Saturday 20 March 2010

ഒരോര്‍മ്മ

പണ്ടാണ്, വളരെ പണ്ട്
വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ഒക്കെ മുമ്പ്
ഏകദിനക്രിക്കറ്റില്‍ 200 എന്ന വ്യക്തിഗതസ്കോര്‍ പിറക്കുന്നതിനു മുമ്പ്
പീറ്റ് സാംപ്രാസ് റെക്കോര്‍ഡ് പുസ്തകത്തില്‍ നിന്ന് നീക്കപ്പെടുന്നതിനു മുമ്പ്
18 വയസ്സായിട്ടും വോട്ടു ചെയ്യാതിരുന്ന 2009-ലെ ജനറല്‍ ഇലക്ഷന് മുമ്പ്
വിക്കിപീഡിയയില്‍ ചേരുന്നതിനു മുമ്പ്
എല്ലാ ഫിസിക്സ് പ്രൊജക്റ്റും അടിപൊളിയായിരിക്കേണ്ടതില്ല എന്ന് ആദ്യമായി പഠിപ്പിച്ച 2008-ലെ വേനലവധിക്കും മുമ്പ്
(ഇതിനിടയ്ക്ക് വേറെയൊന്നും നടന്നില്ല എന്നല്ല. തല്‍ക്കാലം ബ്ലോഗില്‍ എഴുതാവുന്നതായി ഇത്രയേ ഓര്‍മ്മ വരുന്നുള്ളൂ)

2008 ഏപ്രില്‍ 18

ഇപ്പോള്‍ ജീവിതത്തില്‍ ഒന്നും നടക്കാത്തതുകൊണ്ടാണ് പഴയ സാധനങ്ങള്‍ പൊടിതട്ടിയെടുക്കുന്നത് എന്ന് വിചാരിക്കണ്ട. ഇപ്പോള്‍ എല്ലാം വളരെ പെട്ടെന്ന് നടക്കുന്നതുകൊണ്ട് എഴുതാന്‍മാത്രം ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ പറ്റുന്നില്ല എന്നു മാത്രം. പിന്നെ, എന്തുകൊണ്ടോ ഓര്‍ത്തുപോയി...

2008 ഏപ്രില്‍ 18 -ന് എന്താണ് നടന്നത്? വിക്കിയില്‍ നോക്കിയാല്‍ ഒന്നും നടന്നതായി കാണുന്നില്ല. പിന്നെ?

ക്രിക്കറ്റ് പ്രാന്തന്മാര്‍ക്ക് ഒരു കാര്യം ഓര്‍മ്മയുണ്ടാകും : അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെത്തന്നെ തിരുത്തിക്കുറിച്ച ഐ പി എല്‍ എന്ന സാധനത്തിന്റെ ഒന്നാം സീസണ്‍ തുടങ്ങിയത് 2008 ഏപ്രില്‍ 18-നായിരുന്നു. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചുകൂടിയാണെങ്കിലും അതിനെക്കുറിച്ചല്ല.

രണ്ടാം സെമസ്റ്ററിന്റെ അവസാനം. 21-ന് എന്‍ഡ്സെം തുടങ്ങുകയാണ്. പരീക്ഷയ്ക്ക് മുമ്പ് പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുക എന്ന പ്രിന്‍സിപ്പിള്‍ മുറുകെപ്പിടിക്കുന്നതിനാല്‍ താരതമ്യേന സ്ഥിതി കുഴപ്പത്തിലായിരുന്ന ഇലക്ട്രോണിക്സ് ആണ് പഠിക്കാന്‍ വിചാരിച്ചിരുന്നത്. മുകളില്‍ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചെഴുതിയിടത്ത് പരീക്ഷാസമയത്ത് രാവിലെത്തൊട്ടേ കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവം നിര്‍ത്തുന്നതിന് മുമ്പ് എന്നുകൂടി ചേര്‍ക്കണം.

