Tuesday 30 March 2010

എന്റെ പേര്

പേര് ഒരസംബന്ധമാകുന്നു.

പേരില്ലാതെയും ജീവിക്കാം എന്നത് ഒരു സത്യം മാത്രമാണ്. ഏറ്റവും ദുര്‍ബലനായ ജീവിയായ മനുഷ്യന് മാത്രമാണ് പേര് എന്ന വിഡ്ഢിത്തത്തെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത്. നിങ്ങളുടെ പേര് അര്‍ത്ഥമുള്ളതോ ഇല്ലാത്തതോ ആയിരിക്കട്ടെ. ജീവിതത്തിന്റെ അര്‍ത്ഥം മാറ്റാന്‍ അവക്കൊന്നുമാകില്ല. പേരുകളൊന്നും തന്നെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയുമില്ല. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.

ഞാന്‍ ചിന്തിക്കുന്നവനാണ്. സത്യം മനസ്സിലാക്കിയവനാണ്. അതിനാല്‍ എനിക്ക് പേരില്ല.

ഞാന്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് എത്തിച്ചുതരേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നതിനാല്‍ പേരുപേക്ഷിച്ച് ജ്ഞാനിയാകാനുണ്ടായ സാഹചര്യം വിശദമാക്കുന്നു.

നിങ്ങള്‍ ആ കുന്ന് കാണുന്നില്ലേ? അതെന്റെ സ്വന്തമാണ്. വിശ്വസിക്കാനാകുന്നില്ല, അല്ലേ? ഞാന്‍ പറഞ്ഞില്ലേ, നിങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. അവിടെയാണ് ഞാനും എന്റെ പേരും സുഖമായി താമസിച്ചിരുന്നത്. ആ കുന്നിനെപ്പറ്റി നിലവിലുള്ള കഥകള്‍ കാരണം ആരും അവിടേക്ക് വരാന്‍ ധൈര്യപ്പെടില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. അല്ലെങ്കില്‍, ലോകം മുഴുവന്‍ കീഴടക്കിയ നിങ്ങള്‍ അങ്ങോട്ടുമാത്രം ഒരടിവെക്കാന്‍ ഭയപ്പെട്ടതെന്ത്?

അതിനാല്‍ നിങ്ങള്‍ക്ക് ആ കുന്നിന്റെ ചരിത്രമറിയില്ല. ഞാന്‍ സഹായിക്കാം.

എന്റെ പിതാമഹന്മാരുടെ കാലം മുതല്‍ക്കേ ആ കുന്ന് അവിടെയുണ്ട്. കുന്നിന് പേരില്ല. അറിവുനേടി നിര്‍ഭയരാകാന്‍ ശ്രമിക്കാതിരുന്ന നിങ്ങള്‍ അതിനെക്കുറിച്ചുള്ള ഭയം നിലനിര്‍ത്താനുതകുംവിധം പേരുകളുണ്ടാക്കി വിളിക്കുന്നുവെന്ന് മാത്രം. ഭയത്തിന്റെ പേരില്‍ എനിക്ക് നിങ്ങളെ കുറ്റം പറയാനാകില്ല. കാരണം ഞാന്‍ ആ കുന്നിനെ നിഗൂഢതയും മരണവുമാക്കി മാറ്റിയിരുന്നു.

വഴിതെറ്റി വന്നവരെ എല്ലും മുടിയുമാക്കി മാറ്റിയത് എന്റെ പേര് അറിഞ്ഞില്ല. നിങ്ങളും എന്ത് പ്രവര്‍ത്തിക്കുമ്പോഴും പേരറിയാതിരിക്കാന്‍ ശ്രദ്ധിക്കാറില്ലേ? കുന്നില്‍ നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ അവരുടെ പേരുകളും അലിഞ്ഞുപോയി. പേര് നഷ്ടപ്പെട്ട അവരെ കുടങ്ങളില്‍ പ്രതിഷ്ഠിച്ച് ഞാന്‍ ചങ്ങാതിമാരാക്കി. എനിക്ക് പേരില്ലെന്ന് അവര്‍ കരുതി. കിടന്നുറങ്ങുമ്പോള്‍ അവയിലൊരു കുടം ഞാന്‍ കെട്ടിപ്പിടിച്ചിരുന്നതില്‍ അവരിലൊരാളാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. വിഡ്ഢികള്‍ - അതില്‍ എന്റെ പേരായിരുന്നു.

എന്റെ പേരിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചിരുന്നെന്നോ.

ഇനി അല്‍പം ഭൂമിശാസ്ത്രം. ആ കുന്നിനപ്പുറം പുഴയാണ്. മനസ്സുപോലെ ആഴവും പരപ്പുമുള്ള ശാന്തവും രൗദ്രവുമായ പുഴ. പേരിനെ കുടത്തിലുറക്കിക്കിടത്തി ഞാനാ ഒഴുക്ക് നീന്തിക്കടന്നിട്ടുണ്ട്. അതിനപ്പുറം കാടാണ്. സുന്ദരമായ കാട്. നിറയെ മരുഭൂമികള്‍.

പുഴയിലും കാട്ടിലും ഞാന്‍ ചുവന്ന പുഷ്പങ്ങള്‍ വിതറി. മൃഗങ്ങള്‍ മരുഭൂമികളിലേക്ക് രക്ഷപ്പെട്ടു. കള്ളിമുള്‍ച്ചെടികളായി മാറി. പേരറിയാതെ ഞാന്‍ പൊട്ടിച്ചിരിച്ചു. മരുഭൂമിയിലും കുന്നിലും മഴ പെയ്തു. ഞാന്‍ പേരിനെയും കൂട്ടി പുറത്തിറങ്ങി. പേര് മഴ നനഞ്ഞ് ആനന്ദിക്കുമ്പോള്‍ ഞാന്‍ നാവുനീട്ടി മേഘങ്ങളുടെ രക്തം ആഘോഷിക്കുകയായിരുന്നു. നിലവിളികള്‍ നിഷ്കളങ്കനായി ഉറങ്ങുന്ന പേരിനെ അലോസരപ്പെടുത്താതിരിക്കാന്‍ ഞാന്‍ കുടത്തിന്റെ വായ നെഞ്ചോട് ചേര്‍ത്തുവച്ചു. പേര് കുടത്തില്‍ നിന്ന് തല പുറത്തേക്കിട്ട് എന്റെ മാറില്‍ ചുംബിച്ചു. ഞാന്‍ പുഞ്ചിരിക്കുകയാണെന്നാകും അവന്‍ വിചാരിച്ചത്.

