Monday 24 May 2010

വെറുതെ

ഉപ്പുമാങ്ങ ഞാന്‍ വേറെ ഭരണിയിലേക്ക് മാറ്റി
കാരണം പോസ്റ്റിന്റെ തലക്കെട്ടില്‍ വിശദീകരിച്ചിട്ടുണ്ട്
അപ്പോള്‍ നമുക്കിനി അടുത്ത കുപ്പിയില്‍ കാണാം

Sunday 23 May 2010

സോഫ്റ്റ്‌വെയര്‍ പൈറസി

ആദ്യം തന്നെ പറയാം - എന്റെ ലാപ്ടോപ്പില്‍ ഒരു പൈററ്റഡ് സോഫ്റ്റ്‌വെയര്‍ പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ ആവശ്യം വരാറില്ല. ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 7 ഐഐടിയും മൈക്രോസോഫ്റ്റുമായുള്ള അറേഞ്ച്മെന്റ് വഴി കിട്ടിയതാണ്.

നാലാം സെമസ്റ്ററിലെ ഫിലോസഫി കോഴ്സില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെക്കുറിച്ച് ഒരു അസൈന്‍മെന്റുണ്ടായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഡിസ്കഷന്റെ രൂപത്തിലാണ് എഴുതാനാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു ഡെലിബറേഷന്‍ നടത്തേണ്ടി വന്നപ്പോള്‍ ഓര്‍മ്മ വന്നതാണ് (കൂടുതല്‍ ഡീറ്റെയില്‍സ് തരുന്നില്ല :)). ലിങ്ക് ഇവിടെ ഇടുന്നു

അഭിപ്രായങ്ങള്‍?

ഞാന്‍ എഴുതിയതിന് എതിരഭിപ്രായത്തോടെ നന്നായി എഴുതിയ ഒരു ബാച്ച്മേറ്റുണ്ടായിരുന്നു. അവന്റെ അസൈന്‍മെന്റിന്റെ ലിങ്ക് കിട്ടിയാല്‍ അതും ഇടാം

പിന്‍കുറിപ്പ് : Reasoning is always clouded by prejudice. I am prejudiced

Friday 21 May 2010

ഒന്നാം വാരം

ഞാനാകെ ചൂടിലാണ്.

ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് ഇന്ത്യക്കാര്‍ (ഇറ്റാലിയനെ വിട്ടുകള - അതൊരു രാത്രിഞ്ചരനാണ്). വല്ലതും തിന്നാനുണ്ടാക്കല്‍ (എന്നുവച്ചാല്‍ ടിന്നിലടച്ച സാധനം ചൂടാക്കല്‍), പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ ഒക്കെ സ്വയം ചെയ്യണം. ഇതിന്റെ പകുതി പണിയില്ലാഞ്ഞിട്ടുകൂടി ഐഐടിയില്‍ എനിക്ക് പ്രാന്തായിട്ടുണ്ട്. സ്വയം പുകഴ്ത്തരുതല്ലോ; ഇങ്ങനത്തെ പണിയൊക്കെ ഞാന്‍ എത്ര നന്നായി ചെയ്യും എന്ന് ഉമ്മയോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇപ്പോള്‍ റൊട്ടേഷനനുസരിച്ച് ബാത്ത്റൂമിലെ സിങ്ക് കഴുകി വരുകയാണ് (ആക്ച്വലി രണ്ട് ബാത്ത്റൂമുണ്ട്. മറ്റേതിലെ സിങ്ക് ഒന്ന് കണ്ടതോടെ അത് അടുത്ത റൊട്ടേഷന്‍കാരന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ബുദ്ധിപൂര്‍വം തീരുമാനിച്ചു). ഉരച്ചുരച്ച് വന്നപ്പോള്‍ ആരോടൊക്കെയോ തോന്നിയ ദേഷ്യം മറക്കാന്‍ വേണ്ടി ഞാന്‍ സില്‍സില രണ്ടു പ്രാവശ്യം കണ്ടു. മറന്നു. അതുകൊണ്ട് സിങ്ക് കഴുകിയതിന്റെ ഭീകരമായ വര്‍ണ്ണനകളൊന്നും ബ്ലോഗിലിടാന്‍ പറ്റിയില്ല.

കാല്‍ടെക്കില്‍ വന്ന ശേഷമുള്ള ആദ്യത്തെ വര്‍ക്കിങ്ങ് വീക്ക് കഴിഞ്ഞു. വല്ലാത്തൊരു വീക്ക് തന്നെയായിരുന്നു. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അഡ്ജസ്റ്റ്മെന്റ് കച്ചറകളില്‍ ടോയ്ലറ്റ് പേപ്പര്‍ ഒരുവിധം തഴങ്ങി. ചതുരപ്പിന്നിന് അഡാപ്റ്റര്‍ വാങ്ങി.

ഇനി ജെറ്റ്ലാഗിന്റെ കാര്യം. വന്ന രാത്രി ഞാന്‍ അടിപൊളിയായി ഉറങ്ങി. അടുത്ത ദിവസവും വലിയ പ്രശ്നമൊന്നും തോന്നിയില്ല. എന്തോന്ന് ജെറ്റ്ലാഗ്? പക്ഷെ ഉച്ച കഴിഞ്ഞപ്പോള്‍ തോളിന് ചെറിയൊരു വേദന. അണ്‍സൈന്റിഫിക്കായി യാത്രയിലാകെ ബാഗുതൂക്കിയതിന്റെ ഫലമായിരിക്കും. വല്ലാത്ത ക്ഷീണവും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒന്ന് മയങ്ങാന്‍ കിടന്നു. വല്ലാതെ ഉച്ചയ്ക്കുറങ്ങിയാല്‍ ശരിയാവില്ലെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. മൂന്നരയ്ക്ക് അലാറം വച്ചു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഏഴരയേ ആയിട്ടുള്ളൂ. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. പിന്നെ ഇന്നലെ വരെ ഇതുതന്നെയായിരുന്നു. രാത്രി ഉറക്കത്തിന് വലിയ കുഴപ്പമില്ലെങ്കിലും പകല്‍, പ്രത്യേകിച്ച് ഉച്ചയോടടുത്ത്, വല്ലാതെ ഉറക്കം വരും. അപ്പഴാണ് പ്രൊഫസറോടും പി.എച്.ഡി. സ്റ്റുഡന്റ്സിനോടും സംസാരിക്കേണ്ടി വരുക. പിന്നെ ഓരോ ബുക്കും പേപ്പറും വായിക്കാനുമുണ്ടാകും. കണ്ണടയാതിരിക്കണമെങ്കില്‍ കൈകൊണ്ട് തുറന്നുപിടിക്കണം. ആ, ഇപ്പോഴേതാണ്ട് ശരിയായിട്ടുണ്ട്.

പക്ഷെ അതിലും വലിയ പ്രശ്നം ഭക്ഷണമായിരുന്നു. ഇവിടെ വെജിറ്റേറിയന്മാരൊക്കെ എങ്ങനാണോ ജീവിക്കുന്നത്? സാലഡില്‍ പോലും പന്നിയിറച്ചിയാണ്. ഒരു സാധനത്തിലും ഉപ്പും മുളകുമില്ല. കോഴിയില്‍ വരെ മധുരമിടുകയും ചെയ്യും. കാല്‍ടെക്കിലെ കഫേയിലാണെങ്കില്‍ എല്ലാത്തിനും ഒടുക്കത്തെ വിലയുമാണ്. കുറച്ച് സാധനങ്ങള്‍ തരക്കേടില്ലാത്തതുണ്ട്. കണ്ടുപിടിക്കുക, തിന്നുക.

ഞായറാഴ്ച്ച തീറ്റയും ഉറക്കവും ഷോപ്പിങ്ങുമൊക്കെയായി അങ്ങനെ പോയി. തിങ്കളാഴ്ച ആദ്യത്തെ വര്‍ക്കിങ്ങ് ഡേ ആണ്. രാവിലെ പോയി മെന്ററെ കാണണം. ചില പ്രശ്നങ്ങളുണ്ടായിട്ടുള്ളത് ആദ്യം ശരിയാക്കണം.

പ്രശ്നം എന്തെന്ന് വിശദീകരിക്കുന്നതിനു മുമ്പ് ആദ്യം ഇവിടെ എത്തിപ്പെട്ടതെങ്ങനെയെന്ന ചരിത്രം പറയാം. സര്‍ജ് എന്നാല്‍ ഐഐടി കാന്‍പൂര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗവേഷണത്തിന് പ്രചോദനം നല്‍കാനുള്ള ഒരു പരിപാടിയാണ്. കുറേ കുട്ടികള്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട മസോക്കിസ്റ്റുകള്‍ (ഒരു ലോഡുണ്ടാകും) വേനല്‍ക്കാലത്ത് 45 ഡിഗ്രി ചൂടില്‍ ഐഐടിയില്‍ ഇരുന്ന് പ്രൊജക്റ്റ് ചെയ്യുന്നു. ഇതിന് പുറമെ നാല് അന്താരാഷ്ട്രസ്ഥാപനങ്ങളുമായി - കാല്‍ടെക്, റൈസ് സര്‍വകലാശാല, എകോള്‍ പോളിടെക്നിക്, എകോള്‍ സെന്‍ട്രല്‍ - എക്സ്ചേഞ്ച് പ്രോഗ്രാമുകളുമുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികളെ അങ്ങോട്ടയക്കുന്നു, മൂന്നുപേരെവരെ ഇങ്ങോട്ടെടുക്കുന്നു. ഈ അന്താരാഷ്ട്ര എക്സ്ചേഞ്ച് എന്ന് പറയുന്നത് കിട്ടാന്‍ അല്പം വിഷമമാണ്. CPI എട്ടരയോ മറ്റോ ഉണ്ടെങ്കിലേ അപ്ലൈ ചെയ്യാന്‍ തന്നെ പറ്റൂ. അതുള്ള ഒരുമാതിരി എല്ലാവനും അപ്ലൈ ചെയ്യുകയും ചെയ്യും. അതില്‍ നിന്നാണ് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുക. നാല് സ്ഥലമുള്ളതില്‍ കാല്‍ടെക്കും എകോള്‍ പോളിടെക്നിക്കും ഏറ്റവും ഹോട്ട് ചോയ്സസ് ആണ്. അതുകൊണ്ട് ഈ സ്ഥലങ്ങളില്‍ കയറിപ്പറ്റാനായാല്‍ ബയോഡാറ്റയുടെ വെയിറ്റ് കൂടും എന്നതുകൊണ്ടുകൂടിയാണ് പലരും അപ്ലൈ ചെയ്യാറുള്ളത്.

