കാരളിന് മെയിലയച്ചു. എട്ട് ഡോളര്‍ (സത്യത്തില്‍ ഏഴ് ഡോളര്‍ 99 സെന്റ്. ഒരു സെന്റിന് ചില്ലറ കിട്ടും) മുതലാക്കാന്‍ വേണ്ടി മൈനാകിന്റെ സീറ്റിന്റെ കാര്യത്തില്‍ അനൗണ്‍സ്മെന്റിന്റെ സമയമാകുന്നതുവരെ ബ്രൗസിങ്ങ് നടത്തി.

അനൗണ്‍സ്മെന്റ് സമയമായി. അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ്ബൈകളുടെ പട. മൈനാക് ലിസ്റ്റില്‍ ഒന്നാമനാണ് എന്ന സമാധാനം മാത്രമുണ്ട്. കണ്‍ഫര്‍മേഷന്റെ കാര്യം ചോദിച്ചുനോക്കിയപ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സുണ്ടെന്നായിരുന്നു മറുപടി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ സീറ്റായി എന്ന് അനൗണ്‍സ്മെന്റ് വന്നു. കാരളിന് മെയിലയച്ച് ബോര്‍ഡ് ചെയ്തു. ഫ്ലൈറ്റ് കാല്‍ മണിക്കൂര്‍ ലേറ്റ്. മറ്റേ ഫ്ലൈറ്റിനും ഇതുപോലെ ലേറ്റാകാനേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ മര്‍ഫിയണ്ണന്റെ ഓര്‍ഡറല്ലേ. പറക്കാന്‍ തുടങ്ങിയപ്പോഴേക്ക് അണ്ണനോടുള്ള ദേഷ്യമൊക്കെ മാറി പഴയ പരിപാടി തുടങ്ങി. ഇപ്രാവശ്യം ഉറക്കം കൊണ്ട് ഭക്ഷണം വരെ മിസ്സായി. ജൈവഘടികാരം ശരിയാക്കാന്‍ ഉറങ്ങാതിരിക്കണം എന്നൊക്കെ തീരുമാനിച്ചതായിരുന്നു, പക്ഷെ ഇതൊക്കെ നമ്മുടെ കൈയിലുള്ള കാര്യമാണോ?

ലോസ് ആഞ്ചലസിലെത്തി. കാരളും രാഘവും ഞങ്ങളുടെ ബാഗേജൊക്കെ ക്ലെയിം ചെയ്ത് റെഡിയായിരിക്കുന്നുണ്ട്. ഫ്ലൈറ്റ് മിസ്സായ സ്ഥിതിക്ക് ഞങ്ങള്‍ എങ്ങനെ ലോസ് ആഞ്ചലസിലെത്തും എന്നാലോചിച്ച് രാഘവ് ഞങ്ങളെക്കാളും ടെന്‍ഷനായിരുന്നു എന്ന് കേട്ടു. കാരള്‍ പാസഡേനയിലേക്ക് കാറോടിച്ചു. ഓഫീസില്‍ ചെന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഫ്ലൈറ്റ് മിസ്സായ കാര്യം ഒറ്റവാക്യത്തില്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം ബ്ലോഗില്‍ വരുന്നു എന്ന് പറഞ്ഞതിനാലും കാല്‍ടെക്കില്‍ അന്നു രാത്രി തന്നെ എത്തി എന്നതിനാലും കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല. രാഘവും മൈനാകും സാഹസികകഥകളെക്കുറിച്ച് മിണ്ടിയേയില്ല.

കാരള്‍ ഞങ്ങളെ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ടുപോയി. നാല് ബെഡ്റൂം അപാര്‍ട്ട്മെന്റാണ്. മൂന്നെണ്ണം ഞങ്ങള്‍ക്ക്, നാലാമത്തേതില്‍ ജൂലിയോ എന്നൊരു ഇറ്റലിക്കാരന്‍. ഇറക്കാന്‍ പറ്റുന്നതായി വീട്ടില്‍ ആകെയുള്ളത് കൊക്കക്കോളയും ഡോക്ടര്‍ പെപ്പറും (അത് ഒരിറക്കോടെ എനിക്ക് മതിയായി) പീറ്റ്സയും (ജൂലിയോ അതില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തുപോകുമായിരുന്നു). എന്തോ, അപ്പോള്‍ പീറ്റ്സ തിന്നാന്‍ തോന്നിയില്ല. റൂമൊക്കെ വളരെ അടിപൊളി. ഐ ഐ ടിയൊക്കെ ഇതുപോലെയാകുന്ന ദിവസം ഇന്ത്യ രക്ഷപ്പെട്ടുപോകും. പക്ഷെ കുറേ അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങള്‍ : ചതുരപ്പിന്നുകള്‍, ടോയ്ലറ്റ് പേപ്പര്‍, ജെറ്റ് ലാഗ്... എന്താകുമെന്ന് പടച്ചോനറിയാം.
പിന്‍കുറിപ്പ് : ഇന്നലെ രാത്രി വന്ന ഉടനെത്തന്നെ എഴുതണമെന്ന് വിചാരിച്ചതാണ്. പക്ഷെ ചതുര അഡാപ്ടര്‍ ഇല്ലാതിരുന്നതിനാല്‍ ലാപ്ടോപ് ചാര്‍ജ്ജ് ചെയ്യാന്‍ പറ്റിയില്ല. എഴുതി പകുതിയായപ്പോഴേക്ക് ചാര്‍ജ്ജ് തീര്‍ന്നുപോയി. ഇന്ന് പ്രാതലും ഷോപ്പിങ്ങും കുക്കിങ്ങും ലഞ്ചും കഴിഞ്ഞ് വിസ്തരിച്ചിരുന്ന് എഴുതിത്തീര്‍ത്തതാണ്

Friday, 7 May 2010

ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?

എല്ലാവരും നിര്‍ത്താതെ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. ഞാനും കൂടി എഴുതിയതുകൊണ്ട് പ്രത്യേകിച്ച് പുതിയ കണ്ടെത്തലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. ഏതായാലും വീട്ടിലിരിക്കുകയാണ്. അനിയന്‍ പരീക്ഷയ്ക്ക് പഠിക്കുകയായതുകൊണ്ട് ഭയങ്കര ബോറടി. വല്ലതും എഴുതിക്കളയാമെന്ന് വച്ചു - അത്രയേ ഉള്ളൂ.

എല്ലാ പോസ്റ്റിലും ചെയ്യുന്നപോലെ ആദ്യം ഒരു സംഭവം വിവരിക്കാം. പഴയ കാര്യമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തേഡ് സെമെസ്റ്റര്‍ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കുറച്ച് പൈസ പോയാലും വേണ്ടില്ല, രണ്ട് ദിവസം വീട്ടിലിരിക്കാം എന്ന് വിചാരിച്ച് യാത്ര ഫ്ലൈറ്റിലാക്കാന്‍ തുടങ്ങിയതിന് മുമ്പാണ്. കാന്‍പൂരില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വണ്ടിയൊന്നുമില്ല. അതുകൊണ്ട് കുറച്ച് കണക്കുകൂട്ടലൊക്കെ കഴിഞ്ഞ് ഏറ്റവും നേരത്തെ വീട്ടിലെത്താനുള്ള വഴി കണ്ടുപിടിച്ചു : രാത്രി ഏഴുമണിക്ക് പരീക്ഷ കഴിഞ്ഞാലുടനെ ഇന്‍സ്റ്റിറ്റ്യൂട്ട് വിടുക. ഒമ്പതരയ്ക്കോ മറ്റോ ഒരു വണ്ടിയുണ്ട്. പിറ്റേന്ന് രാത്രി കല്യാണിലോ സി.എസ്.ടി. യിലോ ഇറങ്ങി ഒന്നുരണ്ട് മണിക്കൂര്‍ വ്യത്യാസത്തിന് അടുത്ത വണ്ടി കേറിയാല്‍ അതിനടുത്ത രാത്രി കോഴിക്കോടെത്താം. ഇനി ലേറ്റായതുകൊണ്ട് അത് മിസ്സായാല്‍ തന്നെ പിറ്റേന്ന് രാവിലത്തെ മംഗള പിടിച്ച് വീട്ടിലെത്താം. വേറെ ഏത് കോംബിനേഷന്‍ വഴി വന്നാലും ഇതില്‍ കൂടുതല്‍ സമയമെടുക്കും.

മുമ്പ് ഒരുതവണ ഈ കളി കളിച്ചതാണ്. അന്ന് മൂന്ന് ലോക്കല്‍ കേറിയാണ് മാറ്റവണ്ടി പിടിച്ചത്. പക്ഷെ ഇപ്രാവശ്യം ആദ്യത്തെ വണ്ടി കാന്‍പൂര്‍ വിട്ടതുതന്നെ ലേറ്റായാണ്. കല്യാണിലെത്താന്‍ വല്ലാതെ വൈകി. ലോക്കല്‍ കേറി മറ്റേ വണ്ടി വരുന്ന സ്റ്റേഷനിലെത്തുമ്പോഴേക്ക് എന്തായാലും മിസ്സാകും. അതുകൊണ്ട് മംഗള കാത്ത് കല്യാണിലിരുന്നു. പെട്ടി വെയ്റ്റിംഗ് റൂമില്‍ വച്ചിട്ട് പോയി ഒരു മസാലദോശ വാങ്ങിത്തിന്നു. രാത്രി മുഴുവന്‍ വെയ്റ്റിംഗ് റൂമില്‍ കഴിച്ചുകൂട്ടണം. കുറേ ആളുണ്ട്. ഒരു കസേര കിട്ടിയത് തന്നെ ഭാഗ്യം. കുറേപേര്‍ ഫോണിലാണ്. വണ്ടിയൊക്കെ ലേറ്റാണെന്ന് പറയുന്നു. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. വല്ല ആക്സിഡന്റുമായിരിക്കും - രാത്രി ഉറങ്ങിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടക്ക് അത്രയേ വിചാരിച്ചുള്ളൂ. പുലര്‍ച്ചെ അടുത്തിരിക്കുന്നയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിലേക്ക് എത്തിനോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. മുംബൈയില്‍ ഭീകരാക്രമണം. സി.എസ്.ടി സ്റ്റേഷനിലും പ്രശ്നമുണ്ടായിട്ടുണ്ട്.

അപ്പോഴെന്താണ് തോന്നിയതെന്ന് ശരിക്ക് ഓര്‍ക്കുന്നില്ല. ഉറക്കമൊക്കെ ഹീലിയോസ്ഫിയര്‍ കടന്നു. ആദ്യം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. രാവിലെ പത്രം വായിച്ചിട്ടാണ് ആക്രമണവാര്‍ത്ത വീട്ടിലറിയുന്നതെങ്കില്‍ മുംബൈ, സ്റ്റേഷന്‍, ആക്രമണം എന്ന മൂന്ന് വാക്ക് വായിക്കുമ്പോഴേക്ക് ഉമ്മ ബോധംകെടും. പിന്നെ ഇരുന്ന് സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ if എന്ന പദം ഭാവികാലത്തിനുവേണ്ടിയേ ഉപയോഗിക്കാവൂ : "If I do X, Y will happen." വല്ലതും പ്ലാന്‍ ചെയ്യാന്‍ - കണക്കുകൂട്ടാന്‍ - ഉപയോഗിക്കാം. ഭൂതകാലത്തിന് if ഉപയോഗിക്കുന്നത് വെറുതെ സമയം മെനക്കെടുത്തലാണ് : "If I had done X, Y would have happened." ഇനി X ചെയ്യാന്‍ പറ്റില്ല. എന്നാലും വെറുതെ ആലോചിച്ചുകൊണ്ടിരിക്കും. ഞാന്‍ പരീക്ഷയ്ക്ക് മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കില്‍, വണ്ടി ലേറ്റായിരുന്നില്ലെങ്കില്‍, ആ സമയത്ത് സി.എസ്.ടി. യില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍...

സാങ്കല്‍പികമായ പ്രശ്നം കഴിഞ്ഞു. ഇനിയാണ് ശരിക്ക് സീരിയസായ കാര്യം. നിറയെ പോലീസുണ്ട്. ആക്രമണം കഴിഞ്ഞേ പ്രതിരോധമെടുത്ത് നമുക്ക് ശീലമുള്ളൂ. എന്നാലും ആ പണി മര്യാദയ്ക്ക് ചെയ്യും. ചെക്കിങ്ങും കോപ്പുമാണ്. എന്റെ തിരുമുഖം കണ്ടാല്‍ ചെക്ക് ചെയ്യാതെ വിടാന്‍ ഒരുമാതിരി പോലീസുകാരനൊന്നും തോന്നുകയുമില്ല. ബാഗിലാണെങ്കില്‍ ഒരു ബോംബുമുണ്ട്.