ഞാന്‍ ഒളിച്ചുകളി തുടര്‍ന്നു. പേര് ഉറക്കത്തില്‍ വീണ്ടും പുഞ്ചിരിച്ചു.

ഒരിക്കല്‍ക്കൂടി ഞാന്‍ കുന്നിറങ്ങി. പേര് ഉറങ്ങുകയായിരുന്നു. പുഴവെള്ളത്തിന് കുളിര്. ഇറങ്ങി. നെഞ്ചുവരെ വെള്ളമുണ്ട്. ഒന്നു മുങ്ങി. ഒരു കവിള്‍ മാത്രം മധുരം ആസ്വദിച്ചു. കാട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ ചുവന്ന കാല്‍പാടുകള്‍. തിരിഞ്ഞുനോക്കി. സുന്ദരമായ കുന്ന്. അവിടെ വായ ഭദ്രമായടച്ച കുടത്തിനുള്ളില്‍ എന്റെ പേര്.

മരുഭൂമികള്‍. ഞാന്‍ മണല്‍ വാരി കാട്ടിലേക്കിട്ടു. പൊടിക്കാറ്റ്. മരുഭൂമി കാടിനെ രുചിച്ചുനോക്കുന്നു. കള്ളിമുള്‍ച്ചെടികള്‍ പൂക്കാലമോര്‍ത്ത് കരയുന്നു. ഞാന്‍ മാത്രം ചിരിക്കുന്നു. കാറ്റിന് തകര്‍ക്കാനാകാത്തതായി ഞാന്‍ മാത്രം.

പുഴയെ ശാന്തമാക്കാന്‍ ഒരു ജീവബിന്ദുകൂടി. തിരിച്ചുനടക്കുമ്പോഴും കാല്‍പാടുകള്‍ മാഞ്ഞിട്ടില്ല. പുഴക്ക് വിശപ്പടങ്ങിയെങ്കില്‍... ജീവബിന്ദു ആ ചുവപ്പില്‍ അലിഞ്ഞുചേരുന്നു. രോദനങ്ങളില്ല. ശാന്തം.

പുഴയില്‍ നിന്ന് ഉയരാന്‍ തോന്നിയില്ല. കുളിര്.

മുന്നില്‍ എന്റെ പേര്. കുടത്തില്‍നിന്നും പുറത്തെത്തിയതെങ്ങനെ? ചുറ്റും അട്ടഹാസങ്ങള്‍ കേള്‍ക്കുന്നു. മുന്നില്‍ കണ്ണുകളില്‍ സ്നേഹവും ദൈന്യവും. ഞാന്‍ അവനെ വാരിയെടുത്ത് കുന്നിലേക്കോടി. രാത്രി കുടം മുറുക്കിക്കെട്ടിയാണ് അവനുവേണ്ടി താരാട്ടുപാടിയത്.

അടുത്ത പ്രഭാതം. ആരോ ശക്തിയില്‍ ഞെരുക്കുന്നതുപോലെ. അനങ്ങാനാവുന്നില്ല. ഞാന്‍ തിരിച്ചറിയുന്നു. ഞാനാണ് ഇപ്പോള്‍ കുടത്തിനുള്ളില്‍. പേര് സ്നേഹം കൊണ്ട് തീര്‍ത്ത പൂട്ട് തകര്‍ക്കണം. ഞാന്‍ അശക്തനോ?

ഒടുക്കം ഞാന്‍ വിജയിച്ചിരിക്കുന്നു. പക്ഷെ എന്റെ പേര് എവിടെ? മറ്റു കുടങ്ങള്‍ തുറന്നുകിടക്കുന്നു. അവയില്‍ ചിരികള്‍ മാത്രം.

കുന്നിറങ്ങാന്‍ ഏറെ ക്ലേശപ്പെട്ടു. തിരിഞ്ഞുനോക്കാനാകുന്നില്ല. അവിടെ എന്റെ പ്രിയപ്പെട്ട പേരില്ലല്ലോ. കുന്നില്‍ നിന്ന് ഒഴുകിവരാറുണ്ടായിരുന്ന സ്നേഹത്തിന്റെ കാറ്റ് നിലച്ചതുപോലെ.

പുഴ ചുവപ്പുനിറം നഷ്ടപ്പെട്ട് വിളറിയിരിക്കുന്നു. കടക്കാന്‍ ശ്രമിക്കുമ്പോള്‍ ചുവട്ടില്‍ നിന്ന് ആരോ വലിക്കുന്നു. വയ്യ. ഇതായിരിക്കും മരണം.

അവിടെ ഞാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ താഴേക്ക് നോക്കി. ജീവബിന്ദുക്കളാണ്. സ്നേഹം. കാത്തുനില്‍ക്കാന്‍ വയ്യ. ചവിട്ടിമാറ്റി തുടര്‍ന്നു. കാട് വീണ്ടും പൂത്തിരിക്കുന്നു. പ്രിയപ്പെട്ട മരുഭൂമി എവിടെ?

അതാ ദൂരെ. ഞാന്‍ അതിനുനേരെ ഓടി. അത് അകന്നുപോകുന്നുവോ? ഒടുക്കം ഞാനത് കണ്ടു. മരുഭൂമി.

അവിടെ ഒരു ചുവന്ന രൂപം. അത് മരുഭൂമിയെ ആവാഹിക്കുകയാണ്. മരുഭൂമി ശരീരത്തില്‍ ഏറ്റുവാങ്ങി അയാള്‍ കാട് തിരിച്ചുനല്‍കുന്നു. ഞാന്‍ വിളിച്ചു. അയാള്‍ തിരിഞ്ഞുനോക്കി. കണ്ണുകളില്‍ കനിവ്.

