Friday 29 May 2009

അസ്തി

कि मरके भी किसी को याद आएंगे
किसी के आसुओं में मुस्कुराएँगे

जीना इसी का नाम है

എന്തിനാണ് ജീവിക്കുന്നത് എന്ന് പലരോടും ചോദിച്ചിട്ടുണ്ട് - പോയി ചത്തുകൂടേ എന്നും. വല്ലാതെ വെറുപ്പിക്കുന്നവരോടാണ് സാധാരണ ചോദ്യം പതിവ്. എന്നാലും ഇടയ്ക്കിടയ്ക്ക് (കാര്യമായി പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍) ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാന്‍ കുറെ വട്ടന്‍മാരെ കിട്ടും. ഫിലോസഫി കോഴ്സില്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പ്രത്യേകിച്ചും.

ഒരു രണ്ടു കൊല്ലം മുമ്പ് ഒമ്പതില്‍ പഠിക്കുന്ന ഒരു ചെക്കനോട് കുറേനെരം ഇതിനെപ്പറ്റി വര്‍ത്താനിച്ചുകൊണ്ടിരുന്നു. കൃത്യമായി പറഞ്ഞാല്‍ വിഷയം ഇതായിരുന്നു : ഒരാള്‍ ജീവിക്കുന്നതു വഴി പ്രപഞ്ചത്തിന്റെ entropy (മലയാളപദം ആര്‍ക്കെങ്കിലും അറിയുമോ?) ഉയര്‍ത്തുകയാണ് പ്രധാനമായി (ആകെ എന്നാണ് ഞാന്‍ പറഞ്ഞിരുന്നതെന്ന് തോന്നുന്നു) ചെയ്യുന്നത്. ഇങ്ങനെ പ്രപഞ്ചത്തിന്റെ മരണത്തിന് (heat death) കാരണമാകുന്നതിലും നല്ലത് അങ്ങ് ചത്തുകളയുന്നതല്ലേ? ചോദ്യം ചോദിച്ചത് ഞാനായതുകൊണ്ട് ഉത്തരം പറയേണ്ടി വന്നില്ല. ചെക്കനെ മൂന്നുനാലു മണിക്കൂറുകൊണ്ട് ഒരു വഴിക്കാക്കി.

കൂടെയിരുന്ന് ചിരിച്ചവരൊക്കെ ഇപ്പൊഴും അവന്റെ 'ജീവിതം തുലച്ച'തിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്താറുണ്ട്. എങ്കിലും ഇതുവരെ ആരും ഉത്തരം പറഞ്ഞു കണ്ടിട്ടില്ല. ആരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാറില്ലെന്നു തോന്നുന്നു. ഒരുവിധം എല്ലാവരും ഈ ചിന്തകളൊന്നുമില്ലാതെ ജീവിക്കുന്നു. ഉത്തരമറിയാത്ത കുറേപേര്‍ സ്വന്തം ജീവനെടുക്കുന്നു. ഇതൊക്കെ ചിന്തിച്ച് സമയം കളയുക എന്നതല്ലാതെ എന്തു കാര്യം?

കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു.

എപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്? ഒരാഴുഷ്കാലം ജീവിച്ചുതീര്‍ന്നശേഷം തിരിഞ്ഞുനോക്കിയാല്‍ entropy വര്‍ദ്ധിപ്പിക്കുകയല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്ന തൊന്നലുണ്ടാകുന്നതെങ്ങനെ? മരിച്ചുകഴിഞ്ഞാല്‍ ആരെങ്കിലും ഓര്‍ക്കാനുണ്ടാകും എന്നുള്ളപ്പോഴോ? ആരുടെയോ കണ്ണീരില്‍ പുഞ്ചിരിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമായോ?

ഓസ്കാര്‍ ഷിന്‍ഡ്ലര്‍ എന്ന ഒരു മനുഷ്യന്‍. ജീവിതത്തില്‍ വേറെ ചെയ്തതൊക്കെ പരാജയമായെങ്കിലും നാസി ഭീകരതയുടെ ഇടയില്‍ ആയിരത്തിലേറെ ജൂതന്മാരെ രക്ഷിച്ചതിന്റെ പേരില് ആ തലമുറകള്‍ ഉള്ളിടത്തോളം ആ മനുഷ്യന്‍ സ്മരിക്കപ്പെടും. ഷിന്‍ഡ്ലര്‍ സമാധാനത്തോടെയാണോ മരിച്ചത്?

ഒന്നും അറിയില്ല. ഒരു ചാന്‍സേ ഈ കളിയിലുള്ളൂ. ഫൗള്‍ കളിച്ച് ജയിക്കാന്‍ പറ്റില്ല. പത്തൊമ്പത് കൊല്ലമായി കളിക്കാന്‍ തുടങ്ങിയിട്ട്. ഗോളൊന്നും ആയതായി ഇതുവരെ തോന്നിയിട്ടില്ല. അവസാനം തോല്‍ക്കരുത്. അതുകൊണ്ട് കളിയില്‍ എന്തു ചെയ്യണമെന്നെങ്കിലും മര്യാദയ്ക്ക് അറിയണം.

ഒക്കെ പടച്ചതമ്പുരാന്റെ കൈയിലാണ്.

ജീനാ ഇസീ കാ നാമ് ഹേ.

Monday 25 May 2009

റിട്ടേണ്‍

കാലം കുറേയായി
ഉപ്പിലിട്ട മാങ്ങ ചീഞ്ഞുപോയി
കുപ്പിയോടെ വലിച്ചെറിഞ്ഞു

ഇതിപ്പോള് അടുത്ത ഇന്സ്റ്റാള്മെന്റാണ്‌