അങ്ങനെയായാലും സാധാരണ മനുഷ്യന്‍മാര്‍ വായിക്കാന്‍ തുടങ്ങുന്ന ഒരു സമയമുണ്ടല്ലോ. അതിനുമുമ്പ് വാതിലില്‍ മുട്ടുകേട്ടാണ് ഉണര്‍ന്നത്. ശ്രീരാം വന്നിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലായി. അവന്റെ മാനസികനില വച്ച് പണ്ടേ ആത്മഹത്യ ചെയ്യേണ്ടതാണ് എന്നാണ് ലോകാഭിപ്രായം, ആയിട്ടില്ല. ഇവനൊന്ന് ചത്തിട്ടെങ്കിലും ഒഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്ന് അവന്റെ വെറുപ്പിക്കലിന് പാത്രമാകേണ്ട ദുര്യോഗമുണ്ടായിട്ടുള്ള ഐ ഐ ടി ജനതയുടെ വലിയൊരു ഭാഗം ഒരിക്കലെങ്കിലും രഹസ്യമായെങ്കിലും ആശിച്ചിട്ടുമുണ്ടാകും.

എനിവേ, വന്ന് കേറിയ ഉടനെയുള്ള പുള്ളിയുടെ സ്റ്റേറ്റ്മെന്റായിരുന്നു രസം : അവന് ചിക്കന്‍പോക്സാണ്. ഞാനൊന്ന് കണ്‍ഫ്യൂഷനിലായി. ഉപ്പ ഡോക്ടറാണെങ്കിലും എന്റെ കൈയില്‍ മരുന്നിനുപോലും മരുന്നൊന്നും കാണില്ല. രാഹുലിനോട് ശ്രീരാം ചോദിച്ചാല്‍ കാലു മടക്കി ഒന്ന് കിട്ടുകയാവും ചെയ്യുക. ഒറ്റക്ക് ചിക്കന്‍ പോക്സ് വന്ന് ബോറടിച്ചതുകൊണ്ട് കമ്പനിക്ക് എന്നേം കൂടി കൂട്ടാനാണോ? എന്തു വേണം എന്ന് ചോദിച്ചു. അവന് പഠിക്കാന്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ പുസ്തകം വേണം. നാലഞ്ച് പേര്‍ ചേര്‍ന്ന് പൂള്‍ ചെയ്യുന്ന വകയായതുകൊണ്ട് എന്റെ കൈയില്‍ സാധനം അപ്പോള്‍ ഇല്ലായിരുന്നു. അവന്റെ കൈയിലിരിപ്പ് വച്ച് വേറാരും അവന് കൊടുക്കുകയുമില്ല. കൂട്ടുകാരന്റെ ആവശ്യം കഴിഞ്ഞ് കൊടുക്കാം എന്നു പറഞ്ഞ് അവനെ ഹെല്‍ത്ത് സെന്ററിലേക്ക് ഉന്തിത്തള്ളിവിട്ടു.

പിന്നെ നടന്നതിനെക്കുറിച്ച് വ്യക്തമായ ഓര്‍മ്മയില്ല. വെള്ളിയാഴ്ചയായതുകൊണ്ട് ക്ലാസ്സുണ്ടാകേണ്ടതാണ്, പക്ഷെ അന്ന് പോയതായി ഓര്‍ക്കുന്നില്ല - പ്രൊഫസര്‍മാരെല്ലാം പാവം വിചാരിച്ച് സ്റ്റഡി ലീവ് തന്നതാകാം. ഏതായാലും ഉച്ചയായപ്പോഴേക്ക് ശ്രീരാമിന്റെ ഫോണ്‍ വന്നു. അവനെ ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുറേ ദിവസം കിടക്കേണ്ടിവരും, രണ്ടുമൂന്ന് പരീക്ഷയും മിസ്സാകും. ഏതായാലും ഇലക്ട്രോണിക്സ് അവസാന പരീക്ഷയായതുകൊണ്ട് അവന് പഠിക്കണം. പുസ്തകം ഒപ്പിച്ചുകൊടുക്കാമെന്നേറ്റു. ഒരു വിധം ഒരു ദിവസത്തേക്ക് സാവകാശമെടുത്ത് കൂട്ടുകാരന്റെ കൈയില്‍ നിന്ന് പുസ്തകം കടം വാങ്ങി. വിവേകിനും ഒരു പുസ്തകം കൊടുക്കാനുണ്ട്. അവന്റെ മുറി തൊട്ടടുത്ത വിങ്ങിലാണ്. പക്ഷെ ഫോണ്‍ വിളിച്ചുനോക്കിയപ്പോള്‍ അവന്‍ ലൈബ്രറിയിലാണ്. തിരിച്ചുവരട്ടെ.

