Friday 24 July 2009

കാലചക്രം

മുന്നറിയിപ്പ് : സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കരുത് എന്നതൊക്കെ ഈ പോസ്റ്റിന്റെ ആവശ്യത്തിന് മറക്കുക.

ഈ സാഹിത്യകാരന്‍മാര്‍ എന്ന വര്‍ഗ്ഗത്തെ എനിക്ക് വല്ല്യ ഇഷ്ടമില്ല. പ്രത്യേകിച്ച് കവികളെ. ഒരു കാര്യവുമില്ലാതെ സാധനങ്ങള്‍ കോമ്പ്ളിക്കേറ്റഡ് ആക്കും. പ്രാസം ഒപ്പിക്കാന്‍ വേണ്ടി വേണ്ടാത്തതൊക്കെ വലിച്ചുവാരി എഴുതും. രണ്ട് വരിയില്‍ തീര്‍ക്കാവുന്നത് കൊണ്ട് ഒരൊന്നൊന്നര പേജ് നിറയ്ക്കും. ഇവന്മാര്‍ക്കൊക്കെ അക്ഷരത്തിന്റെ എണ്ണമനുസരിച്ചാണോ കാശു കൊടുക്കുന്നത്?

പിന്നെ കൊറേ വാക്കുകളും എക്സ്പ്രെഷനുകളും. ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം എന്നൊക്കെ വലിച്ചുനീട്ടി എഴുതുന്നതുകൊണ്ട് മനുഷനെ നിഘണ്ടു വായിപ്പിക്കാം എന്നല്ലാതെ എന്ത്? പാമ്പിന്റെ വായിലെ തവള എന്നതിനെന്താ അന്തസ്സു കുറവുണ്ടോ?
അദ്വൈതാമലഭാവസ്പന്ദിതവിദ്യുന്മേഖല പൂകീ ഞാന്‍ (തെറ്റുണ്ടെങ്കില്‍ തിരുത്തുക) എന്നു ഞാന്‍ പറഞ്ഞാല്‍ ശരിക്കും എനിക്കെന്തു പറ്റീന്നാ അര്‍ത്ഥം?

അതുമാതിരി എനിക്ക് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞുവരുന്ന ഒരു വാക്കാണ് കാലചക്രം. എന്തോന്ന് ചക്രം? ഗ്രഹങ്ങള്‍ ചുറ്റിത്തിരിയുന്ന മണ്ഡലം എന്നിതിന് അര്ത്ഥമുണ്ടുപോലും. മാത്രമല്ല, കാലചക്രന്‍ = സൂര്യന്‍ (മഷിത്തണ്ട് പറഞ്ഞതാണ്. സത്യമായും എനിക്കറിയില്ല). സാങ്കേതികപദമായാണ് ഉപയോഗിക്കുന്നതെങ്കില്‍ കുഴപ്പമില്ല. സാങ്കേതികപദങ്ങള്‍ക്ക് വെയ്റ്റില്ലെങ്കില്‍ ഉപയോഗിക്കുന്നവരെ ആരും മൈന്‍ഡ് ചെയ്യില്ല. ലോ ടെമ്പറേച്ചര്‍ പഠിക്കുന്നവരൊക്കെ ആ പേരിന് വെയ്റ്റില്ലാത്തതിനാല് ക്രയോജനിക്സ് എന്നേ പറയൂ. N-(4-hydroxyphenyl)ethanamide എന്നു പറഞ്ഞാല്‍ പാരാസെറ്റാമോള്‍ എന്നു പറയുന്ന ബഹുമാനമാണോ?

പക്ഷെ അതല്ല. കാലചക്രം തിരിയുക എന്നെഴുതിയത് വായിച്ചും കേട്ടും മടുത്തു. ഒന്നുമൊട്ട് തിരിഞ്ഞുമില്ല. ഗൂഗിള്‍ സര്‍ച്ചി ഏതോ ഒരു പേജിലേക്ക് വിട്ടപ്പം കണ്ടതാ : (ഒരു വരി പൊക്കുന്നത് കോപിറൈറ്റ് ഇന്ഫ്രിഞ്ജ്മെന്റ് ആകാണ്ടിരുന്നാല്‍ മതിയാരുന്നു) കിളിര്‍ക്കുന്നു ജീവിതം കാലചക്രം തന്നില്‍. ഒരു കവിതയിലെ ഒരു വരി. ബാക്കി കവിത നോക്കാതെ (ഇനി നോക്കീട്ടാണെങ്കിലും. തെരഞ്ഞ് കണ്ടുപിടിച്ചോ) ഇതിന്റെ അര്‍ത്ഥം (+optimality) ഒന്നു പറഞ്ഞുതരൂ

