Friday 11 September 2009

റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്

मुबारकें तुम्हें कि तुम
किसी के नूर हो गए
किसी के इतने पास हो
कि सब से दूर हो गए

How close CAN you get to someone?

ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കും? ഒരാളോടുള്ള അടുപ്പം കാരണം ലോകത്ത് മറ്റെല്ലാവരില്‍ നിന്നും അകലെയാകാനാകുമോ?

സാധാരണ പരിചയപ്പെടുന്ന മനുഷ്യരെ നാം വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി കാണാറുണ്ടോ? തിന്നുക എന്ന ആവശ്യത്തിനുള്ളതാണ് ചോറ്. ചോറുണ്ടാക്കുക എന്ന ആവശ്യത്തിനുള്ളതാണ് അരി. അരി നമുക്ക് വില്‍ക്കുക എന്ന ആവശ്യത്തിനുള്ളതാണ് പീടികക്കാരന്‍? അതിലുപരി ആ മനുഷ്യന്റെ അസ്തിത്വത്തിന് നാം കാരണം വല്ലതും കല്‍പിക്കാറുണ്ടോ?

കുറേ വസ്തുക്കള്‍ക്കിടയില്‍ വല്ലപ്പോഴും നാം ഒരു മുഖത്തെ തിരിച്ചറിയുന്നു. അതോടെ കാര്യങ്ങള്‍ മാറുന്നു. മറ്റൊരു മനുഷ്യന്റെ പുഞ്ചിരിയില്‍ നാം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. സ്വന്തം ചെറിയ ചെറിയ ഇഷ്ടങ്ങളെ ബലി നല്‍കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ഏതുവരെ? എപ്പോഴും ചെറിയൊരകലം എല്ലാവരില്‍ നിന്നും പാലിക്കാന്‍ നാം ശ്രദ്ധിക്കാറില്ലേ?

ഇല്ലെങ്കിലാണ്‌ പ്രശ്നം. ശാശ്വതമല്ലാത്ത എന്തിനോടും അധികം attached ആകുന്നത് നല്ലതല്ല. പ്രിയപ്പെട്ട വാച്ച് ഒരിക്കല്‍ നടത്തം നില്‍ക്കും. പ്രിയപ്പെട്ട കളിക്കാരന്‍ ഒരു ദിവസം റിട്ടയര്‍ ചെയ്യും. പ്രിയപ്പെട്ട വ്യക്തി പൊടുന്നനെ മരിക്കും. ശാശ്വതമെന്ന് വ്യാമോഹിച്ച ബന്ധങ്ങള്‍ മുറിയും.

മോഹങ്ങളുണ്ടേങ്കിലേ മോഹഭംഗങ്ങളുണ്ടാകൂ (എന്റെ വല്ല്യാപ്പാനെക്കാളൂം പ്രായമുള്ള ഡയലോഗായിരിക്കും). എന്നുവച്ച് മോഹങ്ങള്‍ ഉപേക്ഷിക്കാനല്ല. കുറച്ചുകൂടി പ്രായോഗികവും റാഷണലും ആകണമെന്നു മാത്രം. കാന്തികചാര്‍ജ്ജുകള്‍ കണ്ടുപിടിക്കുക, P=NP പരികല്‍പന തെളിയിക്കുക, ഹിഗ്ഗ്സ് ബോസോണ്‍ ഇല്ലെന്ന് തെളിയിക്കുക, റീമാന്‍ സീറ്റ പരികല്‍പന തെളിയിക്കുക - ഇതൊക്കെയാണ്‌ (ഐ മീന്‍, എല്ലാം വേണം) എന്റെ ചില മോഹങ്ങള്‍. പ്രായോഗികമോ റാഷണലോ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നില്ല. ഇവയൊന്നും നടന്നിട്ടില്ലെങ്കിലും ജീവിതം ബാക്കിയുണ്ട് എന്നൊരു ബോധം വേണമെന്ന് മാത്രം

(മുകളില്‍ പറഞ്ഞ കാര്യങ്ങളും ലിങ്കുകളുമൊന്നും [ലിങ്ക് വെറുതെ വായിച്ചു നോക്കാന്‍ നിന്നിട്ടല്ലേ, ഞാന്‍ പറഞ്ഞിരുന്നോ വായിക്കാന്‍?] മനസ്സിലായില്ലെങ്കില്‍ കുറച്ചുകൂടി സിമ്പിളായി വിശദീകരിക്കാം)

