Tuesday, 30 March 2010

എന്റെ പേര്

പേര് ഒരസംബന്ധമാകുന്നു.

പേരില്ലാതെയും ജീവിക്കാം എന്നത് ഒരു സത്യം മാത്രമാണ്. ഏറ്റവും ദുര്‍ബലനായ ജീവിയായ മനുഷ്യന് മാത്രമാണ് പേര് എന്ന വിഡ്ഢിത്തത്തെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത്. നിങ്ങളുടെ പേര് അര്‍ത്ഥമുള്ളതോ ഇല്ലാത്തതോ ആയിരിക്കട്ടെ. ജീവിതത്തിന്റെ അര്‍ത്ഥം മാറ്റാന്‍ അവക്കൊന്നുമാകില്ല. പേരുകളൊന്നും തന്നെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയുമില്ല. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.

ഞാന്‍ ചിന്തിക്കുന്നവനാണ്. സത്യം മനസ്സിലാക്കിയവനാണ്. അതിനാല്‍ എനിക്ക് പേരില്ല.

ഞാന്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് എത്തിച്ചുതരേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നതിനാല്‍ പേരുപേക്ഷിച്ച് ജ്ഞാനിയാകാനുണ്ടായ സാഹചര്യം വിശദമാക്കുന്നു.

നിങ്ങള്‍ ആ കുന്ന് കാണുന്നില്ലേ? അതെന്റെ സ്വന്തമാണ്. വിശ്വസിക്കാനാകുന്നില്ല, അല്ലേ? ഞാന്‍ പറഞ്ഞില്ലേ, നിങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. അവിടെയാണ് ഞാനും എന്റെ പേരും സുഖമായി താമസിച്ചിരുന്നത്. ആ കുന്നിനെപ്പറ്റി നിലവിലുള്ള കഥകള്‍ കാരണം ആരും അവിടേക്ക് വരാന്‍ ധൈര്യപ്പെടില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. അല്ലെങ്കില്‍, ലോകം മുഴുവന്‍ കീഴടക്കിയ നിങ്ങള്‍ അങ്ങോട്ടുമാത്രം ഒരടിവെക്കാന്‍ ഭയപ്പെട്ടതെന്ത്?

അതിനാല്‍ നിങ്ങള്‍ക്ക് ആ കുന്നിന്റെ ചരിത്രമറിയില്ല. ഞാന്‍ സഹായിക്കാം.

എന്റെ പിതാമഹന്മാരുടെ കാലം മുതല്‍ക്കേ ആ കുന്ന് അവിടെയുണ്ട്. കുന്നിന് പേരില്ല. അറിവുനേടി നിര്‍ഭയരാകാന്‍ ശ്രമിക്കാതിരുന്ന നിങ്ങള്‍ അതിനെക്കുറിച്ചുള്ള ഭയം നിലനിര്‍ത്താനുതകുംവിധം പേരുകളുണ്ടാക്കി വിളിക്കുന്നുവെന്ന് മാത്രം. ഭയത്തിന്റെ പേരില്‍ എനിക്ക് നിങ്ങളെ കുറ്റം പറയാനാകില്ല. കാരണം ഞാന്‍ ആ കുന്നിനെ നിഗൂഢതയും മരണവുമാക്കി മാറ്റിയിരുന്നു.

വഴിതെറ്റി വന്നവരെ എല്ലും മുടിയുമാക്കി മാറ്റിയത് എന്റെ പേര് അറിഞ്ഞില്ല. നിങ്ങളും എന്ത് പ്രവര്‍ത്തിക്കുമ്പോഴും പേരറിയാതിരിക്കാന്‍ ശ്രദ്ധിക്കാറില്ലേ? കുന്നില്‍ നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ അവരുടെ പേരുകളും അലിഞ്ഞുപോയി. പേര് നഷ്ടപ്പെട്ട അവരെ കുടങ്ങളില്‍ പ്രതിഷ്ഠിച്ച് ഞാന്‍ ചങ്ങാതിമാരാക്കി. എനിക്ക് പേരില്ലെന്ന് അവര്‍ കരുതി. കിടന്നുറങ്ങുമ്പോള്‍ അവയിലൊരു കുടം ഞാന്‍ കെട്ടിപ്പിടിച്ചിരുന്നതില്‍ അവരിലൊരാളാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. വിഡ്ഢികള്‍ - അതില്‍ എന്റെ പേരായിരുന്നു.