കഴിഞ്ഞ വര്‍ഷം സര്‍ജിന് അപ്ലൈ ചെയ്തില്ല. ഐഐടി ബോംബേയില്‍ ഒരു കുടുസ്സുമുറിയില്‍ ചൂടത്ത് ഒരു മാസം കഴിഞ്ഞു (കുഴപ്പമില്ല, അത് ടിഐഎസ്ബിയിലെ രണ്ടാഴ്ച്ചകൊണ്ട് മുതലാക്കി). ഇപ്രാവശ്യം ഏതായാലും ഒരു ഇന്റര്‍നാഷണല്‍ ടൂറൊപ്പിക്കാന്‍ പറ്റിയാല്‍ തരക്കേടില്ല എന്ന് തോന്നി. സര്‍ജ് കിട്ടാന്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ ആറുപേര്‍ ഗൂഢാലോചന നടത്താന്‍ തുടങ്ങി. സിദ്ധാര്‍ത്ഥിനും ലോഹാനിക്കും പോകണമെന്നില്ല. അര്‍ണബ് ജര്‍മ്മനിയിലേക്ക് ദാദ് പ്രോഗ്രാം വഴി പോകാനാണ് നോക്കുന്നത്. അപ്പോള്‍ ഞാനും ശുഭായുവും അമര്‍ത്യയും സര്‍ജിന് അപ്ലൈ ചെയ്യാന്‍ തിരുമാനിച്ചു. മൂന്നുപേരും കാല്‍ടെക്കാണ് ആദ്യ ഓപ്ഷന്‍ കൊടുത്തത്. അമര്‍ത്യയ്ക്ക് സെലക്ഷന്‍ കിട്ടാന്‍ സാധ്യത കുറവാണ് - അവന്റെ CPI അത്ര നന്നല്ല. CPI ആണ് സര്‍ജ് സെലക്ഷന് കണക്കാക്കുന്ന ഏറ്റവും പ്രധാന (സത്യം പറഞ്ഞാല്‍ ആകെയുള്ള) ഘടകം എന്നാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള അനുഭവം. അതുകൊണ്ട് പ്രൊജക്റ്റ് പ്രൊപ്പോസലും പ്രസന്റേഷനും അസാമാന്യമായി കുളമാക്കാതിരുന്നാല്‍ എനിക്കും ശുഭായുവിനും ഈസിയായി സെലക്ഷന്‍ കിട്ടും.

അപ്ലൈ ചെയ്തു. ശുഭായു ജനറല്‍ റിലേറ്റിവിറ്റി പഠിച്ചിട്ടുണ്ട്. അതുപയോഗിക്കുന്ന ഒരു പ്രൊജക്റ്റും ചെയ്തിട്ടുണ്ട്. അതിന്റെ കണ്ടിന്വേഷനായി ഒരു സൂപ്പര്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ അവനുണ്ടാക്കി. അമര്‍ത്യയും കഴിഞ്ഞ വേനലവധിക്ക് ചെയ്ത ഏതോ സ്പെക്ട്രോസ്കോപി പ്രൊജക്റ്റിന്റെ കണ്ടിന്വേഷനായി ഒരു പ്രൊപ്പോസലുണ്ടാക്കി. എനിക്കാകെ ആധിയായി. ഇതിനു മുമ്പ് ചെയ്ത പ്രൊജക്റ്റൊന്നും കണ്ടിന്യൂവബിളല്ല. പുതിയ ഒറിജിനല്‍ ഐഡിയയൊന്നും ഇല്ലതാനും. ഉണ്ട്, പക്ഷെ അതുമായി ബന്ധപ്പെട്ട ഗവേഷണമൊന്നും ഈ സ്ഥലങ്ങളിലൊന്നും നടക്കുന്നില്ല. ഡെഡ്‌ലൈനിന്റെ തലേ ദിവസം ഞാന്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടാന്‍ തീരുമാനിച്ചു. മുമ്പ് ഊട്ടി റേഡിയോ ദൂരദര്‍ശിനിയില്‍ വച്ച് ഇന്റര്‍പ്ലാനെറ്ററി സിന്റിലേഷന്‍ ഉപയോഗിച്ച് സൗരക്കാറ്റിന്റെ വേഗം കണക്കാക്കുന്ന ഒരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സൂര്യന്റെ സക്രിയതയുമായി ചെറിയ ബന്ധമുണ്ടായിരുന്നു. അതിന്റെ ബാക്ക്ഗ്രൗണ്ടില്‍ സൗരകളങ്കങ്ങള്‍, ഷ്വാബെ ചക്രം, ഹിമയുഗം, ലോകാവസാനം (ന്റമ്മോ) എന്നിവയെയെല്ലാം കൂട്ടിക്കുഴച്ച് ഒരു പ്രൊപ്പോസലുണ്ടാക്കി. പ്രസന്റേഷനുണ്ടാക്കാനും കാര്യമായ വായന ആവശ്യം വന്നില്ല. പ്രസന്റേഷനില്‍ ചേര്‍ക്കാന്‍ മൂന്നുനാല് പേപ്പറുകളുടെ ലിങ്ക് വേണമായിരുന്നു - അതൊപ്പിച്ചു. പ്രസന്റേഷന്റെ തലേ രാത്രി ഞങ്ങള്‍ മൂന്നുപേരും ഒരു റിഹേഴ്സലും നടത്തി. പ്രസന്റേഷന്‍ നന്നായി പോയി. വിഷയത്തില്‍ കാര്യമായി വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ കുടുങ്ങുമായിരുന്നു. പക്ഷെ കെമിസ്ട്രി പ്രൊഫസറോട് സോളാര്‍ ഫിസിക്സിനെക്കുറിച്ച് പത്തുമിനിറ്റ് പ്രസന്റേഷന്‍ കൊടുക്കാന്‍ ആര്‍ക്കും പറ്റും. ചോദിച്ച ചോദ്യമൊക്കെ വല്ലാതെ എളുപ്പവുമായിരുന്നു. ഏതായാലും റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് കാല്‍ടെക്കിലേക്ക് കിട്ടി, ശുഭായുവിന് എകോള്‍ പോളിടെക്നിക്കിലേക്കും.

ഇനിയാണ് ശരിക്കുള്ള പണി കിടക്കുന്നത്. കാല്‍ടെക്കുകാര്‍ പ്രൊപ്പോസലും റിസര്‍ച്ച് ഇന്ററസ്റ്റും വായിച്ച് ഒരു മെന്ററെ കണ്ടുപിടിക്കും. വിസയും മറ്റ് നൂലാമാലകളും ഒക്കെ നമ്മള്‍ ഒപ്പിക്കുകയും വേണം. പശുവിനെ തെങ്ങില്‍ കെട്ടിയ പ്രൊപ്പോസലായതുകൊണ്ട് മെന്ററെ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല. ഇഷ്ടപ്പെട്ട അഞ്ച് വിഷയങ്ങളുടെ ലിസ്റ്റുകൊടുക്കാന്‍ പറഞ്ഞു. കൊടുത്തു. എന്നിട്ടും അവര്‍ക്ക് ആളെ കിട്ടുന്നില്ല. ഒടുക്കം അഞ്ച് പ്രൊഫസര്‍മാരുടെ ലിസ്റ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ കാല്‍ടെക് ഫിസിക്സ്, ആസ്ട്രോണമി ഡിപ്പാര്‍ട്മെന്റ് ആകെ പരതി. എനിക്ക് അല്‍പമെങ്കിലും വിവരമുള്ള കാര്യങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന ആരുമില്ല. ഒടുവില്‍ തട്ടിക്കൂട്ടി ഒരു ലിസ്റ്റുണ്ടാക്കി. അതില്‍ നിന്ന് ഫ്രൊഫ. സ്റ്റേള്‍ ഫിന്നി എന്നെ മെന്റര്‍ ചെയ്യാമെന്ന് സമ്മതിച്ചു. മെന്ററെ കിട്ടിയാല്‍ പിന്നെ ഡിസ്കഷന്‍ വഴി പുതിയൊരു പ്രൊപ്പോസലുണ്ടാക്കി ഏപ്രില്‍ 15-ന് മുമ്പ് അപ്‌ലോഡ് ചെയ്യണമെന്നാണ്. ഏപ്രില്‍ 14 ആയിട്ടും എന്റെ മെയിലിനൊന്നും മെന്റര്‍ മറുപടിയയക്കാതിരുന്നപ്പോള്‍ ഞാന്‍ എക്സ്റ്റന്‍ഷന്‍ ചോദിച്ചു. കാല്‍ടെക്കിലെത്തുന്നതിന് മുമ്പ് ശരിയാക്കിയാല്‍ മതിയെന്ന് അവര്‍ ഇളവ് തന്നു. ഇവിടേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പും മെന്ററുടെ മെയില്‍ വരാതായപ്പോള്‍ ഞാന്‍ രണ്ട് പേപ്പര്‍ വായിച്ച് വേഗായി ഒരു പ്രൊപ്പോസല്‍ എഴുതി (കഴിഞ്ഞ മൂന്ന് മാസം ഞാന്‍ എന്തെടുക്കുകയായിരുന്നു എന്ന് ചോദിക്കരുത്). ഇത് വല്ലാതെ വേഗാണല്ലോ എന്ന് കാല്‍ടെക്. അവരെ തല്‍ക്കാലത്തേക്ക് പറഞ്ഞ് സമാധാനിപ്പിച്ചു.