അതുവരെ റാഷണലായി നിന്നിരുന്ന രമണനെ നട്ടപ്പാതിരക്ക് കൊടുങ്കാട്ടില്‍ കൊണ്ടുപോയി മാലയിട്ട് ചന്ദ്രിക വഴിതെറ്റിക്കുന്നു (സത്യമായും ഇങ്ങനെ നീണ്ട കവിതകളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാകില്ല. ഈ പേജില്‍ നിന്ന് തട്ടിയതാണ്‌). അച്ഛന്‍ കെട്ടിച്ചുവിടാന്‍ തീരുമാനിക്കുന്നതോടെ ചന്ദ്രികയുടെ തകര്‍ക്കാനാകാത്ത വിശ്വാസത്തിന്റെ കാറ്റു പോകുന്നു, തലയില്‍ ബോധം കിളിര്‍ക്കുന്നു. പൊട്ടിത്തകര്‍ന്ന കിനാക്കളൊക്കെക്കൂടി തലയില്‍ വീഴുമ്പോള്‍ കുടിച്ച് ഇഞ്ചിഞ്ചായി ചാകാന്‍ നില്‍ക്കാതെ ഡീസന്റായി രമണന്‍ കയറെടുക്കുന്നു.

കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.... പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം..... എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ.

വിടപറയുന്നെങ്കില്‍ ഇങ്ങനെ പറയണം. സദസ്സിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കൈയടി. എന്നാലും രമണന്‌ വട്ടാന്നേ ഞാന്‍ പറയൂ. ഒന്ന് റീവൈന്റടിച്ചാല്‍ ആദ്യകാലത്ത് ചന്ദ്രിക പിന്നാലെ നടന്നപ്പോള്‍ എന്തൊക്കെ വിചാരിച്ചുകൊണ്ടാണോ ഒഴിവാക്കാന്‍ നോക്കിയത്, അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാനേ ഉള്ളായിരുന്നു. കക്ഷി നിന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂതകാലത്തിലേക്കൊന്ന് നോക്കിയാല്‍ പല പ്രശ്നങ്ങളും തീരും.

വല്ല കാര്യത്തിനും ഞാന്‍ ഇങ്ങനെ കെട്ടിത്തൂങ്ങിയാല്‍ കവിതയിലൂടെ ഫേമസാക്കാന്‍ മാത്രം സാഹിത്യമുള്ള ഫ്രണ്ട്സൊന്നും ഇല്ല എന്നതിനാല്‍ക്കൂടിയാണ് ഞാനിത് എഴുതുന്നത് (വല്ലപ്പോഴും തൂങ്ങിച്ചാവാന്‍ തോന്നിയാല്‍ എനിക്കുതന്നെ വായിച്ചുനോക്കാമല്ലോ).

അപ്പോള്‍ പ്രാക്റ്റിക്കലാകാന്‍ ശ്രമിക്കാം

How close SHOULD you get to someone?

ഒരാളോട് എത്ര അടുക്കണം? (അനാലിസിസ് പ്രണയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നത് സിനിമ കണ്ട് പരിചയമുള്ള എല്ലാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌. സുഹൃദ്ബന്ധങ്ങള്‍, താരാരാധന മുതലായവയ്ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് തട്ടിപ്പോയാലും ഒക്കെ അല്ലറചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാം)

ഒരിക്കലും മറക്കാനാകാത്തവിധം അടുക്കാതിരിക്കുക. ഇതെന്ത് വട്ടാല്ലേ? കുറച്ചുകൂടി വിശദമാക്കാം. ഓരോ അഞ്ച് മിനിറ്റിലും ഇന്ന ആളുടെ മുഖം മുന്നില്‍ വരുമെന്നും എന്തൊക്കെത്തന്നെ സംഭവിച്ചാലും (ഈ പ്രയോഗത്തിന്റെ വിശദീകരണത്തിന്‌ താങ്കള്‍ രമണനാണെന്ന് കരുതി രമണന്‍ വായിക്കുക) അത് അങ്ങനെത്തന്നെ ഇരിക്കും എന്നും ഉണ്ടെങ്കില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുന്നത് നല്ലതാണ്‌. ഇല്ലെങ്കില്‍ മുറപ്പെണ്ണിലെ നസീറിനെപ്പോലെ (ഇങ്ങേര്‍ക്ക് വിഷാദകാമുകന്റെ റോള്‍ അഭിനയിച്ചഭിനയിച്ച് ഡിപ്രെഷനൊന്നും വന്നില്ലേ? ഹീത്ത് ലെഡ്ജര്‍ ഒറ്റ റോളുകൊണ്ട് തട്ടിപ്പോയല്ലോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

