Thursday, 25 February 2010

അഞ്ചര

തീവണ്ടി ഒഴിവാക്കി ബൂര്‍ഷ്വയായി ഫ്ലൈറ്റാക്കിയിട്ടും ഇപ്രാവശ്യം അത്രയേ കിട്ടുള്ളൂ

ഒക്കെ ശരിയായാല്‍ ശനിയാഴ്ച പത്തുമണിയാകുമ്പോഴേക്ക് വീട്ടിലെത്താം
ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം
വെള്ളിയാഴ്ച പകല്‍ തിരിക്കണം

പണ്ട് വണ്ടിയില്‍ വരുന്ന കാലത്ത് ഇതിലും രസമായിരുന്നു കാര്യം. വെള്ളിയാഴ്ച വരെ പരീക്ഷയുണ്ടാകും. ശനിയാഴ്ച രാവിലെ ഏതെങ്കിലും ആണ്ടിവണ്ടിയില്‍ കേറി ഝാന്‍സിയിലേക്ക്. അവടന്ന് മംഗളയില്‍ കേറിയാല്‍ തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെത്താം. വീട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി തൂക്കം നോക്കലാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ രണ്ടുമൂന്ന് കിലോയെങ്കിലും കുറഞ്ഞിട്ടുണ്ടാകും. (എപ്പോഴെങ്കിലും വെയിറ്റ് കൂടി വീട്ടിലെത്തുക എന്നതാണ് എന്റെ സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളിലൊന്ന്). അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി ഉണ്ടാക്കണ്ട കോഴിബിരിയാണിയുടെ കണക്ക് ഉമ്മ റെഡിയാക്കി പ്രാവര്‍ത്തികമാക്കി വരുമ്പഴേക്ക് വെള്ളിയാഴ്ചയാകും. പ്രാകിപ്രാകി ഒരു മടക്കയാത്ര... ഇതിനിടെ ആകെ ചെയ്യാന്‍ എന്താ പറ്റുക?

കാട്ടുമാക്കാന്റെ കൂടെ ഒരു നടത്തം. കുന്നു കയറിയിറങ്ങി രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒരുവിധം സ്ഥലമെല്ലാം കണ്ട്, ആനന്ദിന്റെയോ സുജാതട്ടീച്ചറുടെയോ വീട്ടില്‍ ഒന്ന് കയറിയിറങ്ങി ഒരു രണ്ടുമൂന്ന് മണിക്കൂര്‍ അങ്ങനെ. അതിലപ്പറം നടക്കാന്‍ സ്റ്റാമിനയുണ്ട് - പക്ഷെ അസറിനും മഗ്‌രിബിനുമിടക്ക് അത്രയേ സമയമുള്ളൂ. മറ്റു വൈകുന്നേരങ്ങളില്‍ ക്രിക്കറ്റോ ബാഡ്മിന്റണോ മറ്റ് കോപ്രായങ്ങളോ ഒക്കെ. ഒരു പകല്‍ സ്കൂളില്‍ പോയി ടീച്ചര്‍മാരെയൊക്കെ കാണും. ഒരു ദിവസം അമ്മായിയുടെ വീട്ടില്‍ പോവുകയോ അവര്‍ ഇങ്ങോട്ടു വരുകയോ ചെയ്യും.

പ്ലാന്‍ എന്നു പറയാന്‍ ഇത്രയൊക്കെയേ ഉള്ളൂ. കൂട്ടുകാരൊന്നും ഇല്ലാത്തതുകൊണ്ട് ആ രീതിയിലുള്ള പോക്കുവരവുകളില്ല. ബാക്കി കുടുംബക്കാരെ അത്ര ഫ്രീക്വന്റായി സന്ദര്‍ശിക്കാറുമില്ല. ബാക്കി സമയം കെനെറ്റ്‌വാക്ക്, വിക്കിപീഡീയ, ക്യാമറ ട്രിക്കുകള്‍, ഞമ്മളെ പഴയ സ്കൂളില്‍ നിന്നും ഉമ്മയുടെ നിലവിലെ സ്കൂളില്‍ നിന്നും വരുത്തുന്ന ചെറുകഥാസമാഹാരങ്ങളുടെ (ഇടക്കൊക്കെ നോവലുകളും) വായന, തീറ്റ, ഉറക്കം.

ഇതൊക്കെ മതിയാകും വരെ ചെയ്ത് തീരും മുമ്പാണ് മടക്കം.

അഞ്ചര > നാല്
പിന്നെന്തിനാണ് ഞാന്‍ പ്രാകുന്നത്? കാരണങ്ങള്‍ :
1) ഇപ്രാവശ്യം വെള്ളിയാഴ്ച ക്ലാസ്സില്ല. മുമ്പേ പറഞ്ഞിരുന്നെങ്കില്‍ ഒരു ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. സെമസ്റ്റര്‍ തുടങ്ങും വരെ ടൈംടെബിള്‍ ഇടില്ല, വെള്ളിയാഴ്ചത്തെ ക്ലാസ്സൊഴിവാക്കുന്ന കാര്യം രണ്ട് ദിവസം മുമ്പല്ലാതെ പറയുകയുമില്ല.
2) സുഖസുന്ദരമായി ഞായറാഴ്ച തിരിച്ചുപോകാമെന്നായിരുന്നു ആദ്യം പ്ലാന്‍. അപ്പളാണ് പ്രതിഭാ പാട്ടിലിന് ആറാം തീയതി ജുഗുനു ടീമിനെ കാണാന്‍ മുട്ടിയത്. വെറും പ്രാന്താണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലാകെ ഒരു മണിക്കൂറോ മറ്റോ മാത്രമേ നിക്കൂ. അതില്‍ത്തന്നെ പ്രധാന പണി ഏതോ ഗുളിക കുഴിച്ചിടലാണ് (വാര്‍ത്ത വായിച്ച് ഉപഗ്രഹത്തെപ്പറ്റി വലിയ ആരാധനയൊന്നും തോന്നണ്ട. ഇപ്പറയുന്നപോലെ വെള്ളപ്പൊക്കവും ഭൂമികുലുക്കവും ഖിയാമത്തും ഒന്നും അത് പ്രവചിക്കാന്‍ പോണില്ല). അഞ്ചുമിനിറ്റ് കൂടെനിന്ന് ഫോട്ടോയെടുത്തിട്ട് എന്തുകാര്യം എന്ന് പടച്ചോനറിയാം. ഇന്നുവരെ ആ വഴിക്ക് വരാത്ത പണ്ടാരങ്ങളും അന്നവിടെ കാണുമെന്നതുകൊണ്ട് ഫോട്ടോ ശരിയാകുമെന്ന ആശയുമില്ല. വല്ല കലാമോ മറ്റോ ആയിരുന്നെങ്കില്‍ പ്രൊജക്ടിനെപ്പറ്റി അഭിപ്രായം പറയുമെന്നും മാര്‍ഗ്ഗദര്‍ശനം നല്കുമെന്നും വിചാരിക്കാനും വകുപ്പുണ്ട്. ഇവിടെ അങ്ങനത്തെ ഗുണം പ്രതീക്ഷിക്കാനുള്ള പ്രാന്തൊന്നും എനിക്കില്ല.

അതാണ് ദേഷ്യം. മതിലുകളും അഗ്രഹാരത്തില്‍ കഴുതൈയും ഒക്കെ കണ്ട് ദേഷ്യം തീര്‍ക്കാനാണ് പരിപാടി.

ഇപ്രാവശ്യം വീട്ടില്‍ ചെന്നിട്ടുള്ള പരിപാടി:
1) മാര്‍ച്ച് മാസത്തേക്ക് ജ്യോതിശാസ്ത്രകവാടം ശരിയാക്കുക
2) ഓരോ ദിവസം ഓരോ വിഷയം പഠിക്കുക : ബീജഗണിതത്തില്‍ ഗാലിയന്‍, ഹെര്‍സ്റ്റീന്‍, ആര്‍ട്ടിന്‍; സാംഖ്യികബലതന്ത്രത്തില്‍ ചൗധുരി : പുസ്തകങ്ങളിലെ ചോദ്യങ്ങളൊക്കെ ചെയ്യുക. ക്വാണ്ടം ബലതന്ത്രത്തിന് ശങ്കര്‍, ശുക്ല; സാംഖ്യികബലതന്ത്രത്തിന് റൈഫ്, ചൗധുരി, ശുക്ല; മാത്തമാറ്റിക്കല്‍ ഫിസിക്സിന് ശുക്ല; പ്രക്ഷുബ്ധതയ്ക്ക് ബാച്ചിലര്‍ : ഈ പുസ്തകങ്ങള്‍ വായിക്കുക
(ഇവിടെ ശുക്ല ഭൗതികശാസ്ത്രസംബന്ധിയായ എല്ലാ വിഷയത്തിലും പുസ്തകങ്ങളെഴുതുന്ന പുലിയല്ല. എല്ലാ ക്ലാസിലും ഭീകരമായ നോട്ടുകളെഴുതുന്ന പുലിയാണ്. മൂപ്പരുടെ കാരുണ്യം കൊണ്ടാണ് ഫിസിക്സ് ബാച്ചില്‍ പകുതിയും മര്യാദക്കുള്ള മാര്‍ക്ക് വാങ്ങുന്നത്)
3) പ്രക്ഷുബ്ധതയ്ക്കുള്ള തരംഗ് കോഡ് ക്യൂഡയിലാക്കുന്ന പണി മുന്നോട്ടുകൊണ്ടുപോവുക
4) റ്റു കില്‍ എ മോക്കിങ്ങ്ബേര്‍ഡ് പൂര്‍ത്തിയാക്കുക