സാധനം ഒന്ന് പെട്ടെന്ന് കോണ്‍ക്രീറ്റ് ആക്കി എടുക്കണം. മൈനാകും രാഘവും പ്രൊപ്പോസലുകള്‍ മുമ്പേ ശരിയാക്കിയതാണ്. നമ്മള്‍ മാത്രം ഇങ്ങനെയായാല്‍ ശരിയാകില്ല. അപ്പോള്‍ വര്‍ത്തമാനകാലത്തിലേക്ക് വരാം. ഇതാണ് പ്രൊഫസറെ കണ്ട് ശരിയാക്കേണ്ടത്. പത്തുമണിക്ക് ഞാന്‍ കാണാന്‍ വരുന്നുണ്ടെന്നുപറഞ്ഞ് ഏഴുമണിക്ക് ഒരു മെയിലയച്ചു. കഴിഞ്ഞ മൂന്നുമാസമായി എഴുതിയ എത്രയോ മെയിലുകള്‍ക്ക് വരാഞ്ഞ മറുപടി ഇപ്പോള്‍ കിട്ടി : ശരി.

പോയി കണ്ടു. വളരെ നല്ല മനുഷ്യന്‍. പ്രൊജക്റ്റിന് നാലഞ്ച് ചോയ്സ് തന്നു. ഞാന്‍ ഉണ്ടാക്കിയ രണ്ട് പ്രൊപ്പോസലുമായും യാതൊരു ബന്ധവും ഒന്നിനുമില്ല (മൈനാകിന്റെയും രാഘവിന്റെയും കാര്യവും ഇങ്ങനെത്തന്നെയാണെന്ന് പിന്നെ അറിഞ്ഞു). പ്രൊഫസര്‍ ഒക്കെ വിശദീകരിച്ചുതരുമ്പോള്‍ ഞാനിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. എനിവേ, എനിക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് ആത്മവിശ്വാസം തോന്നിയ ഒരു ടോപ്പിക്കുണ്ട്. അത് കോഡിങ്ങാണ് - വേണ്ടെന്നുവച്ചു. രണ്ടുമൂന്ന് കൊല്ലമായി പ്രൊജക്റ്റുകളും ജുഗുനുവും പ്രോഗ്രാമിങ്ങ് കോണ്ടസ്റ്റുകളും ഒക്കെയായി കോഡിങ്ങ് തന്നെ ചെയ്യുന്നു. അതുകൊണ്ട് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയ ഒരു തിയറി പ്രൊജക്റ്റ് ആണ് ഞാന്‍ തിരഞ്ഞെടുത്തത്. ഇരട്ട തമോദ്വാരങ്ങള്‍ക്ക് ചുറ്റുമുള്ള അക്രീഷന്‍ ഡിസ്കുകളെക്കുറിച്ചായിരുന്നു ഇത്. വളരെ രസമുള്ള ടോപ്പിക്കാണ്. പക്ഷെ ഒന്നുരണ്ട് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, എനിക്ക് അഞ്ചു പൈസക്ക് ജനറല്‍ റിലേറ്റിവിറ്റി അറിയില്ല. ആവശ്യമുള്ള സാധനം വായിച്ചെടുക്കണം. രണ്ടാമതായി, പേപ്പറുകളില്‍ ഉപയോഗിച്ചുകാണുന്ന ചില മാത്തമാറ്റികല്‍ മെത്തേഡുകളും അത്ര വശമില്ല. മൂന്നുകൊല്ലം ഐഐടിയില്‍ ഫിസിക്സ് പഠിച്ചു. എഞ്ചിനിയറിംഗ് ഡ്രോയിങ്ങും ഇനോര്‍ഗാനിക് കെമിസ്ട്രിയും ഇലക്ട്രോണിക്സും സോഷ്യോളജിയും വരെ ഇത്രകാലം കൊണ്ട് കോഴ്സില്‍ വന്നിട്ടുണ്ട്. ഇതുപോലെ ആവശ്യമുള്ള വക മാത്രമില്ല.

മുണ്ടുമുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ടകാലം പഠിപ്പിച്ചു
എന്ത് കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു

കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആയകാലത്ത് ശുഭായു ചെയ്തപോലെ മര്യാദയ്ക്ക് വല്ലതും സ്വയം വായിച്ചുവച്ചാല്‍ മതിയായിരുന്നു. ഒരാഴ്ച കുത്തിയിരുന്ന് വായിച്ചു. ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി വരുന്നുണ്ട് (ഐ മീന്‍, മാത്തമാറ്റികല്‍ മെത്തേഡ്സ്. റിലേറ്റിവിറ്റി വായിച്ചെടുക്കാന്‍ ഈ കാലമൊന്നും പോര). ആദ്യം വിചാരിച്ചതിനെക്കാള്‍ അടിപൊളിയാണ് വിഷയം. കുറച്ചുകൂടി വായിക്കാനുണ്ട്. അതു കഴിഞ്ഞ് പുതിയ മോഡലുണ്ടാക്കാന്‍ തുടങ്ങണം.

ഇതിനിടയ്ക്ക് ആ കോഡിങ്ങ് പ്രൊജക്റ്റിലും ഒരു കൈ നോക്കി. നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള മെസ സോഫ്റ്റ്വെയര്‍ മോഡ്യൂളുകള്‍ ഉപയോഗിക്കണം. ആ സാധനം എന്റെ ലാപ്ടോപ്പില്‍ തന്നെ സെറ്റപ് ചെയ്യാന്‍ കുറേ പാടുപെടേണ്ടി വന്നു. ജിഫോര്‍ട്രാന്‍ 4.5 ഉണ്ടെങ്കിലേ അത് കമ്പൈല്‍ ചെയ്യൂ. മെസ ഉപയോഗിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു പി.എച്ച്.ഡി സ്റ്റുഡന്റുകൂടി സ്റ്റേളിനുണ്ട് : ജിങ്ങ് ലുവാന്‍. അവള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം ലാപ്ടോപ്പില്‍ മെസ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കുന്നു. ഞാന്‍ ഒന്ന് തലയിട്ടുനോക്കി. മാക്ബുക്കാണ്. കാടാണ്. ഹലോ വേള്‍ഡ് പ്രോഗ്രാം പോലും അതില്‍ കമ്പൈല്‍ ചെയ്യാന്‍ പറ്റില്ല. ഇന്‍സ്റ്റാള്‍ ചെയ്ത പകുതി സോഫ്റ്റ്വെയറെങ്കിലും ബ്രേക്ക് ചെയ്യാതെ ആവശ്യം നടക്കില്ല. മാക്കിനെക്കുറിച്ച് എനിക്ക് വലിയ (സോറി, തീരെ) വിവരവുമില്ല. അതവിടെ ഇട്ടു. ജിങ്ങിന്റെ ഡെസ്ക്ടോപ്പാണെങ്കില്‍ ജാംബവാന്‍ സ്വന്തം കൈ കൊണ്ട് ഫെഡോറ 5 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു മെഷീനാണ്. അതിലും കുറേ കളിച്ചുനോക്കി. ആവശ്യമുള്ള ലൈബ്രറികള്‍ താങ്ങാനുള്ള ത്രാണി ആ ഓഎസ്സിനില്ല. അതും അങ്ങനെ വച്ചു. ഇപ്പോള്‍ ജിങ്ങ് പുതിയ ലാപ്ടോപ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് :)

കഴിഞ്ഞ ദിവസം ഓഫിസില്‍ സ്വന്തം ഡെസ്ക് കിട്ടി. മൂന്ന് ബുദ്ധിജീവികളുടെ നടുവിലാണ്. ലാപ്ടോപ്, പുസ്തകങ്ങള്‍, ബോര്‍ഡ് - മൂന്നുപേരും ഈ സാധനങ്ങളേ രാവിലെത്തൊട്ട് വൈകുന്നേരം വരെ ഉപയോഗിക്കാറുള്ളൂ. നല്ലത്. സ്വസ്ഥം. ഓഫീസ് ബില്‍ഡിങ്ങ് മാത്രം കൊണാപ്പാണ്. വഴി കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ്. ചതുരത്തിലോ വൃത്തത്തിലോ ഒന്നുമല്ലാതെ ഇപ്പോള്‍ പൊളിഞ്ഞുവീഴുമെന്ന് തോന്നിപ്പിക്കുന്ന maze പോലുള്ള ഒരു സാധനം. ഫിസിക്സുകാര്‍ക്ക് വട്ടാണെന്നാണ് ഇവിടെയും പൊതുജനാഭിപ്രായം എന്ന് തോന്നുന്നു.

ഇതിന്റെ ഇടയില്‍ തീറ്റയും ഷോപ്പിങ്ങും. നാടാകെ മാളുകളാണ്. സാധനങ്ങളുടെ വിലയ്ക്കൊന്നും ഒരു സെന്‍സുമില്ല. ഒരു ഇസ്തിരിപ്പെട്ടിക്കും തലയിണയുറയ്ക്കും ഒരേ വിലയാണ്. ഇവിടെനിന്ന് വീട്ടിലേക്ക് വിളിക്കാനുള്ള റേറ്റ് ഐഐടിയില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുന്നതിലും കുറവാണ്. ഞാന്‍ ചിന്തിക്കുന്ന പരിപാടി നിര്‍ത്തി. തിന്നാന്‍ ഇടയ്ക്ക് അപാര്‍ട്മെന്റിലിരുന്ന് ബ്രെഡ് കഴിക്കും. രാവിലെയും ഉച്ചയ്ക്കും മിക്കപ്പോഴും കാല്‍ടെക്കിനുള്ളിലെ ചാന്‍ഡ്‌ലെര്‍ കഫേയിലാണ്. ഒന്നുരണ്ടുതവണ മൈനാകിന്റെയും രാഘവിന്റെയും കൂടെ സബ്‌വേയില്‍ പോയി. ഒരു തവണ ഒരു മെക്സിക്കന്‍ റെസ്റ്റാറന്റിലും പോയി ഭക്ഷണം കഴിച്ചു - അവര്‍ക്ക് മാത്രം ഇപ്പോഴും ഉപ്പിലും മുളകിലുമുള്ള വിശ്വാസം നഷ്ടമായിട്ടില്ല. ജിങ്ങ് ഒരുതവണ ഒരു ജപ്പാനീസ് റെസ്റ്റാറന്റില്‍ കൊണ്ടുപോയി സൂഷിയും വാങ്ങിത്തന്നു. ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ആദ്യമായി ഭക്ഷണം കഴിച്ചു. എനിക്ക് പരിചയമുള്ള രണ്ടുമൂന്ന് പൂര്‍വവിദ്യാര്‍ത്ഥികളെയും കണ്ടു.