അത് എന്റെ പേരായിരുന്നു. അടുക്കാനാകുന്നില്ല. എന്റെ പേര്. എന്റെ രക്തവും എന്റെ മരുഭൂമിയും ആവാഹിച്ചതെന്തിനെന്ന് ഞാന്‍ ചോദിച്ചു. "നിന്റെ പേരല്ലാതെ മറ്റെന്താണ് ഇവയെ ആവാഹിക്കാനുണ്ടാകുകയെന്നാണ് നീ കരുതിയിരുന്നത്? നിനക്ക് പേരു മാത്രമേയുള്ളൂ". ദുഃഖങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാന്‍ എന്റെ പേരു മാത്രം ബാക്കി.

അവന്‍ വീണ്ടും എന്നെ സ്നേഹത്തോടെ നോക്കി.

എനിക്ക് ജ്ഞാനം സിദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് ആദ്യമായി അവനോട് വെറുപ്പുതോന്നി. പേരിനെ ഞാന്‍ ഉപേക്ഷിച്ചു. അവന് ചിരിച്ചു. "നീ സത്യം കണ്ടെത്തിയിരിക്കുന്നു. നമുക്ക് പിരിയാം. ഈ ദുഃഖങ്ങളില്‍ നിന്ന് നിന്നെ ഞാന്‍ മോചിപ്പിക്കുന്നു." അവന്‍ തിരിച്ചുനടന്നു. പുഴയുടെ ആഴങ്ങളില്‍ മോക്ഷം പ്രാപിച്ചു.

പുഴ വീണ്ടും തെളിഞ്ഞു. ജീവബിന്ദുക്കളും മോക്ഷം നേടി. കള്ളിമുള്ളുകള്‍ക്ക് രൂപം തിരിച്ചുകിട്ടി. പൂക്കളുടെ സുഗന്ധവും കിളികളുടെ പാട്ടുകളും ഞാന്‍ ആദ്യമായി അറിഞ്ഞു.

പക്ഷെ അവക്കൊന്നും എന്റെ മനസ്സിളക്കാനായില്ല. കാരണം ഞാന്‍ ജ്ഞാനിയായിക്കഴിഞ്ഞിരുന്നു. എന്റെ പേര് പുഴയില്‍ എന്റെ ഭൂതകാലത്തോടൊപ്പം ഒഴുകിനീങ്ങുകയായിരുന്നു. ഞാന്‍ എന്റെ പേരില്‍ നിന്നും സ്വതന്ത്രനായി, ഞാന്‍ മാത്രമായി, ഈ പ്രകൃതിയുടെ അംശമായിത്തീര്‍ന്നിരുന്നു.

ഞാന്‍ അറിഞ്ഞ സത്യം ഞാന്‍ പകരുന്നു. നിങ്ങളുടെ പേര് അല്ല നിങ്ങള്‍. പേര് ഉപേക്ഷിച്ച് എന്നോടൊപ്പം പോരൂ. ഞാന്‍ നിങ്ങള്‍ക്ക് പ്രകൃതിയുടെ പേരില്ലാത്ത ഈ ശാന്തി പരിചയപ്പെടുത്തിത്തരാം.


പിന്‍കുറിപ്പ് : പണ്ടെപ്പൊഴോ എഴുതിയതാണ്. 2007-ല്‍ മാധ്യമം വെളിച്ചം ചെറുകഥാമത്സരത്തിന് അയച്ചുകൊടുത്തു. ഒന്നാം സ്ഥാനം കിട്ടി. 2008 മാര്‍ച്ച് 24-ന് മാധ്യമം വെളിച്ചത്തില്‍ കഥ വന്നിട്ടുണ്ടായിരുന്നു. ഒന്നുരണ്ടുപേര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇപ്പോള്‍ ഇവിടെ ഇടുന്നു.

Sunday 28 March 2010

ഗൗരീശങ്കരം

അച്ഛന്‍ വീണ്ടും നാടുവിട്ടെന്ന് മനസ്സിലായി.

രാവിലെ വീട്ടില്‍ കാണാഞ്ഞപ്പോഴേ സംശയം തോന്നിയതാണ്. ഇങ്ങനെയൊരു പദ്ധതി മനസ്സിലില്ലെങ്കില്‍ എന്നോട് പറയാതെ എവിടേക്കും പോവുക പതിവില്ല. കാലങ്ങളായി അടഞ്ഞുകിടന്ന ഏതോ പെട്ടിയില്‍ നിന്നെടുത്ത മുഷിഞ്ഞൊരു സാരിയുടുത്ത് അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉറപ്പായി.

ഇതുവരെ അച്ഛന്‍ എന്നെ തല്ലിയിട്ടില്ല. പക്ഷെ ഇതിന് ഒരു ദിവസം അച്ഛന്റെ കരണത്തൊന്ന് പൊട്ടിക്കണം.

ചായയെടുത്ത് കോലായിലേക്ക് വന്നപ്പോള്‍ അമ്മ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ പത്രം വായിച്ചിരിക്കുകയാണ്. സന്ധ്യ മുഖം വീര്‍പ്പിച്ചിരിക്കുന്നുണ്ട്. അച്ഛന്‍ വീണ്ടും നാടുവിട്ടുപോയോ എന്ന് ചോദിച്ചപ്പോള്‍ അമ്മ തലകുലുക്കുക മാത്രം ചെയ്തു.

അച്ഛനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ തന്നെ ഇതുപോലൊരു സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നതാണ്. പെട്ടിയുമെടുത്ത് കയറിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു. പിന്നെ എന്നെയും.

എപ്പോള്‍ തിരിച്ചുവരും?
അമ്മ എന്നെയൊന്ന് നോക്കി. ഒന്നുരണ്ടാഴ്ച. കൂടിപ്പോയാല്‍ കുറച്ച് മാസങ്ങള്‍. എന്തുവന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരും.
വന്നില്ലെങ്കില്‍?
മരിച്ചുപോയി, അത്രയേ ഉള്ളൂ.