എന്നിങ്ങനെ പാടിനടക്കണ്ടിവരും. സംഗതി പുറമെനിന്ന് നോക്കുമ്പോള്‍ ശുദ്ധഭോഷ്കാണ്‌. മറന്നുപോയി എന്ന് (ആത്മാര്‍ത്ഥമായി) ദിവസത്തില്‍ എത്രതവണ പറയാറുണ്ട്? അപ്പോള്‍ വ്യക്തിയെ മറക്കാതെ അയാളുമായുള്ള ബന്ധം കാരണമുള്ള വിഷാദം ടോണ്‍ ഡൗണ്‍ ചെയ്യാനെങ്കിലും അധികം വിഷമമില്ലാതെ സാധിക്കില്ലേ?

ബന്ധങ്ങളിലെങ്കിലും, മറ്റേയാള്‍ തനിക്കു വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടത് എന്ന രീതിയില്‍ ചിന്തിക്കാതിരിക്കുക

कभी कभी मेरे दिल में ख्याल आता है
कि जैसे तुझको बनाया गया है मेरे लिए
तू अब से पहले सितारों में बस रही थी कहीं
तुझे ज़मीं पे बुलाया गया है मेरे लिए

ഇങ്ങനത്തെ വിചാരവും വച്ചിരുന്നാല്‍ പ്രശ്നമാകും. തന്നെക്കൂടാതെ മറ്റേ വ്യക്തിക്ക് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുന്നതുവഴി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം പെട്ടെന്ന് ഈ ലോകത്തില്‍ നിന്ന് പുറത്തായി എന്നു കരുതി അധികം വിഷാദിക്കേണ്ട കാര്യമില്ല.

ദുഃഖം എല്ലാവര്‍ക്കുമുള്ളതാണ്‌, വൈരാഗികള്‍ക്കൊഴികെ. താവോ (ഡൗ) പറയുന്നപോലെ എല്ലാം let go ചെയ്യാനായാല്‍ നഷ്ടങ്ങള്‍ ദുഃഖകാരണമാകില്ല, കാരണം, നഷ്ടപ്പെടാന്‍ ഒന്നും നമ്മുടേതായിരുന്നില്ലല്ലോ. എന്നാല്‍ ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ തന്നെ നമ്മെക്കൊണ്ടാവില്ല. അപ്പോള്‍ നഷ്ടവും അനുബന്ധിച്ചുള്ള ദുഃഖവും പ്രതീക്ഷിച്ചുകോണ്ടേ ജീവിക്കാവൂ.

ഇത്രയേ ഉള്ളൂ. സോ സിമ്പിള്‍. എന്നാലും ആരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നെനിക്കുറപ്പാണ്‌. അല്ലെങ്കില്‍ സിനിമകളിലധികവും പ്രണയത്തെക്കുറിച്ചാകുമോ? മലയാളം, ഹിന്ദി ഭാഷകളിലൊക്കെ പത്ത് പടമെടുത്താല്‍ അഞ്ചെണ്ണം പ്രണയസാഫല്യത്തെക്കുറിച്ചും മൂന്നെണ്ണം പ്രണയനൈരാശ്യത്തെക്കുറിച്ചും ആയിരിക്കും (റെഫറന്‍സ് : 73% Statistics are made just like that).

അല്ല ഞാനിപ്പം ഇതൊക്കെ എന്തിനാ എഴുതുന്നത്? കയ്യിലിരിപ്പ് വച്ച് പ്രണയനൈരാശ്യത്തിന്‌ സാധ്യത കുറവാണ്‌ (എങ്കിലും എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതല്ലാതെ worldly ആയി എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്റെ ഒരു ജൂനിയര്‍). സുഹൃത്തുക്കളും അധികമൊന്നുമില്ല. ന്നാലും, ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍, അതിലെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍, ഇങ്ങനെ ചൊറിഞ്ഞുവരും.....

2 comments:

  1. ഫെഡറർ പൊട്ടി. ഈ റൂൾസ് ഉപയോഗിച്ച് കണ്ട്രോൾ ചെയ്തിരിക്കുന്നു :-)

    ReplyDelete
  2. ബ്ലോഗെല്ലാം കലക്കുന്നുണ്ട് .പക്ഷേ P=NP ; രമണനെ പോലെ ആകാതെ നോക്കിയാൽ മാത്രം മതി .

    ReplyDelete