ഇനി ഒന്നുരണ്ടാഴ്ച ശരിക്കിരുന്ന് വായിക്കണം. ഇല്ലെങ്കില്‍ പ്രൊജക്റ്റാകെ വെള്ളത്തിലാകും. ഇടയ്ക്ക് ഒന്നുരണ്ട് ലോങ്ങ് ലീവ് വരുന്നുണ്ട്. ലോസ് ആഞ്ചലസും (ഹോളിവുഡ്, ഡിസ്നിലാന്റ്) സാന്‍ഫ്രാന്‍സിസ്കോയും കാണണം. അതിനിടയ്ക്ക് രാഘവിനെ കൊല്ലാനോ പട്ടിണികിടന്ന് ചാവാനോ തോന്നാതിരുന്നാല്‍ മതിയായിരുന്നു.

പിന്‍കുറിപ്പ്:
* ശുഭായുവിന് സര്‍ജ് സെലക്ഷന്‍ കിട്ടിയെങ്കിലും വിസ ശരിയാകാത്തതുകൊണ്ട് എകോളിലേക്ക് പോകാന്‍ പറ്റിയില്ല. അവനിപ്പോള്‍ ഐഐടിയിലിരുന്ന് ഒരു പ്രൊജക്റ്റ് ചെയ്യുകയാണ്. അര്‍ണബിന് ദാദ് കിട്ടി. അമര്‍ത്യയും സിദ്ധാര്‍ത്ഥും വിവേക് ലോഹാനിയും ഐഐടിയിലിരിക്കുന്നു.
* ഇപ്പോള്‍ വാതിലില്‍ മുട്ടിയ ഒരു സെക്യൂരിറ്റിക്കാരന്‍ ഇന്നലെ രാത്രി ആരോ വന്ന് വാതിലിന്റെ പിടിയില്‍ നായ്ക്കാട്ടം തേച്ചിരുന്നു എന്നു പറഞ്ഞു. വാട്ട്???

* യാത്രയിലെ ചിത്രങ്ങള്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നുണ്ട്

Sunday 16 May 2010

കൂടിപ്പോയാല്‍ എന്തു സംഭവിക്കും?

അവസാനം അമേരിക്കയിലും കാലുകുത്തി.

ഒരു തവണ അമേരിക്ക കാണണമെന്നൊരു ആഗ്രഹം. സ്വന്തം കീശയില്‍ നിന്ന് പൈസ ചെലവാകരുതെന്നും ആഗ്രഹം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ജ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സമ്മര്‍ പ്രൊജക്ടിന് കാല്‍ടെക്കിലേക്ക് തിരിച്ചു. ഇവിടെ ജീവിതം എത്ര എക്സൈറ്റിങ്ങ് ആയിരിക്കും എന്നറിഞ്ഞുകൂട. രണ്ടര മാസം കുത്തിയിരുന്ന് കാര്യമായി എന്തെങ്കിലും ചെയ്യണം. ഇടക്ക് അടുത്തുള്ള ഒന്നുരണ്ട് സ്ഥലങ്ങളും കാണണം. ആകെപ്പാടെ ബ്ലോഗെഴുതിയാല്‍ വായിക്കുന്നവരൊക്കെ ഉറങ്ങി വീഴുന്ന ജീവിതമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും തുടക്കം അടിപൊളിയായിരുന്നു.

13-ആം തീയതി രാവിലെ (സമയമൊക്കെ ലോക്കല്‍ ടൈമായിരിക്കും. അതുകൊണ്ട് കണക്ക് തെറ്റി എന്ന് തോന്നിയാല്‍ മിണ്ടണ്ട) വീട്ടില്‍ നിന്നിറങ്ങിയതാണ്. ബാഗില്‍ എന്തൊക്കെ നിറയ്ക്കണം (ബാഗേ വേണ്ട എന്ന് ഞാന്‍, ബാഗില്‍ ഒരു മുറി തന്നെ നിറയ്ക്കണം എന്ന് വീട്ടുകാര്‍), എയര്‍പോര്‍ട്ടിലേക്ക് എന്നെ അയക്കാന്‍ എത്ര പേര്‍ വരണം (0 എന്ന് ഞാന്‍, 3 എന്ന് വീട്ടുകാര്‍) മുതലായ നിസ്സാര പ്രശ്നങ്ങളിലുള്ള വാഗ്വാദങ്ങളൊഴിച്ചാല്‍ കാര്യമായി വിവരിക്കാനൊന്നുമില്ല. ഡല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചു. അന്ന് രാത്രി രാഹുലിന്റെ വീട്ടില്‍ തങ്ങി. അവന്റെ പുതിയ നായ എന്നെ വീടാകെ ഓടിച്ചു എന്നതൊഴിച്ചാല്‍ അവിടെയും കാര്യമായി ഒന്നും നടന്നില്ല. ഇന്ത്യ ലോകകപ്പില്‍ സുന്ദരമായി ഉളുപ്പില്ലാതെ പൊട്ടി നാറുന്നതും (കുറച്ചുകൂടി അഡ്ജക്റ്റീവുകള്‍ ഉപയോഗിക്കണമെന്നുണ്ട്. വേണ്ട, എന്റെ പഴയ ടീച്ചര്‍മാരെങ്ങാനും ബ്ലോഗ് വായിച്ചാലോ?) കണ്ടു.

14-ന് വൈകുന്നേരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഏഴരക്ക് എയര്‍പോര്‍ട്ടിലെത്തണമെന്നതായിരുന്നു പ്ലാന്‍. എട്ടുമണിക്കെത്തി. കുറച്ച് സമയത്തില്‍ മൈനാകും രാഘവും എത്തി. എന്റെ കൈയിലുള്ളതിന്റെ ഇരട്ടിയിലധികം സാമാനം രണ്ടുപേരും പൊക്കുന്നുണ്ട്. ചെക്കിങ്ങും ചോദ്യങ്ങളും ഇന്റര്‍വ്യൂവുമൊക്കെ കഴിഞ്ഞ് ഒരു വകയായി. ചെക്കിങ്ങിന്റെ കാര്യം രസമായിരുന്നു. എന്റെ ഹാന്‍ഡ്ബാഗില്‍ ഒരു ലാപ്ടോപ്, അതിന്റെ ചാര്‍ജര്‍, ഹെഡ്സെറ്റ്, സി ഡി കേസ്, പെന്‍ഡ്രൈവ്, ക്യാമറ, ചാര്‍ജര്‍, മൊബൈല്‍ ഫോണ്‍, കാല്‍കുലേറ്റര്‍, കുറേ വയര്‍ ഒക്കെ ചേര്‍ത്ത് ഒരു മിനി ഇലക്ട്രോണിക് ഷോപ്പാണ്. ചെക്കിങ്ങിന് ഇതൊക്കെ ബാഗില്‍ നിന്ന് വലിച്ചൂരി വേറെ ട്രേയില്‍ വക്കണം. ഇത്രയും സാധനമുള്ളതുകൊണ്ട് ട്രേ ഒന്നൊന്നും മതിയാകില്ല. ഒരു വിധത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചെക്ക് കഴിച്ച് ഒക്കെ തിരിച്ച് ബാഗിലേക്കിട്ടു. ഇമിഗ്രേഷനും കസ്റ്റംസും ഒന്നും പ്രശ്നമായില്ല. പക്ഷെ ഫ്ലൈറ്റിലെത്തുന്നതിന് തൊട്ടുമുമ്പ് കോണ്ടിനെന്റലുകാര്‍ക്ക് ഒന്നുകൂടെ ചെക്കണം - ഇന്ത്യന്‍ എയര്‍പോര്‍ട്ട് ചെക്കുകാരെ വിശ്വാസം പോര. എനിക്കാകെ ചൂടായി. പക്ഷെ ഇതിലും വലിയ ചെക്ക് വരാന്‍ കിടക്കുന്നേ ഉള്ളായിരുന്നൂ.

ഫ്ലൈറ്റില്‍ കേറി. 10:45. ഡിന്നര്‍ കഴിച്ചു. 15 മണിക്കൂറാണ് യാത്ര. ഇന്‍-ഫ്ലൈറ്റ് എന്റര്‍ടെയിന്‍മെന്റില്‍ സിനിമയും പാട്ടും കളിയുമൊക്കെയുണ്ട്. പക്ഷെ ഞാന്‍ ഇതിലൊക്കെ വലിയ എന്റര്‍ടെയിന്‍മെന്റിന് പോയി. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ രാവിലെ പന്ത്രണ്ടുമണിയായിരുന്നു (ഇന്ത്യന്‍ സമയം. ലോക്കല്‍ ടൈം കണ്ടുപിടിക്കാന്‍ ശ്രമിച്ചില്ല). രണ്ടുമൂന്ന് മണിക്കൂര്‍ കഴിഞ്ഞ് നാലരക്ക് നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെത്തി. ഇവിടെയും ഒഫീഷ്യല്‍ കാര്യങ്ങളൊക്കെ വേഗം നടന്നു.

ലഗേജ് ലോസ് ആഞ്ചലസിലേക്കുള്ള ഫ്ലൈറ്റിന് ചെക്ക് ഇന്‍ ചെയ്തു. വൈകുന്നേരം നാലരയ്ക്കാണ് ഫ്ലൈറ്റ്. അതുവരെയുള്ള സമയം ന്യൂയോര്‍ക്കിലുള്ള രാഘവിന്റെ കസിന്‍സിന്റെ (സത്യത്തില്‍ മരുമക്കളാണ്. കൂടുതല്‍ പ്രായമുള്ളതുകൊണ്ട് കസിന്‍സെന്ന് വിളിക്കുന്നെന്നേയുള്ളൂ) വീട്ടിലും അവരോടൊപ്പം ന്യൂയോര്‍ക്ക് ചുറ്റിക്കാണാനും ഉപയോഗിക്കാമെന്ന് കരുതി. അപ്പോള്‍ ആദ്യം അവരെ കോണ്ടാക്റ്റ് ചെയ്യണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാന്‍ ചില്ലറയുമില്ല. എയര്‍പോര്‍ട്ടിലെ കടകളൊന്നും സാധനം വാങ്ങാതെ ചില്ലറ തരില്ല. രണ്ട് ഡോളറിന്റെ (ന്റമ്മോ) ചിപ്സ് വാങ്ങി ചില്ലറ ഒപ്പിച്ചു. മരുമകനെ വിളിക്കാന്‍ നോക്കിയിട്ട് എടുക്കുന്നില്ല. വീട്ടിലേക്ക് വിളിക്കാനാണെങ്കില്‍ പറ്റുന്നുമില്ല. കുറേ നേരം തിരിഞ്ഞുകളിച്ചു. അവസാനം മരുമകള്‍ ഫോണെടുത്തു. ടാക്സി എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.