ഓരോ യാത്രയും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. ഓരോ തിരിച്ചുവരവും അത്രതന്നെ ആവര്‍ത്തനവിരസത നിറഞ്ഞതും. നിനച്ചിരിക്കാതെ കൈയില്‍ ഒരു പെട്ടിയുമായി പുഞ്ചിരിച്ചുകൊണ്ട് ഗേറ്റ് തുറന്നുവരുന്നു. അമ്മയെ കെട്ടിപ്പിടിക്കുന്നു, പിന്നെ എന്നെയും സന്ധ്യയെയും.

അച്ഛന്‍ പോയതുകൊണ്ട് അമ്മ ദുഃഖിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. തിരിച്ചുവരുമ്പോള്‍ പോയതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നതും കണ്ടിട്ടില്ല. അല്ല, അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതേ കണ്ടിട്ടില്ല. കൂട്ടുകാരെപ്പോലെയാണ് അച്ഛനും അമ്മയും ജീവിക്കാറുള്ളത്. പ്രണയവിവാഹമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് - ചോദിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഞങ്ങളോടും അച്ഛന്‍ കൂട്ടുകാരെപ്പോലെത്തന്നെയാണ്. ഇങ്ങനെയൊരു ജീവിതത്തിന് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പൊടുന്നനെയൊരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് അച്ഛന്‍ ഇറങ്ങിപ്പോകുന്നു. കുറച്ചുകാലത്തിനുശേഷം നിര്‍ത്തിയിടത്തുവച്ച് തുടരുന്നു.

അമ്മയോട് അച്ഛന്‍ വല്ലതും സംസാരിച്ചിരുന്നോ?
ഇല്ല.
എവിടേക്കാണ് പോയതെന്ന്...?
എനിക്കറിയില്ല.
പോലീസില്‍ അറിയിക്കണ്ട എന്നുതന്നെയാണോ?
എത്ര തവണ കഴിഞ്ഞതാ മോനേ ഈ സംഭാഷണം? ഇനിയും വേണോ?

അമ്മ പോലീസില്‍ അറിയിക്കാന്‍ സമ്മതിക്കില്ല. അച്ഛന് മാനസികരോഗമൊന്നുമില്ലെന്നും അങ്ങനത്തെയൊരാള്‍ സ്വന്തം ഇഷ്ടപ്രകാരം കുറച്ചുകാലത്തേക്ക് യാത്ര പോയാല്‍ വേട്ടയാടേണ്ട ആവശ്യമില്ല എന്നാണ് അമ്മയുടെ പക്ഷം. ഇതിനുമുമ്പ് അച്ഛന്‍ തിരിച്ചുവന്നത് മൂന്നാലു മാസം മുമ്പാണ്. ഒന്നുരണ്ടാഴ്ചയേ ഉള്ളായിരുന്നു സഞ്ചാരം. ഒരു തവണ മൂന്നുമാസം വരെ അജ്ഞാതവാസം നീണ്ടുന്നിന്നതായി ഓര്‍ക്കുന്നുണ്ട്.

അതിലും കൂടുതലുണ്ടായിരുന്നു എന്ന് അമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് നാടുവിട്ട അച്ഛന്‍ കാടാറുമാസം തീര്‍ത്തിട്ടേ തിരിച്ചുവന്നുള്ളൂ. അപ്പോഴും അമ്മയ്ക് അങ്കലാപ്പില്ലായിരുന്നു.

അച്ഛനെ അമ്മയ്ക്കേ അറിയൂ. അമ്മയ്ക്ക് എല്ലാം അറിയാമെങ്കില്‍ ഞങ്ങളില്‍ നിന്നെങ്കിലും മറച്ചുവയ്ക്കാതിരുന്നുകൂടേ?

അമ്മേ, ഞങ്ങളോടെങ്കിലും ഒന്ന് പറഞ്ഞൂടേ അച്ഛന്‍ എന്തിനാ പോയതെന്ന്?

സന്ധ്യ കോളേജിലേക്കിറങ്ങി. അമ്മ ജോലിക്കും.

അമ്മേ, ഇതിട്ടോണ്ടോ?
ഉം
അച്ഛന്‍ പോയതിന് ദുഃഖം ആചരിക്കണമെന്നുണ്ടെങ്കില്‍ നാട്ടുകാരെ അറിയിച്ചുവേണോ?
പത്തിരുപത്തഞ്ച് വയസ്സായല്ലോ. ഇഷ്ടമില്ലാത്ത ചോദ്യം നിര്‍ത്തണമെന്ന് മനസ്സിലാക്കാനുള്ള വകതിരിവായിട്ടില്ല?

ഇന്ന് ഞാന്‍ വീട്ടിലിരിക്കുകയാണ്. എനിക്കു വയ്യ ആരോ എഴുതുന്ന ഈ നാടകത്തിലെ വേഷം വീണ്ടും വീണ്ടും ആടാന്‍. മുറിയിലേക്ക് പോയപ്പോള്‍ മേശപ്പുറത്തൊരു കത്ത്.

ഒരു വരി.
ഞാന്‍ പോകുന്നു - ഗൗരി.
അത്രയേ ഉള്ളൂ.

അച്ഛന് പിന്നാലെ അമ്മ കൂടി പോകാത്ത കുറവേ ഉള്ളൂ. പോട്ടെ. സന്ധ്യേ, നിനക്ക് വേണമെങ്കില്‍ നീയും പൊയ്ക്കോ. പിന്തുടരാന്‍ എനിക്ക് വയ്യ. ഞാനീ കൂട്ടില്‍ ഒറ്റയ്ക്കിരുന്ന് ഭ്രാന്തെടുത്തോളാം.

ഉച്ചഭക്ഷണം കഴിക്കാനിരുന്നു. സാധാരണ അമ്മ ഉച്ചയാകുമ്പോഴേക്ക് വീട്ടിലെത്തുന്നതാണ്. ഇന്ന് വരില്ലല്ലോ.

