Thursday 13 August 2009

മാറ്റം

वक्त ने किया क्या हसीं सितम
तुम रहे न तुम हम रहे न हम

കാലത്തിനനുസരിച്ച് മാറാത്തതായി ജീവിതത്തില്‍ എന്തെങ്കിലുമുണ്ടോ? ക്വാണ്ടം ബലതന്ത്രത്തിലെ stationary state മാതിരി ഒരു സാധനം?

ഇഷ്ടാനിഷ്ടങ്ങളില്‍ മാറ്റം വരാന്‍ ഒരു നിമിഷം മതി. ബന്ധങ്ങളില്‍ മാറ്റം വരാന്‍ ഉറപ്പനുസരിച്ച് അല്‍പം കാലം. വിശ്വാസങ്ങളില്‍ മാറ്റം വരാന്‍ ഒരു സംഭവം. ഓര്‍മ്മകള്‍ പോലും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടാനും അധികകാലം വേണ്ട.

കഴിഞ്ഞ ദിവസത്തെ ചിന്തകള്‍ ഒരു പട്ടികയില്‍ എഴുതി വച്ചത് ഇന്ന് വായിച്ചുനോക്കിയാല്‍ എത്ര കാര്യങ്ങള്‍ അവിശ്വസിനീയമായുണ്ടാകും? കഴിഞ്ഞ വര്‍ഷത്തേതായാലോ? പത്തു വര്‍ഷം മുമ്പ്?

ഭൂതകാലത്തിലെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ സാമ്യങ്ങളെക്കാള്‍ വ്യത്യാസങ്ങളല്ലേ കൂടുതല്‍? എങ്കില്‍ പിന്നെ ഈ മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ സ്ഥായിയായുള്ള 'ഞാന്‍' എന്താണ്‌? ജീവിതത്തില്‍ ചോദ്യങ്ങളാണോ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍? കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വത്വത്തെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്രയെണ്ണത്തിന്‌ മറുപടി വരും?

तुम भी खो गए हम भी खो गए
एक रह पर चलके दो कदम

ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ എത്ര പെട്ടെന്നാണ്‌ ലംബമായ പാതകളിലൂടെ നീങ്ങാന്‍ തുടങ്ങുന്നത്? കാലടികള്‍ ഒപ്പിച്ച് നടക്കാതിരിക്കുന്നതാണ്‌ നല്ലത്, കാരണം അനുരണനം നഷ്ടമാകുമ്പോള്‍ ഏകാന്തത ഭീകരമായിരിക്കും.

ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും.

മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌.

യാത്ര മാത്രം തുടരുന്നു. പാതയോ ലക്ഷ്യമോ ഇല്ലാതെ. കണ്ട സ്ഥലങ്ങള്‍ തന്നെ വീണ്ടും കാണാന്‍ തുടങ്ങിയാലും ഉള്ളിലെ മാറ്റം മൂലം ഒന്നും തിരിച്ചറിയാതെ പോകുന്നു.

जायेंगे कहाँ सूझता नहीं
चल पड़े मगर रास्ता नहीं
क्या तलाश है कुछ पता नहीं

തിരയുന്നത് കാണാതിരിക്കുന്നത് തിരയുന്നതെന്തെന്ന് അറിയാത്തതുകൊണ്ടാണ്‌. പക്ഷെ തിരച്ചിലിലാണ്‌ കാര്യം. ലക്ഷ്യമോ ഫലമോ പ്രധാനമല്ല. അതിനാല്‍ മാറ്റത്തിനിടയിലും ഉള്ളിലും പുറത്തും എന്തെങ്കിലുമൊക്കെ തിരഞ്ഞുകൊണ്ടിരിക്കുക

3 comments:

  1. "ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും".:)
    Nice thought..........I love your way of merging science and philosophy.

    "മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌." :)

    ReplyDelete
  2. അനിവാര്യമായ മാറ്റത്തിന് നല്കിയ ഭാവതലങ്ങള് ഒരുപാടിഷ്ടപ്പെട്ടു...ഇനിയും ഒരുപാടെഴുതുക..

    ReplyDelete
  3. @ Netha, Kavya : Thanks for the comments

    ReplyDelete