Sunday, 7 June 2009

ഫെഡറര്‍

ഒരാള്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം?

പണ്ട് ടോള്‍സ്റ്റോയ് ചോദിച്ച ഒരു ചോദ്യമുണ്ട് : ഒരാള്‍ക്കെത്ര ഭൂമി വേണം? ആറടി മണ്ണ് മതി എന്നായിരുന്നു ഉത്തരം. ഇത് അതുപോലെയുള്ള ചോദ്യമല്ല.

ചോദ്യത്തിന്റെ subjectivity ഇതാ. റസിമാന്‌ എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം? ചോദിച്ച എനിക്കു തന്നെ ചിരി വരുന്നുണ്ട്. അനിയനോടു മാത്രമേ ചെസ്സു പോലും കളിച്ച് ജയിച്ചിട്ടുള്ളൂ. ഒരു ഗ്രാന്‍ഡ് സ്ലാം പോയിട്ട് ആരോടെങ്കിലും ഏതെങ്കിലും ഒരു കളി, പോട്ടെ, ഒരു സെറ്റോ പോയിന്റോ എങ്കിലും....... ഞമ്മക്കത് മതി. വല്ല മഹാദ്ഭുതവും സംഭവിച്ച് ഒരു ഗ്രാന്‍ഡ് സ്ലാമെങ്ങാനും കിട്ടിപ്പോയാല്‍ ഞാന്‍ ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകാന്‍ റെഡിയാ.

അപ്പോള്‍ ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം? എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ഈ ദുനിയാവിലെ തൊണ്ണൂറു ശതമാനം ആള്‍ക്കാര്‍ക്കും ഫെഡറര്‍ ഒരു നൂറു കൊല്ലം കൂടി കളിച്ച് ഓരോ കൊല്ലവും നാലു വീതം ഗ്രാന്‍ഡ് സ്ലാം ഒപ്പിച്ചാല്‍ നന്ന് എന്നുണ്ട്. എന്നാലും ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം?

ഫ്രഞ്ച് ഓപ്പണില്‍ നാലു കൊല്ലം തോറ്റു. ഒക്കെ നഡാലിനോട്. സ്വന്തം തട്ടകമായിരുന്ന വിംബിള്‍ഡണും പോയി. ഒടുവില്‍ ആസ്ട്രേലിയന്‍ ഓപ്പണും. കരഞ്ഞുകൊണ്ടാണ്‌ അന്ന് കളം വിട്ടത്. ഒരു lesser mortal ആയിരുന്നുവെങ്കില്‍ അന്ന് ഇതൊക്കെ ഒഴിവാക്കിയേനേ. ന്നാലും വിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിനു മുമ്പുള്ള ഓരോ കളിയും വളരെ കഷ്ടപ്പെട്ടാണ്‌ ജയിച്ചത്. രണ്ട് സെറ്റ് പിന്നില്‍ നിന്ന ശേഷവും മറ്റും. ഈ കപ്പ് കിട്ടിയേ പോകൂ എന്ന വാശിയില്ലായിരുന്നെങ്കില്‍ എത്ര കഴിവുണ്ടെങ്കിലും അതിലൊന്നെങ്കിലും പൊട്ടിയേനേ.

ഇല്ല. അസാധ്യമായിട്ടുള്ള സിറ്റ്വേഷനുകളില്‍ നിന്നുപോലും തിരിച്ചുവന്നു. സോഡര്‍ലിങ് നഡാലടക്കമുള്ള പുലികളെ പുഷ്പം പോലെ പൊട്ടിച്ചിട്ടാണ്‌ ഫൈനലിലെത്തിയത്. അതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം വച്ചു നോക്കിയാല്‍ ഫെഡററെയും ഈസിയായി പൊട്ടിക്കാന്‍ സോഡര്‍ലിങിന്‌ പറ്റേണ്ടതാണ്‌.

പറ്റിയില്ല. കാരണം എല്ലാ കളിയും കഷ്ടപ്പെട്ട് ജയിച്ച X അല്ലായിരുന്നു ഫൈനലില്‍. എല്ലാ കളിയും കഷ്ടപ്പെട്ടു ജയിച്ച ഫെഡററായിരുന്നു. കപ്പും കൊണ്ടേ പോകൂ എന്നുള്ള ഒരു മനുഷ്യന്‍. ഫൈനലില്‍ ഒരിക്കല്‍പോലും സോഡര്‍ലിങ് ജയിക്കും എന്ന് തോന്നിയില്ല. നഡാലിനെ തോല്‍പിച്ചത് ഇയാളാണോ എന്നുപോലും തോന്നിപ്പോയി.

സോഡര്‍ലിങിന്റെ കുഴപ്പമായിരുന്നോ? Greatest player Of All Time (GOAT) എന്ന അമാനുഷികജന്തുവിനോടാണ്‌ കളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് കളിച്ചാല്‍ ആരായാലും തോല്‍ക്കും (ഇങ്ങനെ ഒരു psychological factor ആണ്‌ ഫെഡറര്‍ നഡാലിനോട് തോല്‍ക്കാന്‍ കാരണം എന്ന് പറയുന്നവരുണ്ട്). ഏതായാലും ഫെഡറര്‍ മാരകമായി കളിച്ചു, ജയിച്ചു.

ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ഫെഡറര്‍ക്ക് എത്ര കപ്പു വേണം? ഇന്ന് രാത്രി ഫേഡററുടെ കഴിവുകള്‍ മുഴുവന്‍ കിട്ടിയാലും എനിക്ക് 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കിട്ടാന്‍ പോകുന്നില്ല. കാരണം അത് എന്റെ പ്രതീക്ഷകളെക്കാള്‍ എത്രയോ ഉയരത്തിലാണ്‌. പ്രതീക്ഷിച്ചത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗോളുകള്‍ റീസെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉയര്‍ച്ച അവിടെ അവസാനിക്കും. ഫെഡററുടെ ഗോളുകള്‍ എന്താണ്‌? പതിനഞ്ചാമത്തെ കിരീടം? ഇരുപത്? നഡാലിനെതിരെയുള്ള റെക്കോര്‍ഡ് ശരിയാക്കുക? ഒരു വര്‍ഷം നാല് കിരീടങ്ങളും നേടുക? അങ്ങേര്‍ക്കേ അറിയൂ.


അല്ലെങ്കിലും genius-ുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ വളരെ വിഷമമാണ്‌. ഒരു ഐ പി എല്‍ സെഞ്ചുറി നേടുമ്പോഴേക്ക് കളിക്കാരന്‍ അറിയപ്പെടുന്ന കാലത്ത് സച്ചിന്‍ എങ്ങനെയാണ്‌ 85 സെഞ്ചുറികള്‍ക്ക് ശേഷവും കളിച്ചുകൊണ്ടിരിക്കുന്നത്? മുരളീധരന്‌ എത്ര വിക്കറ്റ് വേണം? ആയിരം പേറ്റന്റ് കിട്ടിയിട്ടും എഡിസണ്‍ പണി നിര്‍ത്താഞ്ഞതെന്തേ.

അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം - ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗത്തെക്കാള്‍ അജ്ഞാതമായിട്ടുള്ളത് അതിലെ ചില മനസ്സുകള്‍ക്ക് പോരാടാനുള്ള കഴിവാണ്‌.

2 comments:

  1. the way u feel abt federer, i feel abt u.

    raziman is an exceptional genius just like federer,sachin, muralidharan etc, but in a different way.

    ReplyDelete
  2. a great article about a great star by a great mind...

    ReplyDelete