എക്സ്പ്ലെയിന്‍ ചെയ്യാം. ഡ്രീംസ് ക്വിസ് ക്ലബ് എന്നൊരു കൂട്ടായ്മയുണ്ട്. പഴയ ക്വിസ് പ്രതാപത്തിന്റെ പേരില്‍ എന്നെ ഒരു സ്റ്റുഡന്റ് കോഓര്‍ഡിനേറ്ററാക്കാന്‍ അവര് റെഡിയായി. ഇടക്ക് ഒന്നുരണ്ട് ക്വിസ്സില്‍ പങ്കെടുക്കും. വല്ലപ്പോഴും ഒരു ക്വിസ് നടത്തും. സ്നേഹജ് നടത്തുന്ന ക്വിസ്സുകള്‍ക്കായി ഇടക്കിടെ ഓരോ റൗണ്ട് ചോദ്യവും ഉണ്ടാക്കിക്കൊടുക്കും. ഇത്രയേ ഉള്ളൂ. ക്ലബ് വളരാന്‍ തുടങ്ങി. ക്ലബ്ബിന് ക്വിസ് നടത്താനൊരു ബസര്‍ വേണം. എന്നോട് ഉണ്ടാക്കിച്ചെല്ലാന്‍ പറഞ്ഞു. പക്ഷെ അന്ന് എനിക്ക് സര്‍ക്യൂട്ട്, മൈക്രോകണ്ട്രോളര്‍ കോഡിംഗ് ഒന്നും വശമില്ല. ഏതായാലും ശുഭായുവും അനുഭവും സഹായിച്ചു. ഹാര്‍ഡ്വെയര്‍ റെഡിയായി. ഇനി പ്രോഗ്രാമുണ്ടാക്കിയാല്‍ മതി. ഇതാണ് ബാഗില്‍. ഒരു ടിഫിന്‍ ബോക്സ്. അതിനകത്ത് മൈക്രോകണ്ട്രോളറും സര്‍ക്യൂട്ടുമൊക്കെ പൊതിഞ്ഞുവച്ചിരിക്കുന്നു. പുറത്ത് 120 മീറ്റര്‍ വയര്‍. പോലീസുകാരന്‍ ബാഗ് തുറന്നുനോക്കിയാല്‍ ഉറപ്പായും എന്താന്ന് ചോദിക്കും. മൈക്രോകണ്ട്രോളര്‍, സര്‍ക്യൂട്ട്, ക്വിസ്സ്, ബസര്‍ എന്നൊക്കെപ്പറഞ്ഞാല്‍ എന്തുമാത്രം തലയില്‍ പോകുമെന്ന് ഏതാണ്ടൂഹിക്കാം. വീടിനു പുറത്ത് റോഡില്‍ ബൈനോകൂലറും നോര്‍ട്ടണ്‍ മാപ്പും കൈയില്‍ പിടിച്ച് ആകാശം നോക്കിയിരിക്കുമ്പോള്‍ എന്നെ പൊക്കിയ പട്രോളിങ്ങ് പോലീസുകാരനെയാണ് എനിക്ക് പരിചയം. വാനനിരീക്ഷണം നടത്തുകയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താ സാധനം എന്ന് ഇങ്ങോട്ട് ചോദിച്ചു. അന്ന് വീട്ടുമുറ്റം, സമാധാനാന്തരീക്ഷം ഒക്കെയായതുകൊണ്ട് പോലീസ് അവരുടെ പാട്ടിന് പോയി. എന്നെ കാണാന്‍ കുറച്ചുകൂടി കോലവുമുണ്ടായിരുന്നു. ഇതിപ്പോള്‍ കഥ വേറെയാണ്. ബോംബെയില്‍, ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ഒരു മലയാളി, കാന്തത്തില്‍ മണ്ണുപിടിച്ചതുപോലെ എന്ന് ഉപ്പ വിശേഷിപ്പിക്കുന്ന താടി, ആക്രമണം നടന്ന രാത്രി, ബാഗില്‍ ഇതും... ഐ ഐ ടി ഐഡന്റിറ്റി കാര്‍ഡ് മാത്രമുണ്ട് സഹായത്തിന്.

ഞാന്‍ റിസ്കെടുക്കാനൊന്നും നിന്നില്ല. മംഗള വരുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ വെയിറ്റിംഗ് റൂമില്‍ തന്നെ ഇരുന്നു. നില്‍ക്കാന്‍ കൂടി സ്ഥലമില്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കാലെടുത്തുവച്ചതോടെ ജീവിതം പഴയപടിയായി.

മുംബൈ ഭീകരാക്രമണവുമായി എനിക്ക് ഇത്രയേ പരിചയമുള്ളൂ. പത്രങ്ങളും ചാനലുകളും ആഴ്ചകളോളം സംഭവം ആഘോഷിച്ചപ്പോള്‍ ഞാന്‍ പിന്നാലെ പോയിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തിരിച്ചുപോയതറിഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന പുതിയൊരു ഹീറോയെ കിട്ടി. പിന്നെ സചിന്‍ ചെന്നൈയില്‍ ശതകം നേടി. ആക്രമണത്തില്‍ കൊല്ലപ്പെട്ട മകളുടെ സഹപാഠിയുടെ പിതാവിനെ ഓര്‍ത്തു. പിന്നെ കസബ് വിചാരണ ഇടക്കിടെ പത്രത്തിന്റെ ആദ്യപേജില്‍ വരുന്നതുമാത്രം കണ്ടു.

ഇപ്പോള്‍ മൂന്ന് സെമസ്റ്റര്‍ കൂടി കഴിഞ്ഞിരിക്കുന്നു. കസബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു. എനിക്ക് എന്താണ് തോന്നേണ്ടത്? എന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഞാന്‍ അറിയുന്ന മറ്റാര്‍ക്കുമോ പോലും ആക്രമണത്തില്‍ ഒന്നും പറ്റിയിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായ ഒരു വൈരാഗ്യവും എനിക്ക് കസബിനോടില്ല. ഒരു യുദ്ധത്തില്‍ മരിക്കുന്നതില്‍ കുറവ് മനുഷ്യരെയേ തീവ്രവാദികള്‍ വധിച്ചിട്ടുള്ളൂ. ആക്രമണത്തിനിരയായ ഓരോ വ്യക്തിക്കും ആക്രമണം അപ്രതീക്ഷിതമായിരുന്നിരിക്കാം, എന്നാല്‍ മരണം അത്ര അപ്രതീക്ഷിതമായിരുന്നിരിക്കാന്‍ വഴിയില്ല. ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ ഇതിലും എത്രയോ പേര്‍ മരിക്കുന്നു. രാഹുലുമൊത്ത് ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടക്ക് പൊതുജനമധ്യത്തില്‍ വച്ച് കസബിനെ വെടിവെച്ചുകൊല്ലണമെന്നാണ് അവന്റെ അഭിപ്രായമെന്ന് മനസ്സിലായി. വധശിക്ഷ ക്രൂരമാണെന്നും എത്ര വലിയ കുറ്റവാളിയും അതര്‍ഹിക്കുന്നില്ലെന്നുമുള്ള അഭിപ്രായവും കണ്ടു. ജീവിതാവസാനം വരെ തടങ്കലിലിട്ട് തന്റെ ചെയ്തിയുടെ ഫലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക, തീവ്രവാദികള്‍ക്കെല്ലാം ഒരു പാഠമാകാന്‍ വേണ്ടി ക്രൂരമായി വധിച്ച് മൃതശരീരം പ്രദര്‍ശനത്തിന് വെക്കുക... ഓരോരുത്തര്‍ക്കും ഓരോ ശിക്ഷയാണ് യോഗ്യമെന്ന് തോന്നിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. ഈ വിഷയത്തില്‍ ഒരു മാസത്തോളം ഫിലോസഫി ക്ലാസ്സില്‍ ചര്‍ച്ച നടത്തിയതില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ ചര്‍ച്ചയ്ക്ക് എന്നെങ്കിലും അവസാനമുണ്ടാകുമെന്നും തോന്നുന്നില്ല. കസബ് മൃഗമാണെന്നും "ആനിമല്‍ റൈറ്റ്സ്" മാത്രമേ അയാള്‍ക്ക് അവകാശപ്പെട്ടതായുള്ളൂ എന്നും അരിജിത് പസായത് നടത്തിയ ദുഃഖകരമായ പ്രസ്താവനയും കണ്ടു.

അപ്പോള്‍ എനിക്ക് എന്താണ് തോന്നുന്നത്, തോന്നേണ്ടത്? സന്തോഷമോ? നിയമം അതിന്റെ വഴിക്ക് നീങ്ങിയതില്‍, കുറ്റത്തിന് ശിക്ഷയുണ്ടെന്ന് കാണുന്നതില്‍, ഒരു കാര്യത്തിലെങ്കിലും രാജ്യം ഒറ്റക്കെട്ടായി നിന്നതില്‍. അതോ ദുഃഖമോ? ഒരു മനുഷ്യനെ കുറ്റവാളിയെന്ന് വിധിക്കുന്നതിനുമുമ്പ് ഏതാണ്ടൊരു രാജ്യം മുഴുവന്‍ അയാളുടെ ചോരയ്ക്കു വേണ്ടി ദാഹിച്ചതില്‍, ഭരണഘടന കുറ്റാരോപിതന് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ അയാള്‍ക്ക് നല്‍കാന്‍ ശ്രമിച്ച വ്യക്തികളെ സമൂഹം രാജ്യദ്രോഹികളെന്ന് മുദ്രകുത്താന്‍ ശ്രമിച്ചതില്‍, നമ്മുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും ആ mob mentality ഉണ്ടെന്നറിഞ്ഞതില്‍.

ഉത്തരം ഞാന്‍ പറയാം. കണ്‍ഫ്യൂഷനുണ്ടെങ്കിലും ഞാന്‍ വിധിയില്‍ സന്തോഷവാനാണ്. കാരണം വളരെ സ്വാര്‍ത്ഥവുമാണ്. എന്നെ മറ്റൊരുതരത്തിലും ബാധിച്ചില്ലെങ്കിലും ഭയപ്പെടുത്താന്‍ സംഭവത്തിന് സാധിച്ചു. പാക്കിസ്താനിലെയും ഇറാഖിലെയും പത്രവാര്‍ത്തകളില്‍ മാത്രം കണ്ട ഫാന്റസിയായിരുന്ന തീവ്രവാദത്തെ ഒരു നാണയം ടോസ് ചെയ്യുന്ന പ്രോബബിലിറ്റിയുടെ അത്ര അകലത്തില്‍ നിര്‍ത്താന്‍ കസബിനും കൂട്ടാളികള്‍ക്കും സാധിച്ചു. രോഗം വന്നോ കാറിടിച്ചോ പ്ലെയിന്‍ തകര്‍ന്നോ ഒക്കെ ഞാന്‍ മരിച്ചേക്കാം. പക്ഷെ വെടികൊണ്ടോ ബോംബു പൊട്ടിയോ ചാകാന്‍ മാത്രം എന്തോ ഒരു വിഷമം. എന്നെ കൊല്ലണം എന്ന നിയ്യത്തും കൊണ്ട് ഒരുത്തന്‍ വന്നാലും തരക്കേടില്ലായിരുന്നു. ഇതിപ്പോള്‍ ആരെയെങ്കിലും കൊല്ലാന്‍ വേണ്ടി എന്നെ കൊല്ലുക. കൊല്ലാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് കാണിക്കാന്‍ വേണ്ടി മാത്രം കൊല്ലുക. ഹിംസയുടെ ഏറ്റവും മോശം രൂപം. അതെന്നെ ഭയപ്പെടുത്തുന്നു. അതിന്റെ മറുപുറമായി, ഒരു ഇലക്ട്രിക് സര്‍ക്യൂട്ട് ബാഗിലിട്ടാല്‍ സംശയത്തിന് വിധേയനാകാതെ സമാധാനമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത ലോകത്തെയും ഞാന്‍ വെറുക്കുന്നു.

ഈ ലോകം സൃഷ്ടിച്ചു എന്ന കുറ്റമേ എന്നോട് കസബും കൂട്ടാളികളും ചെയ്തിട്ടുള്ളൂ. ബാക്കിയൊക്കെ മറ്റുള്ളവരോട് ചെയ്ത കുറ്റങ്ങളും നിയമത്തിന്റെ നൂലാമാലകളുമാണ്. അവയുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ ആശിക്കുന്നു. എങ്കിലും എന്നോട് ചെയ്ത ഈ കുറ്റത്തിന് തന്നെ കസബ് വധശിക്ഷയര്‍ഹിക്കുന്നു എന്നാണ് എന്റെ ഉള്ളിലെ ഇമോഷണലായ മനുഷ്യന്‍ പറയുന്നത്. ഇതിലേറെ അനുഭവിച്ചവര്‍ വിധി ആഘോഷമാക്കുന്നത് അതിനാല്‍ എനിക്ക് മനസ്സിലാക്കാനാകും.

എങ്കിലും ചിന്തിക്കുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനാകുന്നു. യഥാര്‍ത്ഥത്തില്‍ കസബിന് എന്തു ശിക്ഷയാണ് വിധിക്കേണ്ടിയിരുന്നത്?