അന്നും ഇന്നും സൈക്കിളില്ലാത്തതുകൊണ്ട് (അന്ന് സൈക്കിള്‍ ചവിട്ടാനും അറിഞ്ഞുകൂടാരുന്നു എന്നൊരു കാര്യവുമുണ്ട്) പുസ്തകവുമെടുത്ത് ഹെല്‍ത്ത് സെന്ററിലേക്ക് ഒരു നടത്തം വച്ചുകൊടുത്തു. എനിക്കിതുവരെ ചിക്കന്‍ പോക്സ് വന്നിട്ടില്ല. രോഗങ്ങളുമായുള്ള എന്റെ ബന്ധം വച്ചു നോക്കുമ്പോള്‍ വേണ്ടാത്ത റിസ്കാണ്. പോട്ടെ. വൈകുന്നേരം ഐപിഎല്ലിലെ ആദ്യത്തെ കളി കാണണം. റ്റ്വന്റി-റ്റ്വന്റി ലോകകപ്പല്ലാത്തെ ഈ ഫോര്‍മാറ്റില്‍ ഒന്നും കണ്ടിട്ടില്ല, ടൂര്‍ണമെന്റ് വിജയമാകുമോ എന്നുപോലും അറിയില്ല, ഏതായാലും കാര്യമായ ഹൈപ്പുണ്ട്. കുറേ ദിവസമായി പഠിക്കുന്നു, ഇന്ന് രാത്രി ഈ കളി കാണണം (അപ്പഴാണ് ഇങ്ങനൊക്കെ വിചാരിച്ചിരുന്നത് - ഇപ്പോള്‍ കളി കാണാതിരിക്കണോ എന്ന ചോദ്യം പോലും ഉദിക്കാറില്ല).

പ്രാര്‍ത്ഥിച്ചുകൊണ്ട് ഹെല്‍ത്ത് സെന്ററിലേക്ക് കയറി. ആദ്യമായാണ്. ബാലരമയിലെ ചിത്രകഥകളിലൊക്കെ കാണുന്നതുപോലൊരു ചെകുത്താന്‍ കോട്ടയുടെ രൂപമാണ് സഹപാഠികളുടെ വിവരണങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കയറി. ഒരു മൂലക്ക് ശ്രീരാമിനെ കണ്ടു. പുസ്തകവും കൊടുത്ത് തിരിച്ചുനടന്നു. വരുന്ന വഴിക്ക് ഒരു ആമ്പുലന്‍സ് ലൈറ്റൊക്കെയിട്ട് ഹെല്‍ത്ത് സെന്ററിന്റെ വഴിക്ക് പോകുന്നു. ഇതിപ്പം എന്തെടാ? നോക്കുമ്പോള്‍ അകത്ത് മൂന്നാലുപേരുണ്ട്. റിഷിയെ മാത്രമേ അറിയൂ. സ്ഥലത്തെ പ്രധാന ജോക്കറായ അവനെ ആദ്യമായാണ് സീരിയസായി കാണുന്നത്. നടന്ന് ഹോസ്റ്റല്‍ ഗേറ്റിലെത്തിയപ്പോള്‍ പോലീസും ആള്‍ക്കൂട്ടവും. എന്തോ കാര്യമായി നടന്നിട്ടുണ്ട്.

രാഹുലിന്റെ ഫോണ്‍ വന്നു. വിവേകിന്റെ റൂം മേറ്റ് ഫാനില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നു. മരിച്ചെന്നാണ് രാഹുല്‍ പറയുന്നത്. പക്ഷെ കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല. ഒരു നിമിഷം അമ്പരന്നു പോയി. വിവേകിന് പുസ്തകം കൊടുക്കാന്‍ അവന്റെ റൂമിലേക്ക് പോയിരുന്നെങ്കില്‍ എനിക്ക് എന്താണ് കാണേണ്ടി വരുമായിരുന്നിരിക്കുക? പിന്നെ എന്താണെന്നറിയില്ല, മനസ്സ് വളരെ ലൈറ്റായി. രണ്ടുമൂന്ന് ദിവസം മുമ്പ് കണ്ടിട്ടുണ്ട് പുള്ളിയെ. പ്രശാന്ത് കുമാര്‍. കാന്‍പൂരുകാരന്‍. അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ഡ്രോപ് ചെയ്യുകയായിരുന്നു. ഒരു തവണ ഡല്‍ഹിയിലേക്ക് ഓടിപ്പോയതായും കേട്ടിട്ടുണ്ട്. രാത്രി കമ്പ്യൂട്ടര്‍ സെന്ററിലിരിക്കുമ്പോള്‍ വിവേകും പ്രശാന്തും ടി എ സ്ലൈഡുകള്‍ പഠിച്ചുകൊണ്ട് അടുത്തുണ്ടായിരുന്നു. ശാന്തനായിരുന്നു.