എന്റെ പേരിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചിരുന്നെന്നോ.

ഇനി അല്‍പം ഭൂമിശാസ്ത്രം. ആ കുന്നിനപ്പുറം പുഴയാണ്. മനസ്സുപോലെ ആഴവും പരപ്പുമുള്ള ശാന്തവും രൗദ്രവുമായ പുഴ. പേരിനെ കുടത്തിലുറക്കിക്കിടത്തി ഞാനാ ഒഴുക്ക് നീന്തിക്കടന്നിട്ടുണ്ട്. അതിനപ്പുറം കാടാണ്. സുന്ദരമായ കാട്. നിറയെ മരുഭൂമികള്‍.

പുഴയിലും കാട്ടിലും ഞാന്‍ ചുവന്ന പുഷ്പങ്ങള്‍ വിതറി. മൃഗങ്ങള്‍ മരുഭൂമികളിലേക്ക് രക്ഷപ്പെട്ടു. കള്ളിമുള്‍ച്ചെടികളായി മാറി. പേരറിയാതെ ഞാന്‍ പൊട്ടിച്ചിരിച്ചു. മരുഭൂമിയിലും കുന്നിലും മഴ പെയ്തു. ഞാന്‍ പേരിനെയും കൂട്ടി പുറത്തിറങ്ങി. പേര് മഴ നനഞ്ഞ് ആനന്ദിക്കുമ്പോള്‍ ഞാന്‍ നാവുനീട്ടി മേഘങ്ങളുടെ രക്തം ആഘോഷിക്കുകയായിരുന്നു. നിലവിളികള്‍ നിഷ്കളങ്കനായി ഉറങ്ങുന്ന പേരിനെ അലോസരപ്പെടുത്താതിരിക്കാന്‍ ഞാന്‍ കുടത്തിന്റെ വായ നെഞ്ചോട് ചേര്‍ത്തുവച്ചു. പേര് കുടത്തില്‍ നിന്ന് തല പുറത്തേക്കിട്ട് എന്റെ മാറില്‍ ചുംബിച്ചു. ഞാന്‍ പുഞ്ചിരിക്കുകയാണെന്നാകും അവന്‍ വിചാരിച്ചത്.

ഞാന്‍ ഒളിച്ചുകളി തുടര്‍ന്നു. പേര് ഉറക്കത്തില്‍ വീണ്ടും പുഞ്ചിരിച്ചു.

ഒരിക്കല്‍ക്കൂടി ഞാന്‍ കുന്നിറങ്ങി. പേര് ഉറങ്ങുകയായിരുന്നു. പുഴവെള്ളത്തിന് കുളിര്. ഇറങ്ങി. നെഞ്ചുവരെ വെള്ളമുണ്ട്. ഒന്നു മുങ്ങി. ഒരു കവിള്‍ മാത്രം മധുരം ആസ്വദിച്ചു. കാട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ ചുവന്ന കാല്‍പാടുകള്‍. തിരിഞ്ഞുനോക്കി. സുന്ദരമായ കുന്ന്. അവിടെ വായ ഭദ്രമായടച്ച കുടത്തിനുള്ളില്‍ എന്റെ പേര്.

മരുഭൂമികള്‍. ഞാന്‍ മണല്‍ വാരി കാട്ടിലേക്കിട്ടു. പൊടിക്കാറ്റ്. മരുഭൂമി കാടിനെ രുചിച്ചുനോക്കുന്നു. കള്ളിമുള്‍ച്ചെടികള്‍ പൂക്കാലമോര്‍ത്ത് കരയുന്നു. ഞാന്‍ മാത്രം ചിരിക്കുന്നു. കാറ്റിന് തകര്‍ക്കാനാകാത്തതായി ഞാന്‍ മാത്രം.

