Sunday, 30 August 2009

മതിലുകള്‍

ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഏതാണ്ട് 700 കിലോമീറ്ററാണ് ദൂരം. കോഴിക്കോട്ടേക്കാകട്ടെ ഏതാണ്ട് 2500 കിലോമീറ്ററോളം. ഡല്‍ഹിക്കാരുടെ ഹിന്ദിയും ഇസ്‌ലാമാബാദുകാരുടെ ഉറുദുവും തമ്മില്‍ എന്തൊക്കെ അന്തരമുണ്ടെങ്കിലും ഹിന്ദിയും മലയാളവും തമ്മിലുള്ളതിനെക്കാള്‍ കുറവേയുള്ളൂ.

എന്റെ ഒരു സുഹൃത്ത് ഡല്‍ഹിക്കാരനാണ്. പാക്കിസ്താനികളെ ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണത്തെക്കാളും വെറുക്കുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്താന്‍ കീഴടക്കി കാശ്മീര്‍ കൈവശപ്പെടുത്തണമായിരുന്നു എന്നും അമേരിക്ക ഇറാഖില്‍ ചെയ്തതുപോലൊരു കളി കളിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. ഒര് പാക്കിസ്താനി പട്ടാളക്കാരനെ കൊല്ലാന്‍ പറ്റിയാല്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നേട്ടങ്ങളുണ്ടായാലും സി.വി യില്‍ ഏറ്റവും മുകളിലായി അത് എഴുതി വയ്ക്കും എന്ന് പറയുന്ന മറ്റൊരു കൂട്ടുകാരന്‍ എനിക്കുണ്ട്.

എന്നെക്കാള്‍ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതല്‍ പരിചയം അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യനെയാണ്. എന്നിരുന്നാലും ഒരു രാജ്യത്തെ ജനതയെ മൊത്തം വെറുക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

എന്തുകൊണ്ട്?

ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ചരിത്രത്തില്‍ ഉത്തരങ്ങളുണ്ട്. കുറ്റം എല്ലാവരുടേതുമാണ്‌.

Q : You're locked in a room with Saddam Hussein, Adolf Hitler, and a Pakistani. You have a gun with ONLY two bullets. What do you do?
A : Shoot the Pakistani twice to make sure he's dead.

ചിരി മുഴങ്ങട്ടെ

ദേശസ്നേഹം എന്നാല്‍ നമുക്ക് അയല്‍ക്കാരോടുള്ള വെറുപ്പാണ്‌ - അത് ചൈനയായാലും പാക്കിസ്താനായാലും.

നാം മതിലുകള്‍ ഉണ്ടാക്കിവച്ചു. അതില്‍പിന്നെ വെറുക്കാനല്ലാതെ നമുക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ ഒരിക്കലും വിദ്വേഷത്തിന്റെ പാഠങ്ങളല്ലാതെ പഠിപ്പിക്കുന്നില്ല. വ്യത്യാസങ്ങളില്‍ സാമ്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറുമില്ല. സ്വന്തത്തോടുള്ള സ്നേഹവും അന്യനോടുള്ള വെറുപ്പും ഒന്നല്ല എന്ന് മനസ്സിലാക്കാനും നമുക്കാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി വിദ്വേഷത്തിന്റെ കോട്ടകള്‍ തീര്‍ക്കാന്‍ എളുപ്പമല്ല. വര്‍ഗ്ഗീയകലാപങ്ങള്‍. എണ്ണമില്ലാത്ത മനുഷ്യജീവനുകള്‍. ഗാന്ധി. മനസ്സുകളിലും അതിര്‍ത്തിയിലും യുദ്ധങ്ങള്‍. രക്തത്തിന്റെയും കണ്ണുനീരിന്റെയും പുഴകള്‍. വിലയും ചെറുതല്ല.

എന്നാലും നമുക്കിത് അത്ര വിഷമകരമായി തോന്നാറില്ല. ദിനവും മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി ശീലിച്ചവരാണ്‌ നാം. മുന്നിലിരിക്കുന്ന വ്യക്തിയോട് ഒന്നും മിണ്ടാതെ രണ്ടു നിമിഷം ഇരുന്നു നോക്കൂ. വെവ്വേറെ ലോകങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗാലക്സികളെപ്പോലെ നിരന്തരം അകന്നുകൊണ്ടിരിക്കുന്നവരാണ്‌.

പറഞ്ഞു നോക്കുക വെറുതെ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം
എത്ര മരത്തിന്‍ തണലറിയാം

കാക്കത്തൊള്ളായിരം അല്ലേ?

എന്നാല്‍,

എത്ര മനസ്സിന്‍ നോവറിയാം
എത്ര മുഖത്തിന്‍ നേരറിയാം

ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?

ചില്ലുമേടകളാണ്‌ മതിലുകളെക്കാള്‍ നല്ലത്. പക്ഷെ അവ തകര്‍ക്കപ്പെടുമോ എന്ന ഭയമാണ്‌ നമുക്ക്. കിണറ്റിലെ തവളകളായി പുറമെയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുക പോലും ചെയ്യാതെ ജീവിക്കുന്നത് ഇതിലും എത്രയോ ഭേദമാണ്‌.

മതിലുകള്‍ക്കുള്ളില്‍ കോട്ടയിലെ ഇരുട്ടില്‍ ജീവിതം തള്ളിനീക്കുന്ന നമ്മിലേക്ക് പ്രകാശം എപ്പോഴാണ്‌ ഇറങ്ങിവരുക?

तमसो मा ज्योतिर्गमय

3 comments:

 1. (ചില്ലക്ഷരം ടൈപ്പ് ചെയ്യാനാവുന്നുല്ല..sorry)
  ഭൂപടങ്ങളില് ആരോ വരച്ച് ചേറ്ത്ത അതിറ്ത്തി രേഖകള് കീറിമുറിച്ച മനുഷ്യ ഹൃദയങ്ങളെ വിളക്കി ചേറ്ക്കുവാനായാല് കൂട്ടുകാരാ നമ്മുടെയൊക്കെ ജീവിതം ധന്യമാകും...

  ഒന്ന് ചോദിച്ചോട്ടെ..താങ്കളൊരു യുറീക്ക കുട്ടിയാണോ..?

  ReplyDelete
 2. എന്താ ഈ യുറീക്ക കുട്ടി എന്നു വച്ചാല്‍?

  ReplyDelete
 3. ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?- Relevant question in today's times. Nicely penned.
  Keep blogging....
  (Sorry to comment in English. I'm still learning the basics of Malayalam)
  Blogfully yours
  Netha.

  ReplyDelete