ടാക്സി വീട്ടില്‍ എത്തിച്ചു. ടിപ്പിന്റെ കാര്യത്തില്‍ കച്ചറയായി. മുന്നൂറു രൂപ ടാക്സിക്കൂലി തന്നെ കൊടുത്ത് പരിചയമില്ലാത്തവന്മാരോട് അത്രയും ടിപ്പ് വാങ്ങുക എന്നൊക്കെ പറയുമ്പോള്‍... അതു കഴിഞ്ഞ് മൂവായിരം രൂപ ടാക്സിക്ക് കൊടുത്ത കാര്യം രാഘവ് കുറേനേരം പറഞ്ഞുനടന്നു. അപ്പോള്‍ ന്യൂയോര്‍ക്കില്‍ വന്ന് പഠിച്ച ആദ്യത്തെ കാര്യം (ബെന്യാമിന്റെ ആടുജീവിതത്തിലെ നായകന്‍ നജീബ് തൂറിയാല്‍ ചന്തി കഴുകരുത് എന്ന് പഠിച്ചപോലെ)
  • ഒന്നിന്റെയും ഇന്ത്യന്‍ വിലയും അമേരിക്കന്‍ വിലയും താരതമ്യം ചെയ്യരുത്. നൂറുറുപ്പ്യക്കാണ് കുടിക്കാന്‍ ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നതെങ്കില്‍ കണ്ണടച്ച് വാങ്ങി കുടിക്കുക
ബില്‍ഡിങ്ങിന്റെ മുപ്പതാം നിലയിലാണ് അപ്പാര്‍ട്ട്മെന്റ്. അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു. ടെറസില്‍ പോയി. എംപയര്‍ സ്ടേറ്റ് ബില്‍ഡിങ്ങ് വളരെ അടുത്തു കാണാം. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും കണ്ടു. മന്‍ഹട്ടന്‍ ഒരുമാതിരി സ്ഥലമാണ് - ചെറിയ കെട്ടിടങ്ങള്‍ എന്നു പറയുന്നവ തന്നെ പത്തുപതിനഞ്ച് നിലയുണ്ടാകും. സബ്‌വേയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് ഒരു സിറ്റി ടൂറിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കേ ബോധം വരൂ എന്നതുകൊണ്ട് മരുമകന്‍ കൂടെവന്നില്ല. ഡൗണ്‍ടൗണ്‍ മന്‍ഹട്ടന്‍ കണ്ടു. എല്ലാം ഒരുപോലെ. കെട്ടിടങ്ങളുടെ ഉയരം നോക്കി കഴുത്തുളുക്കി എന്നു മാത്രം. വാള്‍ സ്ട്രീറ്റ്, അവിടത്തെ കാളപ്രതിമ, ബ്രൂക്ലിന്‍ ബ്രിഡ്ജ് - ഇത്രയൊക്കെയേ ഓര്‍മ്മയില്‍ നില്‍ക്കുന്നുള്ളൂ. അപ്ടൗണ്‍ ടൂറിനിടക്ക് സെന്‍ട്രല്‍ പാര്‍ക്കിന് പുറത്ത് ഇറങ്ങി. അവിടെ കൈറ്റ്സിന്റെ പ്രൊമോഷന് വന്നിരിക്കുന്ന ഋതിക് റോഷനെയും ബാര്‍ബറ മോറിയെയും കണ്ടു. പാര്‍ക്ക് ഒന്ന് നടന്ന് കണ്ട ശേഷം അപ്പാര്‍ട്മെന്റിലേക്ക് നടന്നു.
ഇനിയാണ് രസമുള്ള ഭാഗം. അപാര്‍ട്മെന്റിലെത്തിയപ്പോള്‍ ഒന്നരയായി. നാലരയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാന്‍ അപ്പഴേ വിടണമെന്നായിരുന്നു പൊതുജനാഭിപ്രായം. പക്ഷെ നട്ടുച്ച കഴിഞ്ഞതുകൊണ്ട് മരുമകന്റെ കൂര്‍മ്മബുദ്ധി ഉണര്‍ന്നിരുന്നു. നാലരയ്ക്കാണ് ഫ്ലൈറ്റ്. ബോര്‍ഡിങ്ങ് പാസ്സ് കൈയിലുള്ളതിനാലും ബാഗേജ് ചെക്ക് ഇന്‍ കഴിഞ്ഞതിനാലും നാലുമണിക്ക് എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി. അരമണിക്കൂറാണ് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം. അതായത്, ലഞ്ചൊക്കെ കഴിച്ച് സ്വസ്ഥമായി മൂന്നരയ്ക്ക് സ്ഥലം വിട്ടാല്‍ മതി. മൂന്നരയുടെ ഐഡിയ നന്നായിത്തോന്നിയില്ലെങ്കിലും കോണ്ടിനെന്റലുകാരുടെ കൈയില്‍ നിന്ന് ഒരു തവണ കൂടി വല്ലതും വാങ്ങിക്കഴിക്കാനുള്ള കപ്പാസിറ്റി ഇല്ലാതിരുന്നതുകൊണ്ട് ലഞ്ചിന്റെ ഐഡിയ എനിക്ക് അടിപൊളിയായി തോന്നി.

പക്ഷെ ഞാന്‍ ന്യൂനപക്ഷമായിരുന്നു. There is a thin line between being cautious and being paranoid. വരയുടെ എത്രയോ ഇങ്ങേപ്പുറമാണ് ഞാന്‍ നില്‍ക്കുക. പ്രത്യേകിച്ച് സൂക്ഷ്മതയൊന്നും ശീലമില്ല. ശ്രദ്ധയില്ലായ്മയുടെ ആള്‍രൂപമായി ഇത്രയും യാത്രകള്‍ നടത്തിയിട്ടും ഒന്നും പറ്റാത്തത് പടച്ചോന്‍ എന്തൊക്കെയോ കണക്കുകൂട്ടി വച്ചിരിക്കുന്നതുകൊണ്ടാണെന്നാണ് ഉപ്പയുടെ അഭിപ്രായം. പക്ഷെ മൈനാക് എന്നെപ്പോലെയല്ല. അവന്‍ വരയുടെ അടുത്താണ്. രാഘവാകട്ടെ paranoia യുടെ അവതാരവും. പക്ഷെ മരുമകനോട് വാദിച്ച് ജയിക്കാന്‍ രണ്ടാള്‍ക്കും പറ്റില്ല. അതുകൊണ്ട് ലഞ്ചിന്റെ ഐഡിയയുമായി മുന്നോട്ടുപോയി. പീറ്റ്സ ചവയ്ക്കുന്നതിനിടയ്ക്കും മൈനാകും രാഘവും ഫ്ലൈറ്റ് മിസ്സാകുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്തായാലും തിന്നാനിരുന്നു, ഇനി അത് കഴിഞ്ഞിട്ട് വിഷമിച്ചാല്‍ പോരേ? ഞാന്‍ ചോദിച്ചു : "കൂടിപ്പോയാല്‍ എന്തു സംഭവിക്കും? ഫ്ലൈറ്റ് മിസ്സാകും. അത്രയല്ലേ ഉള്ളൂ? തീവണ്ടി പിടിച്ചെങ്കിലും കാലിഫോര്‍ണിയയിലെത്താം." തീറ്റ കഴിഞ്ഞ് രണ്ടര രണ്ടേമുക്കാലായപ്പോഴേക്ക് കാബ് കേറി. മൂന്നേ കാലിന് എയര്‍പോര്‍ട്ടിലെത്തേണ്ടതാണ്.

അപ്പളാണ് മര്‍ഫിയണ്ണന്‍ കളി തുടങ്ങിയത്. ടോള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍ വേറെ റോഡെടുത്തു. ഇടയിലേതോ വണ്ടി ആക്സിഡന്റുമായിട്ടുണ്ട്. ഡല്‍ഹിയില്‍ പോലും ഇല്ലാത്ത ട്രാഫിക് ജാം. ഇഴഞ്ഞിഴഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ നാലുമണിയായി. ഓട്ടം, പത്തിരുപത് കൊല്ലമായി ഇന്ത്യയില്‍ പരിശീലിച്ചുവരുന്ന ക്യൂ ചാടിക്കടക്കല്‍ മുതലായ ടെക്നിക്കുകളൊക്കെ ഉപയോഗിച്ച് പത്തു മിനിറ്റുകൊണ്ട് സെക്യൂരിറ്റി ചെക്കിനടുത്തെത്തി. രാഘവ് ഒരു ലൈനില്‍. ഞാനും മൈനാകും മറ്റൊന്നില്‍. രാഘവ് വേഗം പുറത്തെത്തി ബോര്‍ഡിങ്ങ് ഗേറ്റിലേക്കോടി. ഞങ്ങളുടെ ലൈനിലെ ഓഫീസര്‍ മന്ദനായിരുന്നു. ബാഗിലെ ഇലക്ട്രോണിക്സ് ഷോറൂം പുറത്തെത്തിക്കുകയും തിരിച്ചിടുകയും ചെയ്യേണ്ടിവന്നു, മൈനാകിന്റെ ബാഗ് അവര്‍ക്ക് പ്രത്യേകം സര്‍ച്ച് ചെയ്യാനും തോന്നി. ഞങ്ങള്‍ രണ്ടുപേരുടെ ചെക്കിംഗ് കഴിഞ്ഞപ്പോഴേക്ക് അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞിരുന്നു. ഫ്ലൈറ്റ് പറക്കാന്‍ പത്തുമിനിറ്റ് ബാക്കി.