വിവേക് അപ്പോള്‍ ആ വഴി വന്നു. പുസ്തകം കൊടുത്തു. വേറൊന്നും സംസാരിച്ചില്ല. പ്രശാന്ത് നൈലോണ്‍ കയറു വച്ചാണ് തൂങ്ങിയിരിക്കുന്നത്. മുമ്പു തന്നെ വാങ്ങി വച്ചിരുന്നിരിക്കണം. വിവേക് അറിഞ്ഞില്ലെന്നു പറയുമ്പോള്‍...

ശുഭായുവിന്റെ റൂമിലേക്ക് പോയി. എന്തോ ഒരു എക്സൈറ്റ്മെന്റ്. അവനോടും കാര്യം പറഞ്ഞു. രണ്ടുപേരും പത്തിരുപത് മിനിറ്റ് മിണ്ടാതെ ഇരിപ്പായി. പിന്നെ ധര്‍മ്മരോഷം. പിന്നെ ഹാലിഡേ-റെസ്നിക്കു് വായിക്കാനും പ്രകാശശാസ്ത്രം പഠിക്കാനും തുടങ്ങി.

രാത്രിയായപ്പോഴേക്ക് തിരിച്ചുവന്നു. ഭക്ഷണം കഴിച്ചു. ടി വി റൂമിലേക്ക് ചെന്നു. കളി തുടങ്ങിയിട്ടില്ല. എനിലും ഹോസ്റ്റല്‍ ജനത മൊത്തം അവിടെയുണ്ട്. ഒറ്റയൊന്നിനും പഠിക്കണമെന്നില്ല. ഐ ഐ ടി വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് ന്യൂസ് ചാനലുകളിലെ ഫ്ലാഷ്. കളി തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് ആദിത്യ റൂമിലേക്ക് വന്നു. ഈ ഒരു ദിവസമെങ്കിലും ടി വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രശാന്ത് മരിച്ചിരിക്കുന്നു എന്ന് കണ്‍ഫര്‍മേഷന്‍.

നേരെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക്. ക്രിക്കിന്‍ഫോയില്‍ കളി ഫോളോ ചെയ്യാന്‍ തുടങ്ങി. ബ്രണ്ടന്‍ മക്‌കല്ലം ബാംഗ്ലൂരിനെ കൊന്ന് കൊലവിളിച്ചിരിക്കുന്നു. അല്‍പം കൂടി ആസ്വാദ്യകരമായ മരണം. സര്‍ഫിങ്ങും മെയിലിങ്ങും ഒക്കെ കഴിഞ്ഞ് റൂമിലേക്ക് തിരിച്ചുചെന്ന് കിടന്നുറങ്ങി.

പിറ്റേന്ന് പത്രങ്ങളിലാകെ പ്രശാന്തിന്റെ മരണമായിരുന്നു. പിന്നെ ഒന്നുരണ്ട് ദിവസം കൂടി. മാധ്യമങ്ങളില്‍ നിന്നും മനസ്സുകളില്‍ നിന്നും പ്രശാന്ത് മറഞ്ഞു. അനുശോചനസമ്മേളനത്തിന് കളി കാണാനുണ്ടായിരുന്നത്ര പോലും ആളുണ്ടായിരുന്നില്ല. രമട്ടീച്ചര്‍ മാത്രം കരഞ്ഞു.

ശ്രീരാം ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ല. ഏറെ ആശിപ്പിച്ചുകൊണ്ട് ഇപ്പോഴും...
ഐ പി എല്‍ രണ്ടു സീസണ്‍ അടിപൊളിയായി കടന്നുപോയി. മൂന്നാമത്തേത് തുടങ്ങിയിരിക്കുന്നു
പ്രശാന്ത് സഹപാഠികളുമായുള്ള തമാശകള്‍ക്കിടയില്‍ മാത്രം തല കാണിക്കുന്നു

അടുത്ത മാസം ഒരു ഏപ്രില്‍ 18 കൂടി കടന്നുവരും. ക്രിക്കിന്‍ഫോയില്‍ ഏപ്രില്‍ 18-ന്റെ ഓണ്‍ ദിസ് ഡേയില്‍ ഐ പി എല്ലും മക്‌കല്ലവും തല കാണിക്കും. പ്രശാന്തിനെ എത്ര പേര്‍ ഓര്‍ക്കും?

No comments:

Post a Comment