Tuesday, 30 March 2010

എന്റെ പേര്

പേര് ഒരസംബന്ധമാകുന്നു.

പേരില്ലാതെയും ജീവിക്കാം എന്നത് ഒരു സത്യം മാത്രമാണ്. ഏറ്റവും ദുര്‍ബലനായ ജീവിയായ മനുഷ്യന് മാത്രമാണ് പേര് എന്ന വിഡ്ഢിത്തത്തെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത്. നിങ്ങളുടെ പേര് അര്‍ത്ഥമുള്ളതോ ഇല്ലാത്തതോ ആയിരിക്കട്ടെ. ജീവിതത്തിന്റെ അര്‍ത്ഥം മാറ്റാന്‍ അവക്കൊന്നുമാകില്ല. പേരുകളൊന്നും തന്നെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയുമില്ല. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.

ഞാന്‍ ചിന്തിക്കുന്നവനാണ്. സത്യം മനസ്സിലാക്കിയവനാണ്. അതിനാല്‍ എനിക്ക് പേരില്ല.

ഞാന്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് എത്തിച്ചുതരേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നതിനാല്‍ പേരുപേക്ഷിച്ച് ജ്ഞാനിയാകാനുണ്ടായ സാഹചര്യം വിശദമാക്കുന്നു.

നിങ്ങള്‍ ആ കുന്ന് കാണുന്നില്ലേ? അതെന്റെ സ്വന്തമാണ്. വിശ്വസിക്കാനാകുന്നില്ല, അല്ലേ? ഞാന്‍ പറഞ്ഞില്ലേ, നിങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. അവിടെയാണ് ഞാനും എന്റെ പേരും സുഖമായി താമസിച്ചിരുന്നത്. ആ കുന്നിനെപ്പറ്റി നിലവിലുള്ള കഥകള്‍ കാരണം ആരും അവിടേക്ക് വരാന്‍ ധൈര്യപ്പെടില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. അല്ലെങ്കില്‍, ലോകം മുഴുവന്‍ കീഴടക്കിയ നിങ്ങള്‍ അങ്ങോട്ടുമാത്രം ഒരടിവെക്കാന്‍ ഭയപ്പെട്ടതെന്ത്?

അതിനാല്‍ നിങ്ങള്‍ക്ക് ആ കുന്നിന്റെ ചരിത്രമറിയില്ല. ഞാന്‍ സഹായിക്കാം.

എന്റെ പിതാമഹന്മാരുടെ കാലം മുതല്‍ക്കേ ആ കുന്ന് അവിടെയുണ്ട്. കുന്നിന് പേരില്ല. അറിവുനേടി നിര്‍ഭയരാകാന്‍ ശ്രമിക്കാതിരുന്ന നിങ്ങള്‍ അതിനെക്കുറിച്ചുള്ള ഭയം നിലനിര്‍ത്താനുതകുംവിധം പേരുകളുണ്ടാക്കി വിളിക്കുന്നുവെന്ന് മാത്രം. ഭയത്തിന്റെ പേരില്‍ എനിക്ക് നിങ്ങളെ കുറ്റം പറയാനാകില്ല. കാരണം ഞാന്‍ ആ കുന്നിനെ നിഗൂഢതയും മരണവുമാക്കി മാറ്റിയിരുന്നു.

വഴിതെറ്റി വന്നവരെ എല്ലും മുടിയുമാക്കി മാറ്റിയത് എന്റെ പേര് അറിഞ്ഞില്ല. നിങ്ങളും എന്ത് പ്രവര്‍ത്തിക്കുമ്പോഴും പേരറിയാതിരിക്കാന്‍ ശ്രദ്ധിക്കാറില്ലേ? കുന്നില്‍ നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ അവരുടെ പേരുകളും അലിഞ്ഞുപോയി. പേര് നഷ്ടപ്പെട്ട അവരെ കുടങ്ങളില്‍ പ്രതിഷ്ഠിച്ച് ഞാന്‍ ചങ്ങാതിമാരാക്കി. എനിക്ക് പേരില്ലെന്ന് അവര്‍ കരുതി. കിടന്നുറങ്ങുമ്പോള്‍ അവയിലൊരു കുടം ഞാന്‍ കെട്ടിപ്പിടിച്ചിരുന്നതില്‍ അവരിലൊരാളാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. വിഡ്ഢികള്‍ - അതില്‍ എന്റെ പേരായിരുന്നു.

എന്റെ പേരിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചിരുന്നെന്നോ.

ഇനി അല്‍പം ഭൂമിശാസ്ത്രം. ആ കുന്നിനപ്പുറം പുഴയാണ്. മനസ്സുപോലെ ആഴവും പരപ്പുമുള്ള ശാന്തവും രൗദ്രവുമായ പുഴ. പേരിനെ കുടത്തിലുറക്കിക്കിടത്തി ഞാനാ ഒഴുക്ക് നീന്തിക്കടന്നിട്ടുണ്ട്. അതിനപ്പുറം കാടാണ്. സുന്ദരമായ കാട്. നിറയെ മരുഭൂമികള്‍.

പുഴയിലും കാട്ടിലും ഞാന്‍ ചുവന്ന പുഷ്പങ്ങള്‍ വിതറി. മൃഗങ്ങള്‍ മരുഭൂമികളിലേക്ക് രക്ഷപ്പെട്ടു. കള്ളിമുള്‍ച്ചെടികളായി മാറി. പേരറിയാതെ ഞാന്‍ പൊട്ടിച്ചിരിച്ചു. മരുഭൂമിയിലും കുന്നിലും മഴ പെയ്തു. ഞാന്‍ പേരിനെയും കൂട്ടി പുറത്തിറങ്ങി. പേര് മഴ നനഞ്ഞ് ആനന്ദിക്കുമ്പോള്‍ ഞാന്‍ നാവുനീട്ടി മേഘങ്ങളുടെ രക്തം ആഘോഷിക്കുകയായിരുന്നു. നിലവിളികള്‍ നിഷ്കളങ്കനായി ഉറങ്ങുന്ന പേരിനെ അലോസരപ്പെടുത്താതിരിക്കാന്‍ ഞാന്‍ കുടത്തിന്റെ വായ നെഞ്ചോട് ചേര്‍ത്തുവച്ചു. പേര് കുടത്തില്‍ നിന്ന് തല പുറത്തേക്കിട്ട് എന്റെ മാറില്‍ ചുംബിച്ചു. ഞാന്‍ പുഞ്ചിരിക്കുകയാണെന്നാകും അവന്‍ വിചാരിച്ചത്.

ഞാന്‍ ഒളിച്ചുകളി തുടര്‍ന്നു. പേര് ഉറക്കത്തില്‍ വീണ്ടും പുഞ്ചിരിച്ചു.

ഒരിക്കല്‍ക്കൂടി ഞാന്‍ കുന്നിറങ്ങി. പേര് ഉറങ്ങുകയായിരുന്നു. പുഴവെള്ളത്തിന് കുളിര്. ഇറങ്ങി. നെഞ്ചുവരെ വെള്ളമുണ്ട്. ഒന്നു മുങ്ങി. ഒരു കവിള്‍ മാത്രം മധുരം ആസ്വദിച്ചു. കാട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ ചുവന്ന കാല്‍പാടുകള്‍. തിരിഞ്ഞുനോക്കി. സുന്ദരമായ കുന്ന്. അവിടെ വായ ഭദ്രമായടച്ച കുടത്തിനുള്ളില്‍ എന്റെ പേര്.

മരുഭൂമികള്‍. ഞാന്‍ മണല്‍ വാരി കാട്ടിലേക്കിട്ടു. പൊടിക്കാറ്റ്. മരുഭൂമി കാടിനെ രുചിച്ചുനോക്കുന്നു. കള്ളിമുള്‍ച്ചെടികള്‍ പൂക്കാലമോര്‍ത്ത് കരയുന്നു. ഞാന്‍ മാത്രം ചിരിക്കുന്നു. കാറ്റിന് തകര്‍ക്കാനാകാത്തതായി ഞാന്‍ മാത്രം.

പുഴയെ ശാന്തമാക്കാന്‍ ഒരു ജീവബിന്ദുകൂടി. തിരിച്ചുനടക്കുമ്പോഴും കാല്‍പാടുകള്‍ മാഞ്ഞിട്ടില്ല. പുഴക്ക് വിശപ്പടങ്ങിയെങ്കില്‍... ജീവബിന്ദു ആ ചുവപ്പില്‍ അലിഞ്ഞുചേരുന്നു. രോദനങ്ങളില്ല. ശാന്തം.

പുഴയില്‍ നിന്ന് ഉയരാന്‍ തോന്നിയില്ല. കുളിര്.

മുന്നില്‍ എന്റെ പേര്. കുടത്തില്‍നിന്നും പുറത്തെത്തിയതെങ്ങനെ? ചുറ്റും അട്ടഹാസങ്ങള്‍ കേള്‍ക്കുന്നു. മുന്നില്‍ കണ്ണുകളില്‍ സ്നേഹവും ദൈന്യവും. ഞാന്‍ അവനെ വാരിയെടുത്ത് കുന്നിലേക്കോടി. രാത്രി കുടം മുറുക്കിക്കെട്ടിയാണ് അവനുവേണ്ടി താരാട്ടുപാടിയത്.

അടുത്ത പ്രഭാതം. ആരോ ശക്തിയില്‍ ഞെരുക്കുന്നതുപോലെ. അനങ്ങാനാവുന്നില്ല. ഞാന്‍ തിരിച്ചറിയുന്നു. ഞാനാണ് ഇപ്പോള്‍ കുടത്തിനുള്ളില്‍. പേര് സ്നേഹം കൊണ്ട് തീര്‍ത്ത പൂട്ട് തകര്‍ക്കണം. ഞാന്‍ അശക്തനോ?

ഒടുക്കം ഞാന്‍ വിജയിച്ചിരിക്കുന്നു. പക്ഷെ എന്റെ പേര് എവിടെ? മറ്റു കുടങ്ങള്‍ തുറന്നുകിടക്കുന്നു. അവയില്‍ ചിരികള്‍ മാത്രം.

കുന്നിറങ്ങാന്‍ ഏറെ ക്ലേശപ്പെട്ടു. തിരിഞ്ഞുനോക്കാനാകുന്നില്ല. അവിടെ എന്റെ പ്രിയപ്പെട്ട പേരില്ലല്ലോ. കുന്നില്‍ നിന്ന് ഒഴുകിവരാറുണ്ടായിരുന്ന സ്നേഹത്തിന്റെ കാറ്റ് നിലച്ചതുപോലെ.

പുഴ ചുവപ്പുനിറം നഷ്ടപ്പെട്ട് വിളറിയിരിക്കുന്നു. കടക്കാന്‍ ശ്രമിക്കുമ്പോള്‍ ചുവട്ടില്‍ നിന്ന് ആരോ വലിക്കുന്നു. വയ്യ. ഇതായിരിക്കും മരണം.

അവിടെ ഞാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ താഴേക്ക് നോക്കി. ജീവബിന്ദുക്കളാണ്. സ്നേഹം. കാത്തുനില്‍ക്കാന്‍ വയ്യ. ചവിട്ടിമാറ്റി തുടര്‍ന്നു. കാട് വീണ്ടും പൂത്തിരിക്കുന്നു. പ്രിയപ്പെട്ട മരുഭൂമി എവിടെ?

അതാ ദൂരെ. ഞാന്‍ അതിനുനേരെ ഓടി. അത് അകന്നുപോകുന്നുവോ? ഒടുക്കം ഞാനത് കണ്ടു. മരുഭൂമി.

അവിടെ ഒരു ചുവന്ന രൂപം. അത് മരുഭൂമിയെ ആവാഹിക്കുകയാണ്. മരുഭൂമി ശരീരത്തില്‍ ഏറ്റുവാങ്ങി അയാള്‍ കാട് തിരിച്ചുനല്‍കുന്നു. ഞാന്‍ വിളിച്ചു. അയാള്‍ തിരിഞ്ഞുനോക്കി. കണ്ണുകളില്‍ കനിവ്.

അത് എന്റെ പേരായിരുന്നു. അടുക്കാനാകുന്നില്ല. എന്റെ പേര്. എന്റെ രക്തവും എന്റെ മരുഭൂമിയും ആവാഹിച്ചതെന്തിനെന്ന് ഞാന്‍ ചോദിച്ചു. "നിന്റെ പേരല്ലാതെ മറ്റെന്താണ് ഇവയെ ആവാഹിക്കാനുണ്ടാകുകയെന്നാണ് നീ കരുതിയിരുന്നത്? നിനക്ക് പേരു മാത്രമേയുള്ളൂ". ദുഃഖങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാന്‍ എന്റെ പേരു മാത്രം ബാക്കി.

അവന്‍ വീണ്ടും എന്നെ സ്നേഹത്തോടെ നോക്കി.