കോളിങ്ങ് ബെല്‍. അമ്മ.

കത്തെടുത്തു കൊടുത്തു. ചോദ്യരൂപേണ അമ്മയെ നോക്കിയപ്പോള്‍ അമ്മ ചിരിച്ചു.

മോനേ, എന്നെ നീ എത്ര കാലമായി അറിയും?
...
ഇതെഴുതിയത് ഞാനാണോ?

എനിക്കൊന്നും മനസ്സിലായില്ല. കത്തെഴുതിയിരിക്കുന്നത് അച്ഛനാണ്. ഇരുട്ടില്‍ നിന്ന് കൂടുതല്‍ ഇരുട്ടിലേക്ക്. എല്ലാവര്‍ക്കും എന്നെത്തന്നെ കരുവാക്കി ചതുരംഗം കളിക്കണോ?

അമ്മ എന്നെ കസേരയിലിരുത്തി നെറ്റിയില്‍ ഉമ്മവെച്ച് പതിയെ സംസാരിക്കാന്‍ തുടങ്ങി.

അച്ഛന്‍ ഇതെഴുതിയത് എനിക്ക് വായിക്കാനാണ്, ഞാനാണത് ഇവിടെ കൊണ്ടുവച്ചത്.

എനിക്ക് നിന്റെ അച്ഛനെ കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. ശങ്കരേട്ടനെ ഞാന്‍ ഇഷ്ടപ്പെടാനുള്ള ഒരു കാരണം ശങ്കരേട്ടന്‍ എന്നെപ്പോലെയായിരുന്നു എന്നതാണ്. ശങ്കരേട്ടന്റെ ഉള്ളില്‍ എന്നും ഒരു ഗൗരി ഉണ്ടായിരുന്നു. നിങ്ങളെയും ഒരമ്മയെപ്പോലെയാണ് അച്ഛന്‍ സ്നേഹിച്ചത്. ഒരിക്കല്‍ മാത്രമേ ശങ്കരേട്ടനെക്കുറിച്ചുള്ള എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൗരി ഞാന്‍ കരുതിയതിലുമേറെ ശക്തയായിരുന്നു. വിവാഹരാത്രിയില്‍ ശങ്കരേട്ടന്‍ സാരിയുടുത്തുനില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. എന്നെക്കാള്‍ സുന്ദരിയായിരുന്നു. ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. ശങ്കരേട്ടന് ഗൗരിയായി ജീവിക്കാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. വീട്ടിനകത്ത് സാരിയുടുത്തിരിക്കുന്നതില്‍ ഒതുങ്ങാതെ പുറംലോകത്ത് ഒരു സ്ത്രീയായി എല്ലാ അര്‍ത്ഥത്തിലും...

വിവാഹം കഴിഞ്ഞ് കുറച്ചുകാലമായപ്പോഴേക്ക് ഈ ആഗ്രഹം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങി, ഒരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനാലാകാം. ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ പൂര്‍ത്തീകരിക്കുകയേ വഴിയുള്ളല്ലോ. മറ്റെവിടെയെങ്കിലും പോയി കുറച്ചുകാലം എന്റെ ജീവിതം ജീവിക്കാന്‍ ഞാനാണ് ആവശ്യപ്പെട്ടത്. എന്റെ വസ്ത്രങ്ങളെല്ലാമെടുത്ത് ഒരു വഴിക്ക് പോയി. എങ്ങോട്ടെന്ന് ചോദിച്ചില്ല. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവന്നു. എന്നെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. പോകാനനുവദിച്ചതിന് കുറേ നന്ദിയും പറഞ്ഞു. പിന്നെയും ഇടയ്ക്കിടക്ക് പോകും. എനിക്ക് സന്തോഷമേയുള്ളൂ. ഭര്‍ത്താവിന്റെ ഒരാഗ്രഹം സാധിച്ചുകൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭാര്യയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? ശങ്കരേട്ടനെ ഇങ്ങനെ ഗൗരിയായി മാറാനനുവദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ നമുക്ക് ഇത്ര സന്തോഷമായി ജീവിക്കാനും സാധിക്കുമായിരുന്നില്ല.

കുറച്ചുനേരം എനിക്കൊന്നും പറയാന്‍ പറ്റിയില്ല

അമ്മേ, അമ്മയ്ക്കെങ്ങനെ അച്ഛനെ ഇങ്ങനെ ജീവിക്കാന്‍ വിടാന്‍ സാധിച്ചു?
അതല്ലേ ഇത്ര വിശദമായി പറഞ്ഞത്?
അച്ഛന്‍ തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചാല്‍?
ആ പേടി എനിക്കില്ല. ഉള്ളിലെ ഗൗരിയെക്കാള്‍ ശങ്കരേട്ടന്‍ സ്നേഹിക്കുന്നത് ഈ ഗൗരിയെയാണെന്ന് എനിക്കറിയാം. പിന്നെ ഒരമ്മയ്ക്ക് എത്ര കാലം മക്കളില്‍ നിന്ന് അകന്നുകഴിയാന്‍ സാധിക്കും?
ഇത്രയും കാലം ഞങ്ങളോടൊന്നും പറയാതിരുന്നത്...
അറിയാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നു തോന്നി. ഇപ്പോഴും സന്ധ്യയെ അറിയിക്കാന്‍ ഉദ്ദേശ്യമില്ല. നീയും പറയരുത്.
പിന്നെ ഇപ്പോഴെന്താ എന്നോടു മാത്രം പറയാന്‍?

അമ്മ ചിരിക്കാന്‍ തുടങ്ങി. പേടിയാണ് തോന്നുന്നത്.
മോനേ, അച്ഛനെ മാത്രമല്ല നിന്നെയും എനിക്ക് നന്നായറിയാം. അമ്മ സഞ്ചിയില്‍ നിന്ന് ഒരു പാക്കറ്റെടുത്തു തന്നു. മോനേ, നീയിതുടുത്ത് നില്‍ക്കുന്നത് എനിക്കൊന്നു കാണണം.

കണ്ണാടിക്കുമുമ്പില്‍ സാരിയുടുത്ത് നില്‍ക്കുമ്പോള്‍ അമ്മയായിരുന്നു മനസ്സിലാകെ. ഞാനും ഒരു ഗൗരിയെ കാത്തിരിക്കുകയാണ്.

Saturday 20 March 2010

ഒരോര്‍മ്മ

പണ്ടാണ്, വളരെ പണ്ട്
വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ഒക്കെ മുമ്പ്
ഏകദിനക്രിക്കറ്റില്‍ 200 എന്ന വ്യക്തിഗതസ്കോര്‍ പിറക്കുന്നതിനു മുമ്പ്
പീറ്റ് സാംപ്രാസ് റെക്കോര്‍ഡ് പുസ്തകത്തില്‍ നിന്ന് നീക്കപ്പെടുന്നതിനു മുമ്പ്
18 വയസ്സായിട്ടും വോട്ടു ചെയ്യാതിരുന്ന 2009-ലെ ജനറല്‍ ഇലക്ഷന് മുമ്പ്
വിക്കിപീഡിയയില്‍ ചേരുന്നതിനു മുമ്പ്
എല്ലാ ഫിസിക്സ് പ്രൊജക്റ്റും അടിപൊളിയായിരിക്കേണ്ടതില്ല എന്ന് ആദ്യമായി പഠിപ്പിച്ച 2008-ലെ വേനലവധിക്കും മുമ്പ്
(ഇതിനിടയ്ക്ക് വേറെയൊന്നും നടന്നില്ല എന്നല്ല. തല്‍ക്കാലം ബ്ലോഗില്‍ എഴുതാവുന്നതായി ഇത്രയേ ഓര്‍മ്മ വരുന്നുള്ളൂ)

2008 ഏപ്രില്‍ 18

ഇപ്പോള്‍ ജീവിതത്തില്‍ ഒന്നും നടക്കാത്തതുകൊണ്ടാണ് പഴയ സാധനങ്ങള്‍ പൊടിതട്ടിയെടുക്കുന്നത് എന്ന് വിചാരിക്കണ്ട. ഇപ്പോള്‍ എല്ലാം വളരെ പെട്ടെന്ന് നടക്കുന്നതുകൊണ്ട് എഴുതാന്‍മാത്രം ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ പറ്റുന്നില്ല എന്നു മാത്രം. പിന്നെ, എന്തുകൊണ്ടോ ഓര്‍ത്തുപോയി...

2008 ഏപ്രില്‍ 18 -ന് എന്താണ് നടന്നത്? വിക്കിയില്‍ നോക്കിയാല്‍ ഒന്നും നടന്നതായി കാണുന്നില്ല. പിന്നെ?

ക്രിക്കറ്റ് പ്രാന്തന്മാര്‍ക്ക് ഒരു കാര്യം ഓര്‍മ്മയുണ്ടാകും : അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെത്തന്നെ തിരുത്തിക്കുറിച്ച ഐ പി എല്‍ എന്ന സാധനത്തിന്റെ ഒന്നാം സീസണ്‍ തുടങ്ങിയത് 2008 ഏപ്രില്‍ 18-നായിരുന്നു. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചുകൂടിയാണെങ്കിലും അതിനെക്കുറിച്ചല്ല.

രണ്ടാം സെമസ്റ്ററിന്റെ അവസാനം. 21-ന് എന്‍ഡ്സെം തുടങ്ങുകയാണ്. പരീക്ഷയ്ക്ക് മുമ്പ് പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുക എന്ന പ്രിന്‍സിപ്പിള്‍ മുറുകെപ്പിടിക്കുന്നതിനാല്‍ താരതമ്യേന സ്ഥിതി കുഴപ്പത്തിലായിരുന്ന ഇലക്ട്രോണിക്സ് ആണ് പഠിക്കാന്‍ വിചാരിച്ചിരുന്നത്. മുകളില്‍ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചെഴുതിയിടത്ത് പരീക്ഷാസമയത്ത് രാവിലെത്തൊട്ടേ കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവം നിര്‍ത്തുന്നതിന് മുമ്പ് എന്നുകൂടി ചേര്‍ക്കണം.

അങ്ങനെയായാലും സാധാരണ മനുഷ്യന്‍മാര്‍ വായിക്കാന്‍ തുടങ്ങുന്ന ഒരു സമയമുണ്ടല്ലോ. അതിനുമുമ്പ് വാതിലില്‍ മുട്ടുകേട്ടാണ് ഉണര്‍ന്നത്. ശ്രീരാം വന്നിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലായി. അവന്റെ മാനസികനില വച്ച് പണ്ടേ ആത്മഹത്യ ചെയ്യേണ്ടതാണ് എന്നാണ് ലോകാഭിപ്രായം, ആയിട്ടില്ല. ഇവനൊന്ന് ചത്തിട്ടെങ്കിലും ഒഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്ന് അവന്റെ വെറുപ്പിക്കലിന് പാത്രമാകേണ്ട ദുര്യോഗമുണ്ടായിട്ടുള്ള ഐ ഐ ടി ജനതയുടെ വലിയൊരു ഭാഗം ഒരിക്കലെങ്കിലും രഹസ്യമായെങ്കിലും ആശിച്ചിട്ടുമുണ്ടാകും.