ഇതൊക്കെ തീര്‍ത്തിട്ടുതന്നെ കാര്യം. കഴിഞ്ഞ മിഡ്സെമ്മിന് ഇതുപോലെ എടുത്തിരുന്ന തീരുമാനങ്ങള്‍:
1) ജര്‍മ്മന്‍ അസൈന്‍മെന്റ് പൂര്‍ത്തിയാക്കുക
2) വരാനുള്ള പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളും പഠിക്കുക
3) ഉദാത്ത ബലതന്ത്രത്തിന്റെ ക്ലെപ്നര്‍ പുസ്തകത്തിലെ വര്‍ത്തുളചലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കാണുക
4) വിക്കിപീഡിയ

ക്ലെപ്നര്‍ ചോദ്യങ്ങള്‍ ഒരു മുപ്പതു് ശതമാനത്തോളം ചെയ്തു. ജര്‍മ്മന്‍ അസൈന്‍മെന്റ് കുറച്ചുമാത്രം ചെയ്തിട്ടതുകൊണ്ട് ഫ്ലൈറ്റില്‍ വച്ച് പൂര്‍ത്തിയാക്കേണ്ടി വന്നു. വിക്കിപീഡിയ മാത്രം മര്യാദയ്ക്ക് മുന്നോട്ട് പോയി (അതില്‍ പിന്നെ പഠിക്കാന്‍ സമയം കിട്ടുന്നില്ല എന്ന അര്‍ത്ഥത്തില്‍ എന്ത് പറഞ്ഞാലും കുക്കിപീഡിയയുമായി ഇരുന്നിട്ടല്ലേ എന്നാണ് വീട്ടില്‍ നിന്ന് മറുപടി). ബാക്കി വിഷയങ്ങളുടെ പഠിത്തത്തെക്കുറിച്ച് നോക്വസ്റ്റ്യന്‍സ് നോ ആന്‍സേഴ്സ്.

ഇപ്രാവശ്യം ശരിക്ക് എന്താകുമെന്ന് പടച്ചോനറിയാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇപ്രാവശ്യം ബുക്കൊക്കെ ലാപു്ടോപ്പിലാക്കിയതുകൊണ്ട് വായിക്കാനല്ലെങ്കില്‍ കണ്ട പുസ്തകമൊക്കെ കെട്ടിപ്പേറി എടുത്തോണ്ടുവരുന്നതെന്തിനാ എന്ന ചോദ്യമെങ്കിലും കേള്‍ക്കേണ്ടിവരില്ല.

5 comments:

 1. ഇത്രക്കും ബിസി ആയിരിക്കാന്‍ ആണെങ്ങില്‍ എന്തിനാ ഇങ്ങോട്ട് വരുന്നേ?..വരുമ്പോള്‍ കുറച്ചു മടിപിടിച്ചു ഇരുന്നൂടെ??
  Sorry,may be thatz why IITians are IITians..അല്ലെ?

  ReplyDelete
 2. ഐ ഐ ടിക്കാര്‍ക്കെന്താ കൊമ്പുണ്ടോ?
  ഏതായാലും (1) ശരിയായി. ഇനി വെറും മൂന്നെണ്ണം മാത്രം ബാക്കി

  ReplyDelete
 3. കൊമ്പുണ്ടോ വാലുണ്ടോ എന്നൊന്നും എനിക്കറിഞ്ഞൂടാ..എന്തായാലും ഇനി നാലാമത്തേത് ആദ്യം ചെയ്താല്‍ കൊള്ളാമായിരുന്നു..എനിക്കതിലെ ഇന്ട്രെസ്റ്റ് ഒള്ളൂ ..

  പിന്നെ മനസ്സിലാകാത്ത ഒരു കാര്യം ഈ പോസ്റ്റിന്റെ തലക്കെട്ടാണ്..എന്തുവാ അത് അങ്ങനെ ?

  ReplyDelete
 4. നോവല്‍ വായിക്കുന്ന കാര്യമല്ല, നോവലിനെക്കുറിച്ച് ലേഖനമെഴുതുന്ന കാര്യമാണ് ലിസ്റ്റിലുള്ളത്

  ReplyDelete
 5. താങ്കള്‍ നോവല്‍ വായിക്കുന്നതില്‍ എനിക്കെന്തു ഇന്റെറെസ്റ്റ് ഉണ്ടാവാനാ??..നോവലിനെ പറ്റി താങ്കള്‍ എഴുതുന്നത്‌ വായിക്കുന്നതിനെ കുറിച്ച് തന്നെയാ ഞാന്‍ പറഞ്ഞെ..(wiki പ്രൊഫൈലില്‍ ഞാന്‍ കണ്ടിരുന്നു)

  ReplyDelete