പുഴയെ ശാന്തമാക്കാന്‍ ഒരു ജീവബിന്ദുകൂടി. തിരിച്ചുനടക്കുമ്പോഴും കാല്‍പാടുകള്‍ മാഞ്ഞിട്ടില്ല. പുഴക്ക് വിശപ്പടങ്ങിയെങ്കില്‍... ജീവബിന്ദു ആ ചുവപ്പില്‍ അലിഞ്ഞുചേരുന്നു. രോദനങ്ങളില്ല. ശാന്തം.

പുഴയില്‍ നിന്ന് ഉയരാന്‍ തോന്നിയില്ല. കുളിര്.

മുന്നില്‍ എന്റെ പേര്. കുടത്തില്‍നിന്നും പുറത്തെത്തിയതെങ്ങനെ? ചുറ്റും അട്ടഹാസങ്ങള്‍ കേള്‍ക്കുന്നു. മുന്നില്‍ കണ്ണുകളില്‍ സ്നേഹവും ദൈന്യവും. ഞാന്‍ അവനെ വാരിയെടുത്ത് കുന്നിലേക്കോടി. രാത്രി കുടം മുറുക്കിക്കെട്ടിയാണ് അവനുവേണ്ടി താരാട്ടുപാടിയത്.

അടുത്ത പ്രഭാതം. ആരോ ശക്തിയില്‍ ഞെരുക്കുന്നതുപോലെ. അനങ്ങാനാവുന്നില്ല. ഞാന്‍ തിരിച്ചറിയുന്നു. ഞാനാണ് ഇപ്പോള്‍ കുടത്തിനുള്ളില്‍. പേര് സ്നേഹം കൊണ്ട് തീര്‍ത്ത പൂട്ട് തകര്‍ക്കണം. ഞാന്‍ അശക്തനോ?

ഒടുക്കം ഞാന്‍ വിജയിച്ചിരിക്കുന്നു. പക്ഷെ എന്റെ പേര് എവിടെ? മറ്റു കുടങ്ങള്‍ തുറന്നുകിടക്കുന്നു. അവയില്‍ ചിരികള്‍ മാത്രം.

കുന്നിറങ്ങാന്‍ ഏറെ ക്ലേശപ്പെട്ടു. തിരിഞ്ഞുനോക്കാനാകുന്നില്ല. അവിടെ എന്റെ പ്രിയപ്പെട്ട പേരില്ലല്ലോ. കുന്നില്‍ നിന്ന് ഒഴുകിവരാറുണ്ടായിരുന്ന സ്നേഹത്തിന്റെ കാറ്റ് നിലച്ചതുപോലെ.

പുഴ ചുവപ്പുനിറം നഷ്ടപ്പെട്ട് വിളറിയിരിക്കുന്നു. കടക്കാന്‍ ശ്രമിക്കുമ്പോള്‍ ചുവട്ടില്‍ നിന്ന് ആരോ വലിക്കുന്നു. വയ്യ. ഇതായിരിക്കും മരണം.

അവിടെ ഞാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ താഴേക്ക് നോക്കി. ജീവബിന്ദുക്കളാണ്. സ്നേഹം. കാത്തുനില്‍ക്കാന്‍ വയ്യ. ചവിട്ടിമാറ്റി തുടര്‍ന്നു. കാട് വീണ്ടും പൂത്തിരിക്കുന്നു. പ്രിയപ്പെട്ട മരുഭൂമി എവിടെ?

അതാ ദൂരെ. ഞാന്‍ അതിനുനേരെ ഓടി. അത് അകന്നുപോകുന്നുവോ? ഒടുക്കം ഞാനത് കണ്ടു. മരുഭൂമി.

അവിടെ ഒരു ചുവന്ന രൂപം. അത് മരുഭൂമിയെ ആവാഹിക്കുകയാണ്. മരുഭൂമി ശരീരത്തില്‍ ഏറ്റുവാങ്ങി അയാള്‍ കാട് തിരിച്ചുനല്‍കുന്നു. ഞാന്‍ വിളിച്ചു. അയാള്‍ തിരിഞ്ഞുനോക്കി. കണ്ണുകളില്‍ കനിവ്.