എനിവേ, വന്ന് കേറിയ ഉടനെയുള്ള പുള്ളിയുടെ സ്റ്റേറ്റ്മെന്റായിരുന്നു രസം : അവന് ചിക്കന്‍പോക്സാണ്. ഞാനൊന്ന് കണ്‍ഫ്യൂഷനിലായി. ഉപ്പ ഡോക്ടറാണെങ്കിലും എന്റെ കൈയില്‍ മരുന്നിനുപോലും മരുന്നൊന്നും കാണില്ല. രാഹുലിനോട് ശ്രീരാം ചോദിച്ചാല്‍ കാലു മടക്കി ഒന്ന് കിട്ടുകയാവും ചെയ്യുക. ഒറ്റക്ക് ചിക്കന്‍ പോക്സ് വന്ന് ബോറടിച്ചതുകൊണ്ട് കമ്പനിക്ക് എന്നേം കൂടി കൂട്ടാനാണോ? എന്തു വേണം എന്ന് ചോദിച്ചു. അവന് പഠിക്കാന്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ പുസ്തകം വേണം. നാലഞ്ച് പേര്‍ ചേര്‍ന്ന് പൂള്‍ ചെയ്യുന്ന വകയായതുകൊണ്ട് എന്റെ കൈയില്‍ സാധനം അപ്പോള്‍ ഇല്ലായിരുന്നു. അവന്റെ കൈയിലിരിപ്പ് വച്ച് വേറാരും അവന് കൊടുക്കുകയുമില്ല. കൂട്ടുകാരന്റെ ആവശ്യം കഴിഞ്ഞ് കൊടുക്കാം എന്നു പറഞ്ഞ് അവനെ ഹെല്‍ത്ത് സെന്ററിലേക്ക് ഉന്തിത്തള്ളിവിട്ടു.

പിന്നെ നടന്നതിനെക്കുറിച്ച് വ്യക്തമായ ഓര്‍മ്മയില്ല. വെള്ളിയാഴ്ചയായതുകൊണ്ട് ക്ലാസ്സുണ്ടാകേണ്ടതാണ്, പക്ഷെ അന്ന് പോയതായി ഓര്‍ക്കുന്നില്ല - പ്രൊഫസര്‍മാരെല്ലാം പാവം വിചാരിച്ച് സ്റ്റഡി ലീവ് തന്നതാകാം. ഏതായാലും ഉച്ചയായപ്പോഴേക്ക് ശ്രീരാമിന്റെ ഫോണ്‍ വന്നു. അവനെ ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുറേ ദിവസം കിടക്കേണ്ടിവരും, രണ്ടുമൂന്ന് പരീക്ഷയും മിസ്സാകും. ഏതായാലും ഇലക്ട്രോണിക്സ് അവസാന പരീക്ഷയായതുകൊണ്ട് അവന് പഠിക്കണം. പുസ്തകം ഒപ്പിച്ചുകൊടുക്കാമെന്നേറ്റു. ഒരു വിധം ഒരു ദിവസത്തേക്ക് സാവകാശമെടുത്ത് കൂട്ടുകാരന്റെ കൈയില്‍ നിന്ന് പുസ്തകം കടം വാങ്ങി. വിവേകിനും ഒരു പുസ്തകം കൊടുക്കാനുണ്ട്. അവന്റെ മുറി തൊട്ടടുത്ത വിങ്ങിലാണ്. പക്ഷെ ഫോണ്‍ വിളിച്ചുനോക്കിയപ്പോള്‍ അവന്‍ ലൈബ്രറിയിലാണ്. തിരിച്ചുവരട്ടെ.

അന്നും ഇന്നും സൈക്കിളില്ലാത്തതുകൊണ്ട് (അന്ന് സൈക്കിള്‍ ചവിട്ടാനും അറിഞ്ഞുകൂടാരുന്നു എന്നൊരു കാര്യവുമുണ്ട്) പുസ്തകവുമെടുത്ത് ഹെല്‍ത്ത് സെന്ററിലേക്ക് ഒരു നടത്തം വച്ചുകൊടുത്തു. എനിക്കിതുവരെ ചിക്കന്‍ പോക്സ് വന്നിട്ടില്ല. രോഗങ്ങളുമായുള്ള എന്റെ ബന്ധം വച്ചു നോക്കുമ്പോള്‍ വേണ്ടാത്ത റിസ്കാണ്. പോട്ടെ. വൈകുന്നേരം ഐപിഎല്ലിലെ ആദ്യത്തെ കളി കാണണം. റ്റ്വന്റി-റ്റ്വന്റി ലോകകപ്പല്ലാത്തെ ഈ ഫോര്‍മാറ്റില്‍ ഒന്നും കണ്ടിട്ടില്ല, ടൂര്‍ണമെന്റ് വിജയമാകുമോ എന്നുപോലും അറിയില്ല, ഏതായാലും കാര്യമായ ഹൈപ്പുണ്ട്. കുറേ ദിവസമായി പഠിക്കുന്നു, ഇന്ന് രാത്രി ഈ കളി കാണണം (അപ്പഴാണ് ഇങ്ങനൊക്കെ വിചാരിച്ചിരുന്നത് - ഇപ്പോള്‍ കളി കാണാതിരിക്കണോ എന്ന ചോദ്യം പോലും ഉദിക്കാറില്ല).

പ്രാര്‍ത്ഥിച്ചുകൊണ്ട് ഹെല്‍ത്ത് സെന്ററിലേക്ക് കയറി. ആദ്യമായാണ്. ബാലരമയിലെ ചിത്രകഥകളിലൊക്കെ കാണുന്നതുപോലൊരു ചെകുത്താന്‍ കോട്ടയുടെ രൂപമാണ് സഹപാഠികളുടെ വിവരണങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കയറി. ഒരു മൂലക്ക് ശ്രീരാമിനെ കണ്ടു. പുസ്തകവും കൊടുത്ത് തിരിച്ചുനടന്നു. വരുന്ന വഴിക്ക് ഒരു ആമ്പുലന്‍സ് ലൈറ്റൊക്കെയിട്ട് ഹെല്‍ത്ത് സെന്ററിന്റെ വഴിക്ക് പോകുന്നു. ഇതിപ്പം എന്തെടാ? നോക്കുമ്പോള്‍ അകത്ത് മൂന്നാലുപേരുണ്ട്. റിഷിയെ മാത്രമേ അറിയൂ. സ്ഥലത്തെ പ്രധാന ജോക്കറായ അവനെ ആദ്യമായാണ് സീരിയസായി കാണുന്നത്. നടന്ന് ഹോസ്റ്റല്‍ ഗേറ്റിലെത്തിയപ്പോള്‍ പോലീസും ആള്‍ക്കൂട്ടവും. എന്തോ കാര്യമായി നടന്നിട്ടുണ്ട്.

