Saturday 21 February 2009

കമ്പ്യൂട്ടര്‍ മലയാളത്തില്‍ സംസാരിക്കുന്ന കാലം

ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ക്ലാസ്സില്‍ മലയാളം പറഞ്ഞാല്‍ പിഴ ഉണ്ടായിരുന്നു (ഐ ഐ ടി യില്‍ ചേര്‍ന്ന ശേഷം അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല - ബാച്ചില്‍ മലയാളികളുടെ എണ്ണം ഒരു ശതമാനത്തിന്റെ അടുത്താണെന്നു മാത്രം). ഏതായാലും ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ട്.

പത്താം ക്ലാസ്സു മുതല്‍ കമ്പ്യുട്ടര്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോഴൊന്നും കമ്പ്യൂട്ടറും മലയാളവും തമ്മില്‍ യാതൊരു ബന്ധവും ഉള്ളതായി തോന്നിയിരുന്നില്ല. ഹാര്‍ഡ്‌വെയര്‍ 'അവരുടേ'തായിരുന്നു; സോഫ്റ്റ്‌വെയറും. ഭാഷ മാത്രം എന്റേതാകണം എന്ന് വാശി പിടിക്കുന്നതെങ്ങനെ?

എന്റെ വിചാരം തെറ്റായിരുന്നു. ആദ്യമായി ഈ തോന്നല്‍ എനിക്കുണ്ടാകാന്‍ കാരണം വരമൊഴി ആണു്. മലയാളത്തില്‍ കത്തുകളും മറ്റും ടൈപ്പ് ചെയ്യേണ്ടിയിരുന്നതിനാല്‍ ലിപ്യന്തരണ സോഫ്റ്റ്‌വെയര്‍ വളരെ ഉപകാരപ്രദമായ ഒരാശയമായിരുന്നു. പിന്നെ മലയാള ദിനപ്പത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി വായിക്കാന്‍ തുടങ്ങി(എന്റെ അഭിപ്രായത്തില്‍ മലയാള ദിനപ്പത്രങ്ങളുടെ സൈറ്റുകള്‍ അത്ര നിലവാരം പുലര്‍ത്തുന്നവയല്ല - എങ്കിലും മലയാളത്തില്‍ വാര്‍ത്തകള്‍ വായിക്കാന്‍ കഴിയുക എന്ന ആശയം നല്ലതായിരുന്നു - ഏറെക്കാലം നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതിനാല്‍ ഉപകാരപ്രദവും). പിന്നീട് പ്രോഗ്രാമിംഗ് ചെയ്യാന്‍ തുടങ്ങിയ ശേഷം ഒരു ലിപ്യന്തരണ സോഫ്റ്റ്‌വെയറ്‍ നിര്‍മ്മിച്ചു.

ഇപ്പോള്‍ എല്ലാം കൂടുതല്‍ എളുപ്പമാകാന്‍ തുടങ്ങിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ കരുത്ത് മനസ്സിലായത് അടുത്തിടെയാണ്. മലയാള സാഹിത്യകാരന്‍മാരെക്കുറിച്ചും മറ്റും വേറെ രീതികളിലൂടെ കിട്ടാന്‍ ഏറെ വിഷമമുള്ള വിവരങ്ങള്‍ ഇതിലൂടെ എളുപ്പത്തില്‍ ലഭ്യമാകുന്നു. മലയാളത്തില്‍ കുറെ ബ്ലോഗുകളും കണ്ടു (ആ ഗണത്തിലേക്ക് എന്റെ വകയായി ഉപ്പുമാങ്ങയും കൂടി). കമ്പ്യുട്ടറിന്റെ യഥാര്‍ത്ഥ ഉപയോഗം മലയാളത്തിലും സാധ്യമാകും എന്ന് ഇപ്പോള്‍ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഗൂഗിളും മലയാളത്തില്‍ ലിപ്യന്തരണവും ബ്ലോഗിംഗും എളുപ്പമാക്കി. ഓപ്പണ്‍ സോഴ്സില്‍ ലിനക്സും വിവിധ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാക്കുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാക്കുക എന്നത് ഉബുണ്ടുവിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

സാധാരണയായി മലയാളം കമ്പ്യൂട്ടിംഗ് മാര്‍ക്കറ്റ് ചെയ്യപ്പെടാറുള്ളത് മലയാളം മാത്രം അറിവുള്ളവറ്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗം സാധ്യമാകണം എന്ന കാരണമുപയോഗിച്ചാണ്. എന്നാല്‍ എന്റെ വിശ്വാസം വ്യത്യസ്തമാണ്. എന്റെ അഭിപ്രായത്തില്‍ (തെറ്റായിരിക്കാം) കമ്പ്യൂട്ടര്‍ അറിയുന്ന മിക്ക മലയാളികളും ഇംഗ്ലീഷ് മനസ്സിലാക്കുന്നവരാണ്. എന്നാല്‍ എന്റെ ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയുക എന്നുള്ളത് ഇന്ന് സ്വാതന്ത്ര്യത്തിന്റെ തന്നെ ഭാഗമാണ്. മാത്രമല്ല നമ്മളിലധികം പേരും ഇംഗ്ലീഷിനെക്കാള്‍ ഏറെ നന്നായി മലയാളം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവരാണ്. അതിനാല്‍ തന്നെ ക്രിയാശൂന്യമായ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ നിന്ന് ഉയരാന്‍ മലയാളം കമ്പ്യൂട്ടിംഗ് സഹായിക്കുന്നു.

ഇംഗ്ലീഷില്‍ സാധ്യമാകുന്ന അത്രതന്നെ എളുപ്പത്തില്‍ കമ്പ്യൂട്ടിങ്ങിന്റെ എല്ലാ വശങ്ങളും മലയാളത്തില്‍ സാധ്യമാകുന്ന കാലത്തിലേക്ക് ഇനി എത്ര ദൂരം?

(ഇവിടെ ഞാന്‍ എഴുതിയിരിക്കുന്നതെല്ലാം ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ക്രമത്തിലാണ് - യഥാര്‍ത്ഥത്തില്‍ നിലവില്‍ വന്ന ക്രമത്തിലല്ല)

1 comment:

  1. താങ്കളുടെ ഈ ബ്ലോങേന്കിലും പച്ച പിടിക്കട്ടെ എന്ന് കരുതി ഒരു കമന്‍റ് ഇടുന്നു.

    ആദ്യമേ പറയട്ടെ, ഉപ്പിലിട മാങ്ങായുടെ ഉപ്പിലല്ല അതിനെ പറ്റി പറയുമ്പോള്‍ പോലും വായില്‍ ഊറി വരുന്ന വെള്ളത്തിലാണ് കാര്യം. എന്ത് കൊണ്ടും മലയാളികള്ക്ക് അനുഭൂതിയുനര്‍ത്തുന്ന ഒന്നാണ് ഉപ്പുമാങ്ങ

    ഇന്റര്‍നെറ്റില്‍ മലയാളം കാണുമ്പൊള്‍ കേരളത്തിലെ പച്ചപ്പ്‌ കണ്ണിനു നല്കുന്ന കുളിരിനെ ആണ് ഓര്‍മിപ്പിക്കുനത്. കുറെ എന്ഗ്ലിഷിനു നടുവില്‍ വശ്യമനോഹരമായ മാതൃഭാഷയുടെ സൌന്ദര്യം കാണുവാന്‍ കഴിയുക എന്നത് ഒരു നല്ല കാര്യം തന്നെയാണ് . ചന്ദ്രനില്‍ വരെയുണ്ടെന്നു പറയപ്പെടുന്നു മലയാളികള്‍ ഈ നല്ല മാറ്റത്തെ സ്വീകരിക്കുകയും , മലയാളത്തെ നശിക്കാന്‍ വിടാതെ എപ്പോഴും ഹൃദയത്തിലെട്ടുമെന്നും നമുക്കും കരുതാം.

    ReplyDelete