അത് എന്റെ പേരായിരുന്നു. അടുക്കാനാകുന്നില്ല. എന്റെ പേര്. എന്റെ രക്തവും എന്റെ മരുഭൂമിയും ആവാഹിച്ചതെന്തിനെന്ന് ഞാന്‍ ചോദിച്ചു. "നിന്റെ പേരല്ലാതെ മറ്റെന്താണ് ഇവയെ ആവാഹിക്കാനുണ്ടാകുകയെന്നാണ് നീ കരുതിയിരുന്നത്? നിനക്ക് പേരു മാത്രമേയുള്ളൂ". ദുഃഖങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാന്‍ എന്റെ പേരു മാത്രം ബാക്കി.

അവന്‍ വീണ്ടും എന്നെ സ്നേഹത്തോടെ നോക്കി.

എനിക്ക് ജ്ഞാനം സിദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് ആദ്യമായി അവനോട് വെറുപ്പുതോന്നി. പേരിനെ ഞാന്‍ ഉപേക്ഷിച്ചു. അവന് ചിരിച്ചു. "നീ സത്യം കണ്ടെത്തിയിരിക്കുന്നു. നമുക്ക് പിരിയാം. ഈ ദുഃഖങ്ങളില്‍ നിന്ന് നിന്നെ ഞാന്‍ മോചിപ്പിക്കുന്നു." അവന്‍ തിരിച്ചുനടന്നു. പുഴയുടെ ആഴങ്ങളില്‍ മോക്ഷം പ്രാപിച്ചു.

പുഴ വീണ്ടും തെളിഞ്ഞു. ജീവബിന്ദുക്കളും മോക്ഷം നേടി. കള്ളിമുള്ളുകള്‍ക്ക് രൂപം തിരിച്ചുകിട്ടി. പൂക്കളുടെ സുഗന്ധവും കിളികളുടെ പാട്ടുകളും ഞാന്‍ ആദ്യമായി അറിഞ്ഞു.

പക്ഷെ അവക്കൊന്നും എന്റെ മനസ്സിളക്കാനായില്ല. കാരണം ഞാന്‍ ജ്ഞാനിയായിക്കഴിഞ്ഞിരുന്നു. എന്റെ പേര് പുഴയില്‍ എന്റെ ഭൂതകാലത്തോടൊപ്പം ഒഴുകിനീങ്ങുകയായിരുന്നു. ഞാന്‍ എന്റെ പേരില്‍ നിന്നും സ്വതന്ത്രനായി, ഞാന്‍ മാത്രമായി, ഈ പ്രകൃതിയുടെ അംശമായിത്തീര്‍ന്നിരുന്നു.

ഞാന്‍ അറിഞ്ഞ സത്യം ഞാന്‍ പകരുന്നു. നിങ്ങളുടെ പേര് അല്ല നിങ്ങള്‍. പേര് ഉപേക്ഷിച്ച് എന്നോടൊപ്പം പോരൂ. ഞാന്‍ നിങ്ങള്‍ക്ക് പ്രകൃതിയുടെ പേരില്ലാത്ത ഈ ശാന്തി പരിചയപ്പെടുത്തിത്തരാം.


പിന്‍കുറിപ്പ് : പണ്ടെപ്പൊഴോ എഴുതിയതാണ്. 2007-ല്‍ മാധ്യമം വെളിച്ചം ചെറുകഥാമത്സരത്തിന് അയച്ചുകൊടുത്തു. ഒന്നാം സ്ഥാനം കിട്ടി. 2008 മാര്‍ച്ച് 24-ന് മാധ്യമം വെളിച്ചത്തില്‍ കഥ വന്നിട്ടുണ്ടായിരുന്നു. ഒന്നുരണ്ടുപേര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇപ്പോള്‍ ഇവിടെ ഇടുന്നു.

2 comments: