Sunday, 16 May 2010

കൂടിപ്പോയാല്‍ എന്തു സംഭവിക്കും?

അവസാനം അമേരിക്കയിലും കാലുകുത്തി.

ഒരു തവണ അമേരിക്ക കാണണമെന്നൊരു ആഗ്രഹം. സ്വന്തം കീശയില്‍ നിന്ന് പൈസ ചെലവാകരുതെന്നും ആഗ്രഹം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ജ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സമ്മര്‍ പ്രൊജക്ടിന് കാല്‍ടെക്കിലേക്ക് തിരിച്ചു. ഇവിടെ ജീവിതം എത്ര എക്സൈറ്റിങ്ങ് ആയിരിക്കും എന്നറിഞ്ഞുകൂട. രണ്ടര മാസം കുത്തിയിരുന്ന് കാര്യമായി എന്തെങ്കിലും ചെയ്യണം. ഇടക്ക് അടുത്തുള്ള ഒന്നുരണ്ട് സ്ഥലങ്ങളും കാണണം. ആകെപ്പാടെ ബ്ലോഗെഴുതിയാല്‍ വായിക്കുന്നവരൊക്കെ ഉറങ്ങി വീഴുന്ന ജീവിതമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും തുടക്കം അടിപൊളിയായിരുന്നു.

13-ആം തീയതി രാവിലെ (സമയമൊക്കെ ലോക്കല്‍ ടൈമായിരിക്കും. അതുകൊണ്ട് കണക്ക് തെറ്റി എന്ന് തോന്നിയാല്‍ മിണ്ടണ്ട) വീട്ടില്‍ നിന്നിറങ്ങിയതാണ്. ബാഗില്‍ എന്തൊക്കെ നിറയ്ക്കണം (ബാഗേ വേണ്ട എന്ന് ഞാന്‍, ബാഗില്‍ ഒരു മുറി തന്നെ നിറയ്ക്കണം എന്ന് വീട്ടുകാര്‍), എയര്‍പോര്‍ട്ടിലേക്ക് എന്നെ അയക്കാന്‍ എത്ര പേര്‍ വരണം (0 എന്ന് ഞാന്‍, 3 എന്ന് വീട്ടുകാര്‍) മുതലായ നിസ്സാര പ്രശ്നങ്ങളിലുള്ള വാഗ്വാദങ്ങളൊഴിച്ചാല്‍ കാര്യമായി വിവരിക്കാനൊന്നുമില്ല. ഡല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചു. അന്ന് രാത്രി രാഹുലിന്റെ വീട്ടില്‍ തങ്ങി. അവന്റെ പുതിയ നായ എന്നെ വീടാകെ ഓടിച്ചു എന്നതൊഴിച്ചാല്‍ അവിടെയും കാര്യമായി ഒന്നും നടന്നില്ല. ഇന്ത്യ ലോകകപ്പില്‍ സുന്ദരമായി ഉളുപ്പില്ലാതെ പൊട്ടി നാറുന്നതും (കുറച്ചുകൂടി അഡ്ജക്റ്റീവുകള്‍ ഉപയോഗിക്കണമെന്നുണ്ട്. വേണ്ട, എന്റെ പഴയ ടീച്ചര്‍മാരെങ്ങാനും ബ്ലോഗ് വായിച്ചാലോ?) കണ്ടു.

14-ന് വൈകുന്നേരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഏഴരക്ക് എയര്‍പോര്‍ട്ടിലെത്തണമെന്നതായിരുന്നു പ്ലാന്‍. എട്ടുമണിക്കെത്തി. കുറച്ച് സമയത്തില്‍ മൈനാകും രാഘവും എത്തി. എന്റെ കൈയിലുള്ളതിന്റെ ഇരട്ടിയിലധികം സാമാനം രണ്ടുപേരും പൊക്കുന്നുണ്ട്. ചെക്കിങ്ങും ചോദ്യങ്ങളും ഇന്റര്‍വ്യൂവുമൊക്കെ കഴിഞ്ഞ് ഒരു വകയായി. ചെക്കിങ്ങിന്റെ കാര്യം രസമായിരുന്നു. എന്റെ ഹാന്‍ഡ്ബാഗില്‍ ഒരു ലാപ്ടോപ്, അതിന്റെ ചാര്‍ജര്‍, ഹെഡ്സെറ്റ്, സി ഡി കേസ്, പെന്‍ഡ്രൈവ്, ക്യാമറ, ചാര്‍ജര്‍, മൊബൈല്‍ ഫോണ്‍, കാല്‍കുലേറ്റര്‍, കുറേ വയര്‍ ഒക്കെ ചേര്‍ത്ത് ഒരു മിനി ഇലക്ട്രോണിക് ഷോപ്പാണ്. ചെക്കിങ്ങിന് ഇതൊക്കെ ബാഗില്‍ നിന്ന് വലിച്ചൂരി വേറെ ട്രേയില്‍ വക്കണം. ഇത്രയും സാധനമുള്ളതുകൊണ്ട് ട്രേ ഒന്നൊന്നും മതിയാകില്ല. ഒരു വിധത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചെക്ക് കഴിച്ച് ഒക്കെ തിരിച്ച് ബാഗിലേക്കിട്ടു. ഇമിഗ്രേഷനും കസ്റ്റംസും ഒന്നും പ്രശ്നമായില്ല. പക്ഷെ ഫ്ലൈറ്റിലെത്തുന്നതിന് തൊട്ടുമുമ്പ് കോണ്ടിനെന്റലുകാര്‍ക്ക് ഒന്നുകൂടെ ചെക്കണം - ഇന്ത്യന്‍ എയര്‍പോര്‍ട്ട് ചെക്കുകാരെ വിശ്വാസം പോര. എനിക്കാകെ ചൂടായി. പക്ഷെ ഇതിലും വലിയ ചെക്ക് വരാന്‍ കിടക്കുന്നേ ഉള്ളായിരുന്നൂ.

ഫ്ലൈറ്റില്‍ കേറി. 10:45. ഡിന്നര്‍ കഴിച്ചു. 15 മണിക്കൂറാണ് യാത്ര. ഇന്‍-ഫ്ലൈറ്റ് എന്റര്‍ടെയിന്‍മെന്റില്‍ സിനിമയും പാട്ടും കളിയുമൊക്കെയുണ്ട്. പക്ഷെ ഞാന്‍ ഇതിലൊക്കെ വലിയ എന്റര്‍ടെയിന്‍മെന്റിന് പോയി. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ രാവിലെ പന്ത്രണ്ടുമണിയായിരുന്നു (ഇന്ത്യന്‍ സമയം. ലോക്കല്‍ ടൈം കണ്ടുപിടിക്കാന്‍ ശ്രമിച്ചില്ല). രണ്ടുമൂന്ന് മണിക്കൂര്‍ കഴിഞ്ഞ് നാലരക്ക് നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെത്തി. ഇവിടെയും ഒഫീഷ്യല്‍ കാര്യങ്ങളൊക്കെ വേഗം നടന്നു.

ലഗേജ് ലോസ് ആഞ്ചലസിലേക്കുള്ള ഫ്ലൈറ്റിന് ചെക്ക് ഇന്‍ ചെയ്തു. വൈകുന്നേരം നാലരയ്ക്കാണ് ഫ്ലൈറ്റ്. അതുവരെയുള്ള സമയം ന്യൂയോര്‍ക്കിലുള്ള രാഘവിന്റെ കസിന്‍സിന്റെ (സത്യത്തില്‍ മരുമക്കളാണ്. കൂടുതല്‍ പ്രായമുള്ളതുകൊണ്ട് കസിന്‍സെന്ന് വിളിക്കുന്നെന്നേയുള്ളൂ) വീട്ടിലും അവരോടൊപ്പം ന്യൂയോര്‍ക്ക് ചുറ്റിക്കാണാനും ഉപയോഗിക്കാമെന്ന് കരുതി. അപ്പോള്‍ ആദ്യം അവരെ കോണ്ടാക്റ്റ് ചെയ്യണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാന്‍ ചില്ലറയുമില്ല. എയര്‍പോര്‍ട്ടിലെ കടകളൊന്നും സാധനം വാങ്ങാതെ ചില്ലറ തരില്ല. രണ്ട് ഡോളറിന്റെ (ന്റമ്മോ) ചിപ്സ് വാങ്ങി ചില്ലറ ഒപ്പിച്ചു. മരുമകനെ വിളിക്കാന്‍ നോക്കിയിട്ട് എടുക്കുന്നില്ല. വീട്ടിലേക്ക് വിളിക്കാനാണെങ്കില്‍ പറ്റുന്നുമില്ല. കുറേ നേരം തിരിഞ്ഞുകളിച്ചു. അവസാനം മരുമകള്‍ ഫോണെടുത്തു. ടാക്സി എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.

ടാക്സി വീട്ടില്‍ എത്തിച്ചു. ടിപ്പിന്റെ കാര്യത്തില്‍ കച്ചറയായി. മുന്നൂറു രൂപ ടാക്സിക്കൂലി തന്നെ കൊടുത്ത് പരിചയമില്ലാത്തവന്മാരോട് അത്രയും ടിപ്പ് വാങ്ങുക എന്നൊക്കെ പറയുമ്പോള്‍... അതു കഴിഞ്ഞ് മൂവായിരം രൂപ ടാക്സിക്ക് കൊടുത്ത കാര്യം രാഘവ് കുറേനേരം പറഞ്ഞുനടന്നു. അപ്പോള്‍ ന്യൂയോര്‍ക്കില്‍ വന്ന് പഠിച്ച ആദ്യത്തെ കാര്യം (ബെന്യാമിന്റെ ആടുജീവിതത്തിലെ നായകന്‍ നജീബ് തൂറിയാല്‍ ചന്തി കഴുകരുത് എന്ന് പഠിച്ചപോലെ)
 • ഒന്നിന്റെയും ഇന്ത്യന്‍ വിലയും അമേരിക്കന്‍ വിലയും താരതമ്യം ചെയ്യരുത്. നൂറുറുപ്പ്യക്കാണ് കുടിക്കാന്‍ ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നതെങ്കില്‍ കണ്ണടച്ച് വാങ്ങി കുടിക്കുക
ബില്‍ഡിങ്ങിന്റെ മുപ്പതാം നിലയിലാണ് അപ്പാര്‍ട്ട്മെന്റ്. അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു. ടെറസില്‍ പോയി. എംപയര്‍ സ്ടേറ്റ് ബില്‍ഡിങ്ങ് വളരെ അടുത്തു കാണാം. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും കണ്ടു. മന്‍ഹട്ടന്‍ ഒരുമാതിരി സ്ഥലമാണ് - ചെറിയ കെട്ടിടങ്ങള്‍ എന്നു പറയുന്നവ തന്നെ പത്തുപതിനഞ്ച് നിലയുണ്ടാകും. സബ്‌വേയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് ഒരു സിറ്റി ടൂറിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കേ ബോധം വരൂ എന്നതുകൊണ്ട് മരുമകന്‍ കൂടെവന്നില്ല. ഡൗണ്‍ടൗണ്‍ മന്‍ഹട്ടന്‍ കണ്ടു. എല്ലാം ഒരുപോലെ. കെട്ടിടങ്ങളുടെ ഉയരം നോക്കി കഴുത്തുളുക്കി എന്നു മാത്രം. വാള്‍ സ്ട്രീറ്റ്, അവിടത്തെ കാളപ്രതിമ, ബ്രൂക്ലിന്‍ ബ്രിഡ്ജ് - ഇത്രയൊക്കെയേ ഓര്‍മ്മയില്‍ നില്‍ക്കുന്നുള്ളൂ. അപ്ടൗണ്‍ ടൂറിനിടക്ക് സെന്‍ട്രല്‍ പാര്‍ക്കിന് പുറത്ത് ഇറങ്ങി. അവിടെ കൈറ്റ്സിന്റെ പ്രൊമോഷന് വന്നിരിക്കുന്ന ഋതിക് റോഷനെയും ബാര്‍ബറ മോറിയെയും കണ്ടു. പാര്‍ക്ക് ഒന്ന് നടന്ന് കണ്ട ശേഷം അപ്പാര്‍ട്മെന്റിലേക്ക് നടന്നു.
ഇനിയാണ് രസമുള്ള ഭാഗം. അപാര്‍ട്മെന്റിലെത്തിയപ്പോള്‍ ഒന്നരയായി. നാലരയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാന്‍ അപ്പഴേ വിടണമെന്നായിരുന്നു പൊതുജനാഭിപ്രായം. പക്ഷെ നട്ടുച്ച കഴിഞ്ഞതുകൊണ്ട് മരുമകന്റെ കൂര്‍മ്മബുദ്ധി ഉണര്‍ന്നിരുന്നു. നാലരയ്ക്കാണ് ഫ്ലൈറ്റ്. ബോര്‍ഡിങ്ങ് പാസ്സ് കൈയിലുള്ളതിനാലും ബാഗേജ് ചെക്ക് ഇന്‍ കഴിഞ്ഞതിനാലും നാലുമണിക്ക് എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി. അരമണിക്കൂറാണ് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം. അതായത്, ലഞ്ചൊക്കെ കഴിച്ച് സ്വസ്ഥമായി മൂന്നരയ്ക്ക് സ്ഥലം വിട്ടാല്‍ മതി. മൂന്നരയുടെ ഐഡിയ നന്നായിത്തോന്നിയില്ലെങ്കിലും കോണ്ടിനെന്റലുകാരുടെ കൈയില്‍ നിന്ന് ഒരു തവണ കൂടി വല്ലതും വാങ്ങിക്കഴിക്കാനുള്ള കപ്പാസിറ്റി ഇല്ലാതിരുന്നതുകൊണ്ട് ലഞ്ചിന്റെ ഐഡിയ എനിക്ക് അടിപൊളിയായി തോന്നി.

പക്ഷെ ഞാന്‍ ന്യൂനപക്ഷമായിരുന്നു. There is a thin line between being cautious and being paranoid. വരയുടെ എത്രയോ ഇങ്ങേപ്പുറമാണ് ഞാന്‍ നില്‍ക്കുക. പ്രത്യേകിച്ച് സൂക്ഷ്മതയൊന്നും ശീലമില്ല. ശ്രദ്ധയില്ലായ്മയുടെ ആള്‍രൂപമായി ഇത്രയും യാത്രകള്‍ നടത്തിയിട്ടും ഒന്നും പറ്റാത്തത് പടച്ചോന്‍ എന്തൊക്കെയോ കണക്കുകൂട്ടി വച്ചിരിക്കുന്നതുകൊണ്ടാണെന്നാണ് ഉപ്പയുടെ അഭിപ്രായം. പക്ഷെ മൈനാക് എന്നെപ്പോലെയല്ല. അവന്‍ വരയുടെ അടുത്താണ്. രാഘവാകട്ടെ paranoia യുടെ അവതാരവും. പക്ഷെ മരുമകനോട് വാദിച്ച് ജയിക്കാന്‍ രണ്ടാള്‍ക്കും പറ്റില്ല. അതുകൊണ്ട് ലഞ്ചിന്റെ ഐഡിയയുമായി മുന്നോട്ടുപോയി. പീറ്റ്സ ചവയ്ക്കുന്നതിനിടയ്ക്കും മൈനാകും രാഘവും ഫ്ലൈറ്റ് മിസ്സാകുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്തായാലും തിന്നാനിരുന്നു, ഇനി അത് കഴിഞ്ഞിട്ട് വിഷമിച്ചാല്‍ പോരേ? ഞാന്‍ ചോദിച്ചു : "കൂടിപ്പോയാല്‍ എന്തു സംഭവിക്കും? ഫ്ലൈറ്റ് മിസ്സാകും. അത്രയല്ലേ ഉള്ളൂ? തീവണ്ടി പിടിച്ചെങ്കിലും കാലിഫോര്‍ണിയയിലെത്താം." തീറ്റ കഴിഞ്ഞ് രണ്ടര രണ്ടേമുക്കാലായപ്പോഴേക്ക് കാബ് കേറി. മൂന്നേ കാലിന് എയര്‍പോര്‍ട്ടിലെത്തേണ്ടതാണ്.

അപ്പളാണ് മര്‍ഫിയണ്ണന്‍ കളി തുടങ്ങിയത്. ടോള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍ വേറെ റോഡെടുത്തു. ഇടയിലേതോ വണ്ടി ആക്സിഡന്റുമായിട്ടുണ്ട്. ഡല്‍ഹിയില്‍ പോലും ഇല്ലാത്ത ട്രാഫിക് ജാം. ഇഴഞ്ഞിഴഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ നാലുമണിയായി. ഓട്ടം, പത്തിരുപത് കൊല്ലമായി ഇന്ത്യയില്‍ പരിശീലിച്ചുവരുന്ന ക്യൂ ചാടിക്കടക്കല്‍ മുതലായ ടെക്നിക്കുകളൊക്കെ ഉപയോഗിച്ച് പത്തു മിനിറ്റുകൊണ്ട് സെക്യൂരിറ്റി ചെക്കിനടുത്തെത്തി. രാഘവ് ഒരു ലൈനില്‍. ഞാനും മൈനാകും മറ്റൊന്നില്‍. രാഘവ് വേഗം പുറത്തെത്തി ബോര്‍ഡിങ്ങ് ഗേറ്റിലേക്കോടി. ഞങ്ങളുടെ ലൈനിലെ ഓഫീസര്‍ മന്ദനായിരുന്നു. ബാഗിലെ ഇലക്ട്രോണിക്സ് ഷോറൂം പുറത്തെത്തിക്കുകയും തിരിച്ചിടുകയും ചെയ്യേണ്ടിവന്നു, മൈനാകിന്റെ ബാഗ് അവര്‍ക്ക് പ്രത്യേകം സര്‍ച്ച് ചെയ്യാനും തോന്നി. ഞങ്ങള്‍ രണ്ടുപേരുടെ ചെക്കിംഗ് കഴിഞ്ഞപ്പോഴേക്ക് അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞിരുന്നു. ഫ്ലൈറ്റ് പറക്കാന്‍ പത്തുമിനിറ്റ് ബാക്കി.

ഞങ്ങളും ഗേറ്റിലേക്കോടി. ഗേറ്റ് നംബര്‍ 120. വല്ലാതെ ദൂരെയാണ്. എങ്കിലും വലിയ സമയമെടുക്കാതെ എത്തി. ഗേറ്റ് ക്ലോസ്ഡ്. രാഘവും ഇല്ല. എന്നല്ല, അടുത്ത് ഒരു മനുഷ്യജീവിയും ഇല്ല. ഫ്ലൈറ്റിന്റെ ഗേറ്റ് നംബര്‍ മാറ്റിയിരിക്കുന്നു. 132-ലേക്ക് ഓടി. അവിടെയും ഗേറ്റ് ക്ലോസ്ഡ്. പക്ഷെ മനുഷ്യജീവിയുണ്ട്. അഞ്ച് മിനിറ്റേ പറക്കാനുള്ളൂ എന്നതിനാല്‍ ബോര്‍ഡിങ്ങ് ഗേറ്റ് ഇനി തുറക്കുക സാധ്യമല്ല.

അങ്ങനെ കൂടിപ്പോയത് സംഭവിച്ചു. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷവാനായിരുന്നു : രാഘവല്ല, മൈനാകാണ് കൂടെ. ഞാനും രാഘവും ഇതുപോലൊരു സിറ്റ്വേഷനില്‍ പെട്ടാല്‍ പിന്നെ രണ്ട് വഴികളേ പുറത്തേക്കുള്ളൂ - ആത്മഹത്യയും കൊലപാതകവും. ട്രെയിന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് കോണ്ടിനെന്റല്‍ കസ്റ്റമര്‍ കെയറില്‍ ഒന്നു കയറി. ഏഴുമണിക്കുള്ള അടുത്ത ഫ്ലൈറ്റില്‍ സീറ്റു തരാം എന്ന് അവര്‍. പക്ഷെ ചെറിയൊരു പ്രശ്നം : ഒരു സീറ്റേ കാലിയുള്ളൂ. മൈനാക് സ്റ്റാന്‍ഡ്ബൈയിലാണ്. ഇതിപ്പോള്‍ കൂടുതല്‍ വലിയ പ്രശ്നമായി. അവന് സീറ്റായില്ലെങ്കില്‍ ഒറ്റയ്ക്ക് പോയാല്‍ ശരിയാവില്ല. അത് കഴിഞ്ഞുള്ള ഫ്ലൈറ്റാണെങ്കില്‍ അടുത്ത ദിവസമേയുള്ളൂ താനും. കാത്തിരിക്കാന്‍ തീരുമാനിച്ചു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്‍ഫര്‍മേഷനാകും.

ഇനി അടുത്ത പ്രശ്നം സോള്‍വുചെയ്യണം. എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ കാരള്‍ കേസി ഞങ്ങളെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ വരുമെന്ന് പറഞ്ഞതാണ്. രാഘവേ കാണൂ എന്നും ഞങ്ങള്‍ രണ്ടുപേര്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞാലേ (അതും ചിലപ്പോള്‍) വരൂ എന്നും കാരളിനെ അറിയിക്കണം. കൈയില്‍ ഫോണില്ല. പേ ഫോണ്‍ ഉപയോഗിക്കാമെന്ന് വിചാരിച്ചാല്‍ കാരളിന്റെ നമ്പറുമില്ല (ഞാന്‍ അപ്പളേ പറഞ്ഞതല്ലേ ഒരു യാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ എന്തുമാത്രം ശ്രദ്ധിക്കാറുണ്ടെന്ന്). ഈമെയിലേ രക്ഷയുള്ളൂ. വൈഫൈയെ ശരണം പ്രാപിച്ചു. എയര്‍പോര്‍ട്ടിന്റെ പേരുള്ള വയര്‍ലെസ് നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. വേറെ ഏതോ പേരിലുള്ള ഒറിജിനല്‍ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തു. നോക്കുമ്പോള്‍ ആ കണക്ഷന്‍ വഴി ബ്രൗസ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് എട്ട് ഡോളര്‍ ചെലവാക്കണം (ആഗോള പിശുക്കന്‍ എന്ന പേരു നേടിയ എനിക്ക് ഈ ഗതി തന്നെ വരണം). കൈയില്‍ പൈസയുണ്ട്, പക്ഷെ കാര്‍ഡല്ലേ ചെലവാകൂ. എന്റെ കാര്‍ഡും മൈനാകിന്റെ കാര്‍ഡും ആക്സപ്റ്റ് ചെയ്യുന്നില്ല. ഒടുവില്‍ കാലാവധി തീരാറായ, വര്‍ക്ക് ചെയ്യുമെന്ന് പ്രതീക്ഷയില്ലാഞ്ഞ, എന്റെ പഴയൊരു കാര്‍ഡുകൊണ്ട് കാര്യം സാധിച്ചു. അവന്മാര്‍ എത്ര പൈസ സര്‍വീസിന് ഊറ്റിക്കാണുമെന്നറിഞ്ഞുകൂട, പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. കാരളിന് മെയിലയച്ചു. എട്ട് ഡോളര്‍ (സത്യത്തില്‍ ഏഴ് ഡോളര്‍ 99 സെന്റ്. ഒരു സെന്റിന് ചില്ലറ കിട്ടും) മുതലാക്കാന്‍ വേണ്ടി മൈനാകിന്റെ സീറ്റിന്റെ കാര്യത്തില്‍ അനൗണ്‍സ്മെന്റിന്റെ സമയമാകുന്നതുവരെ ബ്രൗസിങ്ങ് നടത്തി.

അനൗണ്‍സ്മെന്റ് സമയമായി. അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ്ബൈകളുടെ പട. മൈനാക് ലിസ്റ്റില്‍ ഒന്നാമനാണ് എന്ന സമാധാനം മാത്രമുണ്ട്. കണ്‍ഫര്‍മേഷന്റെ കാര്യം ചോദിച്ചുനോക്കിയപ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സുണ്ടെന്നായിരുന്നു മറുപടി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ സീറ്റായി എന്ന് അനൗണ്‍സ്മെന്റ് വന്നു. കാരളിന് മെയിലയച്ച് ബോര്‍ഡ് ചെയ്തു. ഫ്ലൈറ്റ് കാല്‍ മണിക്കൂര്‍ ലേറ്റ്. മറ്റേ ഫ്ലൈറ്റിനും ഇതുപോലെ ലേറ്റാകാനേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ മര്‍ഫിയണ്ണന്റെ ഓര്‍ഡറല്ലേ. പറക്കാന്‍ തുടങ്ങിയപ്പോഴേക്ക് അണ്ണനോടുള്ള ദേഷ്യമൊക്കെ മാറി പഴയ പരിപാടി തുടങ്ങി. ഇപ്രാവശ്യം ഉറക്കം കൊണ്ട് ഭക്ഷണം വരെ മിസ്സായി. ജൈവഘടികാരം ശരിയാക്കാന്‍ ഉറങ്ങാതിരിക്കണം എന്നൊക്കെ തീരുമാനിച്ചതായിരുന്നു, പക്ഷെ ഇതൊക്കെ നമ്മുടെ കൈയിലുള്ള കാര്യമാണോ?

ലോസ് ആഞ്ചലസിലെത്തി. കാരളും രാഘവും ഞങ്ങളുടെ ബാഗേജൊക്കെ ക്ലെയിം ചെയ്ത് റെഡിയായിരിക്കുന്നുണ്ട്. ഫ്ലൈറ്റ് മിസ്സായ സ്ഥിതിക്ക് ഞങ്ങള്‍ എങ്ങനെ ലോസ് ആഞ്ചലസിലെത്തും എന്നാലോചിച്ച് രാഘവ് ഞങ്ങളെക്കാളും ടെന്‍ഷനായിരുന്നു എന്ന് കേട്ടു. കാരള്‍ പാസഡേനയിലേക്ക് കാറോടിച്ചു. ഓഫീസില്‍ ചെന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഫ്ലൈറ്റ് മിസ്സായ കാര്യം ഒറ്റവാക്യത്തില്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം ബ്ലോഗില്‍ വരുന്നു എന്ന് പറഞ്ഞതിനാലും കാല്‍ടെക്കില്‍ അന്നു രാത്രി തന്നെ എത്തി എന്നതിനാലും കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല. രാഘവും മൈനാകും സാഹസികകഥകളെക്കുറിച്ച് മിണ്ടിയേയില്ല.

കാരള്‍ ഞങ്ങളെ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ടുപോയി. നാല് ബെഡ്റൂം അപാര്‍ട്ട്മെന്റാണ്. മൂന്നെണ്ണം ഞങ്ങള്‍ക്ക്, നാലാമത്തേതില്‍ ജൂലിയോ എന്നൊരു ഇറ്റലിക്കാരന്‍. ഇറക്കാന്‍ പറ്റുന്നതായി വീട്ടില്‍ ആകെയുള്ളത് കൊക്കക്കോളയും ഡോക്ടര്‍ പെപ്പറും (അത് ഒരിറക്കോടെ എനിക്ക് മതിയായി) പീറ്റ്സയും (ജൂലിയോ അതില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തുപോകുമായിരുന്നു). എന്തോ, അപ്പോള്‍ പീറ്റ്സ തിന്നാന്‍ തോന്നിയില്ല. റൂമൊക്കെ വളരെ അടിപൊളി. ഐ ഐ ടിയൊക്കെ ഇതുപോലെയാകുന്ന ദിവസം ഇന്ത്യ രക്ഷപ്പെട്ടുപോകും. പക്ഷെ കുറേ അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങള്‍ : ചതുരപ്പിന്നുകള്‍, ടോയ്ലറ്റ് പേപ്പര്‍, ജെറ്റ് ലാഗ്... എന്താകുമെന്ന് പടച്ചോനറിയാം.
പിന്‍കുറിപ്പ് : ഇന്നലെ രാത്രി വന്ന ഉടനെത്തന്നെ എഴുതണമെന്ന് വിചാരിച്ചതാണ്. പക്ഷെ ചതുര അഡാപ്ടര്‍ ഇല്ലാതിരുന്നതിനാല്‍ ലാപ്ടോപ് ചാര്‍ജ്ജ് ചെയ്യാന്‍ പറ്റിയില്ല. എഴുതി പകുതിയായപ്പോഴേക്ക് ചാര്‍ജ്ജ് തീര്‍ന്നുപോയി. ഇന്ന് പ്രാതലും ഷോപ്പിങ്ങും കുക്കിങ്ങും ലഞ്ചും കഴിഞ്ഞ് വിസ്തരിച്ചിരുന്ന് എഴുതിത്തീര്‍ത്തതാണ്

3 comments:

 1. ഹമ്പടാ... :)
  വിവരണം നന്നായിരിക്കുന്നു.

  ReplyDelete
 2. ശാസ്ത്രകേരളത്തിലല്ലേ ആദ്യ സഞ്ചാര സാഹിത്യം തുടങ്ങിയത്.എഴുത്ത് നന്നാകുന്നുണ്ട്. ആസംസകൾ

  ReplyDelete
 3. അടിപൊളി.രസികന്‍ വിവരണം.

  ReplyDelete