ഞങ്ങളും ഗേറ്റിലേക്കോടി. ഗേറ്റ് നംബര്‍ 120. വല്ലാതെ ദൂരെയാണ്. എങ്കിലും വലിയ സമയമെടുക്കാതെ എത്തി. ഗേറ്റ് ക്ലോസ്ഡ്. രാഘവും ഇല്ല. എന്നല്ല, അടുത്ത് ഒരു മനുഷ്യജീവിയും ഇല്ല. ഫ്ലൈറ്റിന്റെ ഗേറ്റ് നംബര്‍ മാറ്റിയിരിക്കുന്നു. 132-ലേക്ക് ഓടി. അവിടെയും ഗേറ്റ് ക്ലോസ്ഡ്. പക്ഷെ മനുഷ്യജീവിയുണ്ട്. അഞ്ച് മിനിറ്റേ പറക്കാനുള്ളൂ എന്നതിനാല്‍ ബോര്‍ഡിങ്ങ് ഗേറ്റ് ഇനി തുറക്കുക സാധ്യമല്ല.

അങ്ങനെ കൂടിപ്പോയത് സംഭവിച്ചു. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷവാനായിരുന്നു : രാഘവല്ല, മൈനാകാണ് കൂടെ. ഞാനും രാഘവും ഇതുപോലൊരു സിറ്റ്വേഷനില്‍ പെട്ടാല്‍ പിന്നെ രണ്ട് വഴികളേ പുറത്തേക്കുള്ളൂ - ആത്മഹത്യയും കൊലപാതകവും. ട്രെയിന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് കോണ്ടിനെന്റല്‍ കസ്റ്റമര്‍ കെയറില്‍ ഒന്നു കയറി. ഏഴുമണിക്കുള്ള അടുത്ത ഫ്ലൈറ്റില്‍ സീറ്റു തരാം എന്ന് അവര്‍. പക്ഷെ ചെറിയൊരു പ്രശ്നം : ഒരു സീറ്റേ കാലിയുള്ളൂ. മൈനാക് സ്റ്റാന്‍ഡ്ബൈയിലാണ്. ഇതിപ്പോള്‍ കൂടുതല്‍ വലിയ പ്രശ്നമായി. അവന് സീറ്റായില്ലെങ്കില്‍ ഒറ്റയ്ക്ക് പോയാല്‍ ശരിയാവില്ല. അത് കഴിഞ്ഞുള്ള ഫ്ലൈറ്റാണെങ്കില്‍ അടുത്ത ദിവസമേയുള്ളൂ താനും. കാത്തിരിക്കാന്‍ തീരുമാനിച്ചു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്‍ഫര്‍മേഷനാകും.

ഇനി അടുത്ത പ്രശ്നം സോള്‍വുചെയ്യണം. എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ കാരള്‍ കേസി ഞങ്ങളെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ വരുമെന്ന് പറഞ്ഞതാണ്. രാഘവേ കാണൂ എന്നും ഞങ്ങള്‍ രണ്ടുപേര്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞാലേ (അതും ചിലപ്പോള്‍) വരൂ എന്നും കാരളിനെ അറിയിക്കണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാമെന്ന് വിചാരിച്ചാല്‍ കാരളിന്റെ നമ്പറുമില്ല (ഞാന്‍ അപ്പളേ പറഞ്ഞതല്ലേ ഒരു യാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ എന്തുമാത്രം ശ്രദ്ധിക്കാറുണ്ടെന്ന്). ഈമെയിലേ രക്ഷയുള്ളൂ. വൈഫൈയെ ശരണം പ്രാപിച്ചു. എയര്‍പോര്‍ട്ടിന്റെ പേരുള്ള വയര്‍ലെസ് നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. വേറെ ഏതോ പേരിലുള്ള ഒറിജിനല്‍ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തു. നോക്കുമ്പോള്‍ ആ കണക്ഷന്‍ വഴി ബ്രൗസ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് എട്ട് ഡോളര്‍ ചെലവാക്കണം (ആഗോള പിശുക്കന്‍ എന്ന പേരു നേടിയ എനിക്ക് ഈ ഗതി തന്നെ വരണം). കൈയില്‍ പൈസയുണ്ട്, പക്ഷെ കാര്‍ഡല്ലേ ചെലവാകൂ. എന്റെ കാര്‍ഡും മൈനാകിന്റെ കാര്‍ഡും ആക്സപ്റ്റ് ചെയ്യുന്നില്ല. ഒടുവില്‍ കാലാവധി തീരാറായ, വര്‍ക്ക് ചെയ്യുമെന്ന് പ്രതീക്ഷയില്ലാഞ്ഞ, എന്റെ പഴയൊരു കാര്‍ഡുകൊണ്ട് കാര്യം സാധിച്ചു. അവന്മാര്‍ എത്ര പൈസ സര്‍വീസിന് ഊറ്റിക്കാണുമെന്നറിഞ്ഞുകൂട, പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. കാരളിന് മെയിലയച്ചു. എട്ട് ഡോളര്‍ (സത്യത്തില്‍ ഏഴ് ഡോളര്‍ 99 സെന്റ്. ഒരു സെന്റിന് ചില്ലറ കിട്ടും) മുതലാക്കാന്‍ വേണ്ടി മൈനാകിന്റെ സീറ്റിന്റെ കാര്യത്തില്‍ അനൗണ്‍സ്മെന്റിന്റെ സമയമാകുന്നതുവരെ ബ്രൗസിങ്ങ് നടത്തി.

അനൗണ്‍സ്മെന്റ് സമയമായി. അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ്ബൈകളുടെ പട. മൈനാക് ലിസ്റ്റില്‍ ഒന്നാമനാണ് എന്ന സമാധാനം മാത്രമുണ്ട്. കണ്‍ഫര്‍മേഷന്റെ കാര്യം ചോദിച്ചുനോക്കിയപ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സുണ്ടെന്നായിരുന്നു മറുപടി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ സീറ്റായി എന്ന് അനൗണ്‍സ്മെന്റ് വന്നു. കാരളിന് മെയിലയച്ച് ബോര്‍ഡ് ചെയ്തു. ഫ്ലൈറ്റ് കാല്‍ മണിക്കൂര്‍ ലേറ്റ്. മറ്റേ ഫ്ലൈറ്റിനും ഇതുപോലെ ലേറ്റാകാനേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ മര്‍ഫിയണ്ണന്റെ ഓര്‍ഡറല്ലേ. പറക്കാന്‍ തുടങ്ങിയപ്പോഴേക്ക് അണ്ണനോടുള്ള ദേഷ്യമൊക്കെ മാറി പഴയ പരിപാടി തുടങ്ങി. ഇപ്രാവശ്യം ഉറക്കം കൊണ്ട് ഭക്ഷണം വരെ മിസ്സായി. ജൈവഘടികാരം ശരിയാക്കാന്‍ ഉറങ്ങാതിരിക്കണം എന്നൊക്കെ തീരുമാനിച്ചതായിരുന്നു, പക്ഷെ ഇതൊക്കെ നമ്മുടെ കൈയിലുള്ള കാര്യമാണോ?

ലോസ് ആഞ്ചലസിലെത്തി. കാരളും രാഘവും ഞങ്ങളുടെ ബാഗേജൊക്കെ ക്ലെയിം ചെയ്ത് റെഡിയായിരിക്കുന്നുണ്ട്. ഫ്ലൈറ്റ് മിസ്സായ സ്ഥിതിക്ക് ഞങ്ങള്‍ എങ്ങനെ ലോസ് ആഞ്ചലസിലെത്തും എന്നാലോചിച്ച് രാഘവ് ഞങ്ങളെക്കാളും ടെന്‍ഷനായിരുന്നു എന്ന് കേട്ടു. കാരള്‍ പാസഡേനയിലേക്ക് കാറോടിച്ചു. ഓഫീസില്‍ ചെന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഫ്ലൈറ്റ് മിസ്സായ കാര്യം ഒറ്റവാക്യത്തില്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം ബ്ലോഗില്‍ വരുന്നു എന്ന് പറഞ്ഞതിനാലും കാല്‍ടെക്കില്‍ അന്നു രാത്രി തന്നെ എത്തി എന്നതിനാലും കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല. രാഘവും മൈനാകും സാഹസികകഥകളെക്കുറിച്ച് മിണ്ടിയേയില്ല.

കാരള്‍ ഞങ്ങളെ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ടുപോയി. നാല് ബെഡ്റൂം അപാര്‍ട്ട്മെന്റാണ്. മൂന്നെണ്ണം ഞങ്ങള്‍ക്ക്, നാലാമത്തേതില്‍ ജൂലിയോ എന്നൊരു ഇറ്റലിക്കാരന്‍. ഇറക്കാന്‍ പറ്റുന്നതായി വീട്ടില്‍ ആകെയുള്ളത് കൊക്കക്കോളയും ഡോക്ടര്‍ പെപ്പറും (അത് ഒരിറക്കോടെ എനിക്ക് മതിയായി) പീറ്റ്സയും (ജൂലിയോ അതില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തുപോകുമായിരുന്നു). എന്തോ, അപ്പോള്‍ പീറ്റ്സ തിന്നാന്‍ തോന്നിയില്ല. റൂമൊക്കെ വളരെ അടിപൊളി. ഐ ഐ ടിയൊക്കെ ഇതുപോലെയാകുന്ന ദിവസം ഇന്ത്യ രക്ഷപ്പെട്ടുപോകും. പക്ഷെ കുറേ അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങള്‍ : ചതുരപ്പിന്നുകള്‍, ടോയ്ലറ്റ് പേപ്പര്‍, ജെറ്റ് ലാഗ്... എന്താകുമെന്ന് പടച്ചോനറിയാം.
പിന്‍കുറിപ്പ് : ഇന്നലെ രാത്രി വന്ന ഉടനെത്തന്നെ എഴുതണമെന്ന് വിചാരിച്ചതാണ്. പക്ഷെ ചതുര അഡാപ്ടര്‍ ഇല്ലാതിരുന്നതിനാല്‍ ലാപ്ടോപ് ചാര്‍ജ്ജ് ചെയ്യാന്‍ പറ്റിയില്ല. എഴുതി പകുതിയായപ്പോഴേക്ക് ചാര്‍ജ്ജ് തീര്‍ന്നുപോയി. ഇന്ന് പ്രാതലും ഷോപ്പിങ്ങും കുക്കിങ്ങും ലഞ്ചും കഴിഞ്ഞ് വിസ്തരിച്ചിരുന്ന് എഴുതിത്തീര്‍ത്തതാണ്

Friday 7 May 2010

ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?

എല്ലാവരും നിര്‍ത്താതെ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. ഞാനും കൂടി എഴുതിയതുകൊണ്ട് പ്രത്യേകിച്ച് പുതിയ കണ്ടെത്തലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. ഏതായാലും വീട്ടിലിരിക്കുകയാണ്. അനിയന്‍ പരീക്ഷയ്ക്ക് പഠിക്കുകയായതുകൊണ്ട് ഭയങ്കര ബോറടി. വല്ലതും എഴുതിക്കളയാമെന്ന് വച്ചു - അത്രയേ ഉള്ളൂ.

എല്ലാ പോസ്റ്റിലും ചെയ്യുന്നപോലെ ആദ്യം ഒരു സംഭവം വിവരിക്കാം. പഴയ കാര്യമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തേഡ് സെമെസ്റ്റര്‍ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കുറച്ച് പൈസ പോയാലും വേണ്ടില്ല, രണ്ട് ദിവസം വീട്ടിലിരിക്കാം എന്ന് വിചാരിച്ച് യാത്ര ഫ്ലൈറ്റിലാക്കാന്‍ തുടങ്ങിയതിന് മുമ്പാണ്. കാന്‍പൂരില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വണ്ടിയൊന്നുമില്ല. അതുകൊണ്ട് കുറച്ച് കണക്കുകൂട്ടലൊക്കെ കഴിഞ്ഞ് ഏറ്റവും നേരത്തെ വീട്ടിലെത്താനുള്ള വഴി കണ്ടുപിടിച്ചു : രാത്രി ഏഴുമണിക്ക് പരീക്ഷ കഴിഞ്ഞാലുടനെ ഇന്‍സ്റ്റിറ്റ്യൂട്ട് വിടുക. ഒമ്പതരയ്ക്കോ മറ്റോ ഒരു വണ്ടിയുണ്ട്. പിറ്റേന്ന് രാത്രി കല്യാണിലോ സി.എസ്.ടി. യിലോ ഇറങ്ങി ഒന്നുരണ്ട് മണിക്കൂര്‍ വ്യത്യാസത്തിന് അടുത്ത വണ്ടി കേറിയാല്‍ അതിനടുത്ത രാത്രി കോഴിക്കോടെത്താം. ഇനി ലേറ്റായതുകൊണ്ട് അത് മിസ്സായാല്‍ തന്നെ പിറ്റേന്ന് രാവിലത്തെ മംഗള പിടിച്ച് വീട്ടിലെത്താം. വേറെ ഏത് കോംബിനേഷന്‍ വഴി വന്നാലും ഇതില്‍ കൂടുതല്‍ സമയമെടുക്കും.

മുമ്പ് ഒരുതവണ ഈ കളി കളിച്ചതാണ്. അന്ന് മൂന്ന് ലോക്കല്‍ കേറിയാണ് മാറ്റവണ്ടി പിടിച്ചത്. പക്ഷെ ഇപ്രാവശ്യം ആദ്യത്തെ വണ്ടി കാന്‍പൂര്‍ വിട്ടതുതന്നെ ലേറ്റായാണ്. കല്യാണിലെത്താന്‍ വല്ലാതെ വൈകി. ലോക്കല്‍ കേറി മറ്റേ വണ്ടി വരുന്ന സ്റ്റേഷനിലെത്തുമ്പോഴേക്ക് എന്തായാലും മിസ്സാകും. അതുകൊണ്ട് മംഗള കാത്ത് കല്യാണിലിരുന്നു. പെട്ടി വെയ്റ്റിംഗ് റൂമില്‍ വച്ചിട്ട് പോയി ഒരു മസാലദോശ വാങ്ങിത്തിന്നു. രാത്രി മുഴുവന്‍ വെയ്റ്റിംഗ് റൂമില്‍ കഴിച്ചുകൂട്ടണം. കുറേ ആളുണ്ട്. ഒരു കസേര കിട്ടിയത് തന്നെ ഭാഗ്യം. കുറേപേര്‍ ഫോണിലാണ്. വണ്ടിയൊക്കെ ലേറ്റാണെന്ന് പറയുന്നു. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. വല്ല ആക്സിഡന്റുമായിരിക്കും - രാത്രി ഉറങ്ങിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടക്ക് അത്രയേ വിചാരിച്ചുള്ളൂ. പുലര്‍ച്ചെ അടുത്തിരിക്കുന്നയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിലേക്ക് എത്തിനോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. മുംബൈയില്‍ ഭീകരാക്രമണം. സി.എസ്.ടി സ്റ്റേഷനിലും പ്രശ്നമുണ്ടായിട്ടുണ്ട്.

അപ്പോഴെന്താണ് തോന്നിയതെന്ന് ശരിക്ക് ഓര്‍ക്കുന്നില്ല. ഉറക്കമൊക്കെ ഹീലിയോസ്ഫിയര്‍ കടന്നു. ആദ്യം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. രാവിലെ പത്രം വായിച്ചിട്ടാണ് ആക്രമണവാര്‍ത്ത വീട്ടിലറിയുന്നതെങ്കില്‍ മുംബൈ, സ്റ്റേഷന്‍, ആക്രമണം എന്ന മൂന്ന് വാക്ക് വായിക്കുമ്പോഴേക്ക് ഉമ്മ ബോധംകെടും. പിന്നെ ഇരുന്ന് സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ if എന്ന പദം ഭാവികാലത്തിനുവേണ്ടിയേ ഉപയോഗിക്കാവൂ : "If I do X, Y will happen." വല്ലതും പ്ലാന്‍ ചെയ്യാന്‍ - കണക്കുകൂട്ടാന്‍ - ഉപയോഗിക്കാം. ഭൂതകാലത്തിന് if ഉപയോഗിക്കുന്നത് വെറുതെ സമയം മെനക്കെടുത്തലാണ് : "If I had done X, Y would have happened." ഇനി X ചെയ്യാന്‍ പറ്റില്ല. എന്നാലും വെറുതെ ആലോചിച്ചുകൊണ്ടിരിക്കും. ഞാന്‍ പരീക്ഷയ്ക്ക് മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കില്‍, വണ്ടി ലേറ്റായിരുന്നില്ലെങ്കില്‍, ആ സമയത്ത് സി.എസ്.ടി. യില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍...

സാങ്കല്‍പികമായ പ്രശ്നം കഴിഞ്ഞു. ഇനിയാണ് ശരിക്ക് സീരിയസായ കാര്യം. നിറയെ പോലീസുണ്ട്. ആക്രമണം കഴിഞ്ഞേ പ്രതിരോധമെടുത്ത് നമുക്ക് ശീലമുള്ളൂ. എന്നാലും ആ പണി മര്യാദയ്ക്ക് ചെയ്യും. ചെക്കിങ്ങും കോപ്പുമാണ്. എന്റെ തിരുമുഖം കണ്ടാല്‍ ചെക്ക് ചെയ്യാതെ വിടാന്‍ ഒരുമാതിരി പോലീസുകാരനൊന്നും തോന്നുകയുമില്ല. ബാഗിലാണെങ്കില്‍ ഒരു ബോംബുമുണ്ട്.

എക്സ്പ്ലെയിന്‍ ചെയ്യാം. ഡ്രീംസ് ക്വിസ് ക്ലബ് എന്നൊരു കൂട്ടായ്മയുണ്ട്. പഴയ ക്വിസ് പ്രതാപത്തിന്റെ പേരില്‍ എന്നെ ഒരു സ്റ്റുഡന്റ് കോഓര്‍ഡിനേറ്ററാക്കാന്‍ അവര് റെഡിയായി. ഇടക്ക് ഒന്നുരണ്ട് ക്വിസ്സില്‍ പങ്കെടുക്കും. വല്ലപ്പോഴും ഒരു ക്വിസ് നടത്തും. സ്നേഹജ് നടത്തുന്ന ക്വിസ്സുകള്‍ക്കായി ഇടക്കിടെ ഓരോ റൗണ്ട് ചോദ്യവും ഉണ്ടാക്കിക്കൊടുക്കും. ഇത്രയേ ഉള്ളൂ. ക്ലബ് വളരാന്‍ തുടങ്ങി. ക്ലബ്ബിന് ക്വിസ് നടത്താനൊരു ബസര്‍ വേണം. എന്നോട് ഉണ്ടാക്കിച്ചെല്ലാന്‍ പറഞ്ഞു. പക്ഷെ അന്ന് എനിക്ക് സര്‍ക്യൂട്ട്, മൈക്രോകണ്ട്രോളര്‍ കോഡിംഗ് ഒന്നും വശമില്ല. ഏതായാലും ശുഭായുവും അനുഭവും സഹായിച്ചു. ഹാര്‍ഡ്വെയര്‍ റെഡിയായി. ഇനി പ്രോഗ്രാമുണ്ടാക്കിയാല്‍ മതി. ഇതാണ് ബാഗില്‍. ഒരു ടിഫിന്‍ ബോക്സ്. അതിനകത്ത് മൈക്രോകണ്ട്രോളറും സര്‍ക്യൂട്ടുമൊക്കെ പൊതിഞ്ഞുവച്ചിരിക്കുന്നു. പുറത്ത് 120 മീറ്റര്‍ വയര്‍. പോലീസുകാരന്‍ ബാഗ് തുറന്നുനോക്കിയാല്‍ ഉറപ്പായും എന്താന്ന് ചോദിക്കും. മൈക്രോകണ്ട്രോളര്‍, സര്‍ക്യൂട്ട്, ക്വിസ്സ്, ബസര്‍ എന്നൊക്കെപ്പറഞ്ഞാല്‍ എന്തുമാത്രം തലയില്‍ പോകുമെന്ന് ഏതാണ്ടൂഹിക്കാം. വീടിനു പുറത്ത് റോഡില്‍ ബൈനോകൂലറും നോര്‍ട്ടണ്‍ മാപ്പും കൈയില്‍ പിടിച്ച് ആകാശം നോക്കിയിരിക്കുമ്പോള്‍ എന്നെ പൊക്കിയ പട്രോളിങ്ങ് പോലീസുകാരനെയാണ് എനിക്ക് പരിചയം. വാനനിരീക്ഷണം നടത്തുകയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താ സാധനം എന്ന് ഇങ്ങോട്ട് ചോദിച്ചു. അന്ന് വീട്ടുമുറ്റം, സമാധാനാന്തരീക്ഷം ഒക്കെയായതുകൊണ്ട് പോലീസ് അവരുടെ പാട്ടിന് പോയി. എന്നെ കാണാന്‍ കുറച്ചുകൂടി കോലവുമുണ്ടായിരുന്നു. ഇതിപ്പോള്‍ കഥ വേറെയാണ്. ബോംബെയില്‍, ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ഒരു മലയാളി, കാന്തത്തില്‍ മണ്ണുപിടിച്ചതുപോലെ എന്ന് ഉപ്പ വിശേഷിപ്പിക്കുന്ന താടി, ആക്രമണം നടന്ന രാത്രി, ബാഗില്‍ ഇതും... ഐ ഐ ടി ഐഡന്റിറ്റി കാര്‍ഡ് മാത്രമുണ്ട് സഹായത്തിന്.

ഞാന്‍ റിസ്കെടുക്കാനൊന്നും നിന്നില്ല. മംഗള വരുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ വെയിറ്റിംഗ് റൂമില്‍ തന്നെ ഇരുന്നു. നില്‍ക്കാന്‍ കൂടി സ്ഥലമില്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കാലെടുത്തുവച്ചതോടെ ജീവിതം പഴയപടിയായി.

മുംബൈ ഭീകരാക്രമണവുമായി എനിക്ക് ഇത്രയേ പരിചയമുള്ളൂ. പത്രങ്ങളും ചാനലുകളും ആഴ്ചകളോളം സംഭവം ആഘോഷിച്ചപ്പോള്‍ ഞാന്‍ പിന്നാലെ പോയിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തിരിച്ചുപോയതറിഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന പുതിയൊരു ഹീറോയെ കിട്ടി. പിന്നെ സചിന്‍ ചെന്നൈയില്‍ ശതകം നേടി. ആക്രമണത്തില്‍ കൊല്ലപ്പെട്ട മകളുടെ സഹപാഠിയുടെ പിതാവിനെ ഓര്‍ത്തു. പിന്നെ കസബ് വിചാരണ ഇടക്കിടെ പത്രത്തിന്റെ ആദ്യപേജില്‍ വരുന്നതുമാത്രം കണ്ടു.

ഇപ്പോള്‍ മൂന്ന് സെമസ്റ്റര്‍ കൂടി കഴിഞ്ഞിരിക്കുന്നു. കസബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു. എനിക്ക് എന്താണ് തോന്നേണ്ടത്? എന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഞാന്‍ അറിയുന്ന മറ്റാര്‍ക്കുമോ പോലും ആക്രമണത്തില്‍ ഒന്നും പറ്റിയിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായ ഒരു വൈരാഗ്യവും എനിക്ക് കസബിനോടില്ല. ഒരു യുദ്ധത്തില്‍ മരിക്കുന്നതില്‍ കുറവ് മനുഷ്യരെയേ തീവ്രവാദികള്‍ വധിച്ചിട്ടുള്ളൂ. ആക്രമണത്തിനിരയായ ഓരോ വ്യക്തിക്കും ആക്രമണം അപ്രതീക്ഷിതമായിരുന്നിരിക്കാം, എന്നാല്‍ മരണം അത്ര അപ്രതീക്ഷിതമായിരുന്നിരിക്കാന്‍ വഴിയില്ല. ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ ഇതിലും എത്രയോ പേര്‍ മരിക്കുന്നു. രാഹുലുമൊത്ത് ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടക്ക് പൊതുജനമധ്യത്തില്‍ വച്ച് കസബിനെ വെടിവെച്ചുകൊല്ലണമെന്നാണ് അവന്റെ അഭിപ്രായമെന്ന് മനസ്സിലായി. വധശിക്ഷ ക്രൂരമാണെന്നും എത്ര വലിയ കുറ്റവാളിയും അതര്‍ഹിക്കുന്നില്ലെന്നുമുള്ള അഭിപ്രായവും കണ്ടു. ജീവിതാവസാനം വരെ തടങ്കലിലിട്ട് തന്റെ ചെയ്തിയുടെ ഫലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക, തീവ്രവാദികള്‍ക്കെല്ലാം ഒരു പാഠമാകാന്‍ വേണ്ടി ക്രൂരമായി വധിച്ച് മൃതശരീരം പ്രദര്‍ശനത്തിന് വെക്കുക... ഓരോരുത്തര്‍ക്കും ഓരോ ശിക്ഷയാണ് യോഗ്യമെന്ന് തോന്നിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. ഈ വിഷയത്തില്‍ ഒരു മാസത്തോളം ഫിലോസഫി ക്ലാസ്സില്‍ ചര്‍ച്ച നടത്തിയതില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ ചര്‍ച്ചയ്ക്ക് എന്നെങ്കിലും അവസാനമുണ്ടാകുമെന്നും തോന്നുന്നില്ല. കസബ് മൃഗമാണെന്നും "ആനിമല്‍ റൈറ്റ്സ്" മാത്രമേ അയാള്‍ക്ക് അവകാശപ്പെട്ടതായുള്ളൂ എന്നും അരിജിത് പസായത് നടത്തിയ ദുഃഖകരമായ പ്രസ്താവനയും കണ്ടു.

അപ്പോള്‍ എനിക്ക് എന്താണ് തോന്നുന്നത്, തോന്നേണ്ടത്? സന്തോഷമോ? നിയമം അതിന്റെ വഴിക്ക് നീങ്ങിയതില്‍, കുറ്റത്തിന് ശിക്ഷയുണ്ടെന്ന് കാണുന്നതില്‍, ഒരു കാര്യത്തിലെങ്കിലും രാജ്യം ഒറ്റക്കെട്ടായി നിന്നതില്‍. അതോ ദുഃഖമോ? ഒരു മനുഷ്യനെ കുറ്റവാളിയെന്ന് വിധിക്കുന്നതിനുമുമ്പ് ഏതാണ്ടൊരു രാജ്യം മുഴുവന്‍ അയാളുടെ ചോരയ്ക്കു വേണ്ടി ദാഹിച്ചതില്‍, ഭരണഘടന കുറ്റാരോപിതന് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ അയാള്‍ക്ക് നല്‍കാന്‍ ശ്രമിച്ച വ്യക്തികളെ സമൂഹം രാജ്യദ്രോഹികളെന്ന് മുദ്രകുത്താന്‍ ശ്രമിച്ചതില്‍, നമ്മുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും ആ mob mentality ഉണ്ടെന്നറിഞ്ഞതില്‍.

ഉത്തരം ഞാന്‍ പറയാം. കണ്‍ഫ്യൂഷനുണ്ടെങ്കിലും ഞാന്‍ വിധിയില്‍ സന്തോഷവാനാണ്. കാരണം വളരെ സ്വാര്‍ത്ഥവുമാണ്. എന്നെ മറ്റൊരുതരത്തിലും ബാധിച്ചില്ലെങ്കിലും ഭയപ്പെടുത്താന്‍ സംഭവത്തിന് സാധിച്ചു. പാക്കിസ്താനിലെയും ഇറാഖിലെയും പത്രവാര്‍ത്തകളില്‍ മാത്രം കണ്ട ഫാന്റസിയായിരുന്ന തീവ്രവാദത്തെ ഒരു നാണയം ടോസ് ചെയ്യുന്ന പ്രോബബിലിറ്റിയുടെ അത്ര അകലത്തില്‍ നിര്‍ത്താന്‍ കസബിനും കൂട്ടാളികള്‍ക്കും സാധിച്ചു. രോഗം വന്നോ കാറിടിച്ചോ പ്ലെയിന്‍ തകര്‍ന്നോ ഒക്കെ ഞാന്‍ മരിച്ചേക്കാം. പക്ഷെ വെടികൊണ്ടോ ബോംബു പൊട്ടിയോ ചാകാന്‍ മാത്രം എന്തോ ഒരു വിഷമം. എന്നെ കൊല്ലണം എന്ന നിയ്യത്തും കൊണ്ട് ഒരുത്തന്‍ വന്നാലും തരക്കേടില്ലായിരുന്നു. ഇതിപ്പോള്‍ ആരെയെങ്കിലും കൊല്ലാന്‍ വേണ്ടി എന്നെ കൊല്ലുക. കൊല്ലാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് കാണിക്കാന്‍ വേണ്ടി മാത്രം കൊല്ലുക. ഹിംസയുടെ ഏറ്റവും മോശം രൂപം. അതെന്നെ ഭയപ്പെടുത്തുന്നു. അതിന്റെ മറുപുറമായി, ഒരു ഇലക്ട്രിക് സര്‍ക്യൂട്ട് ബാഗിലിട്ടാല്‍ സംശയത്തിന് വിധേയനാകാതെ സമാധാനമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത ലോകത്തെയും ഞാന്‍ വെറുക്കുന്നു.

ഈ ലോകം സൃഷ്ടിച്ചു എന്ന കുറ്റമേ എന്നോട് കസബും കൂട്ടാളികളും ചെയ്തിട്ടുള്ളൂ. ബാക്കിയൊക്കെ മറ്റുള്ളവരോട് ചെയ്ത കുറ്റങ്ങളും നിയമത്തിന്റെ നൂലാമാലകളുമാണ്. അവയുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ ആശിക്കുന്നു. എങ്കിലും എന്നോട് ചെയ്ത ഈ കുറ്റത്തിന് തന്നെ കസബ് വധശിക്ഷയര്‍ഹിക്കുന്നു എന്നാണ് എന്റെ ഉള്ളിലെ ഇമോഷണലായ മനുഷ്യന്‍ പറയുന്നത്. ഇതിലേറെ അനുഭവിച്ചവര്‍ വിധി ആഘോഷമാക്കുന്നത് അതിനാല്‍ എനിക്ക് മനസ്സിലാക്കാനാകും.

എങ്കിലും ചിന്തിക്കുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനാകുന്നു. യഥാര്‍ത്ഥത്തില്‍ കസബിന് എന്തു ശിക്ഷയാണ് വിധിക്കേണ്ടിയിരുന്നത്?