എനിക്ക് ജ്ഞാനം സിദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് ആദ്യമായി അവനോട് വെറുപ്പുതോന്നി. പേരിനെ ഞാന്‍ ഉപേക്ഷിച്ചു. അവന് ചിരിച്ചു. "നീ സത്യം കണ്ടെത്തിയിരിക്കുന്നു. നമുക്ക് പിരിയാം. ഈ ദുഃഖങ്ങളില്‍ നിന്ന് നിന്നെ ഞാന്‍ മോചിപ്പിക്കുന്നു." അവന്‍ തിരിച്ചുനടന്നു. പുഴയുടെ ആഴങ്ങളില്‍ മോക്ഷം പ്രാപിച്ചു.

പുഴ വീണ്ടും തെളിഞ്ഞു. ജീവബിന്ദുക്കളും മോക്ഷം നേടി. കള്ളിമുള്ളുകള്‍ക്ക് രൂപം തിരിച്ചുകിട്ടി. പൂക്കളുടെ സുഗന്ധവും കിളികളുടെ പാട്ടുകളും ഞാന്‍ ആദ്യമായി അറിഞ്ഞു.

പക്ഷെ അവക്കൊന്നും എന്റെ മനസ്സിളക്കാനായില്ല. കാരണം ഞാന്‍ ജ്ഞാനിയായിക്കഴിഞ്ഞിരുന്നു. എന്റെ പേര് പുഴയില്‍ എന്റെ ഭൂതകാലത്തോടൊപ്പം ഒഴുകിനീങ്ങുകയായിരുന്നു. ഞാന്‍ എന്റെ പേരില്‍ നിന്നും സ്വതന്ത്രനായി, ഞാന്‍ മാത്രമായി, ഈ പ്രകൃതിയുടെ അംശമായിത്തീര്‍ന്നിരുന്നു.

ഞാന്‍ അറിഞ്ഞ സത്യം ഞാന്‍ പകരുന്നു. നിങ്ങളുടെ പേര് അല്ല നിങ്ങള്‍. പേര് ഉപേക്ഷിച്ച് എന്നോടൊപ്പം പോരൂ. ഞാന്‍ നിങ്ങള്‍ക്ക് പ്രകൃതിയുടെ പേരില്ലാത്ത ഈ ശാന്തി പരിചയപ്പെടുത്തിത്തരാം.


പിന്‍കുറിപ്പ് : പണ്ടെപ്പൊഴോ എഴുതിയതാണ്. 2007-ല്‍ മാധ്യമം വെളിച്ചം ചെറുകഥാമത്സരത്തിന് അയച്ചുകൊടുത്തു. ഒന്നാം സ്ഥാനം കിട്ടി. 2008 മാര്‍ച്ച് 24-ന് മാധ്യമം വെളിച്ചത്തില്‍ കഥ വന്നിട്ടുണ്ടായിരുന്നു. ഒന്നുരണ്ടുപേര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇപ്പോള്‍ ഇവിടെ ഇടുന്നു.

Sunday, 28 March 2010

ഗൗരീശങ്കരം

അച്ഛന്‍ വീണ്ടും നാടുവിട്ടെന്ന് മനസ്സിലായി.

രാവിലെ വീട്ടില്‍ കാണാഞ്ഞപ്പോഴേ സംശയം തോന്നിയതാണ്. ഇങ്ങനെയൊരു പദ്ധതി മനസ്സിലില്ലെങ്കില്‍ എന്നോട് പറയാതെ എവിടേക്കും പോവുക പതിവില്ല. കാലങ്ങളായി അടഞ്ഞുകിടന്ന ഏതോ പെട്ടിയില്‍ നിന്നെടുത്ത മുഷിഞ്ഞൊരു സാരിയുടുത്ത് അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉറപ്പായി.

ഇതുവരെ അച്ഛന്‍ എന്നെ തല്ലിയിട്ടില്ല. പക്ഷെ ഇതിന് ഒരു ദിവസം അച്ഛന്റെ കരണത്തൊന്ന് പൊട്ടിക്കണം.

ചായയെടുത്ത് കോലായിലേക്ക് വന്നപ്പോള്‍ അമ്മ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ പത്രം വായിച്ചിരിക്കുകയാണ്. സന്ധ്യ മുഖം വീര്‍പ്പിച്ചിരിക്കുന്നുണ്ട്. അച്ഛന്‍ വീണ്ടും നാടുവിട്ടുപോയോ എന്ന് ചോദിച്ചപ്പോള്‍ അമ്മ തലകുലുക്കുക മാത്രം ചെയ്തു.

അച്ഛനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ തന്നെ ഇതുപോലൊരു സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നതാണ്. പെട്ടിയുമെടുത്ത് കയറിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു. പിന്നെ എന്നെയും.

എപ്പോള്‍ തിരിച്ചുവരും?
അമ്മ എന്നെയൊന്ന് നോക്കി. ഒന്നുരണ്ടാഴ്ച. കൂടിപ്പോയാല്‍ കുറച്ച് മാസങ്ങള്‍. എന്തുവന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരും.
വന്നില്ലെങ്കില്‍?
മരിച്ചുപോയി, അത്രയേ ഉള്ളൂ.

ഓരോ യാത്രയും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. ഓരോ തിരിച്ചുവരവും അത്രതന്നെ ആവര്‍ത്തനവിരസത നിറഞ്ഞതും. നിനച്ചിരിക്കാതെ കൈയില്‍ ഒരു പെട്ടിയുമായി പുഞ്ചിരിച്ചുകൊണ്ട് ഗേറ്റ് തുറന്നുവരുന്നു. അമ്മയെ കെട്ടിപ്പിടിക്കുന്നു, പിന്നെ എന്നെയും സന്ധ്യയെയും.

അച്ഛന്‍ പോയതുകൊണ്ട് അമ്മ ദുഃഖിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. തിരിച്ചുവരുമ്പോള്‍ പോയതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നതും കണ്ടിട്ടില്ല. അല്ല, അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതേ കണ്ടിട്ടില്ല. കൂട്ടുകാരെപ്പോലെയാണ് അച്ഛനും അമ്മയും ജീവിക്കാറുള്ളത്. പ്രണയവിവാഹമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് - ചോദിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഞങ്ങളോടും അച്ഛന്‍ കൂട്ടുകാരെപ്പോലെത്തന്നെയാണ്. ഇങ്ങനെയൊരു ജീവിതത്തിന് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പൊടുന്നനെയൊരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് അച്ഛന്‍ ഇറങ്ങിപ്പോകുന്നു. കുറച്ചുകാലത്തിനുശേഷം നിര്‍ത്തിയിടത്തുവച്ച് തുടരുന്നു.

അമ്മയോട് അച്ഛന്‍ വല്ലതും സംസാരിച്ചിരുന്നോ?
ഇല്ല.
എവിടേക്കാണ് പോയതെന്ന്...?
എനിക്കറിയില്ല.
പോലീസില്‍ അറിയിക്കണ്ട എന്നുതന്നെയാണോ?
എത്ര തവണ കഴിഞ്ഞതാ മോനേ ഈ സംഭാഷണം? ഇനിയും വേണോ?

അമ്മ പോലീസില്‍ അറിയിക്കാന്‍ സമ്മതിക്കില്ല. അച്ഛന് മാനസികരോഗമൊന്നുമില്ലെന്നും അങ്ങനത്തെയൊരാള്‍ സ്വന്തം ഇഷ്ടപ്രകാരം കുറച്ചുകാലത്തേക്ക് യാത്ര പോയാല്‍ വേട്ടയാടേണ്ട ആവശ്യമില്ല എന്നാണ് അമ്മയുടെ പക്ഷം. ഇതിനുമുമ്പ് അച്ഛന്‍ തിരിച്ചുവന്നത് മൂന്നാലു മാസം മുമ്പാണ്. ഒന്നുരണ്ടാഴ്ചയേ ഉള്ളായിരുന്നു സഞ്ചാരം. ഒരു തവണ മൂന്നുമാസം വരെ അജ്ഞാതവാസം നീണ്ടുന്നിന്നതായി ഓര്‍ക്കുന്നുണ്ട്.

അതിലും കൂടുതലുണ്ടായിരുന്നു എന്ന് അമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് നാടുവിട്ട അച്ഛന്‍ കാടാറുമാസം തീര്‍ത്തിട്ടേ തിരിച്ചുവന്നുള്ളൂ. അപ്പോഴും അമ്മയ്ക് അങ്കലാപ്പില്ലായിരുന്നു.

അച്ഛനെ അമ്മയ്ക്കേ അറിയൂ. അമ്മയ്ക്ക് എല്ലാം അറിയാമെങ്കില്‍ ഞങ്ങളില്‍ നിന്നെങ്കിലും മറച്ചുവയ്ക്കാതിരുന്നുകൂടേ?

അമ്മേ, ഞങ്ങളോടെങ്കിലും ഒന്ന് പറഞ്ഞൂടേ അച്ഛന്‍ എന്തിനാ പോയതെന്ന്?

സന്ധ്യ കോളേജിലേക്കിറങ്ങി. അമ്മ ജോലിക്കും.

അമ്മേ, ഇതിട്ടോണ്ടോ?
ഉം
അച്ഛന്‍ പോയതിന് ദുഃഖം ആചരിക്കണമെന്നുണ്ടെങ്കില്‍ നാട്ടുകാരെ അറിയിച്ചുവേണോ?
പത്തിരുപത്തഞ്ച് വയസ്സായല്ലോ. ഇഷ്ടമില്ലാത്ത ചോദ്യം നിര്‍ത്തണമെന്ന് മനസ്സിലാക്കാനുള്ള വകതിരിവായിട്ടില്ല?

ഇന്ന് ഞാന്‍ വീട്ടിലിരിക്കുകയാണ്. എനിക്കു വയ്യ ആരോ എഴുതുന്ന ഈ നാടകത്തിലെ വേഷം വീണ്ടും വീണ്ടും ആടാന്‍. മുറിയിലേക്ക് പോയപ്പോള്‍ മേശപ്പുറത്തൊരു കത്ത്.

ഒരു വരി.
ഞാന്‍ പോകുന്നു - ഗൗരി.
അത്രയേ ഉള്ളൂ.

അച്ഛന് പിന്നാലെ അമ്മ കൂടി പോകാത്ത കുറവേ ഉള്ളൂ. പോട്ടെ. സന്ധ്യേ, നിനക്ക് വേണമെങ്കില്‍ നീയും പൊയ്ക്കോ. പിന്തുടരാന്‍ എനിക്ക് വയ്യ. ഞാനീ കൂട്ടില്‍ ഒറ്റയ്ക്കിരുന്ന് ഭ്രാന്തെടുത്തോളാം.

ഉച്ചഭക്ഷണം കഴിക്കാനിരുന്നു. സാധാരണ അമ്മ ഉച്ചയാകുമ്പോഴേക്ക് വീട്ടിലെത്തുന്നതാണ്. ഇന്ന് വരില്ലല്ലോ.

കോളിങ്ങ് ബെല്‍. അമ്മ.

കത്തെടുത്തു കൊടുത്തു. ചോദ്യരൂപേണ അമ്മയെ നോക്കിയപ്പോള്‍ അമ്മ ചിരിച്ചു.

മോനേ, എന്നെ നീ എത്ര കാലമായി അറിയും?
...
ഇതെഴുതിയത് ഞാനാണോ?

എനിക്കൊന്നും മനസ്സിലായില്ല. കത്തെഴുതിയിരിക്കുന്നത് അച്ഛനാണ്. ഇരുട്ടില്‍ നിന്ന് കൂടുതല്‍ ഇരുട്ടിലേക്ക്. എല്ലാവര്‍ക്കും എന്നെത്തന്നെ കരുവാക്കി ചതുരംഗം കളിക്കണോ?

അമ്മ എന്നെ കസേരയിലിരുത്തി നെറ്റിയില്‍ ഉമ്മവെച്ച് പതിയെ സംസാരിക്കാന്‍ തുടങ്ങി.

അച്ഛന്‍ ഇതെഴുതിയത് എനിക്ക് വായിക്കാനാണ്, ഞാനാണത് ഇവിടെ കൊണ്ടുവച്ചത്.

എനിക്ക് നിന്റെ അച്ഛനെ കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. ശങ്കരേട്ടനെ ഞാന്‍ ഇഷ്ടപ്പെടാനുള്ള ഒരു കാരണം ശങ്കരേട്ടന്‍ എന്നെപ്പോലെയായിരുന്നു എന്നതാണ്. ശങ്കരേട്ടന്റെ ഉള്ളില്‍ എന്നും ഒരു ഗൗരി ഉണ്ടായിരുന്നു. നിങ്ങളെയും ഒരമ്മയെപ്പോലെയാണ് അച്ഛന്‍ സ്നേഹിച്ചത്. ഒരിക്കല്‍ മാത്രമേ ശങ്കരേട്ടനെക്കുറിച്ചുള്ള എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൗരി ഞാന്‍ കരുതിയതിലുമേറെ ശക്തയായിരുന്നു. വിവാഹരാത്രിയില്‍ ശങ്കരേട്ടന്‍ സാരിയുടുത്തുനില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. എന്നെക്കാള്‍ സുന്ദരിയായിരുന്നു. ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. ശങ്കരേട്ടന് ഗൗരിയായി ജീവിക്കാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. വീട്ടിനകത്ത് സാരിയുടുത്തിരിക്കുന്നതില്‍ ഒതുങ്ങാതെ പുറംലോകത്ത് ഒരു സ്ത്രീയായി എല്ലാ അര്‍ത്ഥത്തിലും...

വിവാഹം കഴിഞ്ഞ് കുറച്ചുകാലമായപ്പോഴേക്ക് ഈ ആഗ്രഹം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങി, ഒരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനാലാകാം. ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ പൂര്‍ത്തീകരിക്കുകയേ വഴിയുള്ളല്ലോ. മറ്റെവിടെയെങ്കിലും പോയി കുറച്ചുകാലം എന്റെ ജീവിതം ജീവിക്കാന്‍ ഞാനാണ് ആവശ്യപ്പെട്ടത്. എന്റെ വസ്ത്രങ്ങളെല്ലാമെടുത്ത് ഒരു വഴിക്ക് പോയി. എങ്ങോട്ടെന്ന് ചോദിച്ചില്ല. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവന്നു. എന്നെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. പോകാനനുവദിച്ചതിന് കുറേ നന്ദിയും പറഞ്ഞു. പിന്നെയും ഇടയ്ക്കിടക്ക് പോകും. എനിക്ക് സന്തോഷമേയുള്ളൂ. ഭര്‍ത്താവിന്റെ ഒരാഗ്രഹം സാധിച്ചുകൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭാര്യയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? ശങ്കരേട്ടനെ ഇങ്ങനെ ഗൗരിയായി മാറാനനുവദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ നമുക്ക് ഇത്ര സന്തോഷമായി ജീവിക്കാനും സാധിക്കുമായിരുന്നില്ല.

കുറച്ചുനേരം എനിക്കൊന്നും പറയാന്‍ പറ്റിയില്ല

അമ്മേ, അമ്മയ്ക്കെങ്ങനെ അച്ഛനെ ഇങ്ങനെ ജീവിക്കാന്‍ വിടാന്‍ സാധിച്ചു?
അതല്ലേ ഇത്ര വിശദമായി പറഞ്ഞത്?
അച്ഛന്‍ തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചാല്‍?
ആ പേടി എനിക്കില്ല. ഉള്ളിലെ ഗൗരിയെക്കാള്‍ ശങ്കരേട്ടന്‍ സ്നേഹിക്കുന്നത് ഈ ഗൗരിയെയാണെന്ന് എനിക്കറിയാം. പിന്നെ ഒരമ്മയ്ക്ക് എത്ര കാലം മക്കളില്‍ നിന്ന് അകന്നുകഴിയാന്‍ സാധിക്കും?
ഇത്രയും കാലം ഞങ്ങളോടൊന്നും പറയാതിരുന്നത്...
അറിയാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നു തോന്നി. ഇപ്പോഴും സന്ധ്യയെ അറിയിക്കാന്‍ ഉദ്ദേശ്യമില്ല. നീയും പറയരുത്.
പിന്നെ ഇപ്പോഴെന്താ എന്നോടു മാത്രം പറയാന്‍?

അമ്മ ചിരിക്കാന്‍ തുടങ്ങി. പേടിയാണ് തോന്നുന്നത്.
മോനേ, അച്ഛനെ മാത്രമല്ല നിന്നെയും എനിക്ക് നന്നായറിയാം. അമ്മ സഞ്ചിയില്‍ നിന്ന് ഒരു പാക്കറ്റെടുത്തു തന്നു. മോനേ, നീയിതുടുത്ത് നില്‍ക്കുന്നത് എനിക്കൊന്നു കാണണം.

കണ്ണാടിക്കുമുമ്പില്‍ സാരിയുടുത്ത് നില്‍ക്കുമ്പോള്‍ അമ്മയായിരുന്നു മനസ്സിലാകെ. ഞാനും ഒരു ഗൗരിയെ കാത്തിരിക്കുകയാണ്.

Saturday, 20 March 2010

ഒരോര്‍മ്മ

പണ്ടാണ്, വളരെ പണ്ട്
വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ഒക്കെ മുമ്പ്
ഏകദിനക്രിക്കറ്റില്‍ 200 എന്ന വ്യക്തിഗതസ്കോര്‍ പിറക്കുന്നതിനു മുമ്പ്
പീറ്റ് സാംപ്രാസ് റെക്കോര്‍ഡ് പുസ്തകത്തില്‍ നിന്ന് നീക്കപ്പെടുന്നതിനു മുമ്പ്
18 വയസ്സായിട്ടും വോട്ടു ചെയ്യാതിരുന്ന 2009-ലെ ജനറല്‍ ഇലക്ഷന് മുമ്പ്
വിക്കിപീഡിയയില്‍ ചേരുന്നതിനു മുമ്പ്
എല്ലാ ഫിസിക്സ് പ്രൊജക്റ്റും അടിപൊളിയായിരിക്കേണ്ടതില്ല എന്ന് ആദ്യമായി പഠിപ്പിച്ച 2008-ലെ വേനലവധിക്കും മുമ്പ്
(ഇതിനിടയ്ക്ക് വേറെയൊന്നും നടന്നില്ല എന്നല്ല. തല്‍ക്കാലം ബ്ലോഗില്‍ എഴുതാവുന്നതായി ഇത്രയേ ഓര്‍മ്മ വരുന്നുള്ളൂ)

2008 ഏപ്രില്‍ 18

ഇപ്പോള്‍ ജീവിതത്തില്‍ ഒന്നും നടക്കാത്തതുകൊണ്ടാണ് പഴയ സാധനങ്ങള്‍ പൊടിതട്ടിയെടുക്കുന്നത് എന്ന് വിചാരിക്കണ്ട. ഇപ്പോള്‍ എല്ലാം വളരെ പെട്ടെന്ന് നടക്കുന്നതുകൊണ്ട് എഴുതാന്‍മാത്രം ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ പറ്റുന്നില്ല എന്നു മാത്രം. പിന്നെ, എന്തുകൊണ്ടോ ഓര്‍ത്തുപോയി...

2008 ഏപ്രില്‍ 18 -ന് എന്താണ് നടന്നത്? വിക്കിയില്‍ നോക്കിയാല്‍ ഒന്നും നടന്നതായി കാണുന്നില്ല. പിന്നെ?

ക്രിക്കറ്റ് പ്രാന്തന്മാര്‍ക്ക് ഒരു കാര്യം ഓര്‍മ്മയുണ്ടാകും : അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെത്തന്നെ തിരുത്തിക്കുറിച്ച ഐ പി എല്‍ എന്ന സാധനത്തിന്റെ ഒന്നാം സീസണ്‍ തുടങ്ങിയത് 2008 ഏപ്രില്‍ 18-നായിരുന്നു. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചുകൂടിയാണെങ്കിലും അതിനെക്കുറിച്ചല്ല.

രണ്ടാം സെമസ്റ്ററിന്റെ അവസാനം. 21-ന് എന്‍ഡ്സെം തുടങ്ങുകയാണ്. പരീക്ഷയ്ക്ക് മുമ്പ് പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുക എന്ന പ്രിന്‍സിപ്പിള്‍ മുറുകെപ്പിടിക്കുന്നതിനാല്‍ താരതമ്യേന സ്ഥിതി കുഴപ്പത്തിലായിരുന്ന ഇലക്ട്രോണിക്സ് ആണ് പഠിക്കാന്‍ വിചാരിച്ചിരുന്നത്. മുകളില്‍ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചെഴുതിയിടത്ത് പരീക്ഷാസമയത്ത് രാവിലെത്തൊട്ടേ കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവം നിര്‍ത്തുന്നതിന് മുമ്പ് എന്നുകൂടി ചേര്‍ക്കണം.

അങ്ങനെയായാലും സാധാരണ മനുഷ്യന്‍മാര്‍ വായിക്കാന്‍ തുടങ്ങുന്ന ഒരു സമയമുണ്ടല്ലോ. അതിനുമുമ്പ് വാതിലില്‍ മുട്ടുകേട്ടാണ് ഉണര്‍ന്നത്. ശ്രീരാം വന്നിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലായി. അവന്റെ മാനസികനില വച്ച് പണ്ടേ ആത്മഹത്യ ചെയ്യേണ്ടതാണ് എന്നാണ് ലോകാഭിപ്രായം, ആയിട്ടില്ല. ഇവനൊന്ന് ചത്തിട്ടെങ്കിലും ഒഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്ന് അവന്റെ വെറുപ്പിക്കലിന് പാത്രമാകേണ്ട ദുര്യോഗമുണ്ടായിട്ടുള്ള ഐ ഐ ടി ജനതയുടെ വലിയൊരു ഭാഗം ഒരിക്കലെങ്കിലും രഹസ്യമായെങ്കിലും ആശിച്ചിട്ടുമുണ്ടാകും.

എനിവേ, വന്ന് കേറിയ ഉടനെയുള്ള പുള്ളിയുടെ സ്റ്റേറ്റ്മെന്റായിരുന്നു രസം : അവന് ചിക്കന്‍പോക്സാണ്. ഞാനൊന്ന് കണ്‍ഫ്യൂഷനിലായി. ഉപ്പ ഡോക്ടറാണെങ്കിലും എന്റെ കൈയില്‍ മരുന്നിനുപോലും മരുന്നൊന്നും കാണില്ല. രാഹുലിനോട് ശ്രീരാം ചോദിച്ചാല്‍ കാലു മടക്കി ഒന്ന് കിട്ടുകയാവും ചെയ്യുക. ഒറ്റക്ക് ചിക്കന്‍ പോക്സ് വന്ന് ബോറടിച്ചതുകൊണ്ട് കമ്പനിക്ക് എന്നേം കൂടി കൂട്ടാനാണോ? എന്തു വേണം എന്ന് ചോദിച്ചു. അവന് പഠിക്കാന്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ പുസ്തകം വേണം. നാലഞ്ച് പേര്‍ ചേര്‍ന്ന് പൂള്‍ ചെയ്യുന്ന വകയായതുകൊണ്ട് എന്റെ കൈയില്‍ സാധനം അപ്പോള്‍ ഇല്ലായിരുന്നു. അവന്റെ കൈയിലിരിപ്പ് വച്ച് വേറാരും അവന് കൊടുക്കുകയുമില്ല. കൂട്ടുകാരന്റെ ആവശ്യം കഴിഞ്ഞ് കൊടുക്കാം എന്നു പറഞ്ഞ് അവനെ ഹെല്‍ത്ത് സെന്ററിലേക്ക് ഉന്തിത്തള്ളിവിട്ടു.

പിന്നെ നടന്നതിനെക്കുറിച്ച് വ്യക്തമായ ഓര്‍മ്മയില്ല. വെള്ളിയാഴ്ചയായതുകൊണ്ട് ക്ലാസ്സുണ്ടാകേണ്ടതാണ്, പക്ഷെ അന്ന് പോയതായി ഓര്‍ക്കുന്നില്ല - പ്രൊഫസര്‍മാരെല്ലാം പാവം വിചാരിച്ച് സ്റ്റഡി ലീവ് തന്നതാകാം. ഏതായാലും ഉച്ചയായപ്പോഴേക്ക് ശ്രീരാമിന്റെ ഫോണ്‍ വന്നു. അവനെ ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുറേ ദിവസം കിടക്കേണ്ടിവരും, രണ്ടുമൂന്ന് പരീക്ഷയും മിസ്സാകും. ഏതായാലും ഇലക്ട്രോണിക്സ് അവസാന പരീക്ഷയായതുകൊണ്ട് അവന് പഠിക്കണം. പുസ്തകം ഒപ്പിച്ചുകൊടുക്കാമെന്നേറ്റു. ഒരു വിധം ഒരു ദിവസത്തേക്ക് സാവകാശമെടുത്ത് കൂട്ടുകാരന്റെ കൈയില്‍ നിന്ന് പുസ്തകം കടം വാങ്ങി. വിവേകിനും ഒരു പുസ്തകം കൊടുക്കാനുണ്ട്. അവന്റെ മുറി തൊട്ടടുത്ത വിങ്ങിലാണ്. പക്ഷെ ഫോണ്‍ വിളിച്ചുനോക്കിയപ്പോള്‍ അവന്‍ ലൈബ്രറിയിലാണ്. തിരിച്ചുവരട്ടെ.

അന്നും ഇന്നും സൈക്കിളില്ലാത്തതുകൊണ്ട് (അന്ന് സൈക്കിള്‍ ചവിട്ടാനും അറിഞ്ഞുകൂടാരുന്നു എന്നൊരു കാര്യവുമുണ്ട്) പുസ്തകവുമെടുത്ത് ഹെല്‍ത്ത് സെന്ററിലേക്ക് ഒരു നടത്തം വച്ചുകൊടുത്തു. എനിക്കിതുവരെ ചിക്കന്‍ പോക്സ് വന്നിട്ടില്ല. രോഗങ്ങളുമായുള്ള എന്റെ ബന്ധം വച്ചു നോക്കുമ്പോള്‍ വേണ്ടാത്ത റിസ്കാണ്. പോട്ടെ. വൈകുന്നേരം ഐപിഎല്ലിലെ ആദ്യത്തെ കളി കാണണം. റ്റ്വന്റി-റ്റ്വന്റി ലോകകപ്പല്ലാത്തെ ഈ ഫോര്‍മാറ്റില്‍ ഒന്നും കണ്ടിട്ടില്ല, ടൂര്‍ണമെന്റ് വിജയമാകുമോ എന്നുപോലും അറിയില്ല, ഏതായാലും കാര്യമായ ഹൈപ്പുണ്ട്. കുറേ ദിവസമായി പഠിക്കുന്നു, ഇന്ന് രാത്രി ഈ കളി കാണണം (അപ്പഴാണ് ഇങ്ങനൊക്കെ വിചാരിച്ചിരുന്നത് - ഇപ്പോള്‍ കളി കാണാതിരിക്കണോ എന്ന ചോദ്യം പോലും ഉദിക്കാറില്ല).

പ്രാര്‍ത്ഥിച്ചുകൊണ്ട് ഹെല്‍ത്ത് സെന്ററിലേക്ക് കയറി. ആദ്യമായാണ്. ബാലരമയിലെ ചിത്രകഥകളിലൊക്കെ കാണുന്നതുപോലൊരു ചെകുത്താന്‍ കോട്ടയുടെ രൂപമാണ് സഹപാഠികളുടെ വിവരണങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കയറി. ഒരു മൂലക്ക് ശ്രീരാമിനെ കണ്ടു. പുസ്തകവും കൊടുത്ത് തിരിച്ചുനടന്നു. വരുന്ന വഴിക്ക് ഒരു ആമ്പുലന്‍സ് ലൈറ്റൊക്കെയിട്ട് ഹെല്‍ത്ത് സെന്ററിന്റെ വഴിക്ക് പോകുന്നു. ഇതിപ്പം എന്തെടാ? നോക്കുമ്പോള്‍ അകത്ത് മൂന്നാലുപേരുണ്ട്. റിഷിയെ മാത്രമേ അറിയൂ. സ്ഥലത്തെ പ്രധാന ജോക്കറായ അവനെ ആദ്യമായാണ് സീരിയസായി കാണുന്നത്. നടന്ന് ഹോസ്റ്റല്‍ ഗേറ്റിലെത്തിയപ്പോള്‍ പോലീസും ആള്‍ക്കൂട്ടവും. എന്തോ കാര്യമായി നടന്നിട്ടുണ്ട്.

രാഹുലിന്റെ ഫോണ്‍ വന്നു. വിവേകിന്റെ റൂം മേറ്റ് ഫാനില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നു. മരിച്ചെന്നാണ് രാഹുല്‍ പറയുന്നത്. പക്ഷെ കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല. ഒരു നിമിഷം അമ്പരന്നു പോയി. വിവേകിന് പുസ്തകം കൊടുക്കാന്‍ അവന്റെ റൂമിലേക്ക് പോയിരുന്നെങ്കില്‍ എനിക്ക് എന്താണ് കാണേണ്ടി വരുമായിരുന്നിരിക്കുക? പിന്നെ എന്താണെന്നറിയില്ല, മനസ്സ് വളരെ ലൈറ്റായി. രണ്ടുമൂന്ന് ദിവസം മുമ്പ് കണ്ടിട്ടുണ്ട് പുള്ളിയെ. പ്രശാന്ത് കുമാര്‍. കാന്‍പൂരുകാരന്‍. അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ഡ്രോപ് ചെയ്യുകയായിരുന്നു. ഒരു തവണ ഡല്‍ഹിയിലേക്ക് ഓടിപ്പോയതായും കേട്ടിട്ടുണ്ട്. രാത്രി കമ്പ്യൂട്ടര്‍ സെന്ററിലിരിക്കുമ്പോള്‍ വിവേകും പ്രശാന്തും ടി എ സ്ലൈഡുകള്‍ പഠിച്ചുകൊണ്ട് അടുത്തുണ്ടായിരുന്നു. ശാന്തനായിരുന്നു.

വിവേക് അപ്പോള്‍ ആ വഴി വന്നു. പുസ്തകം കൊടുത്തു. വേറൊന്നും സംസാരിച്ചില്ല. പ്രശാന്ത് നൈലോണ്‍ കയറു വച്ചാണ് തൂങ്ങിയിരിക്കുന്നത്. മുമ്പു തന്നെ വാങ്ങി വച്ചിരുന്നിരിക്കണം. വിവേക് അറിഞ്ഞില്ലെന്നു പറയുമ്പോള്‍...

ശുഭായുവിന്റെ റൂമിലേക്ക് പോയി. എന്തോ ഒരു എക്സൈറ്റ്മെന്റ്. അവനോടും കാര്യം പറഞ്ഞു. രണ്ടുപേരും പത്തിരുപത് മിനിറ്റ് മിണ്ടാതെ ഇരിപ്പായി. പിന്നെ ധര്‍മ്മരോഷം. പിന്നെ ഹാലിഡേ-റെസ്നിക്കു് വായിക്കാനും പ്രകാശശാസ്ത്രം പഠിക്കാനും തുടങ്ങി.

രാത്രിയായപ്പോഴേക്ക് തിരിച്ചുവന്നു. ഭക്ഷണം കഴിച്ചു. ടി വി റൂമിലേക്ക് ചെന്നു. കളി തുടങ്ങിയിട്ടില്ല. എനിലും ഹോസ്റ്റല്‍ ജനത മൊത്തം അവിടെയുണ്ട്. ഒറ്റയൊന്നിനും പഠിക്കണമെന്നില്ല. ഐ ഐ ടി വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് ന്യൂസ് ചാനലുകളിലെ ഫ്ലാഷ്. കളി തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് ആദിത്യ റൂമിലേക്ക് വന്നു. ഈ ഒരു ദിവസമെങ്കിലും ടി വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രശാന്ത് മരിച്ചിരിക്കുന്നു എന്ന് കണ്‍ഫര്‍മേഷന്‍.

നേരെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക്. ക്രിക്കിന്‍ഫോയില്‍ കളി ഫോളോ ചെയ്യാന്‍ തുടങ്ങി. ബ്രണ്ടന്‍ മക്‌കല്ലം ബാംഗ്ലൂരിനെ കൊന്ന് കൊലവിളിച്ചിരിക്കുന്നു. അല്‍പം കൂടി ആസ്വാദ്യകരമായ മരണം. സര്‍ഫിങ്ങും മെയിലിങ്ങും ഒക്കെ കഴിഞ്ഞ് റൂമിലേക്ക് തിരിച്ചുചെന്ന് കിടന്നുറങ്ങി.

പിറ്റേന്ന് പത്രങ്ങളിലാകെ പ്രശാന്തിന്റെ മരണമായിരുന്നു. പിന്നെ ഒന്നുരണ്ട് ദിവസം കൂടി. മാധ്യമങ്ങളില്‍ നിന്നും മനസ്സുകളില്‍ നിന്നും പ്രശാന്ത് മറഞ്ഞു. അനുശോചനസമ്മേളനത്തിന് കളി കാണാനുണ്ടായിരുന്നത്ര പോലും ആളുണ്ടായിരുന്നില്ല. രമട്ടീച്ചര്‍ മാത്രം കരഞ്ഞു.

ശ്രീരാം ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ല. ഏറെ ആശിപ്പിച്ചുകൊണ്ട് ഇപ്പോഴും...
ഐ പി എല്‍ രണ്ടു സീസണ്‍ അടിപൊളിയായി കടന്നുപോയി. മൂന്നാമത്തേത് തുടങ്ങിയിരിക്കുന്നു
പ്രശാന്ത് സഹപാഠികളുമായുള്ള തമാശകള്‍ക്കിടയില്‍ മാത്രം തല കാണിക്കുന്നു

അടുത്ത മാസം ഒരു ഏപ്രില്‍ 18 കൂടി കടന്നുവരും. ക്രിക്കിന്‍ഫോയില്‍ ഏപ്രില്‍ 18-ന്റെ ഓണ്‍ ദിസ് ഡേയില്‍ ഐ പി എല്ലും മക്‌കല്ലവും തല കാണിക്കും. പ്രശാന്തിനെ എത്ര പേര്‍ ഓര്‍ക്കും?

Thursday, 25 February 2010

അഞ്ചര

തീവണ്ടി ഒഴിവാക്കി ബൂര്‍ഷ്വയായി ഫ്ലൈറ്റാക്കിയിട്ടും ഇപ്രാവശ്യം അത്രയേ കിട്ടുള്ളൂ

ഒക്കെ ശരിയായാല്‍ ശനിയാഴ്ച പത്തുമണിയാകുമ്പോഴേക്ക് വീട്ടിലെത്താം
ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം
വെള്ളിയാഴ്ച പകല്‍ തിരിക്കണം

പണ്ട് വണ്ടിയില്‍ വരുന്ന കാലത്ത് ഇതിലും രസമായിരുന്നു കാര്യം. വെള്ളിയാഴ്ച വരെ പരീക്ഷയുണ്ടാകും. ശനിയാഴ്ച രാവിലെ ഏതെങ്കിലും ആണ്ടിവണ്ടിയില്‍ കേറി ഝാന്‍സിയിലേക്ക്. അവടന്ന് മംഗളയില്‍ കേറിയാല്‍ തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെത്താം. വീട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി തൂക്കം നോക്കലാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ രണ്ടുമൂന്ന് കിലോയെങ്കിലും കുറഞ്ഞിട്ടുണ്ടാകും. (എപ്പോഴെങ്കിലും വെയിറ്റ് കൂടി വീട്ടിലെത്തുക എന്നതാണ് എന്റെ സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളിലൊന്ന്). അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി ഉണ്ടാക്കണ്ട കോഴിബിരിയാണിയുടെ കണക്ക് ഉമ്മ റെഡിയാക്കി പ്രാവര്‍ത്തികമാക്കി വരുമ്പഴേക്ക് വെള്ളിയാഴ്ചയാകും. പ്രാകിപ്രാകി ഒരു മടക്കയാത്ര... ഇതിനിടെ ആകെ ചെയ്യാന്‍ എന്താ പറ്റുക?

കാട്ടുമാക്കാന്റെ കൂടെ ഒരു നടത്തം. കുന്നു കയറിയിറങ്ങി രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒരുവിധം സ്ഥലമെല്ലാം കണ്ട്, ആനന്ദിന്റെയോ സുജാതട്ടീച്ചറുടെയോ വീട്ടില്‍ ഒന്ന് കയറിയിറങ്ങി ഒരു രണ്ടുമൂന്ന് മണിക്കൂര്‍ അങ്ങനെ. അതിലപ്പറം നടക്കാന്‍ സ്റ്റാമിനയുണ്ട് - പക്ഷെ അസറിനും മഗ്‌രിബിനുമിടക്ക് അത്രയേ സമയമുള്ളൂ. മറ്റു വൈകുന്നേരങ്ങളില്‍ ക്രിക്കറ്റോ ബാഡ്മിന്റണോ മറ്റ് കോപ്രായങ്ങളോ ഒക്കെ. ഒരു പകല്‍ സ്കൂളില്‍ പോയി ടീച്ചര്‍മാരെയൊക്കെ കാണും. ഒരു ദിവസം അമ്മായിയുടെ വീട്ടില്‍ പോവുകയോ അവര്‍ ഇങ്ങോട്ടു വരുകയോ ചെയ്യും.

പ്ലാന്‍ എന്നു പറയാന്‍ ഇത്രയൊക്കെയേ ഉള്ളൂ. കൂട്ടുകാരൊന്നും ഇല്ലാത്തതുകൊണ്ട് ആ രീതിയിലുള്ള പോക്കുവരവുകളില്ല. ബാക്കി കുടുംബക്കാരെ അത്ര ഫ്രീക്വന്റായി സന്ദര്‍ശിക്കാറുമില്ല. ബാക്കി സമയം കെനെറ്റ്‌വാക്ക്, വിക്കിപീഡീയ, ക്യാമറ ട്രിക്കുകള്‍, ഞമ്മളെ പഴയ സ്കൂളില്‍ നിന്നും ഉമ്മയുടെ നിലവിലെ സ്കൂളില്‍ നിന്നും വരുത്തുന്ന ചെറുകഥാസമാഹാരങ്ങളുടെ (ഇടക്കൊക്കെ നോവലുകളും) വായന, തീറ്റ, ഉറക്കം.

ഇതൊക്കെ മതിയാകും വരെ ചെയ്ത് തീരും മുമ്പാണ് മടക്കം.

അഞ്ചര > നാല്
പിന്നെന്തിനാണ് ഞാന്‍ പ്രാകുന്നത്? കാരണങ്ങള്‍ :
1) ഇപ്രാവശ്യം വെള്ളിയാഴ്ച ക്ലാസ്സില്ല. മുമ്പേ പറഞ്ഞിരുന്നെങ്കില്‍ ഒരു ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. സെമസ്റ്റര്‍ തുടങ്ങും വരെ ടൈംടെബിള്‍ ഇടില്ല, വെള്ളിയാഴ്ചത്തെ ക്ലാസ്സൊഴിവാക്കുന്ന കാര്യം രണ്ട് ദിവസം മുമ്പല്ലാതെ പറയുകയുമില്ല.
2) സുഖസുന്ദരമായി ഞായറാഴ്ച തിരിച്ചുപോകാമെന്നായിരുന്നു ആദ്യം പ്ലാന്‍. അപ്പളാണ് പ്രതിഭാ പാട്ടിലിന് ആറാം തീയതി ജുഗുനു ടീമിനെ കാണാന്‍ മുട്ടിയത്. വെറും പ്രാന്താണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലാകെ ഒരു മണിക്കൂറോ മറ്റോ മാത്രമേ നിക്കൂ. അതില്‍ത്തന്നെ പ്രധാന പണി ഏതോ ഗുളിക കുഴിച്ചിടലാണ് (വാര്‍ത്ത വായിച്ച് ഉപഗ്രഹത്തെപ്പറ്റി വലിയ ആരാധനയൊന്നും തോന്നണ്ട. ഇപ്പറയുന്നപോലെ വെള്ളപ്പൊക്കവും ഭൂമികുലുക്കവും ഖിയാമത്തും ഒന്നും അത് പ്രവചിക്കാന്‍ പോണില്ല). അഞ്ചുമിനിറ്റ് കൂടെനിന്ന് ഫോട്ടോയെടുത്തിട്ട് എന്തുകാര്യം എന്ന് പടച്ചോനറിയാം. ഇന്നുവരെ ആ വഴിക്ക് വരാത്ത പണ്ടാരങ്ങളും അന്നവിടെ കാണുമെന്നതുകൊണ്ട് ഫോട്ടോ ശരിയാകുമെന്ന ആശയുമില്ല. വല്ല കലാമോ മറ്റോ ആയിരുന്നെങ്കില്‍ പ്രൊജക്ടിനെപ്പറ്റി അഭിപ്രായം പറയുമെന്നും മാര്‍ഗ്ഗദര്‍ശനം നല്കുമെന്നും വിചാരിക്കാനും വകുപ്പുണ്ട്. ഇവിടെ അങ്ങനത്തെ ഗുണം പ്രതീക്ഷിക്കാനുള്ള പ്രാന്തൊന്നും എനിക്കില്ല.

അതാണ് ദേഷ്യം. മതിലുകളും അഗ്രഹാരത്തില്‍ കഴുതൈയും ഒക്കെ കണ്ട് ദേഷ്യം തീര്‍ക്കാനാണ് പരിപാടി.

ഇപ്രാവശ്യം വീട്ടില്‍ ചെന്നിട്ടുള്ള പരിപാടി:
1) മാര്‍ച്ച് മാസത്തേക്ക് ജ്യോതിശാസ്ത്രകവാടം ശരിയാക്കുക
2) ഓരോ ദിവസം ഓരോ വിഷയം പഠിക്കുക : ബീജഗണിതത്തില്‍ ഗാലിയന്‍, ഹെര്‍സ്റ്റീന്‍, ആര്‍ട്ടിന്‍; സാംഖ്യികബലതന്ത്രത്തില്‍ ചൗധുരി : പുസ്തകങ്ങളിലെ ചോദ്യങ്ങളൊക്കെ ചെയ്യുക. ക്വാണ്ടം ബലതന്ത്രത്തിന് ശങ്കര്‍, ശുക്ല; സാംഖ്യികബലതന്ത്രത്തിന് റൈഫ്, ചൗധുരി, ശുക്ല; മാത്തമാറ്റിക്കല്‍ ഫിസിക്സിന് ശുക്ല; പ്രക്ഷുബ്ധതയ്ക്ക് ബാച്ചിലര്‍ : ഈ പുസ്തകങ്ങള്‍ വായിക്കുക
(ഇവിടെ ശുക്ല ഭൗതികശാസ്ത്രസംബന്ധിയായ എല്ലാ വിഷയത്തിലും പുസ്തകങ്ങളെഴുതുന്ന പുലിയല്ല. എല്ലാ ക്ലാസിലും ഭീകരമായ നോട്ടുകളെഴുതുന്ന പുലിയാണ്. മൂപ്പരുടെ കാരുണ്യം കൊണ്ടാണ് ഫിസിക്സ് ബാച്ചില്‍ പകുതിയും മര്യാദക്കുള്ള മാര്‍ക്ക് വാങ്ങുന്നത്)
3) പ്രക്ഷുബ്ധതയ്ക്കുള്ള തരംഗ് കോഡ് ക്യൂഡയിലാക്കുന്ന പണി മുന്നോട്ടുകൊണ്ടുപോവുക
4) റ്റു കില്‍ എ മോക്കിങ്ങ്ബേര്‍ഡ് പൂര്‍ത്തിയാക്കുക

ഇതൊക്കെ തീര്‍ത്തിട്ടുതന്നെ കാര്യം. കഴിഞ്ഞ മിഡ്സെമ്മിന് ഇതുപോലെ എടുത്തിരുന്ന തീരുമാനങ്ങള്‍:
1) ജര്‍മ്മന്‍ അസൈന്‍മെന്റ് പൂര്‍ത്തിയാക്കുക
2) വരാനുള്ള പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളും പഠിക്കുക
3) ഉദാത്ത ബലതന്ത്രത്തിന്റെ ക്ലെപ്നര്‍ പുസ്തകത്തിലെ വര്‍ത്തുളചലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കാണുക
4) വിക്കിപീഡിയ

ക്ലെപ്നര്‍ ചോദ്യങ്ങള്‍ ഒരു മുപ്പതു് ശതമാനത്തോളം ചെയ്തു. ജര്‍മ്മന്‍ അസൈന്‍മെന്റ് കുറച്ചുമാത്രം ചെയ്തിട്ടതുകൊണ്ട് ഫ്ലൈറ്റില്‍ വച്ച് പൂര്‍ത്തിയാക്കേണ്ടി വന്നു. വിക്കിപീഡിയ മാത്രം മര്യാദയ്ക്ക് മുന്നോട്ട് പോയി (അതില്‍ പിന്നെ പഠിക്കാന്‍ സമയം കിട്ടുന്നില്ല എന്ന അര്‍ത്ഥത്തില്‍ എന്ത് പറഞ്ഞാലും കുക്കിപീഡിയയുമായി ഇരുന്നിട്ടല്ലേ എന്നാണ് വീട്ടില്‍ നിന്ന് മറുപടി). ബാക്കി വിഷയങ്ങളുടെ പഠിത്തത്തെക്കുറിച്ച് നോക്വസ്റ്റ്യന്‍സ് നോ ആന്‍സേഴ്സ്.

ഇപ്രാവശ്യം ശരിക്ക് എന്താകുമെന്ന് പടച്ചോനറിയാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇപ്രാവശ്യം ബുക്കൊക്കെ ലാപു്ടോപ്പിലാക്കിയതുകൊണ്ട് വായിക്കാനല്ലെങ്കില്‍ കണ്ട പുസ്തകമൊക്കെ കെട്ടിപ്പേറി എടുത്തോണ്ടുവരുന്നതെന്തിനാ എന്ന ചോദ്യമെങ്കിലും കേള്‍ക്കേണ്ടിവരില്ല.

Thursday, 18 February 2010

ഡീബഗ്ഗിങ്ങ്

മുന്നറിയിപ്പ് : ഈ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ മനസ്സിലാകണമെങ്കില്‍ അല്പം ലോകവിവരം വേണ്ടിവരും. ലിങ്കുകള്‍ വായിക്കുക. മനസ്സിലാകുന്നില്ലെങ്കില്‍ വിട്ടേക്കുക.

രണ്ടുമൂന്ന് മാസമായി ഈ വഴിക്ക് വന്നിട്ട്.
ആഗ്രഹമില്ലാഞ്ഞിട്ടല്ല - വല്ലാത്ത തിരക്കായിരുന്നു.
ജീവിതം ലാവിഷായി നായ നക്കിക്കൊണ്ടുമിരിക്കുന്നു.

ഈ ഓണംകേറാമൂലയിലേക്ക് വന്നതില്‍പ്പിന്നെ ആദ്യമായി പരീക്ഷകളെല്ലാംകൂടി എന്നെ വളഞ്ഞിട്ട് തല്ലാന്‍ തുടങ്ങി. മാര്‍ക്ക് എഴുപത് ശതമാനത്തില്‍ കുറഞ്ഞാല്‍ ബി.പി. കൂടുന്ന എനിക്ക് ബീജഗണിതത്തില്‍ അതിന്റെ പകുതിയേ കിട്ടിയുള്ളൂ. ഈ പോസ്റ്റ് എട്ടുപത്തു തവണ വായിക്കേണ്ടി വന്നു. ഒന്നുരണ്ടു വിഷയത്തില്‍ പഠിപ്പിക്കുന്നതൊന്നും കുത്തിയിരുന്ന് ചിന്തിച്ച് മനസ്സിലാക്കാന്‍ സമയം കിട്ടുന്നില്ല. മനസ്സിലാകുന്ന വിഷയത്തിന്റെ ഗതി ഇങ്ങനെയും.
വിക്കിപീഡിയയില്‍ കാലുകുത്താന്‍ തന്നെ പറ്റുന്നില്ല. ഇപ്പോള്‍ എഴുതുന്ന സാധനം തീരുമ്പോഴേക്ക് വിക്കിയില്‍ ഒരിരുപതിനായിരം ലേഖനമെങ്കിലും ആകുമെന്ന സ്ഥിതിയാണ്.
പ്രൊജക്റ്റുകളുടെ കാര്യം അതിലും രസം. ക്യൂഡയും പാരലല്‍ പ്രോഗ്രാമിംഗും ഒക്കെ വച്ച് പ്രക്ഷുബ്ധതയെക്കുറിച്ച് പഠിക്കാനായി എഴുതുന്ന കോഡ് തുടങ്ങിയിടത്തുനിന്ന് അനങ്ങുന്നില്ല. ഫിലോസഫി പ്രൊജക്റ്റ് പ്രൊപ്പോസ് ചെയ്തതില്‍ പിന്നെ പ്രൊഫസറുടെ മുഖം പോലും കാണാന്‍ പറ്റിയിട്ടില്ല. ജര്‍മ്മന്‍ ക്ലാസ്സില്‍ കയറിച്ചെല്ലുമ്പോള്‍ ടീച്ചര്‍ക്ക് മാവേലിയെ കണ്ട ആഘോഷമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്നിക്കല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം കാര്യമായി ഒന്നും ജയിക്കാന്‍ സാധിച്ചില്ല. അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാനുള്ള പരിപാടിയിലെ നൂലാമാലകള്‍ വേറെയും.

ആകെപ്പാടെ പരമസുഖം - കഴിഞ്ഞ നാലഞ്ച് സെമസ്റ്റര്‍ ആര്‍മ്മാദിച്ചത് നിരപ്പാകുന്നത് ഇങ്ങനെയാണ്.

ഇനി കാര്യത്തിലേക്ക്. ഇതിനൊക്കെ പുറമെ ഇവിടെ ചെയ്യുന്ന വേറൊരു പരിപാടിയാണ് ജുഗുനു. ഈ കലാപങ്ങള്‍ക്കൊക്കെ ഇടയില്‍ ഇതില്‍ തലയിടാതെ മുങ്ങി നടക്കാറാണ് സാധാരണ പതിവ്. കുറേപേര്‍ ഇക്കാര്യത്തില്‍ എന്നെപ്പോലെയായതിനാലും പരിപാടി അല്‍പം വിഷമമുള്ളതായതിനാലും ഒടുവില്‍ വാണം വിടുന്ന ഡേറ്റ് ഇങ്ങനെ നീണ്ടുനീണ്ടുപോവുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സെറ്റ് വിദ്യാര്‍ത്ഥികള്‍ ഈ സെമസ്റ്റര്‍ തീരുമ്പോഴേക്ക് മൂത്തുനരച്ച് പാസൗട്ടാകാന്‍ പോകുകയാണെന്നതുകൊണ്ട് ഒരുവിധം കൊണ്ടുപിടിച്ച് പണി നടക്കുന്നുണ്ട്. എന്നെ മിന്നാമിനുങ്ങന്മാര്‍ക്ക് വല്ല്യ വിശ്വാസമായതിനാല്‍ ഇടയ്ക്കിടെ ഓരോ പണി ചെയ്യാന്‍ തരും. കോഡിങ്ങാണ് അധികവും. മൈക്രോകണ്ട്രോളറുകളെ എനിക്ക് കാര്യമായി പരിചയമില്ലാത്തതുകൊണ്ട് സാധാരണ സിയില്‍ കോഡ് ചെയ്യുന്നു - അത് മൈക്രോകണ്ട്രോളറിലേക്ക് പോര്‍ട്ട് ചെയ്യുന്ന കാര്യം ബാക്കിയുള്ളവര്‍ നോക്കിക്കോളും.

ഇന്ന് അതുപോലൊരു പണി കിട്ടി. ചെയ്യാന്‍ നോക്കിയപ്പോള്‍ ശരിക്കും പണികിട്ടി. കാര്യം സിമ്പിളായിരുന്നു. ബഹിരാകാശത്തിരിക്കുന്ന ഉപഗ്രഹത്തിന് ഹലോ പറയാനുള്ള കോഡെഴുതണം. അതിന് ഓരോ പ്രോട്ടോകോളും കോപ്പും. അവസാനം എല്ലാ പ്രോട്ടോകോള്‍ നിയമങ്ങളും അനുസരിച്ച് ഡാറ്റ പാക്കറ്റാക്കി സൈക്ലിക് റിഡണ്ടന്‍സി ചെക്കും ചേര്‍ത്ത് ബിറ്റ് സ്റ്റഫ് ചെയ്ത് അയക്കണം. ഒക്കെ ശരിയാണെങ്കില്‍ റിസീവ് ചെയ്യുന്നിടത്ത് ബിറ്റ് സ്റ്റഫ്ഫൊക്കെ ഒഴിവാക്കി വരുമ്പോഴേക്ക് അയച്ച സാധനം തന്നെ കിട്ടണം.

പക്ഷെ നടക്കുന്നില്ല. ചിലപ്പോള്‍ പാക്കറ്റുകള്‍ നഷ്ടമാകുന്നു. ചിലപ്പോള്‍ അയക്കുന്നതല്ല കിട്ടുന്നത്. കുറേ ദിവസമായി ഒ.ബി.സി (ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടിങ്ങ് - അല്ലാതെ റിസര്‍വേഷനുമായി യാതൊരു ബന്ധവുമില്ല) സബ്സിസ്റ്റത്തിലെ മൂന്നാലുപേര്‍ ഓരോ മൂലക്ക് പിടിച്ച് നേരെയാക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നിത് തീര്‍ത്തിട്ടേയുള്ളൂ എന്ന് ഞാനും സബ്സിസ്റ്റം തലവന്‍ അങ്കുഷ് ദേശായിയും തീരുമാനിച്ചു. സൈഡില്‍ മാന്വല്‍ ലേബര്‍ ചെയ്യാനായി മിത്തല്‍ സിസ്റ്റഴ്സും (എനിക്ക് ഹാര്‍ഡ്‌വെയറിനെക്കുറിച്ച് അഞ്ചുപൈസക്ക് വിവരമില്ലാത്തതുകൊണ്ട് കോഡിങ്ങിതര പരിപാടികള്‍ ബാക്കിയുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ് പതിവ്).

കോഡ് കുത്തിയിരുന്ന് വായിച്ചുനോക്കാന്‍ തുടങ്ങി. അഞ്ചു മിനിറ്റിന് ഒരു ലോജിക്കല്‍ എറര്‍ വച്ച് പൊന്തിവരാന്‍ തുടങ്ങി. അവസാനം ഒപ്റ്റിമൈസേഷനും സിംപ്ലിഫിക്കേഷനും ഒക്കെ കഴിഞ്ഞ് രണ്ടാളും കോഡ് ശരിയാണെന്ന ധാരണയിലെത്തി. പക്ഷെ ഇതുകൊണ്ട് മാത്രം കാര്യമില്ല - ഇതിനുമുമ്പ് നാലഞ്ച് തവണയെങ്കിലും ഇതുപോലെ ധാരണയിലെത്തിയതും റിസീവര്‍ വിസമ്മതിച്ചതും ഒക്കെ ആയിരുന്നു. അതുകൊണ്ട് ടെസ്റ്റ് ചെയ്യാന്‍ മിത്തല്‍ സിസ്റ്റഴ്സിന് വിട്ടുകൊടുത്തു. പ്രതീക്ഷിച്ചതുപോലെ റിസീവര്‍ അതേപടി.

മൈക്രോകണ്ട്രോളറിന്റെ മേല്‍ ഒരു ദിവസം എന്നെക്കൊണ്ട് നേരിട്ട് പണിയെടുപ്പിക്കുമെന്ന് അങ്കുഷ് ദൃഢപ്രതിജ്ഞയെടുത്തിട്ട് മാസങ്ങളായി. ഞാനാ വഴിക്ക് ഇതുവരെ പോയിട്ടില്ല. ഇന്ന് പക്ഷെ വേറെ വഴിയില്ല. കോഡിലും ഔട്പുട്ടിലും കണ്ണുമിഴിച്ച് നോക്കിയിരിക്കാന്‍ തുടങ്ങി. അവസാനം പിടികിട്ടി. കോഡ് പുതിയത് എഴുതിയെങ്കിലും പഴയതാണ് റണ്‍ ചെയ്തിരിക്കുന്നത്. പുതിയ കോഡ് റണ്‍ ചെയ്ത് ഔട്പുട്ടെങ്ങനെയുണ്ടെന്ന് നോക്കാന്‍ പറഞ്ഞു.

ഇതുപോലൊരു എറര്‍ സാധാരണ പിടിക്കാന്‍ പറ്റിയാല്‍ ബാക്കിയൊക്കെ ശരിയാകേണ്ടതാണ്. ടെസ്റ്റിങ്ങ് ശരിയായെന്ന വാര്‍ത്തയുമായി മിത്തല്‍ സിസ്റ്റഴ്സ് വരുന്നതും കാത്ത് ഞാനിരുന്നു. പക്ഷെ റിസീവറാരാ മോന്‍? ഓരോ രണ്ടാമത്തെ പാക്കറ്റും വിഴുങ്ങിയിരിക്കുന്നു.

ഞാന്‍ ഡിറ്റക്റ്റീവ് മോഡിലേക്ക് മാറി. തെറ്റ് വല്ലതും കണ്ടാല്‍ കുട്ടികളുടെ കോഡ് വായിച്ച് അതിന് കാരണം കണ്ടെത്തുകയായിരുന്നു ഒളിമ്പ്യാഡ് കാമ്പില്‍ എന്റെ പ്രധാന പണി. ഇവിടെയും അതുതന്നെ ചെയ്യണം. അവസാനം കാര്യം മനസ്സിലായി - ബിറ്റ് സ്റ്റഫിങ്ങ് നടക്കുന്ന പാക്കറ്റുകളാണ് നഷ്ടമാകുന്നത്. ഡിഡക്റ്റീവ് റീസണിങ്ങ് വഴി തെറ്റും മനസ്സിലാക്കാന്‍ പറ്റി - ബിറ്റ് സ്റ്റഫ് ചെയ്ത് അവസാനം വരുന്ന അര-മുക്കാല്‍ ബൈറ്റ് ആരും അയക്കുന്നില്ല, റിസീവറിലെ കോഡ് അതിനെ പ്രോസസ് ചെയ്യുന്നതും മര്യാദയ്ക്കല്ല. കോഡ് ഞാന്‍ ശരിയാക്കി. ബൈറ്റുകള്‍ മൊത്തം അയക്കാന്‍ സിസ്റ്റഴ്സിനോട് പറയുകയും ചെയ്തു.

എന്നിട്ടും നീ റണ്ണീലല്ലോ...
എനിക്ക് പ്രാന്താവാന്‍ തുടങ്ങി. കോഡ് മൊത്തം വീണ്ടും വീണ്ടും വായിച്ചു. അസൈന്‍മെന്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് മിത്തല്‍ സിസ്റ്റഴ്സും മുങ്ങി. അങ്കുഷ് മാത്രം ഫെറാറി വില്‍ക്കാന്‍ പോലുമില്ലാത്ത സന്യാസിയെപ്പോലെ (കടപ്പാട് : സിദ്ധാര്‍ത്ഥ് മോങ്ങ) കൂളായിരിക്കുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് തോന്നി :പ്രശ്നം റിസീവറിന്റെ കോഡിലായിരിക്കില്ല, അയക്കുന്ന പാക്കറ്റ് തന്നെ തെറ്റായിരിക്കാം. അങ്കുഷ് പോയി നോക്കി. അയക്കുന്ന ക്യാരക്ടറുകളുടെ ലിസ്റ്റില്‍ പുതുതായി ചേര്‍ക്കാന്‍ പറഞ്ഞ 0x00 കൂടി ചേര്‍ത്തിരിക്കുന്നതായി കാണിച്ചുതന്നു.

രണ്ടുപേരും കാന്റീനിലേക്ക് പോയി ഓരോ ചിക്കന്‍ ബര്‍ഗറടിച്ച് തിരിച്ചുവന്നു. ഇതിനിടയില്‍ ഒരുവിധം ഇന്ററപ്റ്റുകളുടെയും ഡിലേകളുടെയും ഒക്കെ തിയറി മൊത്തം ഡിസ്കസ് ചെയ്ത് പ്രശ്നം അവിടെയൊന്നുമല്ലെന്ന് ഉറപ്പിച്ചിരുന്നു. പിന്നെ കോഡ് റീവാമ്പ് ചെയ്യലായി പണി. പ്രോസസിങ്ങ് സമയം തുല്യമായി വിഭജിക്കുന്ന രീതിയില്‍ കോഡ് മാറ്റുകപോലും ചെയ്തു. ഒടുവില്‍ കാച്ചിക്കുറുക്കി കോഡ് വല്ല കവിതാമത്സരത്തിനും അയക്കാമെന്ന സ്ഥിതിയായി.

പക്ഷെ റിസീവര്‍ മാത്രം വഴങ്ങുന്നില്ല. കൂട്ടക്കൊലയ്ക്കൊരു വഴിയും കൊല്ലേണ്ട ആളുകളുടെ പട്ടികയുമായി പിന്നെ എന്റെ ചിന്താവിഷയം. വിദേശസര്‍വകലാശാലകള്‍ ഉപഗ്രഹമുണ്ടാക്കുന്നതു മാത്രം ഇന്ത്യയില്‍ റിപീറ്റ് ചെയ്താല്‍ പോരല്ലോ, വെര്‍ജീനിയ ടെകിനും ഇന്ത്യയില്‍ ഒരു അപരന്‍ വേണ്ടേ? അതും എവിടേം എത്തുന്നില്ല എന്നായപ്പോഴാണ് പെട്ടെന്ന് തലയില്‍ ബള്‍ബ് മിന്നിയത്. പാക്കറ്റ് അയക്കുന്ന കോഡ് ഒന്നുകൂടി വായിച്ചുനോക്കി. അയക്കുന്ന ക്യാരക്ടറുകളുടെ ലിസ്റ്റില്‍ പുതുതായി 0x00 ചേര്‍ത്തിരിക്കുന്നെങ്കിലും ക്യാരക്റ്ററുകളുടെ എണ്ണം കൂട്ടാത്തതുകൊണ്ട് അത് അയക്കപ്പെടുന്നില്ല. തല ചുമരിലടിച്ച് പൊളിക്കാനുള്ള പ്രലോഭനമൊഴിവാക്കാന്‍ ഞാന്‍ പോയി ബീന്‍ബാഗിലേക്ക് വീണു. "ഇത് വര്‍ക്ക് ചെയ്യുകയാണെങ്കില്‍ എന്നെ കൊല്ലരുത്", അങ്കുഷ് പറഞ്ഞു. കൊല്ലുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വന്നില്ല.

ഗുണപാഠം :
1. ഡീബഗ് ചെയ്യുമ്പോള്‍ ഒരൈഡിയയും കിട്ടുന്നില്ലെങ്കില്‍ പ്രധാനപ്പെട്ട ഡാറ്റയൊക്കെ ഒന്ന് ഔട്പുട്ട് ചെയ്തുനോക്കുക. പാക്കറ്റിനു പുറമെ റിജക്റ്റഡായ ക്യാരക്റ്ററുകളും കൂടി എവിടെയെങ്കിലും സ്ടോര്‍ ചെയ്തുവച്ചിരുന്നെങ്കില്‍ മൂന്നാലു മണിക്കൂര്‍ വെയിസ്റ്റാകില്ലായിരുന്നു.
2. കമ്പ്യൂട്ടര്‍ സയന്‍സിനു പകരം ഫിസിക്സെടുത്തത് നന്നായി. ഇടയ്ക്കിടെ ഒരു പ്രോഗ്രാമിംഗ് കോണ്ടസ്റ്റ് ഒക്കെ സഹിക്കാം, പക്ഷെ മുഴുവന്‍ സമയവും ഇതുതന്നെ ചെയ്തുകൊണ്ടിരുന്നാല്‍ ഞാന്‍ പി.എച്.ഡി കുതിരവട്ടത്ത് ചെയ്യേണ്ടിവരും (ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഏറ്റവുമധികം ചെയ്യുന്നത് കോഡിങ്ങാണെന്നത് വേറെ കാര്യം)