ഏതായാലും ഒക്കെ തിരിഞ്ഞുവരുമെന്നും സ്ഥലം പോലെ കാലവും വക്രമാണെന്ന് (റിലേറ്റിവിറ്റി മലയാളത്തില്‍ വായിച്ച് ഇങ്ങനെ ആയിപ്പോയതാ. സത്യമായും ഞാന്‍ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ പെടില്ല) ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ടു്. എക്സ്പ്ലെയിന്‍ ചെയ്യാം. എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായിരിക്കും എന്നു ഞാന്‍ കരുതുന്ന അഞ്ചു വര്‍ഷങ്ങളില്‍ (പടച്ചോനേ ഇനി ഇതിലും ഭീകരമായ ഒന്നും ഇട്ടുതരരുതേ) രണ്ടെണ്ണം കഴിഞ്ഞു. ഓരോ സെമ്മിലും ഐഐടിയില്‍ (അര്‍ത്ഥം : അകത്തുകടക്കാന്‍ വേണ്ടി ഇന്ത്യയിലെ അത്യാവശ്യം കാശുള്ള ഹൈസ്കൂള്‍ പയ്യന്മാരൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷങ്ങള്‍ തുലയ്ക്കുകയും അകത്തെത്തിക്കഴിഞ്ഞാല്‍ തലയില്‍ കൈ വയ്ക്കുകയും ചെയ്യുന്ന സ്ഥലം) കെടന്ന് പാടുപെടും. വീട്ടില്‍ കുറച്ച് സമയം നിന്നുകഴിയുമ്പോഴേക്ക് ഇങ്ങനെ ഒരു ജീവിതം കെട്ടുകഥയാണെന്ന് തോന്നും (കൂടുതല്‍ വിവരങ്ങള്‍ക്ക് ആടുജീവിതം വായിക്കുക. ഐഐടി ജീവിതം വച്ച് എനിക്കും ഇതുപോലെ എന്തെങ്കിലും എഴുതണം. ആദ്യം പുറത്തുകടക്കട്ടെ). അടുത്ത സെമ്മിന് തിരിച്ചുചെന്നാല്‍ ജീവിതം പഴയപടി.

നൂറു രീതിയില്‍ ഉരുളക്കിഴങ്ങ് പാതി വേവിച്ചത്. ഓരോ കോഴ്സിനും പ്രൊഫസര്‍ പറയുന്നപോലെ പഠിക്കുന്നതിനുള്ള സമയം കൂട്ടിയാല് ദിവസം മുപ്പത്തി ആറ് മണിക്കൂര്‍. വേനലില്‍ 40+ ഡിഗ്രി ചൂട്. തണുപ്പുകാലത്ത് 10-. ആഴ്ചയില്‍ 4 ലാബ്. മാസം മാസം പരീക്ഷ. കാലം മാറി വരും....കഥയിത് തുടര്‍ന്നുവരും....

ഓരോ സെം തുടങ്ങുമ്പോഴും ഇന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കും. സെം കഴിഞ്ഞ് കണക്കെടുത്താല്‍ വിചാരങ്ങള്‍ മാത്രം ബാക്കി. ഇന്ന് സെം നമ്പര്‍ 5 തുടങ്ങി. കാളച്ചന്തപോലെ ഒരിടത്ത് ഗ്രേഡ് ഷീറ്റ് വാങ്ങാനിരിക്കുമ്പോള്‍ ശുഭായു പറഞ്ഞു : ഇപ്രാവശ്യമെങ്കിലും മര്യാദയ്ക്ക് മനസ്സിലാക്കി ഫിസിക്സ് പഠിക്കണം. കുറച്ചു കഴിഞ്ഞ് : എല്ലാ സെം തുടങ്ങുമ്പളും പറയാറുള്ളതാ അല്ലേ.

ഓരോ സെമ്മിലും ചക്രം ടൈറ്റായി കഴുത്തില്‍ മുറുകുന്നത് ഇപ്രാവശ്യം സംഭവിക്കരുത് എന്നേ ആഗ്രഹമുള്ളൂ.

പിന്‍കുറിപ്പ് : കാലചക്രവുമായി യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റെഴുതിയതിനും അനാവശ്യമായ മുന്നറിയിപ്പ് ചേര്‍ത്തതിനും എന്നെ കൊല്ലണമെന്നുള്ളവെരെ കാന്‍പൂരിലേക്ക് ക്ഷണിക്കുന്നു. കാന്‍പൂരിന്റെ മുഖം കണ്ടിട്ടും ജീവന്‍, വിശേഷബുദ്ധി എന്നിവ നഷ്ടപ്പെടാത്തവര്‍ക്ക് എന്റെ വിലാസം : ഹാള്‍ 2, ഐഐടി കാന്‍പൂര്‍

3 comments:

  1. തുടക്കവും ഒടുക്കവും ബന്ധിപ്പിക്കാനൊരു ശ്രമം നടത്തി നോക്കട്ടെ...

    ReplyDelete
  2. വല്ലതും കിട്ടിയാല്‍ പറയണേ

    ReplyDelete
  3. ഇതു വായിച്ച് വല്ലതും മനസിലാക്കാന്‍ മെനക്കെടുന്നതിലും ഭേദം വല്ല ചക്ഷുശ്രവളഗളസ്ഥമാം ദര്‍ദ്ദുരം വായിച്ച് പഠിക്കുന്നതാ

    ReplyDelete