രാഹുലിന്റെ ഫോണ്‍ വന്നു. വിവേകിന്റെ റൂം മേറ്റ് ഫാനില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നു. മരിച്ചെന്നാണ് രാഹുല്‍ പറയുന്നത്. പക്ഷെ കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല. ഒരു നിമിഷം അമ്പരന്നു പോയി. വിവേകിന് പുസ്തകം കൊടുക്കാന്‍ അവന്റെ റൂമിലേക്ക് പോയിരുന്നെങ്കില്‍ എനിക്ക് എന്താണ് കാണേണ്ടി വരുമായിരുന്നിരിക്കുക? പിന്നെ എന്താണെന്നറിയില്ല, മനസ്സ് വളരെ ലൈറ്റായി. രണ്ടുമൂന്ന് ദിവസം മുമ്പ് കണ്ടിട്ടുണ്ട് പുള്ളിയെ. പ്രശാന്ത് കുമാര്‍. കാന്‍പൂരുകാരന്‍. അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ഡ്രോപ് ചെയ്യുകയായിരുന്നു. ഒരു തവണ ഡല്‍ഹിയിലേക്ക് ഓടിപ്പോയതായും കേട്ടിട്ടുണ്ട്. രാത്രി കമ്പ്യൂട്ടര്‍ സെന്ററിലിരിക്കുമ്പോള്‍ വിവേകും പ്രശാന്തും ടി എ സ്ലൈഡുകള്‍ പഠിച്ചുകൊണ്ട് അടുത്തുണ്ടായിരുന്നു. ശാന്തനായിരുന്നു.

വിവേക് അപ്പോള്‍ ആ വഴി വന്നു. പുസ്തകം കൊടുത്തു. വേറൊന്നും സംസാരിച്ചില്ല. പ്രശാന്ത് നൈലോണ്‍ കയറു വച്ചാണ് തൂങ്ങിയിരിക്കുന്നത്. മുമ്പു തന്നെ വാങ്ങി വച്ചിരുന്നിരിക്കണം. വിവേക് അറിഞ്ഞില്ലെന്നു പറയുമ്പോള്‍...

ശുഭായുവിന്റെ റൂമിലേക്ക് പോയി. എന്തോ ഒരു എക്സൈറ്റ്മെന്റ്. അവനോടും കാര്യം പറഞ്ഞു. രണ്ടുപേരും പത്തിരുപത് മിനിറ്റ് മിണ്ടാതെ ഇരിപ്പായി. പിന്നെ ധര്‍മ്മരോഷം. പിന്നെ ഹാലിഡേ-റെസ്നിക്കു് വായിക്കാനും പ്രകാശശാസ്ത്രം പഠിക്കാനും തുടങ്ങി.

രാത്രിയായപ്പോഴേക്ക് തിരിച്ചുവന്നു. ഭക്ഷണം കഴിച്ചു. ടി വി റൂമിലേക്ക് ചെന്നു. കളി തുടങ്ങിയിട്ടില്ല. എനിലും ഹോസ്റ്റല്‍ ജനത മൊത്തം അവിടെയുണ്ട്. ഒറ്റയൊന്നിനും പഠിക്കണമെന്നില്ല. ഐ ഐ ടി വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് ന്യൂസ് ചാനലുകളിലെ ഫ്ലാഷ്. കളി തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് ആദിത്യ റൂമിലേക്ക് വന്നു. ഈ ഒരു ദിവസമെങ്കിലും ടി വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രശാന്ത് മരിച്ചിരിക്കുന്നു എന്ന് കണ്‍ഫര്‍മേഷന്‍.

നേരെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക്. ക്രിക്കിന്‍ഫോയില്‍ കളി ഫോളോ ചെയ്യാന്‍ തുടങ്ങി. ബ്രണ്ടന്‍ മക്‌കല്ലം ബാംഗ്ലൂരിനെ കൊന്ന് കൊലവിളിച്ചിരിക്കുന്നു. അല്‍പം കൂടി ആസ്വാദ്യകരമായ മരണം. സര്‍ഫിങ്ങും മെയിലിങ്ങും ഒക്കെ കഴിഞ്ഞ് റൂമിലേക്ക് തിരിച്ചുചെന്ന് കിടന്നുറങ്ങി.

പിറ്റേന്ന് പത്രങ്ങളിലാകെ പ്രശാന്തിന്റെ മരണമായിരുന്നു. പിന്നെ ഒന്നുരണ്ട് ദിവസം കൂടി. മാധ്യമങ്ങളില്‍ നിന്നും മനസ്സുകളില്‍ നിന്നും പ്രശാന്ത് മറഞ്ഞു. അനുശോചനസമ്മേളനത്തിന് കളി കാണാനുണ്ടായിരുന്നത്ര പോലും ആളുണ്ടായിരുന്നില്ല. രമട്ടീച്ചര്‍ മാത്രം കരഞ്ഞു.

ശ്രീരാം ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ല. ഏറെ ആശിപ്പിച്ചുകൊണ്ട് ഇപ്പോഴും...
ഐ പി എല്‍ രണ്ടു സീസണ്‍ അടിപൊളിയായി കടന്നുപോയി. മൂന്നാമത്തേത് തുടങ്ങിയിരിക്കുന്നു
പ്രശാന്ത് സഹപാഠികളുമായുള്ള തമാശകള്‍ക്കിടയില്‍ മാത്രം തല കാണിക്കുന്നു

അടുത്ത മാസം ഒരു ഏപ്രില്‍ 18 കൂടി കടന്നുവരും. ക്രിക്കിന്‍ഫോയില്‍ ഏപ്രില്‍ 18-ന്റെ ഓണ്‍ ദിസ് ഡേയില്‍ ഐ പി എല്ലും മക്‌കല്ലവും തല കാണിക്കും. പ്രശാന്തിനെ എത്ര പേര്‍ ഓര്‍ക്കും?